മണ്ണാങ്കട്ടേം കരിയിലേം ആസ്വാദനം ( ഗംഗാദേവി ടി)

 *പുസ്തക പരിചയം* 

 :-ഗംഗാദേവി ടി


 "മണ്ണാങ്കട്ടേം കരീലേം"

 *മായ ബാലകൃഷ്ണൻ* 


ഓടക്കുഴൽധാരിയായ മഹാകവി ജനിച്ചു വളർന്ന മണ്ണിലെ, മനസ്സിൽ നിന്നും മായാത്ത മറ്റൊരു ഗാനധാര തന്നെയാണ് നമ്മുടെ പ്രിയപ്പെട്ട മായ ."ഇവളെൻറെ സ്വന്തം മകളെ"ന്ന രാവുണ്ണ്യേട്ടന്റെ വാക്കുകൾ ( കവി രാവുണ്ണി) ഞാനും ഇവിടെ നെഞ്ചിൽ തൊട്ട് ആവർത്തിക്കട്ടെ .


ഓടിപ്പാടി നടന്ന ,പഠിച്ച് കളിച്ച്  ഉല്ലസിച്ചിരുന്ന  ഒരു മിടുക്കിപ്പെൺകുട്ടി. അവൾക്ക് പത്താം ക്ലാസിലെ പരീക്ഷയെഴുതാനാവാതെ റൂമാറ്റിക് ആർത്രൈറ്റിസ്  പിടിപെട്ട് മുന്നോട്ടുള്ള ജീവിതം ചലനമറ്റതായി മാറിപ്പോകുമ്പോഴുള്ള ദുഃഖവികാരത്തെ താങ്ങി നിർത്താൻ പോന്ന ഒരു മനസ്സ് ,ആ കൗമാരപ്രായത്തിലും രൂപപ്പെടുത്തിയെടുക്കാനായി എന്നറിയുമ്പോഴാണ്, ചെറിയ കാര്യങ്ങൾക്ക് പോലും  ആധി പിടിക്കുന്ന നമ്മുടെ കൈകൾ  കൂമ്പിപ്പോകുന്നത്, ഒരു കൊച്ചു പെൺകുട്ടി നമുക്ക്  ഗുരുവായ്  മാറുന്നത്, നമ്മൾ അവൾക്ക് മുന്നിൽ ശിരസ്സുനമിക്കുന്നത്.



 നവമാധ്യമങ്ങളുടെ വരവോടെ മനസ്സിലെ കിളികൾ ഉച്ചത്തിൽ മൂളുന്ന കാവ്യശലഭങ്ങളെ ,

ആകെയനങ്ങുന്ന 

ഒരേവിരലായ ഇടതുകൈയിലെ നാലാം വിരൽ കൊണ്ട് ടൈപ്പ് ചെയ്ത് അവൾ പുസ്തകങ്ങളാക്കുന്നു. "നാലാം വിരലിൽ വിരിയുന്ന മായ"യെ അങ്ങനെ ലോകം അറിയുന്നു. "തുടികൊട്ട്",  "നിഷ്കാസിതരുടെ ആരൂഢം"

  " മണ്ണാങ്കട്ടേം കരീലേം" എന്നീ കവിത സമാഹാരങ്ങളും, "നാലാം വിരലിൽ വിരിയുന്ന മായ" എന്ന ആത്മകഥാരൂപമായ പുസ്തകവും,( ഇത് ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്) "വെള്ളപ്പൊക്കത്തിലെ പൂച്ച" എന്ന ബാലകവിതാ സമാഹാരവും,

" മായക്കാലം"  എന്ന ഓർമ്മപ്പുസ്തകവും മായയുടേതായിട്ടുണ്ട്.


 ഒരു മുറിക്കുള്ളിൽ ഇരുന്ന് ലോകം മുഴുവൻ കാണാൻ വഴിയൊരുക്കുന്ന സാങ്കേതികവിദ്യകളോട് അളക്കാനാവാത്ത കടപ്പാടാണ് മായ പ്രകടിപ്പിക്കുന്നത് .


