ആശേച്ചിക്ക് ലെറ്റർ! പുസ്തകപ്രകാശനത്തിൽ
ആശേച്ചിക്ക് ലെറ്റർ
നായത്തോട്, അങ്കമാലി
10-2-2025
പ്രിയപ്പെട്ട ആശേച്ചിയ്ക്കും ബാലേട്ടനും വലിയൊരു നമസ്ക്കാരം!
ഞാൻ മായ ബാലകൃഷ്ണൻ.
ആശേച്ചിയുടെ പുസ്തകം " ഏകരാഗം"ത്തിനു ഒരുപാട് വായനക്കാർ ഉണ്ടാവട്ടെ! അംഗീകാരങ്ങൾ ലഭിക്കട്ടെ!
എത്ര വർഷങ്ങളായി ഞാൻ നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്നു!! നിങ്ങളുടെ പേരുകേൾക്കുമ്പോൾ ഹൃദയത്തിന്റെ കോണിൽനിന്നും ഒരു ചെറുചിരി വിടർന്നു വരും.
ഒരു കാലം നിങ്ങളുടെ ഒരു വാക്കുപോലും വിട്ടുപോകാതെ കേൾക്കും! പ്രോഗ്രാമിന്റെ സമയം കറന്റ് പോയാൽ കേൾക്കാൻ ബാറ്ററിയിട്ട റേഡിയോ തയ്യാറാക്കി വയ്ക്കും!
2006 ലാണു അവിചാരിതമായി ഞാൻ ആശേച്ചിയെ കേൾക്കുന്നത്. ഒരുദിവസം കേട്ടപ്പോൾ അടുത്ത ദിവസവും അതിനടുത്ത ദിവസവും റേഡിയോ വച്ചുനോക്കി! അങ്ങനെ സ്ഥിരമുണ്ടാവുന്ന പരിപാടി എന്നറിഞ്ഞപ്പോൾ ആ തേനൊലി വിടാതെ സേവിക്കാൻ തുടങ്ങി! എവിടുന്നോ ഓടിയെത്തുന്ന സന്തോഷം! അനർഗ്ഗളനിർഗ്ഗളം സ്ഫുടമായും ഒഴുകുന്ന വാക്കിന്റെ പൂർണ്ണിമ ഒരുന്മേഷമായിരുന്നു! ആശേച്ചീ....
കൂട്ടുകാരൊന്നുമില്ലാതെ, പുറം വെളിച്ചം കാണാതെ ഇരുട്ടിന്റെ ആത്മാവായി ഞാനെന്റെ റൂമിൽ, കട്ടിലിൽ എന്റെ രോഗങ്ങളെയും വേദനകളെയും ചേർത്തുപിടിച്ച് ജീവിതം ഉരുട്ടിക്കയറ്റുന്ന കാലം! ആശേച്ചി എന്റെ അടുത്ത ആരോ ആയി!
പിന്നീട് ഏതാനും മാസം കഴിഞ്ഞപ്പോ പുതിയൊരാളെത്തുന്നു! ഘനഗംഭീര ശബ്ദം! ബാലകൃഷ്ണൻ പെരിയ! എവിടുന്നോ വന്ന രണ്ടുപേർ എന്നും രാവിലെ എനിക്ക് കൂട്ടാവുന്നു. കളിചിരികളും പാരവെപ്പുമായി ദീർഘകാല സുഹൃത്തുക്കളോ ഇവർ!? ഇങ്ങനെയും സുഹൃത്ത് ബന്ധമുണ്ടോ....!!? എന്നെ അത്ഭുതപ്പെടുത്തിയും ചിരിക്കാൻ മറന്നുപോയ എന്നെ ചിരിപ്പിച്ചും ഓരോ ദിവസം പുലരുന്നതും പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു!
കൃഷ്ണഭക്തയായ എനിക്ക് ഭഗവാൻ കൊണ്ടുത്തന്ന മിത്രം! എനിക്കറിയാത്ത കൃഷ്ണഭക്തിയും വിശേഷങ്ങളും വ്യാഴാഴ്ച വ്രതമൊക്കെ ആശേച്ചിയിൽനിന്നും മനസ്സിലാക്കി ഞാനിന്നും മുടങ്ങാതെ തുടരുന്നുണ്ട്. ആശേച്ചിയുടെ സംസാരം സംഗീതം പോലെ ലയമുണ്ട്. ബാലേട്ടന്റേത് ഗദ്യം പോലെ മലയാള ഭാഷയുടെ ഗരിമയും പ്രൗഢിയും തികഞ്ഞ തലയെടുപ്പാണ്! ഇതുകൊണ്ടാണോ ആശേച്ചീ...ബാലേട്ടനെ 'ആന'യുമായി താരതമ്യപ്പെടുത്താറ്!!
അന്ന് കൈക്കുഞ്ഞായ സ്നേഹാംബികയെയും കൊണ്ട് കൊച്ചിയിലെത്തിയ ബാലേട്ടന്റെ മോളിപ്പോൾ പ്ലസ്ടു പഠനത്തിലെത്തി. അശ്വിനും സാഗറും ശ്രീജയുമൊക്കെ ഞങ്ങൾക്ക് പ്രിയപ്പെട്ടവരുമായി.
കത്തുവായനയും ചിരിയും കേട്ട് എനിക്കും എഴുതണമെന്നുണ്ടായി! പക്ഷേ വേദനയല്ലാതെ ചിരിപ്പിക്കാനുള്ളതൊന്നും എന്റെ കൈവശമുണ്ടായില്ല! എങ്കിലും എഴുതണമെന്ന അതിയായ മോഹം! കൊച്ചി ആകാശവാണി തന്ന സ്വതന്ത്രലോകമായിരുന്നല്ലോ ജോയാലുക്കാസ് പ്രോഗ്രാം!
അവസാനം കൈപ്പിടിയിലൊതുങ്ങാത്ത പേനയും കടലാസ്സുമായി ഞാനും എഴുതാൻ തീരുമാനിച്ചു! സ്വന്തം പേരു വയ്ക്കാതെ എഴുതാം എന്നത് എനിക്കൊരു പ്ലസ് പോയിന്റായി. ആദ്യം എന്തെഴുതി എന്ന് കൃത്യമായി ഓർക്കുന്നില്ല! എങ്കിലും ഒരിക്കൽ അടുത്തൊരു സുഹൃത്തിനോടെന്ന പോലെ, അസുഖവും വേദനയുംകൊണ്ട് നിയന്ത്രണം വിട്ട ഒരു നാൾ സങ്കടം ഇറക്കിവയ്ക്കുകയുണ്ടായി! അങ്ങനെ 2007 മുതൽ ഒരുപാട് കത്തുകൾ ഞാൻ സ്വന്തം പേരിലും അല്ലാതെയും എഴുതി. ഇതിനിടയിൽ സ്പോൺസർമാർ മാറി, ബാലേട്ടൻ മാറി സലിൻ മാങ്കുഴി, സനൽ പോറ്റി, നിതിൻ വന്നു പിന്നെ നമ്മുടെ കവി ഒരാൾ വന്നു! രഘുരാജ് മാറി , ശ്രീകുമാർ, ഡാനി, ഗീതാ ദാസ് പലരെയും ഓർക്കുന്നു!
ഓരോ തവണ നമ്മുടെ അക്ഷരങ്ങൾ വായിച്ച് പേരും പറയുന്ന കേൾക്കുമ്പോൾ ഉള്ളം കുളിരും! മഴ പെയ്ത് കുളിർത്ത് മുള പൊട്ടും പോലെ ഇനിയും എഴുതണം എന്നു തോന്നും! ഒരിക്കൽ, കെട്ടിലും മട്ടിലും എന്റെ ഭാഷയും എഴുത്തും നന്നായി എന്നുപറഞ്ഞ് ബാലേട്ടനും ആശേച്ചിയും എന്നെ അനുഗ്രഹിക്കയുണ്ടായി! അന്ന് ബാലേട്ടൻ പറഞ്ഞ ഒരു വാക്കുണ്ട്!! "ഈ അക്ഷരങ്ങളിൽ അച്ചടി മഷി പുരളട്ടെയെന്ന്!" അതിനെ പിന്തുണച്ച് "ബാലേട്ടന്റെ നാവ് പൊന്നാവട്ടെയെന്ന്!" ആശേച്ചി പറഞ്ഞ വാക്കും ഇന്ന് എന്റെ കാതിലുണ്ട്.
അച്ചടി മഷി എന്നത് എന്റെ സങ്കല്പത്തിൽ പോലും ഇല്ലായിരുന്നു!ബാലേട്ടാ...എന്ത് എഴുതണം?! എവിടെ എഴുതണം!? എന്നൊന്നുമറിയാതെ എന്റെ മനസ്സ് തികച്ചും ശൂന്യമായിരുന്നു!
ആ ശൂന്യതയിൽ നിന്നും ഇന്ന് എന്റേതായി 5 പുസ്തകങ്ങൾ കവിതകളായും ബാലകൃതിയായും അനുഭവങ്ങളുടെ ഓർമ്മയെഴുത്തുമായും( ആത്മകഥ) പിറന്നുവീണു! ബാലേട്ടന്റെ നാവ് പൊന്നായിരിക്കയാണിന്ന്! ആശേച്ചീ.... എന്റെ എഴുത്തിന്റെ ബാലപാഠങ്ങൾ നിങ്ങൾക്കുമുന്നിലാണു വന്നിരിക്കുന്നത്! എന്നെ ഭാവന ചെയ്യിക്കാൻ, ചിന്തിക്കാൻ ഒക്കെ പഠിപ്പിച്ചത് ആശേച്ചിയും ബാലേട്ടനും ചേർന്നുള്ള വായനയാണ്. വളരെയധികം കടപ്പാടും നന്ദിയുമുണ്ട്. എന്റെ ആത്മകഥയിൽ ഈഭാഗം ഞാനെഴുതിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വരും മുൻപ് ആശേച്ചിയേയും ബാലേട്ടനെയും കാണാൻ ഒരിക്കലൊരു ദേശാഭിമാനി പത്രം തേടി നാട് മുഴുവൻ അലഞ്ഞ ചരിത്രമുണ്ട്!
എനിക്ക് നിങ്ങൾ രണ്ടുപേരെയും കാണണം, കാണുമ്പോൾ ഒരുമിച്ച് കാണണം . ആ കൈകൾ ചേർത്തുപിടിക്കണം എന്നൊക്കെ പണ്ടൊരിക്കൽ ഞാൻ എഴുതിയിരുന്നു. പുസ്തകപ്രകാശനത്തിനു അന്വേഷിച്ചപ്പോൾ ആശേച്ചിയെയും ബാലേട്ടനെയും കിട്ടിയില്ല. ഇനിയൊരു അവസരം ഉണ്ടാകുമ്പോൾ രണ്ടുപേരെയും ക്ഷണിക്കും! അന്ന് ആശേച്ചി ഒഴിഞ്ഞുമാറരുത്! തീർച്ചയായും വരണം! ആ ചുമതല ബാലേട്ടനെ ഏൽപ്പിക്കുന്നു!
സസ്നേഹം
മായ ബാലകൃഷ്ണൻ
നായത്തോട്, അങ്കമാലി.
11-2-2025
Comments
Post a Comment