കേരള പാലിയേറ്റീവ് ഡേ 2025

 

കേരള പാലിയേറ്റീവ് ഡേ 2025

**************************


ഇന്ന് ജനുവരി 15 കേരളം പെയിൻ & പാലിയേറ്റീവ് കെയർ ദിവസമായി ആഘോഷിക്കുമ്പോൾ ഞാനീ പ്രസ്ഥാനത്തിനു നന്ദി പറയുകയാണ്. കാരണം കുറച്ചേറെ വർഷങ്ങളായി ഞാനീ പ്രസ്ഥാനത്തിന്റെ ഗുണഭോക്താവാണെന്നു പറയാം!  

 

 മൂന്നു പതിറ്റാണ്ടോളമായി ഞാൻ സ്വതന്ത്രയല്ലാ... വളരെ ചുരുക്കമായി മാത്രം വീടിനു വെളിയിൽ ഇറങ്ങുന്ന കിടപ്പുരോഗിയാണ്,  ചലനസംബന്ധമായി  90% ഭിന്നശേഷിക്കാരിയുമാണ്. 


രണ്ടു കാലഘട്ടത്തിലൂടേയും കടന്നുവന്നവളാണ് ഞാൻ! അതായത്  എറണാകുളം ജില്ലയിൽ പെയിൻ പാലിയേറ്റീവ് കെയറിന്റെ  പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുന്നേ ഞാൻ കിടപ്പുരോഗിയായിക്കഴിഞ്ഞിരുന്നു! അതിനുശേഷം 2009 ലാണു ഞാനാദ്യമായി സാന്ത്വന ചികിത്സയുടെ സേവനം അനുഭവിക്കുന്നത്.  


അങ്ങനെ ഈ സേവനങ്ങൾ ലഭ്യമാവുന്ന ഇക്കാലവും അതിനു മുൻപുള്ള കാലവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ..... എനിക്കു പറയാൻ വാക്കുകളില്ലാ... മുൻ കാലങ്ങളിൽ അത്രയും ഞാൻ വേദനിച്ചിട്ടുണ്ട്.  അനുഭവിച്ചിട്ടുണ്ട്....


എല്ലാ ചികിത്സകളും കഴിഞ്ഞ് മടങ്ങി വീട്ടിൽത്തന്നെയാവു മ്പോളാണല്ലോ സാന്ത്വന ചികിത്സ വേണ്ടത്. 

ഓരോരോ ആരോഗ്യപ്രശ്നങ്ങൾ അലട്ടുമ്പോൾ 

ഒരു ഡോക്ടറെക്കണ്ട് നേരിട്ട് വിവരം പറയാനോ ഒരു ആരോഗ്യ പ്രവർത്തകയെ കണ്ട് നമ്മുടെ പ്രയാസങ്ങൾ ഷെയർ ചെയ്യാനോ കഴിയില്ലാ... വീട്ടുകാർക്കു പോലും എങ്ങനെ ചെയ്താലാണു? എന്തു ചെയ്താലാണു ആശ്വാസം നൽകാൻ കഴിയുക എന്നറിയാതെ നിസ്സഹായരായിപ്പോവുന്ന അവസ്ഥ! 


 ഒരു രോഗിക്ക് ഇനിയൊന്നും ചെയ്യാനില്ലാ, അല്ലെങ്കിൽ സാധാരണ ജീവിതം നയിക്കാൻ കഴിയില്ലാ എന്നു വരുമ്പോഴാണല്ലോ സാന്ത്വന ചികിത്സ നൽകുന്നത്. 

ശരീര വേദനകളെ കുറച്ച്, ശാരീരിക അസ്വാസ്ഥ്യങ്ങൾക്ക് പരിഹാരം കണ്ട് ജീവിതത്തിന്റെ അവസാന ലാപ്പ് വരെ സന്തോഷത്തോടെ, സമാധാനത്തോടെ കടന്നുപോവാൻ അനുവദിക്കുന്ന സാന്ത്വന ചികിത്സ ! 


2009 നുശേഷം അധികം വൈകാതെ അങ്കമാലി ഗവ: ഹോസ്പിറ്റലിലും പാലിയേറ്റീവ് പ്രവർത്തനം തുടങ്ങി. ആദ്യകാലത്ത് വളരെ സാവകാശമുള്ള പ്രവർത്തനങ്ങൾ ആയിരുന്നു! അത്യാവശ്യഘട്ടങ്ങളിൽപ്പോലും പലപ്പോഴും വളരെ കലഹിച്ചും നിർബന്ധത്തിനു വഴങ്ങിയും കൗൺസിലർമാരുടെ ശുപാർശയിലും മറ്റുമാണു ഒരു ഡോക്ടറെ നേരിട്ട്കാണാൻ കിട്ടിയത്.


