മരണവംശം വായന
മരണവംശം ( പി വി ഷാജികുമാർ)
പുസ്തകത്തിലേക്കുള്ള പ്രവേശം കുറച്ച് കഷ്ടപ്പെട്ടു! ഒരു കാസർകോടൻ ഭാഷാ ഡിക്ഷ്നറി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു! ഖസാക്കിന്റെ ഇതിഹാസത്തിൽ പാലക്കാടൻ ഭാഷ എങ്കിൽ ഇവിടെ കാസർഗോടൻ ശൈലികളും പേരുകളും വരെ ആശയക്കുഴപ്പം സൃഷ്ടിച്ചു! എങ്കിലും പ്രയോഗവും ഭാഷാനിപുണതയും നന്നായി സ്വാധീനിച്ചു!
കെ ആർ മീരയുടെ ആരാച്ചാർ , ആരാച്ചാർ എന്ന വംശപരമ്പരയുടെ കഥപറയുമ്പോൾ ഇവിടെ പി വി ഷാജികുമാർ പകയും പ്രതികാരവും പാരമ്പര്യമായ് തുടരുന്ന ഒരു കുടുംബത്തിലൂടെ കൊല്ലും കൊലയും നടത്തി ഇല്ലാതാക്കലിന്റെ , നാശത്തിന്റെ സമൂഹത്തിന്റെ ചിത്രണം, തെയ്യം കഥയുടെ പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിച്ചിരിക്കുകയാണു!
തെയ്യം എന്തെന്ന് അറിഞ്ഞാലേ ഇക്കഥ നന്നായി ആസ്വദിക്കാനാവൂ! ചതിയിലൂടെ കൊലചെയ്യപ്പെടുന്ന മനുഷ്യർ! അധികാരത്തിന്റെ തോക്കിന്‍കുഴയിൽ ഇല്ലാതാക്കപ്പെടുന്നവർ.
ഇന്നിന്റെ ഭാഷയിൽ രക്തസാക്ഷികൾ എന്നുവിളിക്കാമെന്ന് തോന്നുന്നു.
കുരുതിയായ അവർ തുലാപ്പത്തിനും പത്താമുദയത്തോടെയും മണ്ണിൽ തിരിച്ചുവരുന്നതിനെയാണു തെയ്യം എന്നുവിളിക്കുന്നത്.
ഏർക്കാന എന്ന കുന്നും മലയും പുഴയും നിറഞ്ഞുനിൽക്കുന്ന ഒരു നാടിന്റെ വിശാല ഭൂപ്രകൃതിയും മറ്റും വശ്യമനോഹരമായ ഭാഷയിൽ ഇതിൽ വായിക്കാം.
സ്ത്രീകളുടെ മേലുള്ള പുരുഷാധിപത്യവും കാമപൂരണവും കൊല്ലിലും കൊലയിലും ചെന്നവസാനിക്കുന്ന കഥ!
318 പേജുള്ള "മരണവംശം"ത്തെക്കുറിച്ചുള്ള ഒരു ചുരുക്കെഴുത്തു മാത്രമാണു ഇത്.
മാതൃഭൂമി ബുക്സ് ആണു പ്രസാധകർ
മായ ബാലകൃഷ്ണൻ
27/11/2025
============

Comments
Post a Comment