നോവൽ: കൊമ്മ (പ്രന്യ പാറമ്മൽ)
നോവൽ : കൊമ്മ ( പ്രന്യ പാറമ്മൽ)
അക്ഷരദീപം പബ്ലിക്കേഷൻസ്
പേജ്: 66, വില :110₹
പുസ്തകം വേണ്ടവർ അക്ഷരദീപവുമായി
ബന്ധപ്പെടുക +91 82898 54663
=========================
വയനാട്ടിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ നടന്ന ഒരു സംഭവമാണ് നോവലിനു ആസ്പദം! ഗോത്രവർഗ്ഗക്കാർ ക്കിടയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തെറ്റിച്ചാൽ കുലം നശിക്കും പ്രളയം വരും എന്നൊക്കെയാണ് വിശ്വാസം!
മഴയും ദാരിദ്ര്യവും തുടങ്ങി മാരിയമ്മൻ പൂജയും കുടിയേറ്റ മുതലാളിമാരും ഭാഗമായ അവരുടെ ജീവിതം വായിക്കാം!
വയനാടൻ മക്കളെ പറ്റിക്കുന്ന നേതാക്കന്മാരെയും മുഖ്യകഥാപാത്രമായ മണിയൻ വിമർശിക്കുന്ന കാണാം.
ഗോത്രാചാരപ്രകാരം കുടുംബബന്ധങ്ങളിലുള്ളവർ തമ്മിൽ വിവാഹം പാടില്ലായെന്ന് അവരുടെ സമുദായത്തിൽ നിയമമുണ്ട്. അത് തെറ്റിച്ചാൽ ഭ്രഷ്ട് കല്പിക്കും. ഇവിടെ മണിയൻ, രാധ ഇവർക്കിടയിലെ പ്രണയവും ഒളിച്ചോട്ടവുമാണ് പ്രമേയം. "ഷിമോഗയിൽപ്പോയി ഇഞ്ചിക്കൃഷി നടത്തി പണക്കാരനാവാം. പണത്തിനു മീതെ പരുന്തും പറക്കുമല്ലോ...." അങ്ങനെ വരുംകാലം അവരെല്ലാവരും അംഗീകരിച്ചുകൊള്ളും എന്നൊക്കെയാണ് മണിയന്റെ കണക്കുകൂട്ടൽ. ഗോത്രാചാരങ്ങൾക്ക് പൊതുസമൂഹത്തിന്റെ നിയമങ്ങളായിരിക്കില്ല. ബാലവിവാഹവും മറ്റും നടക്കുന്ന സമുദായങ്ങളുണ്ടല്ലോ.
ഇക്കഥയിൽ വിവാഹം കഴിച്ച മണിയനും രാധയ്ക്കുമെതിരെ
ശത്രുക്കൾ നിലവിലുള്ള പൊതുനിയമം ഉയർത്തിക്കൊണ്ടു വരുന്നു. 17 വയസ്സുള്ള പെണ്ണിനെ കെട്ടിയതിന്റെ പേരിൽ മണിയനെതിരെ പോക്സോ കേസ് വരുന്നു! പ്രായപൂർത്തിയാവാത്ത പെണ്ണിനെ (ഭാര്യയെ) പീഡിപ്പിച്ചെന്ന്... മാധ്യമചർച്ചയും പോലീസും കേസും ജയിലും ....
തുടർന്ന് ജീവനുതുല്യം സ്നേഹിച്ച മണിയന്റെയും രാധയുടെയും തകർന്നുപോകുന്ന ജീവിതം ദുഃഖപര്യവസാനമാകുന്നതാണ് നമ്മൾ കാണുന്നത്.
ബാണാസുര മലയും കബനീനദിയും അവരുടെ ജീവിതത്തെ തൊട്ടുകിടക്കുന്നു. മണ്ണും മഴയും കൃഷിയും വിശ്വാസങ്ങളും , പോഷകാഹാരക്കുറവും മരണങ്ങളും ആരോഗ്യരംഗവും എന്നുവേണ്ടാ തണുപ്പിൽ മുങ്ങിക്കിടക്കുന്ന കാലാവസ്ഥയും വയനാടൻ ആദിവാസിമക്കളുടെ ഭാഷയും എല്ലാം വായനയുടെ പുതുലോകം സൃഷ്ടിക്കുന്നു! വായനക്കാർക്ക് ചുരം കയറിയ പുതിയ അനുഭവമാകും. എല്ലാം കണ്ട് തിരിച്ചിറങ്ങുമ്പോൾ നിസ്സഹായരായ ഒരുകൂട്ടം മനുഷ്യരെയും സമൂഹത്തിന്റെ ഒറ്റപ്പെടുത്തലും ജീവിതയാതനകളും പേറിയ മണ്ണിന്റെ മക്കളെ അറിയാം!
എഴുത്തുകാരിയുടെ ആദ്യ പുസ്തകമാണ്.
ഇനിയും എഴുതാനാവട്ടെ! ഇനിയും പുസ്തകങ്ങൾ ഉണ്ടാവട്ടെ!
ആശംസകൾ പ്രന്യാ
സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ
December 20 - 2024
========================

Comments
Post a Comment