ജിജോ രാജകുമാരി "അനാഥ ചുവരുകൾ" =================
ജിജോ രാജകുമാരി "അനാഥ ചുവരുകൾ"
=================
വാക്കുകൾ കൊണ്ട് മായാജാലം തീർക്കാനറിഞ്ഞാൽ കവിതയ്ക്കും കഥകൾക്കുമിടയിലെ ദൈർഘ്യം കുറഞ്ഞിരിക്കും.
ജിജോ രാജകുമാരിയുടെ മൂന്ന് പുസ്തകങ്ങളാണ് വായിക്കാനായത്! "അന്ന" എന്ന പ്രണയകവിതകൾ, തിളച്ചുതൂവുന്ന പ്രാർത്ഥനകൾ ലേഖനക്കുറിപ്പുകൾ! 'അനാഥ ചുവരുകൾ' എന്ന ചെറുചെറു കഥകൾ.
കഥയും കവിതകളും ലേഖനക്കുറിപ്പുമായ് എട്ടോളം പുസ്തകങ്ങൾ സ്വന്തമായുണ്ട്. നിരവധി പുരസ്ക്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
അതിൽ "അനാഥ ചുവരുകൾ" ആറ്റിക്കുറുക്കിയ വരികളിൽ ആശയങ്ങളെ ഗുപ്തമാക്കി ക്യാപ്സൂൾ പരുവത്തിലാക്കിയ കഥകളാണ് ഓരോന്നും! ഓരോന്നും വായിച്ചുതീരുമ്പോൾ ഒരു ചിരി വിടരാം, ചില പൊള്ളയായ സത്യങ്ങളാവാം! എന്ന തിരിച്ചറിയൽ, പ്രണയ നോവുകളാവാം, നിരാശകളാവാം! വാർദ്ധക്യത്തിന്റെ നൊമ്പരങ്ങളാവാം! ജീവിതത്തിൽനിന്നും കണ്ടെടുത്ത സംഭവങ്ങളെ ഇങ്ങനെ 63 കഥകളായി കോർത്തിരിക്കുന്നു ഈ പുസ്തകം!
"തിളച്ചുതൂവുന്ന പ്രാർത്ഥനകൾ" നമ്മെ ഒന്നുണർത്താനും ചിന്തിപ്പിക്കാനുമുതകുന്ന വിഷയങ്ങളെ തേടിയെടുത്ത് ശുദ്ധമായ ഭാഷയിൽ ലഘുകുറിപ്പുകളായി എഴുതിയവയാണ്.
"സ്നേഹം അകലെ അകലെ" എന്ന തലക്കെട്ടിൽ മാറിയ കാലത്തിന്റെ സ്നേഹ, പ്രണയബന്ധങ്ങളിലെ ആത്മാർത്ഥത യില്ലായ്മയും ഭാര്യാഭർത്താക്കന്മാർക്കിടയിലെ സ്നേഹ ശൂന്യതയുമൊക്കെ തിളച്ചുതൂവുന്നു.
അമ്മമാരുടെ സ്നേഹത്തിന്റെയും ജപമന്ത്രങ്ങളാവുന്ന പ്രവൃത്തികളുമൊക്കെ പ്രാർത്ഥനപോലെ പ്രകാശം തുളുമ്പുന്ന ഭാഷയിൽ കുറിച്ചവയാണ് തിളച്ചുതൂവുന്ന പ്രാർത്ഥനകൾ!
ക്ഷേത്രങ്ങളിലേയും പള്ളികളിലേയും മണിനാദങ്ങൾ, ഫയർഫോഴ്സിന്റെയും സ്കൂളിലും മുഴങ്ങുന്ന വിവിധയിനം മണിമുഴക്കം സൃഷ്ടിക്കുന്ന മനസ്സിലെയിളക്കങ്ങളാണ്, ഇറങ്ങി നടത്തങ്ങളാണ് ആ അദ്ധ്യായം! ഇടുക്കി മലനിരകളുടെ ഹരിതാഭയും കുളിരും എഴുത്തിലും കോരിത്തരിപ്പിക്കും.
"കാറ്റ് കാതിൽ പറഞ്ഞത്!" ഇളങ്കാറ്റ് മൂളുമ്പോലെ കാറ്റിനെ കാവ്യാത്മകതയുടെ വശ്യമനോഹര ഭാാഷയിൽ വർണ്ണിച്ചിരി ക്കുന്നു! മിഴിനീർ തുള്ളികൾ" മഴപെയ്തു തോർന്ന കൺതടങ്ങൾ അങ്ങനെ ഹൃദയത്തിന്റെ കഴുകലും തുടക്കലും കവിത തുളുമ്പുന്ന ഭാഷയിൽ വാക്കുകൾ കോർത്തിടുന്നത് ആനന്ദകരം തന്നെ!!
ഏകാന്തതകൾ, പടിയേറി പടിയിറങ്ങി വീടുകൾ!
സൗന്ദര്യത്തികവിൽ നിന്ന് ലാളിത്യത്തിന്റെ, യാഥാർത്ഥ്യ ത്തിന്റെ തികഞ്ഞ ദർശനങ്ങളുടെ വെളിപാടുകളിലൂടെയും വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ധ്യാനാത്മകതയുടെ ഭാഷ!
ഉറങ്ങാതെ, കടങ്ങൾ, അമ്മയില്ലാത്ത ജിവിതം, കഥ കേൾക്കും രാത്രികൾ എന്നിങ്ങനെ പതിനൊന്നു ചിന്താമലരുകളാണ് വിരിയിക്കുന്നത്! അതിൽ അമ്മയില്ലാത്ത ജീവിതം ഏറെ ചിന്തനീയമാണ്. അമ്മയുള്ള കാലം, അമ്മയില്ലാത്തകാലം അങ്ങനെ കാലത്തെ പകുക്കേണ്ടിവരുന്നത് വേദനാജന കമാണ്!
ഒരു ധ്യാനം പോലെ, ജപമണികൾ പോലെ വാക്കുകൾ ഒഴുകുന്ന സ്നിഗ്ദ്ധമായ ഭാഷ ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു!
സ്ഫടികം ബുക്സ് ആണ് പ്രസാധകർ
വില 70₹
spadikambooks@gmail.com
സ്നേഹാശംസകൾ
മായ ബാലകൃഷ്ണൻ
13/11/2024

Comments
Post a Comment