ആദ്യകിരണങ്ങൾ ( പാറപ്പുറത്ത്) നോവല്വായന

 



നോവൽ: ആദ്യകിരണങ്ങൾ ( പാറപ്പുറത്ത് കെ ഇ മത്തായി)

പ്രസാധകർ: പൂർണ്ണ ബുക്സ് 

പേജ്: 179     വില : 195

================= വായന (മായ ബാലകൃഷ്ണൻ)


ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും,സ്വല്പം കുറച്ചിലൂടെ തന്നെ പറയട്ടെ, നോവലിസ്റ്റ് പാറപ്പുറത്ത് നെ ഞാൻ ആദ്യമായി വായിക്കുകയാണ്. അറിയണമെന്ന ആഗ്രഹത്തോടെ തിരഞ്ഞുപിടിച്ച് വായിക്കുകയായിരുന്നു! 


വായിച്ചുതുടങ്ങിയപ്പോൾ പഴയ സത്യൻ , നസീർ സിനിമകൾ കാണുന്ന പ്രതീതിയാണ് അനുഭവപ്പെട്ടത്! ഓണാട്ടുകരയുടെ ഭാഷ. കഥാപശ്ചാത്തലവും കുന്നും മലയും നിറഞ്ഞ  കുഗ്രാമവും കാലത്തെ ദ്യോതിപ്പിക്കുന്നവിധത്തിൽ കഥാപാത്രങ്ങളുടെ പേരുകളും! ഏതാണ്ട് 1965 കളില്‍ എഴുതപ്പെട്ടതാവണം ഈ നോവൽ.


വികസനം എത്തിനോക്കാത്ത നാട്ടിൽ ഗ്രാമസേവികയായി എത്തിച്ചേരുന്ന മേരിക്കുട്ടി എന്ന സ്ത്രീയാണ് മുഖ്യകഥാപാത്രം.  

  അവരിലൂടെ ഒരു നാടിന്റെ, സ്ത്രീകളുടെ, കുട്ടികളുടെ സമഗ്ര വികസനം എത്തിനോക്കുന്ന പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകത അരക്കിട്ടുറപ്പിക്കുന്നുണ്ട് ഈ നോവൽ. കാലത്തെ വരച്ചിടുന്നു. 

അനാവശ്യമായി പ്രണയരംഗങ്ങളിലേക്കൊന്നും വലിച്ചിഴയ്ക്കാതെ സ്ത്രീ പുരുഷ കഥാപാത്രങ്ങൾക്കിടയിലെ ബന്ധങ്ങൾ മിതത്വം പാലിക്കുന്നതായിക്കാണാം! 


അപരിചിതരെ എങ്കിലും നാട്ടിൽ പുതുതായി എത്തുന്നവരെ ഹൃദയം തുറന്ന് സ്വീകരിക്കാനും സ്നേഹിക്കാനും ഒരു മടിയുമില്ലാത്ത ഹൃദയവിശാലത ഇക്കാലത്തുനിന്ന് വായിക്കുമ്പോൾ നമുക്ക് നഷ്ടപ്പെട്ട ഗ്രാമീണസൗന്ദര്യമാണ്.


പഴയകാല എഴുത്തുകാരെയും കാലത്തെയും വായിക്കുന്നത് 

നവ്യാനുഭൂതിയാണ്. നമ്മുടെ കാരണവന്മാർ ജീവിച്ച മണ്ണ്! ജീവിതം! ഒരു തിരിഞ്ഞുനോട്ടത്തിലൂടെ നമ്മുടെ തലമുറ അറിഞ്ഞിരിക്കേണ്ടതാണ്. നിഷ്കളങ്കരായ മനുഷ്യരാണ്. ഇവർക്കിടയിലെ ഭയങ്കരന്മാരും കൊള്ളക്കാരും തെറ്റിനെ തിരിച്ചറിയുന്നതും തിരുത്താൻ തയ്യാറാവുന്നതും ശ്രദ്ധേയമാണ്. 


എഴുതിവയ്ക്കപ്പെട്ട ഇത്തരം എഴുത്തുകൾ നമ്മുടെ തലമുറയ്ക്കുമേൽ നന്മയുടെ, നേരിന്റെ സ്നേഹത്തിന്റെ പുതു കിരണങ്ങളായി വന്നുപതിയ്ക്കട്ടെ!



സ്നേഹപൂർവ്വം സ്നേഹിത

മായ ബാലകൃഷ്ണൻ

31/12 /2024

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി