തനൂജ ഭട്ടതിരി
തനൂജ ഭട്ടതിരി
***÷***
നാലാം വിരലിൽ വിരിയുന്ന മായ...!
മായ ബാലകൃഷ്ണൻ എഴുതിയ സ്വന്തം ജീവിതമാണ് ഇത്!
എത്ര വ്യത്യസ്തമായ ജീവിതം ആണെങ്കിലും,സ്വന്തം ജീവിതം ഒരു പുസ്തകം ആക്കുമ്പോൾ അതിന് വായനാമികവോ രചനാഗുണമോ ഇല്ലെങ്കിൽ പുസ്തകം അംഗീകരിക്കപ്പെടണമെന്നില്ല!
വളരെ ചെറുപ്പകാലം മുതൽ രോഗത്തോട് മല്ലിട്ട പെൺകുട്ടി എന്നതുമാത്രമല്ല മായയുടെ എഴുത്തിന്റെ പിൻബലം!
അസാമാന്യമായ നിരീക്ഷണ ശക്തിയും ഭാഷാ സ്വാധീനവും മായയുടെ രചനയെ സമ്പന്നമാക്കിയിരിക്കുന്നു!
നാലാം വിരലിന്റെ അറ്റം മാത്രം അനങ്ങുന്ന മായയുടെ കൈകൾ ഉപയോഗിച്ച് ഇങ്ങനെ ഒരു പുസ്തകം എഴുതി തീർക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല
പരസഹായമില്ലാതെ ഒന്നും തന്നെ ചെയ്യാൻ സാധിക്കാത്ത ആളാണ് മായ!
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അനുഭവിച്ച എല്ലാ വേദനയും സംഘർഷങ്ങളും ഈ എഴുത്തിൽ കൂടി അതിജീവിച്ചിരിക്കുന്നു മായ!
ഒരിക്കൽപോലും തന്റെ വിധി എന്ന് പറഞ്ഞ് കരയുകയോ സ്വന്തം ജീവിതത്തെ പഴിക്കുകയോ ചെയ്യുന്നില്ല മായ!
വേദനിപ്പിച്ച നിരവധി സംഭവങ്ങളുടെ ഇടയിലും,തന്നെ സ്നേഹിച്ചവരെ ഉൾക്കൊണ്ട്,അവരുടെ ജീവിതത്തിലേക്ക് ചാഞ്ഞു നിൽക്കുകയാണ് മായ!
കട്ടിലിൽ അനങ്ങാൻ വയ്യാതെ കിടക്കുമ്പോഴും,വീട്ടിലെ കാര്യങ്ങളും നാട്ടിലെ കാര്യങ്ങളും അറിയുന്ന മായ!
മാത്രമോ വായനയിൽ കൂടി ലോക കാര്യങ്ങൾ മുഴുവൻ അറിയുന്ന മായ!
രാഷ്ട്രീയമായ, സാംസ്കാരികമായ, സാമൂഹ്യമായ,എല്ലാ വിഷയങ്ങളിലും, നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഉള്ള മായ!
അത് ഉറക്കെ പറയാൻ മടിയില്ലാത്ത മായ!
അമ്മയോളം പോന്ന അദ്ധ്യാപകരെ കുറിച്ച്, മുഴുവൻ ജീവിതം കൊണ്ട് ചേർത്ത് പിടിച്ച കൂട്ടുകാരെ കുറിച്ച്, മരുന്നിനേക്കാൾ ഗുണം ചെയ്ത മനുഷ്യരുടെ പെരുമാറ്റത്തെക്കുറിച്ച്,ഒക്കെ എഴുതിയ മായ!
ഓടിനടന്ന ഒരു കുട്ടി അനങ്ങാൻ വയ്യാതെ കിടന്നുപോകുമ്പോൾ,കൂട്ടുകാർ കാണാൻ വരുന്നത് പോലും ഇഷ്ടപ്പെടാത്ത അവസ്ഥയിൽനിന്നും,ഫേസ്ബുക് ഉൾപ്പെടെ,ലോകം മുഴുവൻ കൂട്ടുകാരുമായി സംവദിക്കുന്ന മായ!
നന്നായി പഠിക്കുമായിരുന്നെങ്കിലും,ഒപ്പിടാൻ പോലും വയ്യാതെ വിരലടയാളമെടുക്കേണ്ടി വന്നഅവസ്ഥയിൽ വിഷമിച്ച മായ!
മാലപ്പടക്കം പോലെ പൊട്ടിച്ചിരിക്കുന്ന പെൺകുട്ടികളുടെയിടയിൽ, പടക്കത്തിന് തീ കൊളുത്തിയ മാതിരി വേദനയെ പുണരുന്ന മായ!
തന്റെ സഹോദരൻ ജീവൻ ചേട്ടൻ,ഇടയ്ക്ക് തിരിച്ചു കിടത്താൻ വരുമ്പോൾ, ദോശ തിരിച്ചിടാറായി എന്ന് പൊട്ടിച്ചിരിക്കുന്ന മായ!
നിരവധി ചികിത്സാമാർഗങ്ങൾ, ചികിത്സാ ശാഖകൾ, ഡോക്ടർമാർ, ആശുപത്രികൾ ഇങ്ങനെ ജീവിതം നീറുമ്പോൾ സൈനബ പോലെയുള്ളവരുടെ സ്നേഹത്തിലൂടെ ജീവിതം കണ്ടെത്തിയ മായ!
കുടുംബത്തിലെയും സൗഹൃദത്തിലെയും മാത്രമല്ല നാട്ടിലെ മുഴുവൻ മനുഷ്യരുടെയും സ്നേഹം ഈ പുസ്തകത്തിൽ കൂടി പ്രകാശിപ്പിക്കുന്നു മായ!
ബോബി ജോസ് കട്ടികാട് അവതാരിക എഴുതിയ 'നാലാം വിരലിൽ വിരിയുന്ന മായ 'ഇന്ദുലേഖ മീഡിയ' യുടെ 'താമര' യാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്!
സ്വയം വീട്ടുജോലിക്കുള്ള പല ഉപകാരണങ്ങളിൽ ഒന്നായി സങ്കൽപ്പിച്ച് , അവ ഓരോന്നിലും മാറി മാറി പരകായപ്രവേശം നടത്തി, ആത്മാവില്ലാതെ,ജനിച്ചു മരിക്കുന്ന അനേകം സ്ത്രീകൾ അനുകരിക്കേണ്ട ജീവിതമാണ്, കട്ടിലിൽ അനങ്ങാൻ പറ്റാതെ കിടന്നുകൊണ്ടെങ്കിലും, ലോകത്തെ വൈവിധ്യത്തോടെ സ്വീകരിക്കുന്ന , ആത്മപ്രകാശനം നടത്തുന്ന മായയുടെ ജീവിതം..!
തളർച്ച തോന്നുമ്പോൾ എടുത്തു വായിക്കൂ . നിങ്ങൾ ഒരു കരിഞ്ഞ പക്ഷിയായിപ്പോയിയെങ്കിലും ചിറകുകൾ വീശി ജീവിതത്തിലേക്ക് പറന്നുയരും!❤
തനൂജ ഭട്ടതിരി
Comments
Post a Comment