ആണൊരുത്തി : - വായന മായ ബാലകൃഷ്ണൻ

 

നോവൽ:- ആണൊരുത്തി ( TV ഹരികുമാർ )

വായനാനുഭവം: മായ ബാലകൃഷ്ണൻ 

==============  =======




 സ്ത്രീ കേന്ദ്രകഥാപാത്രമായ കരുത്തുറ്റ 

 നോവലാണ് ആണൊരുത്തി! മാറിയ കാലത്തിന്റെ പ്രതിരോധത്തിന്റെ, ചെറുത്തുനില്പിന്റെ ശക്തമായ ശബ്ദം!   "പാറപ്പുറം" ത്തിനെപ്പോലുള്ള മുൻ തലമുറയുടെ സ്ത്രീകഥാപാത്രങ്ങളോട്, എഴുത്തിനോട് കിടപിടിക്കുന്ന നോവൽ. 


 ആണധികാരത്തിന്റെ, സ്ത്രീ ഉപഭോഗവസ്തു എന്ന നിലയിൽ ചവിട്ടിമെതിക്കപ്പെടുന്ന ക്ലാര എന്ന പെൺകുട്ടിയുടെ ജീവിതം. ജീവിതത്തിന്റെ ഭാഗമായി വേഷം കെട്ടൽ മാത്രം പോരാ  അഭിനയവും എടുത്തണിയുന്ന ക്ലാര , കാർത്തിയായും കല്ലുകാർത്തിയായും അവസാനം കാർത്തികയായും വിവിധ ജീവിതമുഖങ്ങൾ  ആടിത്തകർക്കുന്നു. 


ഇറച്ചിവെട്ടുകാരിയായി, ആരെയും കൂസാതെ ദൂരെ അകറ്റി നിറുത്തുന്ന ഭാവഹാവാദികളും സംസാരവുമായി തന്റേടിയുടെ ജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ട കാർത്തി എന്ന കല്ലുകാർത്തി. ചതിക്കപ്പെട്ട പുരുഷന്റെയൊപ്പം ജീവിക്കാൻ വിധിക്കപ്പെട്ടവൾ. അവളുടെ കുടുംബവും നേരറിയാതെ അവളെ ചെളിജീവിതത്തിലേക്ക് പറഞ്ഞുവിട്ടതാണ്! 


മദ്യവും മദിരയും ആഘോഷമാക്കിയ ഒരുത്തൻ തമ്പി. വെട്ടുതമ്പിയെന്നും ചെന്നായ തമ്പി എന്നുംപറയുന്ന ക്രൂരൻ. അവളുടെ അനുവാദമില്ലാതെ കയറിവന്നതാണ്! ശരീരത്തെ പച്ചയ്ക്ക് മുറിപ്പെടുത്തി വേദനിപ്പിക്കുന്നതിൽ  ഉന്മാദം കൊള്ളുന്നവൻ. സ്നേഹം,ദയ മനുഷ്യത്വം എന്നിവ തൊട്ടുതീണ്ടിയില്ലാത്തവനായ തമ്പി. വാളെടുത്തവൻ വാളാൽ എന്ന ചൊല്ലുപോലെ ആ കഥാപാത്രത്തെ വിധി കീഴ്പ്പെടുത്തി കട്ടിലിൽ കിടത്തുന്നു.  അവിടെയും അവനെ പോറ്റേണ്ട ദുര്യോഗം അവളിൽ വന്നുവീഴുന്നു! 


അറയ്ക്കുന്ന കഥാപാത്രമായി സുഗന്ധി വരുന്നു.  ആ ശരീരഭാഷയും പ്രകൃതവും അസ്സലായി ചിത്രീകരിച്ചിരിക്കുന്നു! ചതിയിലൂടെയും മറ്റും  ചെളിക്കുണ്ടിലേക്ക് വീണുപോയവളാണു തമ്പി പരിചയപ്പെടുത്തുന്ന സുഗന്ധിയും! അവളുടെ നെഞ്ചിനുള്ളിലും പ്രതികാരത്തിന്റെ തീപ്പൊരി ഉണ്ട്.  അഭിമാനിയായി ജീവിക്കാൻ കാർത്തിയെ അവൾ ഉപദേശിക്കുന്നു. പോരാടണം , തളരരുത് മോളേ നീ എന്ന വാക്കുകൾ! സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണു ഇത്.


സമൂഹവും കുടുംബവും ഒരു വ്യക്തിയുടെ ജീവിതം വാർത്തെടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നുണ്ടെന്ന് തമ്പിയിലൂടെ കഥാകൃത്ത് പറഞ്ഞുവയ്ക്കുന്നുണ്ട്. എന്നാൽ അത്തരം ദീനരോദനങ്ങൾക്കൊന്നും കാർത്തിയെപ്പോലെ മുറിവേറ്റ പെണ്ണിനോ വായനക്കാർക്കോ അവനോട് 

യാതൊരു ദാക്ഷിണ്യവും തോന്നിക്കില്ലാ.  

"ശരീരത്തിനേറ്റ മുറിവ് ഉണക്കാം എന്നാൽ മനസ്സിനേറ്റ മുറിവ് അതുണക്കാൻ പറ്റില്ലാ." ഒരു സന്ദർഭത്തിൽ കാർത്തി തേങ്ങുന്നത്  ഇങ്ങനെയാണ്.


സ്നേഹമാതൃകകളായി കരുണേട്ടൻ ലീലേച്ചി ദമ്പതികൾ കഥയ്ക്ക് ചുക്കാൻ പിടിച്ച് ഒപ്പമുണ്ട്. സുജലൻ എന്ന എഴുത്തുകാരനു കാർത്തി  ജീവിതകഥ പറഞ്ഞുകൊടുക്കുന്നതിലൂടെയാണു നോവലിന്റെ ചുരുളഴിയുന്നത്. കഥാവസാനത്തിൽ സുജലന്റെ തീരുമാനം ശുഭപര്യവസാനിയാക്കുന്നു!   


ലളിതമായ ഭാഷയും വലിച്ചുനീട്ടലുകൾ ഇല്ലാതെ  ഒതുക്കവും ശക്തമായ ആഖ്യാനവും ആണൊരുത്തി ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാം.


ചിന്തിപ്പിക്കുകയും അരികുവൽക്കരിച്ച മനുഷ്യ ജീവിതയാത്ഥാർഥ്യങ്ങൾക്കുനേരെ തുറന്നുവെച്ച പുസ്തകവുമാണ് ഈ നോവൽ. 


പ്രസാധകർ : കനൽ ബുക്സ് ചേർത്തല 

പേജ് 130 , വില 175₹ 

പുസ്തകം വേണ്ടവർ

 ബന്ധപ്പെടുക: 9446118387 


സ്നേഹപൂർവ്വം

മായ ബാലകൃഷ്ണൻ 

22-12-2025 




 

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി