ഭിന്നശേഷി ദിനം ഡിസംബർ 3/ 2025
December 3rd / 2025
ഇന്ന് ലോക ഭിന്നശേഷി ദിനം!
************* ******
അപകർഷതയെ തൂത്തുവാരി പുറത്തിടണം!
***************
ബോധവൽക്കരണമാണ് എല്ലാ ദിനാചരണങ്ങളും ലക്ഷ്യമിടുന്നത്. ഇന്ന് ലോകഭിന്നശേഷി ദിനം എന്ന് പറയുമ്പോൾ ഭിന്നശേഷിയുള്ളവർ മാനസികമായും വളരേണ്ടത് ആവശ്യമാണ് എന്ന
സന്ദേശമാണ് എനിക്കുള്ളത്.
ശാരീരികമായ അവസ്ഥകളെ സ്വയം അംഗീകരിക്കാനും മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാനും അവൻ ആത്മവിശ്വാസമുള്ളവനായിത്തീരണം!
അപകർഷതയെ തൂത്തുവാരി പുറത്തിടണം!
പത്തിരുപത്തഞ്ചു വർഷം ഞാനീ അവസ്ഥയിൽ അകപ്പെട്ടുപോയിരുന്നു!
ശോഷിച്ച ശരീരവും ഒടിഞ്ഞുമടങ്ങി വികലമായ വിരലുകളും പുറത്തുകാണിക്കാൻ മടിയും വിഷമവും അതുമൂലം വല്ലാത്ത അപകർഷതയും നേരിട്ടു. വല്ലപ്പോഴും കുടുംബ ഫോട്ടോയിൽ വരുമ്പോൾ കൈവിരലുകൾ ടവൽ കൊണ്ട് പൊതിഞ്ഞുവയ്ക്കുമായിരുന്നു! സാമൂഹിക ഇടപഴകലുകളും സൗഹൃദവലയങ്ങളുമാണു എന്നെ ഉയർത്തിക്കൊണ്ടുവന്നത്! അതിനു സോഷ്യൽ മീഡിയയും എഴുത്തും വായനയും സഹായിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ എത്തി 2 വർഷത്തിനു ശേഷമാണ് ഞാൻ ആദ്യമായി എന്റെയൊരു ഫോട്ടോ പ്രദർശിപ്പിച്ചത്. ക്യാമറയെ ഫേസ്ചെയ്യാൻ പോലും ആത്മവിശ്വാസമില്ലാതെ, ചിരിക്കാൻ പോലുമറിയാതെ, ഊതിവീർപ്പിച്ച മുഖവുമായ്
2014 ലെ ആ ഫോട്ടോ!
ഇന്നിപ്പൊ ആത്മവിശ്വാസം കൂടിയിട്ടാവാം ചിരിക്കാനേയറിയൂ.....
അക്കാലത്തെയും ഇന്നിന്റെയും ഫോട്ടോ ചേർക്കുന്നു!
പരിമിതികൾ ലോകം അംഗീകരിക്കാൻ തയ്യാറാണ്! അതിനു നമ്മൾ സ്വയം മാറണം! ഇനിയും മറനീക്കി പുറത്തുവരാൻ മടിക്കുന്നവരുണ്ടെങ്കിൽ ഏതുമേഖലയിലേക്കും കടന്നുവരാൻ ലോകം നിങ്ങൾക്കായി വാതിൽ തുറന്നിട്ടിരിക്കുന്നു എന്നറിയുക!
എല്ലാവിഭാഗത്തിലേയും ഭിന്നശേഷി സുഹൃത്തുക്കൾക്ക് ആശംസകൾ.
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
3/12/2025



Comments
Post a Comment