അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

 

"അമ്മയുടെ കവിതകൾ"

===============


"അമ്മയുടെ കവിതകൾ" എന്ന പുസ്തകം മക്കൾ കവിതയും അജിതയും ചേർന്ന് അമ്മയുടെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ അമ്മ എൻ എസ് ഭാർഗവിക്ക് സമർപ്പിച്ച   കവിതാ പുസ്തകമാണ്. 


അദ്ധ്യാപികയും സംഘടനാപ്രവർത്തകയുമായ അമ്മ സർവീസ് കാലഘട്ടത്തിൽ ഡയറിയിൽ എഴുതി സൂക്ഷിച്ചുവച്ചിരുന്നവയാണ് ഈ കവിതകളൊക്കെയും! പല കാലത്തായി അവർ ഇതൊക്കെ വായിച്ചിട്ടുണ്ടെങ്കിലും ഗൗരവമായി എടുത്തിരുന്നില്ല. സഹപ്രവർത്തകർക്കിടയിലും കുടുംബത്തിലും മാത്രമായി ഒതുങ്ങി ആ എഴുത്തുകൾ.


പക്ഷേ അവയെല്ലാം ചേർത്ത് ഒരു പുസ്തകം എന്നത് അമ്മയും സ്വപ്നം കണ്ടുകാണില്ലേ....ആഗ്രഹിച്ചുകാണില്ലേ....!?  

പക്ഷേ അത് പറയാൻ മടിച്ച്, തന്റെ എഴുത്തുകൾ അത്രയൊന്നും വളർന്നിട്ടില്ലായെന്ന് ചിന്തിച്ച് ആ തലമുറ തങ്ങളുടെ എഴുത്തുകളെ സ്വകാര്യശേഖരമായി കൊണ്ടുനടന്നു! 


ഇന്നാണെങ്കിലോ നവമാധ്യമങ്ങൾ തങ്ങൾക്ക് സർവ്വസ്വാതന്ത്ര്യവും തന്നിരിക്കുന്നതുകൊണ്ട് നാലാളുവായിക്കാൻ, വെളിച്ചത്തുകൊണ്ടുവരാൻ ആർക്കും പ്രയാസമില്ലാ. തന്റെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കാൻ ഒരിടമായിത്തീർന്നു ഇവിടം!  


1987 ലാണു മലയാള അദ്ധ്യാപികയായ ടീച്ചർ റിട്ടയർ ചെയ്യുന്നത്. 

പതിമൂന്നു കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. നല്ല താളത്തിൽ വൃത്തബദ്ധമായും മറ്റും എഴുതിയ വരികൾ. മിക്കവയും തന്നോടു ചേർന്നവരുടെ വിയോഗങ്ങളിലും , വേർപാടിലും യാത്രായയപ്പുവേളയിലും സംഘടനാംഗങ്ങളെ പ്രബുദ്ധരാക്കാനും വേണ്ടിയുള്ളതായിരുന്നു. അനീതിയ്ക്ക് നേരെ  കൈചൂണ്ടുന്നവയും സാമൂഹിക പ്രതിബദ്ധതയും ശക്തിയും ഉണ്മയുമൊക്കെ കവിതകളിൽ കാണാം! 


 ഒരുപക്ഷേ തന്റെ എഴുത്തുകൾക്ക് കൂടുതൽ  വായനക്കാരുണ്ടായിരുന്നെങ്കിൽ ടീച്ചർ ഇനിയുമിനിയും എത്രയോ നല്ല കവിതകൾ എഴുതിയേനേ? കാലത്തിനു കൈത്തിരി വെട്ടമാകേണ്ടുന്ന എത്രയെത്ര കവിതകൾ എഴുതുമായിരുന്നു.!!


 പക്ഷേ എഴുത്തുകാരിയെന്ന ബോധം ടീച്ചറുടെ  മനസ്സിനടിത്തട്ടിൽ അടിയുറച്ചിരുന്നില്ലാ. അക്കാലം സാധാരണക്കാർക്ക് എഴുതുക, പ്രസിദ്ധീകരിക്കുക, അതൊന്നും പ്രാപ്തമല്ലായിരുന്നല്ലോ. 


  

റിട്ടയർമെന്റിനു സഹപ്രവർത്തകരോട് യാത്രപറയുന്ന "വിടതരൂ" എന്ന കവിതയിലെ വരികൾ ജീവിതത്തോട് തന്നെ വിടചോദിക്കുന്ന നോവുണർത്തുന്ന ചരമഗീതം പോലെയായി ഇപ്പോൾ വായിക്കുമ്പോൾ.... 2023 ആഗസ്റ്റ് 10 നായിരുന്നു ടീച്ചറുടെ അന്ത്യം. 

  

"വേർപാട് ദുഃസ്സഹം തന്നെയാണെങ്കിലും

 വേർപിരിയേണ്ടവരല്ലി നാം മേലിലും 


എൻ ജീവിതത്തിൽ വസന്തംവിടർന്നതും

 എൻ ദുഃഖജാലങ്ങളൊന്നായണഞ്ഞതും 

ശങ്കവേണ്ടിന്നിനിയെന്റെ പുലമ്പലും

എന്നിലേയ്ക്കേവം അലിഞ്ഞുലയിക്കട്ടെ 


എങ്കിലും ഒന്നുണ്ടപേക്ഷയെൻ തോഴരേ  

പങ്കിലമാകിയവൃത്തികൾ വല്ലതും  

 വന്നുപോയെങ്കിലെന്നുദ്ദേശശുദ്ധിയോർ- 

 ത്തെല്ലാംക്ഷമിക്കുവാൻ കേണപേക്ഷിപ്പൂ ഞാൻ 


നിങ്ങൾതൻ മാനസക്കോവിലിൽക്കത്തണം 

മങ്ങാത്ത നെയ്ത്തിരിയെന്നുമെന്നോർമ്മയായ്! 


എങ്കിൽ ഞാൻ ധന്യയായ് നിങ്ങൾക്കു മംഗളം

നേരുന്നു മേൽക്കുമേൽ വിടതരൂ, പോട്ടെ ഞാൻ.... "   



മക്കൾക്ക് നൽക്കാവുന്ന ആത്മതർപ്പണം തന്നെയാണു ഈ പുസ്തകം! മകൾ കവിത സുനിൽ, എന്റെ പ്രിയ കൂട്ടുകാരി പുസ്തകം അയച്ചുതന്നത് ഒറ്റയിരുപ്പിൽ വായിച്ചുതീർത്തു. ലളിതവും സൗമ്യവുമായ വരികൾ. ഏറെ ഹൃദ്യമായി. ഇന്ദിരാജി യുടെ വേർപാടിൽ മനം നൊന്ത് 7 ആം ദിനം എഴുതിയ കവിത ശ്രദ്ധേയമായി. കാലത്തെ അടയാളപ്പെടുത്തുന്നു അത്.  


 ടീച്ചർ എന്റെ കവിതാപുസ്തകങ്ങളും ആത്മകഥയുമൊക്കെ  വായിച്ചിട്ടുണ്ടെന്നത് സന്തോഷമാണ്.  ടീച്ചർ പറയും പോലെ

"വേർപാട് ദുഃസ്സഹം തന്നെയാണെങ്കിലും

 വേർപിരിയേണ്ടവരല്ലി നാം മേലിലും" 


ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട് നിറുത്തട്ടെ!


സ്നേഹപൂർവ്വം

മായ ബാലകൃഷ്ണൻ! 

25/8/2024 


 ----------------------




Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

തനൂജ ഭട്ടതിരി