നാലാം വിരലിൽ....വായനാനുഭവം :- ടി വി ഹരികുമാർ
*നാലാംവിരലിൽ* *
*വിരിയുന്നമായ*
പുസ്തക വായനാനുഭവം
ടി.വി.ഹരികുമാർ.
*
മായ ബാലകൃഷ്ണൻ്റെ ഈ പുസ്തകം സ്വന്തം അതിജീവനത്തിൻ്റെ കഥപറയുന്ന പുസ്തകമാണ്. ആരാണ് മായ ബാലകൃഷ്ണൻ ? മായയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ് ? ഇതറിയുമ്പോഴാണ് ഈ പുസ്തകം നമ്മെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നു പറയാൻ. പതിനഞ്ചു വയസ്സുവരെ കൂട്ടുകാരികൾക്കൊപ്പം ബഹളം കൂട്ടി നടന്ന മായ പതിനഞ്ചാം വയസ്സിൽ ആരംഭിച്ച രോഗബാധയെത്തുടർന്ന് 90 ശതമാനവും ചലനശേഷി നഷ്ടപ്പെട്ടിട്ടും വായനയിലൂടെ എഴുത്തിലൂടെ ചിത്രരചനയിലൂടെ കാലത്തിനൊപ്പം സഞ്ചരിച്ച് നമ്മെ അത്ഭുതപ്പെടുത്തുന്നു. അദ്ധ്യാപകദമ്പതികളുടെ മകൾ. നാലുമക്കളിൽ ഇളയവൾ പക്ഷെ വിധി കരുതിവച്ചത് കഠിനജീവിതപ്പാതയായിരുന്നു. പതിനഞ്ചു വയസ്സുവരെ മായയുടെ സ്വപ്നം നേർപാതയിലായിരുന്നു. വിധിയുടെ വിളയാട്ടത്തിൽ അവിടുന്ന് ജീവിതം പോരാട്ടങ്ങളുടെയും കഠിന വേദനകളുടേതുമായി മാറുന്നു.മായ തന്നെ പറയുന്നു. "ഒരു മുറിയുടെ അതിർത്തിക്കുള്ളിൽ നിന്നുകൊണ്ട് ഒരു കട്ടിലിൻ്റെ താങ്ങിൽ ജീവിച്ച് ആത്മവിശ്വാസത്തോടെ ഈ ലോകത്തിന് അഭിമുഖം നിൽക്കാൻ ഇന്ന് എനിക്കാവും " എടുത്തെടുത്ത് മായ പറയുന്ന കാര്യം കാലുകൾ നനയാതെ ഒരു പുഴ സമുദ്രം നീന്തിക്കടക്കാനാവില്ല കണ്ണുകൾ നനയാതെ ജീവിതവും. ഒഴുക്കിനെ നമ്മോടൊപ്പം കൂട്ടുക അരികുകൾ ചെത്തിമിനുക്കി കാലം നമുക്ക് വഴിയൊരുക്കിത്തരികതന്നെ ചെയ്യും. നോവൽ ഉദ്ധരണി മാത്രമല്ല ഇത് മായക്കിത് സ്വന്തം ജീവിതം കൂടിയാണ്. ഓരോ അദ്ധ്യായത്തെക്കുറിച്ചും പറയാനുണ്ട് പക്ഷെ അങ്ങനെ ചെയ്താൽ ഈ പുസ്തകം വായിക്കുവാനുള്ള നിങ്ങളുടെ ജിജ്ഞാസ ഞാൻ ഇല്ലാതാക്കുമെന്നതിനാൽ അതിനു മുതിരുന്നില്ലായെങ്കിലും ചിലത് പറയാതെ വയ്യ. തുടക്കത്തിൽ സാധാരണ വായനയിൽ ഞാൻ മുന്നോട്ടു പോയി. പക്ഷെ നാലാം അദ്ധ്യായം തൊട്ട് വായന ഒരല്പം കടുപ്പമായി. ചില അദ്ധ്യായങ്ങൾ വായിച്ച് ഞാൻ കണ്ണട എടുത്ത് കണ്ണുതുടക്കേണ്ടി വന്നു. ഞാൻ ഒരു സാധാരണ മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ദൈവം വഴിയിൽ മുള്ളുവിതറുമ്പോഴും കൈ പിടിച്ച് മുന്നോട്ടു നടത്തിയെന്നതും