കവിത കവിയോട് ചെയ്യുന്നത് ( ഷീബ എം ജോൺ)
കവിത കവിയോട് ചെയ്യുന്നത്
ഷീബ എം ജോൺ
പ്രസാധകർ : സ്ഥിതി പബ്ലിക്കേഷൻസ്
================
വരികളിലെ സുഭഗതയും ലാളിത്യവും ആസ്വദിച്ച് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്, ഈ പുസ്തകത്തിലെ 53 കവിതകളിലൂടെ ഒരു മടുപ്പുമില്ലാതെ നമ്മൾ അനുയാത്ര നടത്തിക്കൊണ്ടിരിക്കും! ഒഴുക്കും ഒതുക്കവുമുള്ള കവിതകൾ.
ജീവിതവും ഏകാന്തതയും പ്രണയവും , കൂട്ടും , പ്രതിസന്ധികളും, കല്ലും മുള്ളും വെയിലും മഞ്ഞും പ്രകൃതിയും പെരുമഴപ്പെയ്ത്തായി ഓർമ്മകൾക്ക് താളം മുറുക്കുന്നു.
നിദ്രയെ കാടുകേറ്റാനായ് , ഉറക്കെപ്പാടുന്ന തീവിഴുങ്ങിപ്പക്ഷി, പുതുമണ്ണിന്റെ നാണം നോക്കി,
വാക്കിന്നഗാധ സമുദ്രങ്ങൾ, എന്നിങ്ങനെയെന്നെ ചുറ്റിപ്പിടിച്ച വാക്കുകളാകുമ്പോൾ "നല്ല പാതി" എന്ന കവിതയിൽ പരസ്പരപൂരകമായ ജീവിതത്തെ തുന്നിപ്പിടിപ്പിക്കുന്ന വരികൾ ഹൃദ്യവും ആർദ്രവുമായിരിക്കുന്നു! കിനാത്തുമ്പിക്കുടുപ്പു തുന്നിയോർ, തമ്മിൽപ്പകരുന്നയിത്തിരി വെട്ടത്തിൽ ഒത്തിരിദൂരം നടന്നു തളർന്നവർ എന്നിങ്ങനെ പോകുന്നു ആ കവിത!
തളിർനെറ്റിയിലെ അമ്മയുടെ ചുംബനം , അച്ഛൻ നൽകും മണിമുത്തുകളും തെരുവിന്റെ ബാല്യങ്ങൾ നേടാത്ത നോവ് ഇല്ലായ്മയും നിറഞ്ഞുതുളുമ്പലും ഇടനെഞ്ചിലെ പൊള്ളിപ്പടരലാവുന്നതും ചുംബനം എന്ന കവിതയിൽ വായിക്കാം!
മഷിമാഞ്ഞ ജീവിതപ്പുസ്തകത്താളും, മനക്കാടിലഗ്നിയായ് ചുട്ടെരിച്ചു പോം വാക്കുകൾ,
സത്യത്തിന്റെ കൂടുവിട്ട പലായനം, ആത്മദാഹത്തിന്നദ്രി ശൃംഗങ്ങൾ, ചിതകൂട്ടി നിൽക്കും കാലം, ചെമ്പട്ടു ചേല വിരിക്കുന്ന സന്ധ്യ , പകലുകൾ കത്തുന്ന കാനനശാഖികൾ,
ചെന്നിറം തൂവിയൊരു കെടാജ്വാല, ആഴത്തിൽ മുറിപ്പെട്ട ഹൃദയത്തിന്റെ താളം, ശ്യാമനിബിഡമാം പാത, തുടങ്ങീയവ വാക്കിന്റെ ചുടുചോപ്പ് വെട്ടിത്തിളങ്ങുന്നതായനുഭവപ്പെടുന്നു!
"ആത്മഹത്യ ചെയ്തവൾ" എന്ന കവിതയിൽ
" ഉപ്പുണങ്ങിയ കണ്ണുകളിൽ അടക്കം ചെയ്യപ്പെട്ടൊരു കനലുണ്ട്" എന്തൊരു പൊള്ളലാണു ആ വരികൾക്ക്!!
കൂട്ടുകൂടിയോൻ എന്നതിൽ "നല്ല വാക്കിനാൽ ചന്ദനം തൊടാൻ ഇഷ്ടതോഴനായ് വന്നു നീ..." എന്നും, പ്രപഞ്ചത്തിന്റെ സങ്കോചവികാസങ്ങളെ സ്മരിപ്പിക്കുന്ന കവിത "കാണാക്കാഴ്ചകൾ" മഹാകവി ജി യുടെ വിശ്വദർശനത്തെ ഓർമ്മിപ്പിച്ചു.
നക്ഷത്രങ്ങളെ കണ്ണിൽച്ചേർത്തൊന്നു ചിരിക്കണം,
കടമകളുടെ കാവൽക്കാരി, പവനൊക്കും സൂര്യച്ചിരി, നീലദാവണിച്ചേല കാറ്റു കൈയാലുലയ്ക്കുന്ന, സ്നേഹമൊട്ടു കൊരുത്തു മാല ചൂടുന്ന, ആഴിതന്നാഴം തോൽക്കും സ്നേഹം അച്ഛൻ, ചെങ്കനൽ പൂത്ത നെഞ്ച്, നാരായവേരും തളരുന്നു, തളിരിലകൾ പോലെ വാക്കുകൾ,
വരികളിൽ വെയിലും മഞ്ഞുതുള്ളികളും ഒരുമിച്ചു പെയ്യുന്ന കവിതകളാണു ഏറെയും!
ശില്പം! , ഭൂപടമില്ലാതൊരു യാത്ര എന്നീ കവിതകൾ വളരെ ശക്തമാണു.
പ്രഭാതത്തെ സ്വാഗതം ചെയ്യുന്ന പ്രകൃതിയിലെ ഓരോന്നും മനോഹരമായെഴുതിയ ഒന്നാണു സുപ്രഭാതം എന്ന കവിത.
"മഞ്ഞിൻ കമ്മലണിഞ്ഞൊരു നാമ്പിൽ
വിരിഞ്ഞു നിൽപ്പൂ സൂര്യന്മാർ"
ചെല്ലപ്പൂങ്കുയിലും, വണ്ണാത്തിക്കിളിയും , പനിമലരിലെ വണ്ടുകളും ഒരുണർവ്വ് നമ്മളിലും വരുത്തുന്നു! കാവ്യാനുഭൂതി നുകരാവുന്ന കവിതകളാണിവയെല്ലാം!
ഷീബയുടെ കാവ്യജീവിതം അനുസ്യൂതം ഒഴുകട്ടെ!
അഭിനന്ദനങ്ങൾ ഷീബ. അംഗീകാരങ്ങൾ ഈ പേരിൽ ചേർക്കപ്പെടട്ടെ!
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
24/9/2025
.jpg)
Comments
Post a Comment