ഏകരാഗം ; ആശാലത
പിന്നണി ഗായികയൂം റേഡിയോ അവതാരകയുമായ ആശാലതയുടെ ആത്മകഥ:
ഏകരാഗം : (ആത്മകഥ ആത്മകഥ)
ആശാലത
പ്രസാധകർ : ലോഗോസ് ബുക്സ്
പേജ് : 124 , വില: 200₹
പുസ്തകത്തിനായ് ആമസോണിലും
ബുക്സ്റ്റോളുകളിലും ബന്ധപ്പെടുക
======================
ആസ്വാദനം: മായ ബാലകൃഷ്ണൻ
ജീവിതത്തിന്റെ വിജനവീഥിയിൽ ഏകാകിയായിപ്പോയൊരു വളുടെ ജീവിതവിജയത്തിന്റെ കഥ! അവൾക്ക് തന്റെ ശബ്ദവും സംഗീതവും അടിപതറാത്ത ആത്മവിശ്വാസവും ഹൃദയത്തിലുരുക്കിച്ചേർത്ത കൃഷ്ണഭക്തിയും അവളെയെന്നും കാത്തുപോന്നു!
ബാലപീഡഡകൾ ഏറെ നേരിടേണ്ടി വന്നു എങ്കിലും
എല്ലാ സൗഭാഗ്യങ്ങളുടെയും നടുവിൽ അച്ഛനുമമ്മയ്ക്കും സഹോദരനുമിടയിലേക്ക് ഓമനപ്പുത്രിയായ് കടന്നുവന്നവൾ.
മൂന്നാം വയസ്സിൽ കുഞ്ഞുറേഡിയോക്കു മുന്നിൽ കമിഴ്ന്നുകിടന്ന് ചെവിയോർത്ത് പാട്ടിനൊപ്പം വാക്കുകൾ ഉച്ചരിക്കാൻ അറിയാതെ ഈണം മൂളി സംഗീതലോകത്തേക്ക് തന്റെ വരവറിയിച്ചവൾ! സംഗീതം അറിയുന്ന അച്ഛനുമമ്മയും ആ വഴിയേ അവളെ കൈപിടിച്ച് നടത്തിച്ചു. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കോഴിക്കോട് പേരാമ്പ്രയിലെ നിറഞ്ഞ വേദിയിൽ പ്രഫഷണൽ ഗാനമേളക്കാർക്കൊപ്പം പാടി ആദ്യ പ്രതിഫലം പറ്റി.
കുയിൽപ്പാട്ടിനൊപ്പം കൂകി തോല്പിച്ച് അവളുടെ സംഗീതയാത്ര പത്താം ക്ലാസ്സിനുശേഷം സംഗീതകോളേജിലെത്തി. മകളെ വലിയൊരു ഗായികയാക്കിത്തീർക്കണമെന്ന അച്ഛന്റെ ആഗ്രഹം! തുടർന്ന് വരുന്ന അച്ഛന്റെ വേർപാടിൽ നിലയുറക്കാതെ വീണുപോയവൾ. എന്നും തീരാനോവായി നിൽക്കുമ്പോഴും നമ്പ്യാർ മാഷിന്റെ മകൾ എന്ന അഭിമാന ബോധവും നേർവഴി തെളിച്ച ഓർമ്മകളും അനുഗ്രഹം ചൊരിഞ്ഞ് തനിക്കുമേൽ ഉണ്ടെന്ന വിശ്വാസവും അവളെ ജീവിപ്പിച്ചു!
ഗർഭാവസ്ഥയിലെ കുഞ്ഞിന്റെ മനോവിചാരങ്ങളും ചലനങ്ങളുംകൊണ്ട് ആദ്യ അധ്യായം ഗംഭീരമാക്കി. രോഗബാധിതനായ അച്ഛനൊത്തുള്ള ഒരു രംഗം മാത്രം എഴുതി അച്ഛനെ കാണിച്ചുതന്ന് വായനക്കാരുടെ മനസ്സ് കീഴടക്കി.
