മായക്കാലം :- ഇ സന്ധ്യ

 മായക്കാലം 

ആസ്വാദനം:- ഇ സന്ധ്യ 




ഇതിനു മുമ്പു വായിച്ച രണ്ടു പുസ്തകങ്ങൾ - ജീവിതാനുഭവങ്ങൾ -  വായിക്കുമ്പോഴും വായിച്ചു കഴിഞ്ഞ ശേഷവും എന്നെ സങ്കടപ്പെടുത്തിയിരുന്നു. കമ്പിളിക്കണ്ടത്തെ കൽഭരണികളും ( ബാബു എബ്രഹാം) വിടില്ല ഞാനീ രശ്മികളെ ( ഷീബ അമീർ ) എന്നിവയാണവ. അതിനുശേഷമാണ് മായ ബാലകൃഷ്ണൻ്റെ മായക്കാലം കയ്യിലെടുക്കുന്നത്. ഈ പുസ്തകവും മായയുടെ മറ്റു രണ്ടു പുസ്തകങ്ങളും പ്രകാശിപ്പിക്കുന്ന ചടങ്ങിൽ എനിക്കു പങ്കെടുക്കാനവസരമുണ്ടായി എന്നതാണ് ഇതു വായിക്കാനിടയായ നിമിത്തം. 


ഒരു ആട്ടിൻകുട്ടി കുടമണി കെട്ടി തുള്ളിച്ചാടുന്നതു കാണുമ്പോൾ, ഓണവെയിൽ വരുമ്പോൾ, തങ്കത്തോണി തെന്മലയോരം എന്ന പാട്ടുകേൾക്കുമ്പോൾ, മുല്ലപ്പൂമണക്കുമ്പോളൊക്കെ അനുഭവിക്കുന്ന സന്തോഷം പോലെ ഒരു കുടം സന്തോഷം മായക്കാലം എന്ന പുസ്തകം എന്നിലേക്കു കുടഞ്ഞിട്ടു. എത്ര പ്രസന്നമായ, വെളിച്ചമുള്ള എഴുത്താണിത്! എത്ര അപൂർവ്വം ! ഈ പുസ്തകത്തിലുടനീളം ജീവിതത്തെ സ്നേഹിച്ച, അതിൻ്റെ കുഞ്ഞുകുഞ്ഞു അത്ഭുതങ്ങളെ കൗതുകത്തോടെ കണ്ട, ആസ്വദിച്ച, ഓർമ്മയുടെ അളുക്കിൽ സൂക്ഷിച്ച ഒരു പെൺകുട്ടിയെ കാണാം. അസാധാരണമായ സംഭവങ്ങളല്ല ഒന്നും. പക്ഷേ അവയെ കണ്ട വിധമാണ് അസാധാരണം. അവയെ ഓരോന്നിനെയും മനോഹരമായ, കിലുങ്ങുന്ന ഭാഷയുടെ കുപ്പായമിടീച്ച് നമ്മുടെ മുന്നിലങ്ങനെ നിർത്തി നൃത്തം ചെയ്യിക്കുകയാണ് മായ. ഓരോന്നിനെയും കുറിച്ച് പറയാനേറെയുണ്ടെനിക്ക്. ഉപ്പുമാവു കഴിച്ച കഥ, ചേട്ടനെക്കൊണ്ട് അച്ഛൻ പഴം തീറ്റിച്ച കഥ, കഥകളി കാണാൻ പോയ വിവരണം, ക്ലാസ് ലീഡറുടെ തിരഞ്ഞെടുപ്പ്, അമ്മയുടെ തറവാട്ടിലെ വിശേഷങ്ങൾ, പൊട്ടാസ്യം പെർമാംഗനേറ്റ് തിന്നത്, ആകാശവാണി സംഗീതക്കച്ചേരികൾ ആസ്വദിച്ചത് വെള്ളത്തിലേക്കു വീണത്, ...  ഞാൻ രസച്ചരട് മുറിക്കുന്നില്ല. നിങ്ങളിത് വായിക്കു. നിങ്ങളുടെ സമാന അനുഭവങ്ങൾ ചേർത്തു വെക്കു. ജീവിതത്തിൻ്റെ കടന്നുപോയ പലയേടുകൾ വീണ്ടും വീണ്ടും മറിച്ചു നോക്കു.


ഇതുപോലുള്ള മറ്റു രണ്ടു പുസ്തകങ്ങളാണ് മനസ്സിൽ തങ്ങിനില്ക്കുന്നത്. ഉണ്ണിക്കുട്ടൻ്റെ ലോകവും ( നന്തനാർ ) ഞാവൽപ്പഴമധുരങ്ങളും ( സജ്ന ഷാജഹാൻ ). ആദ്യത്തേതിലെ ഓണത്തിൻ്റെ ഒരുക്കങ്ങൾ എന്ന അധ്യായം ഞാനെത്ര തവണ വായിച്ചു എന്നതിന് കണക്കില്ല. ഇപ്പോഴും വായിക്കും. അതിനു ശേഷം ഹൃദ്യമായ ഓണാനുഭവം പകർന്നു തന്നത് മായക്കാലത്തിലെ ഓണ ഓർമ്മയാണ്. ഇതും ഞാൻ പല തവണ വായിക്കുമെന്നു തോന്നുന്നു. 

ശരീരത്തിനുണ്ടായ പരിമിതികൾ മായയുടെ മനസ്സിനെ ഒട്ടുമേ തൊട്ടിട്ടില്ല എന്നറിയുമ്പോഴുള്ള സന്തോഷവും ആശ്വാസവും പ്രതീക്ഷയും ചെറുതല്ല. ഇനിയും മായക്ക് ധാരാളം എഴുതാനാവട്ടെ.

ഈ പുസ്തകത്തെയും മായയെയും ഞാൻ കെട്ടിപ്പിടിക്കുന്നു.


ഇ സന്ധ്യ. 



Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി