മായക്കാലം :- സദാശിവൻ സർ
മായക്കാലം:- മായ ബാലകൃഷ്ണൻ
വായന:- സദാശിവൻ നായർ
എന്റെ മുൻ പുസ്തകങ്ങൾക്കെന്ന പോലെ
"മായക്കാലം" വും വായിച്ച് സദാശിവൻ സർ
അഭിപ്രായം എഴുതി അറിയിച്ചു! ഒരു അച്ഛന്റെ/ മുതിർന്ന അദ്ധ്യാപകന്റെ ചേർത്തുപിടിക്കലിനും
പ്രോത്സാഹനത്തിനുമൊപ്പം എനിക്കും ഉണർന്നിരുന്നല്ലേ പറ്റൂ....
സദാശിവൻ സർ നെ അറിയില്ലേ...പ്രായത്തിന്റെ ക്ഷീണങ്ങൾ മറന്നും വായനയിലും കത്തെഴുത്തിലും ആനന്ദം കണ്ടെത്തി വാർദ്ധക്യത്തെ ഊർജ്ജസ്വലമാക്കിയ സർ! നമ്മുടെ പ്രിയേച്ചിയുടെ ( പ്രിയ എ എസ് ) അച്ഛൻ!
വായിക്കൂ ....ആ കത്തിന്റെ ചില ഭാഗങ്ങൾ!
മായക്കാലം:- മായ ബാലകൃഷ്ണൻ
വായന:- സദാശിവൻ നായർ
**************
പ്രിയപ്പെട്ട മായേ,
'മായക്കാലം' ഇരുന്ന ഇരിപ്പിൽ വായിച്ചുതീർത്തു!
ഈ ഓർമ്മകൾ അത്രമാത്രം സുഗന്ധിയാണ് വികാരോഷ്മളമാണ്.
"മായയുടെ മായക്കാലം " എന്ന് പുസ്തകത്തിനു പേരുനൽകിയാലും അന്വർത്ഥമാകുമായിരുന്നു.
മായയുടെ ഉപമകൾ പോലെ ഈ പുസ്തകം അത്ര മൃദുവായി വേണം വായിച്ചുപോകാൻ. അത്ര വികാരതരളിതമാണ് ഇതിലെ ഭാഷയും വികാര പ്രകടനതയും. മായയുടെ കുട്ടിക്കാലം ഒരു മായാമാളവ ഗൗളം തന്നെയാണെന്നും തോന്നി പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ. എത്രയോ രാഗങ്ങൾ തുന്നിച്ചേർത്ത സംഗീതമാധുര്യമുണ്ട് ഇതിലെ വികാരവിചാരങ്ങൾക്ക് എന്ന് തോന്നി. ഈ അപൂർവ്വസുന്ദരമായ ബാല്യകൗമാരങ്ങൾ അല്പം കൂടി നീളാൻ ദൈവം കനിഞ്ഞിരുന്നെങ്കിൽ എന്നും തോന്നാതിരുന്നില്ലാ.
*
**
***
**
***
കവിതയും മായയ്ക്ക് വഴങ്ങും. പദ്യമായാലും ഗദ്യമായാലും എഴുതുന്നതിൽ കവിതയുണ്ടാകണം. ജീവിതത്തിന്റെ ഫലപ്രദമായ ആവിഷ്കാരമാ യിരിക്കണം എഴുത്ത് അത്ര നോക്കാനുള്ളൂ.
*
*
*
**
" മൂടുക ഹൃദന്തമേ മുഗ്ദ്ധവേദനകൊണ്ടീ
മൂകവേദനകളെ മുഴുവൻ മുത്താവട്ടെ"
എന്നാണു ജീ എഴുതിയത്.
*
*
കൈയെത്തുംദൂരത്തൊരു കുട്ടിക്കാലം,മഴവെള്ളം പോലൊരു കുട്ടിക്കാലം, അന്നുകണ്ടതെന്നുമുണ്ട് കണ്ണിൽ ,അന്നുകേട്ടതെല്ലാം ഇന്നുമുണ്ട് കാതിൽ ,മറക്കുവതെങ്ങനെയോ? എന്നുതന്നെയാണു മായയുടെ കുട്ടിക്കാലം വായിച്ചപ്പോൾ എനിക്കു തോന്നിയത്.
ജീവിതം സാർത്ഥകമാവട്ടേ! ശോഭനമാകട്ടേ!എന്നൊരു പ്രാർത്ഥന മാത്രമേ മായയെ സംബന്ധിച്ച് എനിക്ക് പറയാനും അനുഗ്രഹിക്കാനും കഴിയൂ!
മനോധർമ്മം കൊണ്ട് അനുഗൃഹീതമാണ് മായയുടെ സാഹിത്യ രചനകളെല്ലാം തന്നെ.
*
ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ. ഈ അച്ഛന്റെ അനുഗ്രഹങ്ങൾ എന്നുമുണ്ടാകും!
കെ ആർ സദാശിവൻ നായർ
(സദാശിവൻ സർ എരമല്ലൂർ )
(പ്രിയയുടെ അച്ഛൻ)
21/12/2025


Comments
Post a Comment