ചാൾസ് ശോഭരാജ്! ( M A ബൈജു )
ചാൾസ് ശോഭരാജ്! ( M A ബൈജു )
പ്രസാധകർ ഡി സി ബുക്സ് ₹250
======*============
ചാൾസ് ശോഭരാജ്! പതിനൊന്ന് കഥകളുടെ സമാഹാരമാണ്.
പേരു കേട്ടപ്പോൾ അത്രയൊന്നും ആകർഷകമായി തോന്നിയില്ല, എങ്കിലും നാട്ടുകാരനായ മുൻപരിചയമില്ലാത്ത കഥാകൃത്തിനെ അറിയാൻ വേണ്ടി വാങ്ങിവായിക്കുകയായിരുന്നു!
ഒരിക്കലും നിരാശയാവില്ലാ. ആസ്വാദനക്ഷമതയ്ക്ക് ഒരു കോട്ടവും വരുത്തില്ല. ധൈര്യമായി വാങ്ങിവായിക്കാം!
കഥാകൃത്ത് കോളേജ് വിദ്യാർത്ഥിയായിരുന്ന കാലം തുടങ്ങി ചാനലിൽ ന്യൂസ് എഡിറ്ററായി ജോലി ചെയ്യുന്ന ഇക്കാലം വരെ വിവിധ മുഖ്യധാരാമാധ്യമങ്ങളിൽ പ്രസിദ്ധീകൃതമായിട്ടുള്ള കഥകളാണിവ. കെട്ടിലും മട്ടിലും തികവുറ്റ പുസ്തകം.
എവിടെ കത്തിവയ്ക്കണം , വേണ്ടാ എന്ന് കിറുകൃത്യമായി അളന്നുമുറിയ്ക്കാൻ അറിയാവുന്നവരാണ് എഡിറ്റർമാർ!
മാധ്യമപ്രവർത്തകർ കുറേപേർ കഥാകൃത്തുക്കൾ ആയിട്ടുണ്ട്. എന്തുകൊണ്ടോ അവർക്കൂനേരെ വിമർശനങ്ങളും കേട്ടിട്ടുണ്ട്. എന്നാൽ അവരുടെ കഥകൾ ശ്രദ്ധാകേന്ദ്രമാവാറുണ്ട്. ഏറെ അനുഭവലോകങ്ങൾ കണ്ടവർ! അതിൽ നിന്നും കഥയുടെ ത്രെഡ് കണ്ടെത്തിയിരിക്കുന്നത് കൗതുകം തന്നെ.
"വേട്ടക്കാരനും ഫോട്ടോഗ്രാഫറും" എന്നത് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്! കൂരാകൂരിരുട്ടിൽ കൊടുങ്കാട്ടിൽ വന്യമൃഗങ്ങളുടെ കാൽപ്പെരുമാറ്റത്തിനു കാതോർത്ത് ഏറുമാടത്തിനു മുകളിൽ ഭയചകിതരായിരിക്കുന്ന കഥാപാത്രങ്ങളുടെ ചങ്കിടിപ്പും ഭീതിയും വായിച്ചുകഴിഞ്ഞാലും അതിൽനിന്നു പുറത്തു കടക്കാനാവാത്ത വിധം കഥയും പശ്ചാത്തലവും ഏറെനേരം അവിടെത്തന്നെ തളച്ചിടും!
മാധ്യമപ്രവർത്തകൻ നേരിടേണ്ടിവരുന്ന കുറ്റബോധം ആശ എന്ന കഥയിൽ കാണാം. "ചാൾസ് ശോഭ രാജ് " എന്ന ശ്വാനപുരാണം, എന്നതിൽക്കവിഞ്ഞ് മറ്റെന്തെങ്കിലും അർത്ഥമാക്കിയോ എന്നറിയില്ലാ. ചില കൗതുകൾ നൽകി എന്നുമാത്രം!
"ഒരു കഥ ജനിക്കുന്ന വിധം!" ജീവിതത്തിന്റെ നേരനുഭവത്തിൽ നിന്നും കഥയുടെ ബീജം ഉടലെടുക്കുന്ന വിധം അസാധാര ണമാം വിധത്തിൽ എഴുതിയിരിക്കുന്ന എഴുത്തിന്റെ ക്രാഫ്റ്റ് ശ്രദ്ധേയം.!
"മുഖം മൂടിയണിഞ്ഞ മനുഷ്യർ" കൃത്യമായ പേരോ അഡ്രസോ ഇല്ലാതെ ഒരു മായാലോകത്തിലെന്ന പോലെ , നാടകം പോലെ മുഖംമൂടിയണിഞ്ഞവരുടെ ലോകം..... ആധുനികതയുടെ, നാഗരികതയുടെ മുഖംമൂടികൾ.....
"ഖസാക്കിന്റെ ഇതിഹാസത്തിനു മുകളിലൊരു പാമ്പ്"
കൗതുകങ്ങളേറെയുള്ള കഥയാണ്! "പുനരാവിഷ്കാരം" കാപട്യങ്ങളുടെയും ചതിയുടെയും ലോകം സ്വാർത്ഥതയ്ക്കു വേണ്ടി എന്ത് ക്രൂരതയും ചെയ്യാൻ തയ്യാറായ കാഴ്ചയാണ് ഇതിൽ! നടുക്കുന്ന അനുഭവമാണ്! "കഥാകൃത്ത് ഭാവനയുടെ കൊടുമുടിയേറി ചിരപരിചിതമായ വഴികളിൽനിന്നും ഏതേതു സങ്കല്പലോകത്തിലേക്കാണ് സഞ്ചരിച്ചുകൂട്ടുന്നത്."
"കടലിനെ പ്രേമിച്ച കിഴവൻ" അസ്തിത്വം മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന മുക്കുവന്റെ മകൻ! കപ്പൽച്ചാലുകളും അതിലൂടെയുള്ള യാത്രകളുമൊക്കെ നന്നായി മനസ്സിലാക്കി എഴുതിയിരിക്കുന്നു. ലാളിത്യമുള്ള ഭാഷയുണ്ടതിന്.
"ഇംഗ്ലീഷ് മീഡിയത്തിലെ പെൺകുട്ടി" ഇംഗ്ലീഷ് മീഡിയം സംസ്ക്കാരം നാടിന്റെ ഭാഷയെയും സംസ്ക്കാരത്തെയും ഇകഴ്ത്തുകയും പുത്തൻ ആഗോള സാമ്പത്തിക സംസ്കാരത്തെ ഉയർത്തിക്കൊണ്ടുവരുന്നതിൽ ശ്രദ്ധ കൊടുക്കുകയും ചെയ്യുന്നവരാണെന്ന് കഥയിലൂടെ വ്യക്തമാക്കുന്നു. ആരെയും ആകർഷിക്കുന്നവിധത്തിൽ ആകാംക്ഷയ്ക്ക് ഒരു കുറവും വരുത്താതെയുള്ള എഴുത്ത്.
"ന്യൂ ഇയർ " ന്യൂക്ലിയർ കുടുംബങ്ങളും പ്രവാസകുടിയേറ്റവും സാധാരണമായ ഇക്കാലത്ത് മാതാപിതാക്കൾ ഒറ്റപ്പെടുന്നതും കിടപ്പിലായാൽ വൃദ്ധസദനങ്ങൾപോലും ഏറ്റെടുക്കാത്ത അവസ്ഥയും ചിന്തോദ്ദീപകമാണ്. അതിനെയടിസ്ഥാന മാക്കിയൊരു കഥ സാധാരണമെങ്കിലും നന്നായി എഴുതിയിരിക്കുന്നു.
"വാട്ടർ ബോംബ് " മാധ്യമലോകത്തെ കാപട്യങ്ങൾ , ഇന്നിന്റെ കപടമുഖം! പരിസ്ഥിതിക്കുവേണ്ടി , ശുദ്ധജലത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു മനുഷ്യന്റെ അനുഭവങ്ങൾ തന്മയത്വ ത്തോടെ എഴുതുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു!
ഒന്നിനു പുറകെ ഒന്നായി പതിനൊന്ന് കഥകളും ആകാംക്ഷയുടെ മുന കത്തിച്ച് വായിച്ചുതീർക്കാം! കാലത്തോട് കലഹിക്കുന്നവയാണ് ഇവ.
അംഗീകാരങ്ങൾ തേടിയെത്തട്ടെ!
ആശംസകളോടെ,
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ!
6/12/2024

Comments
Post a Comment