മായക്കുട്ടിയുടെ "മണ്ണാങ്കട്ടേം കരീലേം" എന്ന കവിതാ സമാഹാരത്തെയാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്.

 അക്ഷരദീപം ബുക്സ്  ആണ് പ്രസാധകർ.


 മറ്റാരുമല്ലാ, നമ്മുടെ പ്രിയങ്കരനായ കുരീപ്പുഴ ശ്രീകുമാർ മാഷാണ് ഈ പുസ്തകത്തിന് "മുത്തായ 

മൂകവേദനകൾ" എന്ന അവതാരിക എഴുതിയിരിക്കുന്നത്. വാക്കിനു വേണ്ടിയുള്ള ബുദ്ധ സാധനയാണ് അഹങ്കാരം തൊട്ടു തീണ്ടാത്ത മായയുടെ വാക്കുകൾ എന്നദ്ദേഹം പറയുന്നുണ്ട്.

 മായയെ ആദ്യമായി കണ്ട നിമിഷങ്ങൾ അദ്ദേഹത്തിൻറെ മനസ്സിൽ രക്തവാക പോലെ പൂ ചൂടി നിൽക്കുന്നു എന്നു പറയുമ്പോൾ നമ്മളും  പുളകച്ചാർത്തണിഞ്ഞു പോകുന്നു. ജിയുടെ വരികൾ കടമെടുത്ത് മുത്തായി മാറുന്ന മൂക വേദനകളാണ് മായയുടെ വാക്കുകൾ എന്ന് പറഞ്ഞു കൊണ്ടാണ് അവതാരിക അവസാനിക്കുന്നത്.


 മണ്ണാങ്കട്ടേം കരീലേം എന്ന വെറും 100 പേജുള്ള ഈ കവിതാ സമാഹാരത്തിൽ കനപ്പെട്ട 55 മുത്തുകളാണുള്ളത്. ഓരോ കവിതയും ജീവിതഗന്ധിയാണ്. "മണ്ണാങ്കട്ടേം കരീലേം"  എന്ന ആദ്യ കവിതയുടെ ചില  വരികൾ മാത്രം താഴെ എഴുതുന്നു .


' വെറുക്കപ്പെട്ടവരുടെ ഒതുക്കി വയ്ക്കപ്പെട്ട മൗനങ്ങളാണ് കരിയിലകളായി പാറി നടക്കുന്നത്.

......... അടിച്ചമർത്തപ്പെടുന്നവരുടെ ശബ്ദം മൺപുറ്റായി കാൽക്കീഴിൽ ഞെരിച്ചമർത്തുകയാണ്

..............

വക്കുകൾ ഉടഞ്ഞ് ചിതറിത്തെറിച്ച് കാൽച്ചുവട്ടിലെ വിഷലിപ്ത കണങ്ങൾ ഒലിച്ചിറങ്ങി ഭ്രഷ്ടിന്റെ പരികല്പനകൾ വെറും മണ്ണായി നിന്ന് കുതിരും

.................

 നിന്ന് പെയ്യാൻ ഇടമില്ലാതെ അവർ വീണ്ടും വീണ്ടും ചുട്ടുപഴുത്ത കാറ്റിൽ അതിർത്തികൾ ഭേദിച്ചും കാതങ്ങൾ താണ്ടുകയാണ്


 വെറുക്കപ്പെട്ടവരുടെ മനസ്സിന്റെ 

അടിയൊഴുക്കുകളാണ് കാറ്റിന്റെ കയ്യിലേറി മോക്ഷം തേടി അലയുന്നവരുടെ സുവിശേഷം പറഞ്ഞു കൊണ്ടേയിരിക്കുന്നത്"

--------

ഒന്നും പറയാനില്ലാ. പറയേണ്ടത് നിങ്ങളാണ്.

 കവിഹൃദയങ്ങളെ ഒരുപാട് കൊതിപ്പിക്കുന്നവ തന്നെയാണ് പിന്നാലെയുള്ള 52 കവിതകളും.


