ഇന്ദു മാരാത്ത്, ഫീച്ചർ
*എൻ്റെ മായച്ചേച്ചി എന്ന ഫിനിക്സ് പക്ഷി*
=========Indu Maarathu
മിസ് മായ ബാലകൃഷ്ണൻ. എറണാകുളം ജില്ലയിൽ അങ്കമാലി നായത്തോട് സ്വദേശി. "തുടികൊട്ട്",
"നിഷ്കാസിതരുടെ ആരൂഢം" മണ്ണാങ്കട്ടേം കഹ്ബ്രിയിലേം" എന്നീ മൂന്നു കവിതാസമാഹാരങ്ങളും "നാലാം വിരലിൽ വിരിയുന്ന മായ" എന്ന ആത്മകഥയും വെള്ളപ്പൊക്കത്തിലെ പൂച്ച എന്ന ബാലകഥകൾ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹ്ബ്
സംസ്‌ഥാന സർക്കാറിന്റെ ഭിന്നശേഷി കമ്മീഷണറേറ്റിന്റെ അവാർഡ് (കവിതയ്ക്ക്)
സംസ്ഥാനതല ഭിന്നശേഷി കൂട്ടായ്മയുടെ 'വരം' സാഹിത്യപുരസ്‌കാരം, അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്‌കാരം , തത്വമസി ജൂറി പുരസ്കാരം , പ്രജാഹിത ഫൗണ്ടേഷൻ അവാർഡ്, പാറ്റ് ഉജ്ജ്വൽ ടാഗോർ പുരസ്കാരം, എന്നിങ്ങനെ ലഭിച്ചിട്ടുണ്ട്.
ആകാശവാണി കൊച്ചി, തൃശ്ശൂർ നിലയങ്ങൾ മായയുടെ കവിതകൾ, പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോളാണ്
സന്ധികളെ ബാധിക്കുന്ന ചലനസംബന്ധമായ അസുഖം വരുന്നത്. ഒരു വർഷത്തിന്റെ ഇടവേളയ്ക്കുശേഷം വീണ്ടും മുടങ്ങിപ്പോയ പഠനം തുടർന്നു . പ്രീഡിഗ്രിക്ക് കാലടി ശ്രീശങ്കരാ കോളേജിൽ അഡ്മിഷൻ ലഭിച്ചുവെങ്കിലും
പഠനം തുടരനായില്ല. പനിയും ശക്തമായ വേദനയും നീരും ശരീരത്തെ വിഴുങ്ങി. ചലിക്കാൻ പോലുമാവത്തെ ബെഡ്‌ഡിൽ ആയി. ആയുർവേദം, അലോപ്പതി, ഹോമിയോ ചികിത്സകൾ വർഷങ്ങളോളം നീണ്ടു. എന്നിട്ടും ഫലമൊന്നുമുണ്ടായില്ല. ക്രമേണ
സന്ധികളുടെ ചലനം പൂർണ്ണമായും നഷ്ടപ്പെട്ടു. 90% വും ചലനപരിമിതിയുണ്ട്. ആരോഗ്യം അനുവദിക്കുന്ന പോലെ വായനയിൽ അഭയം തേടി. വർഷങ്ങൾക്കു ശേഷം അസുഖം ആന്തരാവയവങ്ങളെയും ബാധിച്ചു.
സാന്ത്വന ചികിത്സാ പ്രവർത്തകരുടെ സേവനം ആശ്വാസമായി. ശരീര വേദനകളും അസ്വസ്ഥതകളും എന്നും കൂടപ്പിറപ്പായി. എല്ലാ വേദനകളിൽനിന്നുമുള്ള രക്ഷപ്പെടൽ കൂടിയായിരുന്നു വായന. അറിവിനുള്ള ആഗ്രഹവും. പതിയേ മനസ്സുകൊണ്ട് കാലത്തിനൊപ്പം സഞ്ചരിക്കുവാനും മാധ്യമങ്ങളെ കൂട്ടാക്കാനുമായി.
മടങ്ങിയിരിക്കുന്ന വിരലുകളിൽ
വീണ്ടും പേന പിടിക്കാനും എഴുതാനും കഠിന പ്രയത്നംകൊണ്ട് സാധിച്ചെടുത്തു. വായനയിൽ നിന്നും അറിയാതെ എഴുത്തിലേക്കും കടന്നുവന്നു.
