രാധ മീരാ പുസ്തകത്തെക്കുറിച്ച്
"നാലാംവിരലില്‍ വിരിയുന്ന മായ" –
‘മായ’ എന്ന വ്യക്തിയുടെ വ്യക്തിജീവിതം ഒരു ഓര്‍മ്മക്കുറിപ്പില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ യോജിച്ച ശീര്‍ഷകം. സന്ധിവാതംവന്നു പത്താംക്ലാസ് പകുതിയില്‍ വഴിമാറിപ്പോയ ഒരു കൊച്ചുപെണ്‍കുട്ടിയുടെ യാതനനിറഞ്ഞ ജീവിതവീഥികള്‍, സ്വന്തം വരുതിക്കുനില്‍ക്കുന്ന ഒരേ ഒരു നാലാംവിരലാല്‍, ഒരു മായാലോകമായി അവള്‍ അടയാളപ്പെടുത്തുമ്പോള്‍ ഇതല്ലാതെ മറ്റെന്തു പേരിടാന്‍?! തളര്‍ന്നുപോയ ദേഹത്തിലെ ആ ഒരൊറ്റ വിരലില്‍ തന്‍റെ മുഴുവന്‍ ശക്തിയും ആവാഹിച്ച്, അനുവാചകര്‍ക്ക് മുന്നിലേക്ക് തന്‍റെ ജീവിതത്തെ വിരിയിച്ചു നിറുത്താന്‍ ഉത്സാഹബുദ്ധിയോടെ നിരന്തരം ശ്രമിക്കുന്നവള്‍. രചയിതാവിന്‍റെ ആ ആജ്ഞാശക്തിയെ നമിച്ചുകൊണ്ട് ഈ പുസ്തകത്തെ ഞാന്‍ അടയാളപ്പെടുത്തുന്നു .
ഓടിച്ചാടി നടന്ന ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളും മോഹങ്ങളും തകര്‍ത്തുകൊണ്ട് കടന്നുവന്ന സന്ധിവാതം എന്ന രോഗത്തിന്‍റെ യാതനകള്‍, വേദനകള്‍, വിഷാദഘട്ടങ്ങള്‍, മടുപ്പുകള്‍ .. ഒടുവില്‍ അതെല്ലാം തരണംചെയ്തു വിധിയോടു തോല്‍ക്കാതെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം മറ്റുള്ളവര്‍ക്ക് പ്രചോദനമായി, മാതൃകയായി സ്വജീവിതം തുറന്നുകാണിക്കുന്ന ഒരു പുസ്തകം –
“നാലാംവിരലില്‍ വിരിയുന്ന മായ” .
ഏതാണ്ട് മുപ്പത്തിയഞ്ചുവര്‍ഷം കിടക്കയില്‍ ചിലവഴിച്ച ഒരു സ്ത്രീജീവിതം എങ്ങനെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാമെന്ന് മായ ബാലകൃഷ്ണന്‍ വായനക്കാരോട് സംവദിക്കുന്നു എന്നതാണ് ഈ ഓര്‍മ്മക്കുറിപ്പിന്‍റെ ഏറ്റവും വലിയ നേട്ടം . വായനയിലൂടെ കടന്നുപോകുന്ന ഓരോ നിമിഷവും ആ വേദനയും നിസ്സഹായതയും മരണത്തെ ആഗ്രഹിച്ച മനസും അനുവാചകന് മുന്നില്‍ ദൃശ്യവല്‍ക്കരിക്കുന്നതായും സ്വയം അനുഭവിക്കുന്നതായും തോന്നിക്കണമെങ്കില്‍ അത്രമേല്‍ അസാമാന്യ രചനാശൈലി രചയിതാവിന് ഉണ്ടാകണം . ഓരോ അക്ഷരവും നൊമ്പരം സഹിച്ചു സൃഷ്ടിക്കുമ്പോള്‍ അതില്‍ ജീവനും ജീവിതവും പ്രതീക്ഷയും പ്രചോദനവും പങ്കിടുന്ന ഒന്നായി സമൂഹത്തിനു സംഭാവന ചെയ്യാന്‍ കഴിയുന്നത് എഴുത്തുകാരിയുടെ മിടുക്കുതന്നെയാണ്. അതാണ് ഈ പുസ്തകത്തെ മറ്റേതൊരു ഓര്‍മ്മക്കുറിപ്പില്‍നിന്നും വ്യത്യസ്തമാക്കുന്നതും !
“മായമ്മ” എന്ന് ഞാന്‍ ഏറെ സ്നേഹാദരങ്ങളോടെ വിളിക്കുന്ന ഈ കൂട്ടുകാരിക്ക് മുന്നില്‍ ഹൃദയംഗമമായ ഒരു ആത്മവന്ദനം ചെയ്യുന്നു . അതെ A BIG SALUTE !
, ‘ഇന്ദുലേഖ ഓണ്‍ലൈന്‍ ബുക്സ്സ്റ്റോര്‍’(www.indulekha.com) പ്രസാധകരായ “നാലാംവിരലില്‍ വിരിയുന്ന മായ” എന്ന ഈ പുസ്തകത്തിന്റെ വില 140 രൂപയാണ്. എല്ലാവരും പുസ്തകം വാങ്ങി വായിച്ചു പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടെ,
സസ്നേഹം
ഡോ.ചന്ദ്രബിന്ദു. (രാധാമീര)
Comments
Post a Comment