 "വിശപ്പാഴം" നമ്മുടെ കൃഷ്ണമണികളെ ആഴത്തിൽ നിന്നും പുറത്തേയ്ക്ക് ഉന്തിക്കൊണ്ടുവരുന്നു. "വിശന്നു വലഞ്ഞൊരു ആണും പെണ്ണും" ......

ഒന്നു തൊടാനാവാത്ത വിധം കനൽ പോലെ വെന്ത അവളുടെ ഉടലും മനസ്സും അത്രമേൽ ചുട്ടുപൊള്ളിയിട്ടാവണം അവൻ ഇട്ടേച്ചു പോന്നത് ."

ഇടയിലുള്ള വരികൾ പുസ്തകത്തിൽ തന്നെ വായിച്ചറിയൂ


 "പുതുനാമ്പുകൾ" അവസാനിക്കുന്നതിങ്ങനെ "പുതുനാമ്പുകൾ പച്ചയിടുന്ന അന്ന് അക്ഷരപ്പൊട്ടുകൾ വരിവരിയായി പെറുക്കിക്കൂട്ടണം ;

എൻറെ പാടവും നിൻറെ പാടവും തെളിയാൻ,

 ചൊരിയാൻ"


 ഇങ്ങനെയിങ്ങനെ പറയാൻ തുടങ്ങിയാൽ 100  പേജുള്ള പുസ്തകത്തെക്കുറിച്ച് 950 പേജ് നിറയെ യഥാർത്ഥ രുചിക്കൂട്ടൊരുക്കാനാകും.

 " മഴ നോവുകളും", "പൂത്തിരി തിളക്ക"വും "നിശാഗന്ധിക"ളും എന്നിൽ കുളിരും സുഗന്ധവും നിറയ്ക്കുന്നു .

നുകം  താങ്ങാൻ വിധിക്കപ്പെട്ടവർ  നടു വളഞ്ഞ് ചെളിപുരണ്ട് കൈത്തഴമ്പു വന്ന കരുത്തുറ്റ വർഗ്ഗമായിട്ടും ഓരോ അടിയിലും  അവരുടെ ജീവിതം തന്നെ തേഞ്ഞില്ലാതാവുകയാണ്;കാരണം അവന്റെ കൈയിൽ ആണല്ലോ ചാട്ടവാർ എന്ന് "നുകവും കാളയും" പറയുമ്പോൾ അകംനൊന്തൊരു തേങ്ങൽ എന്നിൽ നിസ്സഹായാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.


 ഉടലുരുക്കി ഭൂമി പിളർത്തി വെച്ചാലും ചോദ്യങ്ങൾ ബാക്കിവെച്ചവൾ "കുഴലൂത്തുകാരി".


 കഷ്ടപ്പെടുന്നവന്റെ മുതുകത്തെ മാറാപ്പ് സ്കൂൾ സഞ്ചിയിൽ നിന്നും ജോലി തേടിയുള്ള യാത്രയായും പിന്നെ ജീവിത ഭാരമായും മാറി കുനിഞ്ഞ വാർദ്ധക്യത്തിലത് തഴമ്പായി മാറുന്നതിനെ വരഞ്ഞിരിക്കുന്നു "മാറാപ്പി"ൽ.


 "മൃൺമയ"ത്തിലെ ആദ്യ വരികൾ  വായിച്ചാൽ മതി; നമ്മൾ  ജീവിതാർത്ഥം തേടി  ഭഗവദ്ഗീതയുടെ പിന്നാലെ പോകേണ്ടി

 വരില്ല.

" ജനിമൃതി തൻ താളം പൂവിൽ 

സൃഷ്ടിസ്ഥിതിലയ മതിലസ്ഥിരം ജീവിതവും"....


 "പ്രയാണത്തിര"യിൽ അടിയൊഴുക്കുകളറിയാതെ 

ദൂരങ്ങൾ അളക്കാതെ ഓളപ്പരപ്പിൽ കവിതയെഴുതും   

   ആകാശ നീലിമയിൽ ചിത്രമെഴുതും നിലാവിന് കൂട്ടായവൾ

 നീ " എന്നു വായിക്കുമ്പോൾ ആവരികളിൽ മായയെത്തന്നെ നാം കാണുന്നു.


 കറുത്ത സൂര്യൻറെ വിത്തുകൾ വീണു മുളച്ചതാണ് ഈ ലോകമെന്ന് "വിത്തുകൾ" 


 പിറന്നു വീഴുവാൻ വെമ്പുന്ന കുഞ്ഞിനെ ഗർഭത്തിൽ തന്നെ പിടിച്ചുനിർത്താൻ ആശിക്കുന്ന അമ്മയെ ചൂണ്ടുന്ന "അമ്മയും കുഞ്ഞും".


 അവസാന യാത്രയ്ക്കും മുമ്പ് നിലാവ് പാറുന്ന രാത്രികളിൽ ഒരു സുഖദ സ്വപ്നത്തിൽ അലിഞ്ഞുചേരാനായി ഒരു ദിനം വേണമെന്ന് പറയുന്ന

 "തിരിച്ചു യാത്ര",

 അങ്ങനെ... അങ്ങനെയങ്ങനെ ഓരോ കവിതയിലും മുങ്ങിക്കുളിക്കണം.


 ഭാഗവതം പകുത്തു നോക്കുന്ന പോലെ ഇടയിൽ നിന്ന് ചിലവയെ മാത്രമേ ഞാൻ പറയുന്നുള്ളൂ.


 വായിച്ചു വായിച്ച് ആപാദചൂഡം കുളിരണിയുവാൻ, ചുടുനിണച്ചുവപ്പും

 പനിനീർ ചുവപ്പുമറിയാൻ നിങ്ങൾ ഈ പുസ്തകം മുഴുവനായും വായിക്കുക.


" നിഴലനക്കങ്ങ"ളിലെ ഒരു രസം കണ്ടുരുളൂ. "കൈവെള്ളയിൽ ഇരിക്കുന്ന സുഖം കടുകുമണി പോലെ ഒന്നുരുളണം

 എങ്കിലേ ഈ സുഖത്തിലെ സുഖം ഒന്നനുഭവിക്കാനാകൂ.


" ലോക്ക് ഡൗൺ കവിത 20020"ൽ ഒറ്റപ്പെട്ടവരായി, കുടുംബത്തെ ഓർത്ത് അവിടവിടെ തിളയ്ക്കുന്ന അമ്മ മനസ്സ് കാണാം


 വന്ധ്യതയുടെ വേദനയാണ് "പിറവി"യിൽ.


 കൂട്ടിവെച്ച സങ്കടങ്ങളുടെ നെരിപ്പോടാണ് "അമ്മ"


 കറുത്ത പട്ടണത്തെരുവിന്റെ മൂലയിലും അഴുക്കുചാലോരത്തും പെറ്റൂർന്നു കിടക്കുന്ന തള്ള നായ്ക്കൾക്കരികിൽ ഞരങ്ങുന്നത് ശ്വാനനോ മനുഷ്യനോ എന്ന് "രാത്തിങ്കൾ".


 നിറദീപങ്ങൾ തെളിയിക്കുന്ന "ഗ്രാമലക്ഷ്മി"യാണ് പുസ്തകത്തിലെ അവസാനത്തെ കവിത .


എല്ലാ കവിതകളെയും ഞാനിവിടെ പരാമർശിച്ചിട്ടില്ല. പറഞ്ഞതിലുമേറെ തിളങ്ങുന്ന മുത്തുകളാണ് പറയാത്ത കവിതകൾ. ഏറ്റവും നല്ല സിനിമ കണ്ടാൽ പോലും ഉണ്ടാവാത്ത ഒരു അനുഭൂതിയാണ് ഓരോ കവിതയും എനിക്ക് സമ്മാനിച്ചത്.


 ഒരു കൊച്ചു മുറിയിലിരുന്നുകൊണ്ട് മായ നമ്മൾ കാണാത്ത പലതും കാണുന്നു; നമ്മളെക്കാൾ ലോകത്തെ, ജീവിതത്തെ, അറിയുന്നു.

 പൂത്തുനിൽക്കുന്ന വാകമരം കണ്ട് ആഹാ എന്ന് നമ്മൾ യാത്ര തുടരുമ്പോൾ 

മായ 

 പൂക്കൾ ഉപേക്ഷിച്ച് വാളുകൾ തൂക്കി നിൽക്കുന്ന  മരത്തെ കാണുന്നു. വാളുകൾക്കുള്ളിൽ വിത്തുകളെ കാണുന്നു. മരത്തെ അതിജീവനത്തിന്റെ ശില്പ സൗന്ദര്യ തരുവായി കാണുന്നൂ; സ്വന്തം ജീവിതത്തിലെ കാവ്യ വിത്തുകളെ കാണുമ്പോലെ ത്തന്നെ. 

പുഷ്പഭാരം ഒഴിവാക്കി ആകാശത്തേക്ക് ശിഖരങ്ങൾ വിരിച്ച് വേനലിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന വാകമരം പോലെയെന്ന് മായയെ കുരിപ്പുഴ മാഷ് വരയുന്നുണ്ട് ബ്ളർബിൽ.


 കവിയെ പറ്റി ഇനിയും അറിയേണ്ട ചിലതുണ്ട്. മായയുടെ മാതാപിതാക്കൾ അധ്യാപക ദമ്പതികളായ 

കെ എസ് ബാലകൃഷ്ണൻ നായരും ,

പി കെ വിജയമ്മയുമാണ്.  അവരുടെ നാലു മക്കളിൽ ഏറ്റവും ഇളയവളാണ് മായ.

" സ്ത്രീകളും ഭിന്നശേഷിയും" എന്ന വിഷയത്തിൽ സംസ്ഥാനതല ഭിന്നശേഷി കൂട്ടായ്മയുടെ വരം സാഹിത്യ പുരസ്കാരം, കൂടാതെ "നിഷ്കാസിതരുടെ ആരൂഢം" എന്ന പുസ്തകത്തിന് സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി കമ്മീഷണറേറ്റ് അവാർഡ്

 എന്നിവ ലഭിച്ചിട്ടുണ്ട്.

 പ്രജാഹിത ഫൗണ്ടേഷൻ്റെ അവാർഡ്,

 "നാലാം വിരലിൽ വിരിയുന്ന മായ" എന്ന ബുക്കിന് സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

 കൂടാതെ നിരവധി സാംസ്കാരിക കേന്ദ്രങ്ങളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും വനിതാദിനത്തിലും ഭിന്നശേഷി ദിനത്തിലും നിരവധി ആദരവുകൾ നൽകിയിട്ടുണ്ട്.

 പാലിയേറ്റീവ് സംബന്ധമായ നിരവധി എഴുത്തുകൾ നടത്തിയിട്ടുണ്ട്.

 തൃശ്ശൂർ പുതുക്കാട്

HoH പാലിയേറ്റീവ് ക്ലിനിക്കിലെ പാലിയേറ്റീവ് വളണ്ടിയർ കൂടിയാണ് നമ്മുടെ 

വിസ്മയ  മായ.


 കൊതിയൂറുന്നില്ലേ പ്രിയരേ?

 അരോഗ ദൃഢഗാത്രവും 

 സർവ്വ അംഗങ്ങളും നവദ്വാരങ്ങളും ഒത്തുള്ള വിസ്മയഗാത്രരായ നമുക്കേവർക്കും മീതെ  നമ്മുടെ പ്രിയ 

മായക്കുട്ടിയുടെ ജീവിത പുസ്തകത്തെ കാണാനാവുന്നില്ലേ? *ഉറപ്പായും വാങ്ങുക* *"മണ്ണാങ്കട്ടേം* *കരീലേം*"

 വില 140 രൂപ  അക്ഷരദീപം ബുക്സ് 


 ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിലെത്താൻ നമ്മുടെ സ്വന്തം മായക്കാവട്ടെ എന്ന് വീണ്ടും വീണ്ടും ആശംസിച്ചുകൊണ്ട് നിർത്തുന്നു.


 :-ഗംഗാദേവി ടി

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി