മൈക്ക് കൈയിലെടുത്ത്
മൈക്ക് കൈയിലെടുത്ത്
*********************
ഇന്നലെയൊന്ന് (26/11/2024) അങ്കമാലിവരെ പോയി! വനിതാസംഗമത്തിൽ പങ്കെടുത്തു! ജീവിതത്തിന്റെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച 24 വനിതകളെ ആദരിക്കുന്ന ചടങ്ങ്.
ഞാൻ ഏതാനും ബുക്കുകൾ എഴുതി മത്സരങ്ങളിൽ വിജയികളായി, അവാർഡുകൾ കിട്ടി എന്നല്ലാതെ എന്നെ ഈ സമൂഹത്തിന്റെ ഭാഗമായി കൈപിടിച്ചുയർത്തിക്കൊണ്ടുവന്ന പ്രസ്ഥാനമാണത്! അങ്കമാലി നഗരസഭ ഇടതുഭരണത്തിൽ ഇരിക്കുമ്പോഴാണ് കേരളോത്സവത്തിലും വനിതാദിനത്തിലും ഭിന്നശേഷിദിനത്തിലുമൊക്കെ എനിക്ക് ആദരവ് തന്ന് അംഗീകരിച്ചിട്ടുള്ളത്.
'024 ജനുവരിയിൽ നായത്തോട് സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥീ സംഗമത്തിനു പുറത്തിറങ്ങിയശേഷം ഇന്നലെയാണ് വീണ്ടും ഇറക്കിയെഴുന്നള്ളത്തുണ്ടായത്!😀😂
പക്ഷേ രസകരമായൊരു അനുഭവമുണ്ടായി! മൈക്കിനു മുന്നിൽ വരാൻ തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം ആ പൈപ്പ് 😄ഒന്ന് കൈയിലെടുത്തുപിടിക്കാൻ പറ്റുമോ!!? അതിനു നല്ല ഭാരമായിരിക്കുമോ ?! എന്നൊക്കെ ഒന്നു പരീക്ഷിച്ചു നോക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു! പക്ഷേ
കൈവിരലുകൾ കൂട്ടിപ്പിടിക്കാൻ കഴിയാത്തതിനാൽ ആ സാഹസത്തിനു മുതിരാറില്ലാ. കൂടെയുള്ളവർ മൈക്ക് പിടിച്ചുതരും! നിയന്ത്രണം നമ്മുടെ കൈയിലല്ലാത്തപോലെ സംസാരത്തിലും ഒരു സ്വാതന്ത്ര്യക്കുറവ് തോന്നാറുണ്ട്.
എന്തുപറയാനാ..... ഇന്നലെ വേദിയിൽ പ്രോഗ്രാം തീരുന്ന നേരം മുൻ കൗൺസിലർ വിനീത വന്ന് ചോദിച്ചു " മായച്ചേച്ചീ ഒരു രണ്ടുവാക്ക് സംസാരിക്കുന്നോ.....? ഞാൻ നോക്കിയപ്പോൾ ആദരവ് ലഭിച്ച സ്ത്രീകൾ ആരും തന്നെ നന്ദിവാക്ക് പറഞ്ഞിട്ടില്ലാ. എങ്കിൽ ആ കർമ്മം ഞാൻ തന്നെയാവാം എന്നുറച്ചു. വിനീതയോട് ഓക്കെ പറഞ്ഞു.
എല്ലാവരും പിരിഞ്ഞുപോവാൻ തുടങ്ങിരിക്കുന്നു.
വിനീത ഓടിവന്ന് ആ കുഴൽ😂 എന്റെ നേരെ നീട്ടി! ആദ്യം ഞാനൊന്ന് പതറി! വിനീത പിടിച്ചുതരുമെന്നാണ് വിചാരിച്ചത്.
പക്ഷേ ഒരുനിമിഷം എന്റെ പരീക്ഷണമോഹം തലയുയർത്തി.
വിനീത അതെന്റെ പാതിനീണ്ടുവന്ന ഇടതുകൈയിലേക്ക് തിരുകി!!😊പോയാ പോട്ട്!! എന്ന് ഞാനും ഉറപ്പിച്ചു! 😄
ഇടതുകൈ പെരുവിരൽ കൊണ്ട്മാത്രം കഴിയുന്നില്ലാ. താഴെ ഞാനെന്റെ വലതുകൈത്തണ്ടകൊണ്ട് അതിന്റെയടിഭാഗം താങ്ങിപ്പിടിച്ചു! പ്രതീക്ഷിച്ചപോലെ ഭാരമില്ല! അതെ!! ഇനി വരുന്നപോലെ..... ഞാൻ എല്ലാവർക്കുമായി എന്റെ നന്ദിയും കൃതഞ്ജതയുമൊക്കെ പറഞ്ഞ് മൂന്നോ അഞ്ചോ മിനിറ്റ് മാത്രം എടുത്തുകാണും. ഇടയ്ക്ക് സംഭവം കൈവിട്ടുപോവുമോ യെന്ന ആശങ്ക!! ഒന്നുകൂടെ കേറ്റിയുയർത്തിപ്പിടിക്കാൻ ഒരു ശ്രമംകൂടെ നടത്തി! എന്നെ കേൾക്കാൻ കാതുകൂർപ്പിച്ചിരുന്ന വരൊന്നും ഇതൊന്നും അറിയുന്നുണ്ടായില്ലാ.
എന്തായാലും സംഭവം കലക്കി. എന്റെ പരീക്ഷണം വിജയിച്ചു! സംസാരിച്ചപ്പോഴും വാക്കുകൾക്ക് എന്റെ ഭാഗത്തുനിന്നെന്ന പോലെ ഒരു ആത്മവിശ്വാസമൊക്കെയുണ്ടായി.തൂലിക കൈയിലേന്തിയ പോലെ, അല്ലെങ്കിൽ വിരൽത്തുമ്പിൽ അക്ഷരങ്ങളെ തൊട്ടുണർത്തും പോലെ...
അല്ലായെങ്കിലോ കാറ്റിൽ പാറിപ്പറക്കുന്ന കരിയില പോലെ വാക്കുകൾക്ക് മുന്നിൽ ഞാൻ പതറിപ്പോകാറുണ്ട്.....
എങ്കിലും ഞാൻ പറയുകയാണ് , പക്ഷേ സംഭവം ഒട്ടും സേഫ് അല്ലാട്ടോ....
പ്രോഗ്രാം കഴിഞ്ഞ് ചിലരൊക്കെ അടുത്തുവന്ന് ഫോട്ടോയെടുത്തു! എല്ലാവരെയും മനസ്സിലായില്ലാ. എങ്കിലും എസ് എഫ് ഐയുടെ പുലിക്കുട്ടി അനുശ്രീ! ആ കൊച്ച് വന്ന് എന്നോട് അടുത്തുവന്നിരുന്ന് മിണ്ടി. പ്രസീത ചാലക്കുടി പോകാനിറങ്ങും നേരം മായേച്ചി പോണൂ ട്ടോ ന്നും പറഞ്ഞു!
ചിത്രകാരിയായ രാജി പിഷാരസ്യാരെ ഞാൻ റേഡിയോ വഴി കേട്ടതാണ്! അവരെയും കാണാൻ പറ്റി. അടുത്തുവന്ന് സംസാരിച്ചു. പരിചയപ്പെട്ടു! പെരിയാർ കുറുകേ നീന്തിക്കടന്ന രണ്ടുകുട്ടികളുണ്ടായിരുന്നു. Jisha Syam വനിതാ സമിതിയിലെ അംഗമാണ്! എന്റെ ഫേസ്ബുക്ക് സുഹൃത്തുമാണ്. എന്നിട്ടും ജിഷ പറഞ്ഞാണ് ഞാനിതൊക്കെ അറിയുന്നത്. ഞാനറി യാത്ത ഒരുപാട് ഫേയ്സ്ബുക്ക് സുഹൃത്തുക്കളുണ്ടെനിക്ക്!!! കഷ്ടം!! എല്ലാവരെയും ഞാനറിയും എന്നൊക്കെയുള്ള ധാരണയ്ക്കൊരടിയായി!
ഫോട്ടോസ് ജിഷ പകർത്തിയവയാണ്. വിനീതയും പുഷ്പയുമൊക്കെ സെൻഡ് ചെയ്തുതന്നു! മൈക്ക് താങ്ങിപ്പിടിക്കുന്ന ഫോട്ടോ കിട്ടിയില്ല.
നിറുത്തട്ടെ ,
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
27/11/2024



Comments
Post a Comment