ആശേച്ചിയിലെ എഴുത്തുകാരി വേദനാനിർഭരമായ
സന്ദർഭങ്ങളെ തന്മയത്വത്തോടെ വാക്കിന്റെ അരണി കടഞ്ഞ് വിഷയത്തിലൂന്നി ആശയത്തെ, സമൂഹത്തിനു വെളിച്ചം പകരുന്ന, ഊർജ്ജം നൽകുന്ന രീതിയിലാണ് വിഷയങ്ങളെ അവലംബിച്ചിരിക്കുന്നത്!
ചെറിയ പ്രായത്തിലെ മ്യൂസിക് ആൽബങ്ങളിലും ഗാനമേളകളിലും സ്വദേശത്തും വിദേശത്തും പ്രമുഖ ഗായകർക്കൊപ്പം പാടി കോഴിക്കോടിന്റെ വരദാനമെന്ന് അറിയപ്പെട്ടു തുടങ്ങിയവൾ.
ഗാനഗന്ധർവ്വൻ യേശുദാസിന്റെ വാത്സല്യവും ഉപദേശങ്ങളും ഏറ്റുവാങ്ങി തരംഗിണിയിൽ റെക്കോഡിങ്ങ് റൂമിൽ ആദ്യമായ് മൈക്കിനുമുന്നിൽ നിൽക്കുന്ന ചിത്രം ഹൃദയസ്പർശിയായി.
ഉണ്ണി മേനോൻ , മാർക്കോസ് , കൃഷ്ണചന്ദ്രൻ, പി ജയചന്ദ്രൻ , കെ എസ് ചിത്ര , ജി വേണുഗോപാൽ എന്നിവർക്കൊപ്പം ജനലക്ഷങ്ങൾക്കു മുന്നിൽനിന്ന് പാടി വളർന്നത്, ഒറ്റയ്ക്കുനിന്ന് ജീവിതം നേരിട്ട ഒരുവളുടെ ജീവിതത്തിനു പിന്നീട് വർദ്ധിച്ച ആത്മവിശ്വാസമേകി. ഓരോരുത്തർക്കുമൊപ്പമുള്ള ഈ കൊച്ചു പെൺകുട്ടിയുടെ സംഗീതാനുഭവങ്ങൾ ഓരോ അദ്ധ്യായത്തിലും കൺകുളിർന്ന് വായിക്കാം! കവികളായ ഇടശ്ശേരി, വൈലോപ്പിള്ളി, പി കുഞ്ഞിരാമൻ നായർ , ടാഗോർ തുടങ്ങിയവരുടെ വരികൾ ഓരോ ജീവിതാവസ്ഥകളിലും എഴുത്തിനു മാറ്റുകൂട്ടുന്നു.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ നെടുംതൂണായ നിർമ്മാതാവ് പി വി ഗംഗാധരൻ സാറുമായുള്ള അച്ഛന്റെ സൗഹൃദം സിനിമയിലേക്ക് വഴികാട്ടിയായി! ഭരതനും പത്മരാജനും ഒരുമിക്കുന്ന, സംഗീതസംവിധായകൻ ജോൺസൺ മാഷും ഗാനരചയിതാവ് കെ ജയകുമാർ സാറും ചേരുന്ന പ്രഗത്ഭനിരയുടെ "ഒഴിവുകാലം" എന്ന സിനിമയിലെ ഗാനത്തിൽ എത്തിച്ചേരാനുള്ള അസുലഭാവസരവുമാണു 17 ആം വയസ്സിൽ ലഭിക്കുന്നത്! അവിടുന്ന് നിരവധി സിനിമാഗാനങ്ങൾ മലയാളത്തിലും തമിഴിലും തെലുങ്കിലും സ്വന്തം പേരിൽ ഇറങ്ങി.
ഒരവസരത്തിൽ വിദേശ പ്രോഗ്രാമിനിടെ ശബ്ദം നഷ്ടപ്പെട്ടുപോയ നിമിഷത്തെ ഓർത്തുകൊണ്ട് എഴുതുന്നുണ്ട്.! പ്രാർത്ഥനയും കണ്ണീരുമായ് അവസാന നിമിഷത്തിൽ വേദിയിൽ സാന്നിധ്യമറിയിക്കാൻ എത്തിയപ്പോൾ ഗുരുവായൂരപ്പൻ കനിഞ്ഞനുഗ്രഹിച്ച് ശബ്ദത്തിന്റെ ഉറവപൊട്ടി ആ നാദധാര കോരിത്തരിപ്പിച്ചതും തുടർന്ന് ഗുരുവായൂരപ്പനു ശയനപ്രദക്ഷിണം നടത്തിയതും വായിക്കുമ്പോൾ നമ്മളും കൈകൂപ്പി തൊഴുതുപോവും.!
കാണക്കാണെ സംഗീതവീഥികൾ ഓരോന്നും കടന്ന് സിനിമാ പിന്നണിഗായികയെന്ന പ്രശസ്തിയിലേക്ക് കുതിക്കുന്ന ഘട്ടത്തിൽ ചുവടു മാറി യാത്ര ചെയ്യുമ്പോൾ വേണായിരുന്നോ?അതെന്ന് നമ്മളും ചോദിച്ചുപോവും! വേണ്ടപ്പെട്ടവരുടെ വാക്കുകൾക്ക് കാതുകൊടുക്കുന്നത് നമുക്കേവർക്കും ശീലമാണല്ലോ....
തുണയും കൂടും നഷ്ടപ്പെട്ട് ചെന്നൈയിലും ദുബായിലും മാറി മാറി വഴികൾ തേടിക്കൊണ്ടിരിക്കുമ്പോൾ തന്റെ ഏക സമ്പാദ്യമായ ഒരു കൈക്കുഞ്ഞുമുണ്ട്! സിനിമാ ലോകത്തെ കളവുകൾ തിരിച്ചറിയുകയും എന്നേക്കുമായി സംഗീതം ഉപേക്ഷിച്ച് നീങ്ങുമ്പോൾ നമ്മളിലും ഒരു ആധി പടരും.
അവിടെയാണു നിശ്ചയദാർഢ്യത്തിന്റെ കരുത്തും ആർജ്ജിച്ചെടുത്ത ആത്മവിശ്വാസവും തുണയാവുന്നത്.
സിംഗിൾ പേരന്റെ്! ഏറ്റെടുത്ത മനോവീര്യം! മകനെ വളർത്തി ചാറ്റേർഡ് അക്കൗണ്ടന്റാക്കി, നിരവധി വീടുകൾ സ്വന്തമാക്കി. എല്ലാം സ്വന്തം അദ്ധ്വാനത്തിന്റെ ഫലം. കേവലം സംഗീതബിരുദം മാത്രം കൈമുതലാക്കിയൊരുവൾ! മ്യൂസിക് അക്കാദമിയിൽ പ്രഫസർ ആയി, പിന്നീട് ദുബൈ റേഡിയോയിൽ പ്രോഗ്രാം അവതാരകയും പ്രൊഡ്യൂസറുമായി, വൻ കിട ബിസിനസ് സ്ഥാപനത്തിന്റെ മാർക്കറ്റിങ് പ്രഫഷണൽ ആയി! ദുബായിൽ സ്വന്തമായി ഏഷ്യാ വിഷൻ എന്ന അഡ്വർടൈസിങ് ഏജൻസി തുടങ്ങി, കൊച്ചിയിൽ റേഡിയോ പ്രൊഡക്ഷൻ നടത്തുന്ന മീഡിയ വേവ്സ് എന്ന ഏജൻസിയും സ്ഥാപിച്ചു! ഇന്ന് ആർക്കുമുന്നിലും തലയുയർത്തി നിൽക്കാവുന്ന തലത്തിൽ, ഒരു ഘട്ടത്തിൽ ഒന്നുമല്ലാതായ, ഏകയായൊരുവൾ എത്തിനിൽക്കുന്നു! നമിച്ചുപോകുന്നു ആശേച്ചീ......
ദീർഘ വർഷങ്ങളായി ദുബായിലും കേരളത്തിലും റേഡിയോ പ്രോഗ്രാം നടത്തുകയും ആ വാഗ്ധോരണിയിൽ ജനലക്ഷങ്ങളുടെ ആരാധികയായി, ശ്രോതാക്കളുടെ കാതിലുണ്ണിയായ് തീരുന്നതും അതിശയിപ്പിക്കുന്ന കാഴ്ചയാണ്. സഹപ്രവർത്തകരെ സുഹൃത്തായും അവർക്ക് സഹോദരിയായും അമ്മയായും ചേർത്തുപിടിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്യുന്നു! തൻ്റെ വിജയം ഒരു ടീം വർക്കിന്റെ ഫലമാണെന്ന് തുറന്നുപറയാൻ മടികാണിക്കുന്നില്ല!