ഇച്ഛാശക്തിയാലും പരിശ്രമത്താലും മൊബൈൽ സാങ്കേതിക വിദ്യകളും സ്വായത്തമാക്കി. സാമൂഹികമാധ്യമമായ ഫേസ്ബുക്കിലും ബ്ലോഗിലും എഴുത്തിനുള്ള പുതിയ ഇടം കണ്ടെത്തി. ഒറ്റപ്പെട്ട മുറിയിൽ നിന്നും നിരവധി സൗഹൃദങ്ങളുടെ ലോകത്ത് എഴുത്തിനും പ്രോത്സാഹനമായി. ഓൺലൈൻ മാസികകളിലും അച്ചടി മാധ്യമത്തിലും എഴുത്തുകൾക്ക് ഇടം കിട്ടി. മത്സരങ്ങൾക്ക് സമ്മാനങ്ങളും സാഹിത്യ പുരസ്‌കാരങ്ങളും നിരവധി ആദരവുകളും ലഭിച്ചു.
സാന്ത്വന ചികിത്സയെക്കുറിച്ചും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനുമായി ലേഖനങ്ങളും അനുഭവക്കുറിപ്പുകളും എഴുതി. പല വേദികളിലും ഭിന്നശേഷി തലത്തിലെ കുട്ടികളോടും രക്ഷിതാക്കളോടും സംസാരിച്ചു.
പുതുക്കാട് ഹോം ഓഫ് ഹോപ് പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിലെ (സാന്ത്വന ചികിത്സാ കേന്ദ്രത്തിലെ) വോളന്റിയർ കൂടിയാണ് മായ.
എഴുത്ത് മായക്ക് അസ്വാതന്ത്ര്യത്തിനു മേലുള്ള സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണ്.
നവമാധ്യമങ്ങളുടെ വരവോടെ ആ ലോകം എഴുത്തിൽ പുതിയ മാനങ്ങൾതന്നെ കണ്ടെത്തി.
ആത്മകഥാരൂപത്തിലെ
"നാലാം വിരലിൽ വിരിയുന്ന മായ" എന്ന പുസ്തകം ഉൾപ്പടെ അഞ്ചു പുസ്തകങ്ങളും ഇടതുകയ്യിലെ മടങ്ങിക്കൂടിയ വിരലുകളിൽ ഒന്നായ മോതിരവിരൽ മാത്രം കൊണ്ട് ടാബിലും, ആദ്യകാലത്ത് ലാപ് ടോപ്പിലുമായി ടൈപ്പ് ചെയ്തവയാണ്.
"Alchemy Of The Fourth Finger" എന്ന പേരിൽ "നാലാം വിരലിൽ വിരിയുന്ന മായ" എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും,
തന്റെ ചലനകാലത്തിന്റെ ഓർമ്മക്കുറിപ്പുകൾ - അതായത് മായേച്ചി ഈ ഭൂമിയെ തൊട്ടുനടന്ന 14 -15 വർഷങ്ങളുടെ ഊഷ്മളമായ ഓർമ്മകൾ പങ്കുവയ്ക്കുന്ന "മായപ്പൂക്കാലം" എന്ന മറ്റൊരു പുസ്തകവും വൈകാതെ പുറത്തിറങ്ങുന്നു!
ജീവിതം വെറുമൊരു തമാശയാണ് എന്ന ആത്മകഥയിലെ മുഖവുര വാചകങ്ങൾ കൊണ്ടു തന്നെ ഈയവസ്ഥയിലും ജീവിതത്തോടുള്ള മായേച്ചിയുടെ കാഴ്ച്ചപ്പാട് നമ്മെ ശരിക്കും ചിന്തിപ്പിക്കുന്നതാണ്..
കവിതകൾ, ബാലസാഹിത്യ കഥകൾ, ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ, എന്നിവ ഓൺലൈനിലും ആനുകാലികങ്ങളിലും ഇപ്പോഴും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു... കൂടാതെ ആകാശവാണി, FMറേഡിയോ കളിലും ചേച്ചി വളരെ സജീവമാണ്.
മനസിൻ്റെ സ്ഥൈര്യത്താൽ ശരീരബലക്ഷയങ്ങളെ അതിജീവിക്കാനാവും എന്നതിൻ്റെ പ്രത്യക്ഷ മാതൃകയാണ് മായേച്ചിയുടെ ജീവിതം. സൗഖ്യവും!
ഇനിയും ഒരുപാട് ഉയർച്ചകളും പദവികളും ചേച്ചിക്ക് ആശംസിച്ചുകൊണ്ട്,
ഇന്ദു മാരാത്ത്
3-7-2025
Comments
Post a Comment