കനിവിടം കടന്നവർ! (ശ്രീനി ശ്രീകാലം)
കനിവിടം കടന്നവർ! (ശ്രീനി ശ്രീകാലം)
അനേഘ് പബ്ലിക്കേഷൻസ് ₹250
ഒരു പുതിയ ലോകം തുറന്നുതന്നിരിക്കയാണ് എഴുത്തുകാര നിവിടെ! പണ്ട് ഹോളിഫാമിലി സ്കൂള്‍കാലത്ത് വൈകുന്നേരം അങ്കമാലി കെ എസ് ആർ ടി സി സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കുമ്പോൾ കാലടി പ്ലാന്റേഷൻ ബോർഡ് വച്ച ഒരു ബസ് വരുന്ന കാണാം! ദേവഗിരിക്ക് പോകുന്ന സുഹൃത്ത് ചിലപ്പോഴൊക്കെ അതിലോ ആനപ്പാറ ബസ്സിലോ വെറ്റിലപ്പാറ ബസ്സിലോ ഒക്കെ കേറുന്നതും കാണാം! എന്നാൽ കാലടി അറിയാം എന്താണീ കാലടി പ്ലാന്റേഷൻ, എന്നത് എന്നും ഒരു ചോദ്യമായി നിന്നു. അതൊരു സ്ഥലത്തിന്റെ പേരാണോ?! എന്താ! എങ്ങനെ എന്നൊന്നും ആരോടും ചോദിച്ചറിയാനും ആ പ്രായത്തിൽ തോന്നിയില്ല. അടുത്തകാലം വരെ ഒരറിവും ഉണ്ടായില്ലാ.
പുസ്തകത്തെക്കുറിച്ച് വസന്തൻ സാറിന്റെ കുറിപ്പ് കവർപ്പേജി ൽ വായിച്ചപ്പോൾ വായിക്കണമെന്ന വല്ലാത്ത ആഗ്രഹം. പുസ്തകം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ശ്രീനി ശ്രീകാലം അടുത്ത കാലത്താണ് ഫേസ്ബുക്കിൽ സുഹൃത്താ യത്.
ഒരു ദേശത്തിന്റെ രണ്ടുതലമുറയുടെ ചരിത്രം പറയുന്ന ബുക്ക്.
കഥയോ നോവലോപോലെ വായിച്ചുതീർക്കാൻ നല്ല ഉത്സാഹമാണ്. പച്ചയായ മനുഷ്യർ ജീവിച്ചുതീർത്ത മലയോര മണ്ണിന്റെ ഹൃദയതാളമാണ്. അവരിലൊരാളായി വളർന്നുവന്ന എഴുത്തുകാരനത് ഹൃദയസ്പർശിയായ് എഴുതിയിട്ടുണ്ട്. കുറുക്കിയെടുത്ത വാക്കുകളിൽ ലളിതമായി ഓരോ അദ്ധ്യായങ്ങളും നമ്മെ ആവേശത്തോടെ നയിക്കും. ഏത് നാട്ടുകാരനും ആഗ്രഹിച്ചുപോകും തന്റെ നാടിനെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ഇതുപോലൊരു അടയാളപ്പെടുത്തൽ.
റബർതോട്ടങ്ങളിൽ പണിയെടുക്കുന്ന അന്യനാട്ടിൽനിന്നും കുടിയേറിപ്പാർത്ത ഒരുകൂട്ടം മനുഷ്യർ. ജാതിയോ മതമോ അവർക്കിടയിൽ ഭേദങ്ങളുണ്ടാക്കിയില്ല. ഓരോ മുറിയും അടുക്കളയും വരാന്തയുമുള്ള ആസ്ബസ്റ്റോസ് മേഞ്ഞ ചോർന്നൊലിക്കുന്ന കൊച്ചുകൊച്ചു ലയിൻ കെട്ടിടങ്ങൾ ചേർന്ന ലയം!
ദാരിദ്ര്യവും വിശപ്പുമാണ് അവരെത്തമ്മിൽ ഒരുമിച്ചു നിറുത്തിയ മന്ത്രം! വിശപ്പ് എന്തെന്ന്, പട്ടിണിയെന്തെന്ന് അറിയണമെങ്കിൽ ഈ ബുക്ക് വായിക്കണം. സ്കൂൾക്കാല ത്തെ ഉപ്പുമാവ് സാധാരണക്കാർക്ക് രുചിയുടെ അമിതാ വേശമായിരുന്നെങ്കിൽ ഇവിടെ വിശപ്പിന്റെ വിളിയിൽ ഉപ്പുമാവ് മാത്രം ലക്ഷ്യംവെച്ച് സ്കൂളിൽ പോയിരുന്ന കുട്ടികൾ!
തൊഴിൽസമരങ്ങളും പട്ടിണിയും ദാരിദ്ര്യവുമൊക്കെ ഒറ്റപ്പെടുത്തുമ്പോൾ ഒപ്പം കൈചേർക്കാൻ, അവകാശങ്ങൾ നേടിയെടുക്കാൻ അവരുടെ പരാതികൾ കേൾക്കാൻ, അവർക്കൊരു നേതാവുണ്ടായി. സഖാവ് ഏപ്പി എന്ന സൗമ്യനും സ്നേഹസമ്പന്നനുമായ ഏ പി കുര്യൻ! രാഷ്ട്രീയഭേദമന്യേ സർവ്വസമ്മതനായ നേതാവായിരുന്നു സ:. ഏപ്പി. അങ്കമാലി എം എൽ എ, നിയമസഭാസ്പീക്കർ തുടങ്ങിയ ചുമതലകൾ നിർവ്വഹിച്ചിട്ടുമുണ്ട്.
നാട്ടിലെ ഓരോ മനുഷ്യരെയും, സ്വഭാവസവിശേഷതകളെയും എടുത്ത് പരിചയപ്പെടുത്തി അവരെയൊക്കെ ഈ ചരിത്ര ഏടിൽ അടയാളപ്പെടുത്തിയിടുന്നു. കലാ സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾ, പച്ചയായ നാട്ടിൻപുറ വാസികൾ, അവരുടെ ഒരുമയുടെയും സ്നേഹത്തിന്റെയും കഥകൾ, പങ്കുവയ്ക്കപ്പെടലിന്റെ കഥകൾ, ദാാരിദ്ര്യത്തിന്റെ വിളറിയ മുഖങ്ങൾ, ബസ് സർവീസ്, സ്കൂൾ, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ, ക്ലബ്, ഹോസ്പിറ്റൽ, പാരലൽ കോളേജ്, റ്റ്യൂഷൻ സെന്ററുകൾ, അവിടുത്തെ അദ്ധ്യാപകർ , പലചരക്കു കടകൾ,
ഇങ്ങനെ ഏതു മുക്കും മൂലയും വിട്ടുപോകാതെ ചരിത്രകണ്ണി കളിൽ ചേർത്തിടുന്നു. ഞങ്ങളുടെ നായത്തോടിനേക്കാൾ പുരോഗമനം നേടിയ നാടായിത്തോന്നി. എല്ലാവർക്കും വട്ടപ്പേരുള്ളത് ഞങ്ങളുടെ നാട്ടിലെ മനുഷ്യർക്കുമാത്രമല്ല അത്രയേറെ ഇതിലെ മനുഷ്യർക്കെല്ലാം വട്ടപ്പേരുള്ളത് കൗതുകമേറ്റി.
ഉൾവനങ്ങളിൽ ഈറ്റവെട്ടും മുളയും തേടിപ്പോകുന്ന മനുഷ്യർ, വനയോരമേഖലയുടെ കരുത്തും ഊർജ്ജവുമൊക്കെ ചെറുപ്പം മുതലേ കൈമുതലാക്കിയവർ, ദാരിദ്രത്തിൽ വീടിനു താങ്ങാവാൻ അവർ നടത്തുന്ന അദ്ധ്വാനം! ഉദ്വേഗവും ആകാംക്ഷയും നിറയ്ക്കുന്ന സന്ദർഭങ്ങൾ! കഥയല്ല അവർ നയിച്ച ജീവിതമാണ്. ദാരിദ്രത്തിലും വാറ്റുചാരായവും മദ്യപാനവും കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്ന മുഖ്യവില്ലനാ കുന്നുണ്ട്.
എവിടെയോ? എന്തോ പറ്റി!! കുറഞ്ഞ തുകയിൽ ജോലി ചെയ്യാൻ ഇന്ന് ആരും തയ്യാറാവുന്നില്ല. അവർക്കുവേണ്ടി സംസാരിക്കാൻ ആരുമില്ല. വന്യമൃഗാക്രമണങ്ങളെ ഭയന്ന് പുതിയ തലമുറ പുതുനാട് തേടിപ്പോകുന്നു. ഹോസ്പിറ്റലും ക്ലബും പോസ്റ്റോഫീസുമൊക്കെ ശുഷ്ക്കമായി. പലചരക്കു കടയും റോഡുകളുമൊക്കെ ശൂന്യമാണ്!
എന്നെങ്കിലും നല്ലകാലം വരുമെന്ന പ്രതീക്ഷയിൽ ജീവിച്ച നാട്ടുകാർ! ഇന്ന് കാലസഞ്ചാരങ്ങൾക്കൊപ്പം അവരുടെയീ നാടിനും സംസ്കാരത്തിനും കോട്ടം തട്ടിയതിൽ ദുഃഖിക്കുന്ന അവരിലൊരാളായ എഴുത്തുകാരനെയും കാണാം!
"കനിവിടം കടന്നവർ" ഈ പുസ്തകത്തിന്റെ ആത്മാവിനെ തൊട്ടെഴുതാൻ എന്റെയീ എഴുത്തിനു കഴിഞ്ഞിട്ടില്ല! വായിക്കണം നിങ്ങളോരോരുത്തരും! നിങ്ങളെ നിങ്ങളാക്കിയ
ജീവിതങ്ങളെ , ലോകത്തെ കണ്ടെടുക്കണം!
ആശംസകൾ! സ്നേഹാഭിവാദ്യങ്ങൾ
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ!
5-11-2024

Comments
Post a Comment