അബുവിന്റെ ജാലകങ്ങൾ! മൊഹമ്മദ് അബ്ബാസ് , ആസ്വാദനം
അബുവിന്റെ ജാലകങ്ങൾ ( നോവൽ)
(മുഹമ്മദ് അബ്ബാസ് )
മാതൃഭൂമി ബുക്സ്,
പേജ് 158 , വില 200₹
*************************
ആസ്വാദനം: മായ ബാലകൃഷ്ണൻ
തിരസ്കാരവും അതുവഴി ഉപ്പയും ഉമ്മയും ജീവിച്ചിരിക്കെ അനാഥത്വവും, വിശപ്പും ദാരിദ്ര്യവും ഒരു ബാലനെ എത്ര നിസ്സഹായനാക്കുന്നു! അബൂബക്കർ എന്ന അബു. ബാല്യം മുതലുള്ള അവന്റെ ജീവിതച്ചുരുൾ ഹൃദയസ്പർശിയായ് നോവ് വരച്ചിട്ട പോലെ ഹൃദയത്തിലുടക്കും!
അബുവിന്റെ ജാലകങ്ങൾ തുറക്കുമ്പോൾ അവനു താങ്ങായുള്ള വെല്ലിമ്മ! അയൽക്കാരി ആബിദ, മിൻഹ എന്ന സ്നേഹമയിയായ ഭാര്യ. പക്ഷേ അധികനാൾ ആ സ്നേഹം ചൂടാൻ അവനാകാതെ ഉന്മാദത്തിലകപ്പെട്ടു പോകുന്നു മിൻഹ! പെറ്റ കുഞ്ഞിനെ എടുക്കാനോ പാലൂട്ടാനോ സ്നേഹിക്കാനോ കഴിയാതെ അവൾ ഭ്രാന്തിന്റെ ചുഴിയിൽ അലറിവിളിക്കുന്നവൾ! വസ്ത്രബന്ധമില്ലാതെ നഗ്നയായി ആരെയും തിരിച്ചറിയാനാവാതെ ഭീതിപ്പെടുത്തുന്ന രംഗങ്ങൾ. ആ വേദനയിലും കുഞ്ഞിനെയും അവളെയും തന്നോടുചേർക്കുന്ന അബു. അവളെ മൊഴിചൊല്ലാൻ മനസ്സുവരാതെ നിസ്സഹായനായി വീട്ടിൽ കൊണ്ടാക്കുന്നു. നാദിറ എന്ന മറ്റൊരുവൾ അവന്റെ ജീവിതത്തിലേക്ക് വരുന്നു.
അക്ബർ എന്ന അബുവിന്റെ മോനും സമീറ എന്ന പെൺകുട്ടിയും രണ്ടനാഥ ബാല്യങ്ങളായ് ഒറ്റപ്പെടുമോ എന്ന ആശങ്ക നിറച്ചാണു നോവൽ അവസാനിപ്പിച്ചിരിക്കുന്നത്.
എന്നും അവനെ മനസ്സിലാക്കിയ വേണുവേട്ടൻ, കഥാപാത്രങ്ങളായ് വന്നുപോവുന്ന ഉപ്പ, ഉമ്മ, വെല്ലിമ്മാമ , അമ്മായി എന്നിങ്ങനെ ഏതാനും കഥാപാത്രങ്ങൾ കണ്ണീരും ഒറ്റപ്പെടുത്തലും അവനു നൽകി നോവലിൽ കാണാം!
സുഖമുള്ള,ഒഴുക്കുള്ള വായനയാണ്! എന്നാൽ കല്ലുകടി പോലെ ജൈവിക ചോദനകളെ ആഘോഷിക്കുന്ന കുട്ടികൾ, സ്ത്രീകൾ, വായനക്കാരെ കൂട്ടാൻ അങ്ങനെയൊന്ന് എഴുതിച്ചേർക്കേണ്ടതുണ്ടായിരുന്നോ?
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
7/3/2025

Comments
Post a Comment