അത്ഭുതമാണ്. ജീവിതം ഞങ്ങളിൽ കളിച്ചകളികൾ എന്ന അദ്ധ്യായത്തിൽ സഹോദരങ്ങളുടെ സ്നേഹം അച്ഛനുമമ്മയുമെന്നതിനപ്പുറം കൂടപ്പിറപ്പ് ജ്യേഷ്ഠൻ്റെ കരുതൽ നമ്മെ വിനയാന്വിതരാക്കും. ചേച്ചിയുടെ കല്യാണവും ആ വരൻ്റെ വീട്ടുകാരുടെ കാഴ്ചപ്പാടും നമ്മെ ആർദ്രരാക്കും. അവസാനിക്കാത്തയാത്രകൾ എന്ന പതിനൊന്നാം അദ്ധ്യായത്തിൽ ഡോക്ടർ മായയ്ക്കു ബാധിച്ച രോഗത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നുണ്ട്. ഓട്ടോ ഇമ്മ്യൂണൽ ഡിസീസ് - വീട്ടുകാവലിന് വളർത്തുന്നനായ ഉടമസ്ഥനെ കടിക്കുന്ന അവസ്ഥ. അതു പിന്നെയും ഡോക്ടർ വിശദീകരിക്കുന്നുണ്ട് ഞാൻ എഴുതുന്നില്ല പുസ്തകം വായിക്കണം അതിനാൽ വിശദീകരണമില്ല. സൗന്ദര്യത്തിൽ ശ്രദ്ധ കൊടുത്ത് മണിക്കൂറുകൾ കളയേണ്ട പ്രായത്തിൽ തലയിലെ സമൃദ്ധമായ മുടിമുറിച്ചുകളയേണ്ടി വന്നത് മായ എഴുതിയത് ഒന്നുകൂടി വായിക്കുവാൻ ഞാൻ അശക്തനാണ്. എപ്പോഴാണ് നിങ്ങൾക്ക് ചിലതെല്ലാം പ്രിയപ്പെട്ടതാകുന്നത്.? ആഭാഗം വായിക്കുമ്പോൾ എത്ര വലിയ ഒരു തത്വചിന്തയാണ് മായ പകർന്നുനൽകുന്നതെന്ന് ഞാനത്ഭുതപ്പെട്ടു. പതിമൂന്നാം അദ്ധ്യായത്തിൽ തൻ്റെ ജീവിതാനുഭവത്തിൽ മനുഷ്യൻ എന്ന പദത്തിൻ്റെ അർത്ഥം വെളിവായഘട്ടമെഴുതിയിരിക്കുന്നു. നിസ്സഹായയായ ഒരു പെൺകുട്ടിയുടെ ഹൃദയം നുറുങ്ങി പൊടിഞ്ഞുപോയ ഒരനുഭവം. വളരെ നന്ദിയോടെ ചെയ്ത സേവനത്തിനു കൃതാർത്ഥതയോടെ കിടക്കുന്ന മായയോട് ഭൂമിയിലെ ഒരു മാലാഖ പറഞ്ഞ വാചകങ്ങൾ കേട്ട് മായ കിടന്ന അവസ്ഥ രേഖപ്പെടുത്തുന്നതി ങ്ങനെ. 'നന്ദി പറയാൻ പോലും വാക്കുകളില്ലാതെ മനസ്സുനിറഞ്ഞുനിന്ന എൻ്റെ മുന്നിലേക്ക് എറിഞ്ഞിട്ട വാക്കുകൾ കേട്ട് പച്ചവെള്ളത്തിനു തീ പിടിച്ച പോലെ ഞാൻ ഉരുകി .നാവു പൊങ്ങിയില്ല കണ്ണുകൾ ചോരവാർന്ന് വിളറിയ പോലെ 'ജീവിതത്തിലേറ്റ ഏറ്റവും വലിയതോൽവി. തലകുമ്പിട്ടു പോയി. തോറ്റിരിക്കുന്നവനെ തന്നെ വീണ്ടും തോൽപ്പിക്കണം എന്ന് ഏതെങ്കിലും നിയമം ഉണ്ടാവോ? ആ അദ്ധ്യായം വായിച്ചു കഴിഞ്ഞ് തുടർവായനക്കായി എനിക്കൊരൽപ്പസമയം കണ്ണടച്ചിരിക്കേണ്ടി വന്നു. സർവ്വശക്തനായ ഈശ്വരാ നിൻ്റെ പരീക്ഷണങ്ങൾ ഏറ്റവും പാവപ്പെട്ടവരിലാണല്ലോ എന്ന് ഞാൻ വ്യാകുലപ്പെട്ടു. മറിച്ച് ദിലീപ് എന്നു പേരുള്ള ഒരു ആശുപത്രി ജീവനക്കാരൻ സ്വന്തം സഹോദരനെപ്പോലെ കരുതലോടെ എടുത്തിരുത്തിയ നന്മയുംമായ എഴുതുന്നു. ആ അദ്ധ്യായം മാനുഷിക മൂല്യങ്ങളെ നന്നായി വിലയിരുത്തിയാണ് എഴുതിയിരിക്കുന്നത്. ആപത്തിൽ ആരൊക്കെ കൂടെയുണ്ടാവും എന്നറിയാൻ ആപത്തെ നീ കുറച്ചുകാലം എൻ്റെ കൂടെ നിൽക്കൂ എന്ന് ഹിന്ദികവി റഹീമിൻ്റെ വരികളുണ്ട് മായ അതെഴുതിയിട്ടുണ്ട്കൂടെ പഠിച്ചവരെല്ലാം കൂടുവിട്ട് വിശാലമായ ആകാശത്തു പറന്നപ്പോൾ പറക്കാനാവാതെ വീണപറവയെ ഒന്നു തിരിഞ്ഞുനോക്കിയേക്കാമെന്നു കരുതിയവർ കുറവ്. എന്നാൽ എത്രയൊക്കെ വളർന്നാലും ആ സ്കൂൾ സ്വാതന്ത്യം അനുവദിച്ച്കാണാനെത്തുന്ന ഡോ. ബിന്ദുവിന് ഞങ്ങൾ വായനക്കാരുടെയും ഒരു സല്യൂട്ട് ഇരിക്കട്ടെ. ഗീതാവെളിച്ചം തൂകിയ ജീവിതം മായയുടെ മനസ്സിനെ സ്ഫുടം ചെയ്തെടുത്തഗീതാ പരിഭാഷയെക്കുറിച്ചാണ്. അച്ഛൻ്റെ സുഹൃത്ത് അദ്ധ്യാപകൻ അച്യുതപിഷാരോടി മാഷാണ് ആ പുസ്തകം സമ്മാനിച്ചത്. ദുർചിന്തകൾ വലയം ചെയ്യാനൊരുങ്ങുന്ന സമയത്ത് അവയെ തുരത്തികരുത്തേകാൻ ആ പുസ്തകത്തിനു കഴിഞ്ഞു. ദൈവത്തിൻ്റെ പരീക്ഷണത്തിനിടയിലും ദൈവം തന്നെ കൂടെയെത്തിയ പോലെ സഹോദരങ്ങൾ. അമ്മ അച്ഛൻ' ,ഡോക്ടർ രത്നമ്മ ,പഠിപ്പിച്ച കന്യാസ്ത്രീകൾ. അങ്ങനെ കുറച്ചു പേരെ അവരായി രേഖപ്പെടുത്തുവാനും മായ മറന്നില്ല. പുസ്തകത്തിൻ്റെ 'മുഖച്ചട്ടയിൽ മായയുടെ രണ്ടു ചിത്രങ്ങളുണ്ട് രണ്ടു കാലഘട്ടത്തിലെ സത്യത്തിൽ പുസ്തക വായനയ്ക്കു ശേഷം ആ ചിത്രങ്ങൾ നോക്കിയ എനിക്ക് എൻ്റെ കൂടെപ്പിറപ്പായ ഒരനുജത്തിയാണ് മായ എന്നു തോന്നി. എൻ്റെ മാത്രം തോന്നലാവില്ല നിങ്ങളീ പുസ്തകം വായിക്കുക അപ്പോൾ മനസ്സിലാവും. നാലാം വിരലെ അനക്കാനാവൂ അപ്പോൾ നാലാം വിരലിൽ വിരിയുന്ന മായ എന്നതിനപ്പുറം ഒരു പേര് സങ്കൽപ്പിക്കാനാവില്ല. കൂടുതലെഴുതുന്നില്ല. ഈ ഭൂമിയിൽ അന്തസ്സോടെ ജീവിക്കാൻ എല്ലാവർക്കും തുല്യ അവകാശമാണെന്നോർക്കുക. 'മായാബാലകൃഷ്ണൻ്റഈ പുസ്തകത്തിനവതാരിക എഴുതിയത് ആദരണീയനായ ബോബി ജോസ് കട്ടികാട് അച്ചനാണ്. ഇന്ദുലേഖാ ബുക്ക്സ് ആണ് പ്രസാധകർ പുസ്തകം തപ്പാലിൽ അയച്ചുതരും 160 രൂപ വില തപ്പാൽ ചാർജുകൂടി നൽകണം. പുസ്തകം ലഭിക്കുവാൻ 9446584687 എന്ന നമ്പറിൽ ആവശ്യപ്പെടുമല്ലോ.
ടി.വി.ഹരികുമാർ
കണിച്ചുകുളങ്ങര
94461 18387

Comments
Post a Comment