അടിയുറച്ച ഭക്ത എന്നതിൽനിന്നും ഷൗക്കായുടെ പാതയിൽ സഞ്ചരിച്ച് രമണ മഹർഷിയെ മാനസഗുരുവായിക്കണ്ട്
അധ്യാത്മികതയുടെ ഔന്നത്യത്തിൽ ആത്മീയതയുടെ പൊരുൾ തിരിച്ചറിയുന്നു. ആ തലത്തിൽ എത്തിപ്പെടുന്നവർ ചുരുക്കമാണ്. ഭഗവദ് ഗീത ഉദ്ഘോഷിക്കുന്ന സമച്ചിത്തഭാവ മാണത്. എല്ലാത്തിലും ഈശ്വരനെ കാണുക!സമർപ്പിക്കുക!
നഷ്ടവും ലാഭവും, സുഖവും ദുഃഖവും എല്ലാം ഈ ലോക ജീവിതസത്യങ്ങൾ എന്ന് തളരുന്നവനും കരയുന്നവനും ആശ്വാസമേകുന്ന വാക്കിൻ തലോടൽ നൽകുന്നു!
ഒറ്റയ്ക്കായിപ്പോവുന്ന പെണ്ണുങ്ങൾക്ക് ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിതം കരുപ്പിടിപ്പിക്കുവാൻ ഈ വായന പ്രചോദനമാവും!
അഷിതാമ്മയുടെ സാളഗ്രാമം സുരക്ഷിതമായി ഏല്പിക്കുന്നത് ആശേച്ചിയെയാണല്ലോ. സന്തോഷം തോന്നി. ആത്മാർത്ഥ തയും സമർപ്പണബുദ്ധിയും ഉള്ള ആശേച്ചിയിൽ അത് സുരക്ഷിതമായിരിക്കും!
ഒന്നിൽ നിന്നല്ലേ എല്ലാം തുടങ്ങുന്നത്! വാക്കിൽ സമ്പന്നയായ ആശേച്ചിക്ക് ആ അക്ഷയഖനിയിൽ നിന്നും ഇനിയുമേറെ പുറത്തെടുക്കാനുണ്ടാവും. നമുക്ക് അവയ്ക്കായ് കാത്തിരിക്കാം! അവസാനമായ് ആശേച്ചിയുടെ അമ്മയുടെ വാക്കുകൾ പറഞ്ഞ് അവസാനിപ്പിക്കാം. "മരിക്കാൻ ആർക്കും കഴിയും ആശേ....അഭിമാനത്തോടെ ജീവിക്കാനാണ് പ്രയാസം! നീ അഭിമാനത്തോടെ ജീവിച്ചു വിജയിച്ച് കാണിച്ചുകൊടുക്കണം!" ഏവർക്കും പ്രചോദനമാവട്ടെ ഈ വരികൾ!
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
12/3/2025
വായനക്കാരന്റെ കണ്ണുകൾ ഈറനണിഞ്ഞാൽ എഴുത്തുകാരി/ എഴുത്തുകാരൻ വിജയിച്ചു എന്നാണു എനിക്ക് ലഭിച്ചിട്ടുള്ള വിദഗ്ദ്ധോപദേശം! എന്നാൽ ആശേച്ചിയിലെ എഴുത്തുകാരി അത്തരം സന്ദർഭങ്ങളെ ഭയന്നിട്ടാണോ എന്തോ!! പൂർണ്ണമായും അനുഭവിപ്പിക്കൽ എന്ന തലത്തിൽ നിന്ന് വേറിട്ട് അവയെ
തന്മയത്വത്തോടെ മറികടന്ന് വാക്കിന്റെ അരണി കടഞ്ഞ് വിഷയത്തിലൂന്നി ആശയത്തെ, സമൂഹത്തിനു വെളിച്ചം പകരുന്ന, ഊർജ്ജം പകർന്ന് നൽകുന്ന രീതിയാണു അവലംബിച്ചിരിക്കുന്നത്!

Comments
Post a Comment