ഇന്നിപ്പൊ ആ സ്ഥിതിക്കൊക്കെ മാറ്റം വന്നിട്ടുണ്ട്.  നിങ്ങളറിയുക! ഏറ്റവും നിസ്സഹായരാണു ഈ കിടപ്പു രോഗികൾ! ആശാവർക്കർമാർ, നെഴ്സുമാർ, ഒരു ഡോക്ടർ ഇവരൊക്കെ വന്നുകാണുമ്പോൾ ഒരു രോഗിക്കുണ്ടാവുന്ന ആശ്വാസം! സന്തോഷം വളരെ വലുതാണ്. തന്റെ പ്രശ്നങ്ങൾ അവരോട് ഷെയർ ചെയ്യുമ്പോൾ, അവർ പറയുന്ന പ്രതിവിധികൾ കൊച്ചുകൊച്ചു ആശയങ്ങൾ, അഭിപ്രായങ്ങൾ ഈ രോഗികൾക്ക് വലിയ പ്രതീക്ഷയും സമാധാനവുമാണു.   ഞങ്ങൾക്ക് ഈ ജീവിതത്തിൽ ഇത്രയൊക്കെയേ വേണ്ടൂ....


ഈ കാലം കിടപ്പുരോഗികൾക്കും കുടുംബത്തിനും നൽകുന്ന സമാശ്വാസം അത്ര കണ്ട് വലുതാണു...ഹോം കെയർ പോലുള്ള സന്ദർശങ്ങൾ ഒഴിവാക്കരുത്! 



എനിക്കൊരു കാര്യംകൂടി സർക്കാർതലത്തിൽ

ഉത്തരവാദിത്തപ്പെട്ടവരോട് അറിയിക്കാനുണ്ട്. എന്റെ വ്യക്തിപരമായ കാര്യമല്ലാ, മുഴുവൻ കിടപ്പുരോഗികൾക്കും കുടുംബവുമടങ്ങുന്ന സമൂഹത്തിനുവേണ്ടിയാണു.

 ഗവഃ ഹോസ്പിറ്റലുകളിൽ ഇത്തരം കിടപ്പുരോഗികൾക്കും സാധാരണ പേഷ്യന്റിനെപ്പോലെ മണിക്കൂറുകൾ ക്യൂ നിന്ന് മരുന്ന് എടുക്കുകയും ഡോക്ടറെ കാണേണ്ട അവസ്ഥയാ ണുള്ളത്.


മരുന്ന് വാങ്ങാനും ഡോക്ടറെകാണാനും പൊതുവേ 

പേഷ്യന്റിനെ പരിചരിക്കുന്നവരാവുമല്ലോ പോവുക!

മറ്റു കുടുംബാംഗങ്ങൾക്ക് ജീവനോപാധിക്ക് തൊഴിലിനു പോകേണ്ടതുമുണ്ടാവും.  ഈ സമയം രോഗിയെ തനിച്ചാക്കിപ്പോരുമ്പോൾ അവരുടെ പ്രാഥമികാവശ്യ ങ്ങൾക്കോ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതിനുപോലും  പുറത്തുപോയ ആൾ മടങ്ങിവരുന്നതുംകാത്തിരിക്കേണ്ടിവരും! 


ഇക്കാര്യത്തിൽ ആശുപത്രി ജീവനക്കാർ സൗമനസ്യം കാണിച്ചും ഔദാര്യം കാണിച്ചും കാര്യം നടത്തേണ്ട സ്ഥിതി മാറണം! ഇതൊരു അവകാശമായോ ഈയവസ്ഥയെ അംഗീകരിക്കാനോ ഉത്തരാവാദിത്തപ്പെട്ടവർ വേണ്ടതു ചെയ്യണം! 


ഈയവസ്ഥയിലും ഞാനൊരു എഴുത്തുകാരി കൂടിയാണു. അതുകൊണ്ടാണു മുഴുവൻ സാന്ത്വനചികിത്സാ രോഗികൾക്കായി ശബ്ദമുയർത്തുന്നത്.   


സ്നേഹവും സാന്ത്വനവുമേകുന്ന കേരളത്തിലെ എല്ലാ ആശാപ്രവർത്തകർക്കും നെഴ്സുമാർക്കും ഡോക്ടർമാർക്കും

സന്തോഷവും ഉത്സാഹവും പ്രചോദനവുമാവട്ടെ എന്റെ വാക്കുകൾ! ഞങ്ങളുടെ കടപ്പാട് ഹൃദയം നിറഞ്ഞ സ്നേഹത്തിലും നന്ദിയിലും ഒതുക്കാനാവുന്നതല്ല.  എങ്കിലും ആശംസകൾ  നേരുന്നു!


സ്നേഹപൂർവ്വം 

മായ ബാലകൃഷ്ണൻ 

നായത്തോട്.

15/1/2025

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി