ആത്മഹത്യക്കും ഭ്രാന്തിനുമിടയിൽ! Mohammad Abbas /
ആത്മഹത്യക്കും ഭ്രാന്തിനുമിടയിൽ!
Mohammad Abbas /DC books ₹250
=====================
(വായന : മായ ബാലകൃഷ്ണൻ)
മുഹമ്മദ് അബ്ബാസ് എന്ന എഴുത്തുകാരനെ വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടം തന്നെ ആകുമായിരുന്നു! ഞാനാ മനുഷ്യനെ അത്ഭുതത്തോടെ കാണുന്നു.
ഏറെ വായനക്കാരെ കേട്ടിട്ടുണ്ട്. എന്നാൽ വായന ഒരു ഉന്മാദമായിത്തീരുന്ന അപൂർവ്വം വ്യക്തിയാണെന്നു തോന്നുന്നു അബ്ബാസ്! കുറച്ചെങ്കിലും ആ ഉന്മാദം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. വായന വേദനകളുണക്കുന്ന മരുന്നായിട്ടും വിശപ്പിനെ നിയന്ത്രിക്കുന്ന ഔഷധമായിട്ടു മൊക്കെ പല രൂപത്തിൽ കണ്ടിട്ടുണ്ട്. കുറച്ചൊക്കെ അനുഭവിച്ചിട്ടുമുണ്ട്. എന്നാൽ എന്താണു വായന എന്നും എങ്ങനെ വായിക്കണമെന്നുമൊക്കെ ഈ ബുക്ക് പറഞ്ഞുതന്നു.
ഇക്കാലമത്രയും ഞാൻ നടത്തിയിട്ടുള്ള വായനകളൊക്കെ എത്ര ശുഷ്കമെന്ന് തോന്നി. അവിടവിടെ എഴുന്നു നിൽക്കുന്ന ഇലഞരമ്പുകൾ പോലെ ഓർമ്മയിൽ ചില പൊട്ടും പടലും മാത്രം ബാക്കിയുള്ളൂ!
തമിഴ് മീഡിയത്തിൽ 8 ആം ക്ലാസ്സുവരെ പഠിച്ച മലയാളം വായിക്കാനും എഴുതാനുമറിയാത്തൊരു പയ്യൻ, ഹോട്ടൽ ശുചീകരണത്തൊഴിലാളിയായ് കേരളത്തിൽ കോഴിക്കോട് എത്തുന്നു. കേവലം ലൈംഗിക തൊഴിലാളിയായ ഒരു സ്ത്രീയിൽ നിന്നും ക്രമേണ അക്ഷരവിദ്യ സ്വായത്തമാക്കി. ആ സ്ത്രീക്ക് ഒരു ഇടപാടുകാരൻ കൊടുത്ത ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന പുസ്തകം അവർ ഈ പയ്യനുകൈമാറി. ചാന്ദ്രവെളിച്ചത്തിൽ കടപ്പുറത്ത് മലർന്നുകിടന്ന് ബഷീറിനെ വായിക്കുന്ന അവനു ഒരു പുതിയ ലോകം തുറന്നുകിട്ടുകയായി!
തൊഴിൽശാലയിലെ ഇടനേരങ്ങളിലും ടാപ്പിങ്ങ് ജോലിക്കും പെയിന്റ് പണിക്കും സൈക്യാട്രി വാർഡിലെ ഉറക്കമില്ലാ ദിനങ്ങളിലും വായനോന്മാദത്തിന്റെ ഭൂകമ്പങ്ങൾ തീർത്തു.
വായനയുടെ പുതുമണവും പേറി അവൻ കഥകളേയും കഥാപാത്രങ്ങളേയും പുസ്തകത്തിൽ നിന്നും ഇറക്കിക്കൊണ്ടുവന്ന് കയ്പ്പേറിയ ജീവിതത്തിന്റെ അനുഭവച്ചൂരും ഉരുക്കഴിച്ച് അവർ നടന്ന വഴികളിലൂടെയും
ഏകാന്തതയുടെ ഇരുട്ടിലും തണുപ്പിലും ആത്മഹത്യാ മുനമ്പിലുമൊക്കെ യാത്രചെയ്തു.
മലയാളത്തിലെ വിഖ്യാതങ്ങളായ 15 എഴുത്തുകാരുടെ 15 കഥകൾ അവയുടെ വിത്തും മൂലവും മനഃപാഠമാക്കിയപോലേ അത് വായിച്ച കാലവും സന്ദർഭങ്ങളും ഉഴവുചാൽ കീറി വിത്തിറക്കി വായനക്കാരന്റെ മനസ്സിൽ പതിപ്പിച്ചിടുന്നു!
ഭ്രാന്തിന്റെ, ഉന്മാദത്തിന്റെ ഒരുവേള നമ്മളും ഭയചകിതരാകും. എൻ എസ് മാധവന്റെ "കപ്പിത്താന്റെ മകൾ " വായന കൊണ്ടുപിടിക്കുമ്പോൾ സൈക്യാട്രി വാർഡിൽ അഡ്മിറ്റായ അബ്ബാസ് കാണുന്ന ചോരചീറ്റുന്ന കഴുത്തില്ലാത്തശരീരവും ഉരുക്കുപാളമുരയുന്ന കിലുക്കവും!! ഉന്മാദം എത്ര ഭീകരാവസ്ഥയെന്ന് നാം തിരിച്ചറിയും.
മലയാളത്തിലെ ലോകോത്തര കഥകൾ എന്നു ആ പതിനഞ്ചു കഥകളേയും പരിചയപ്പെടുത്തുന്നു. ആ ലിസ്റ്റിൽ ഒ വി വിജയന്റെ 'കടൽത്തീരത്ത് ' എന്ന കഥയും വെള്ളായിയപ്പനെയുമൊക്കെ ആരും എത്ര വായിച്ചാലും കൺകുതിർന്നേ പുസ്തകം മടക്കൂ...
ആ വെള്ളായിയപ്പൻ നടന്ന വഴികളിലൂടെ അബ്ബാസ് വീണ്ടും നമ്മെ നടത്തിക്കുന്നു. ഈച്ചരവാര്യരെയും മകനേയും ആ വായനാ നോവുകളിൽ കണ്ടെടുക്കുന്നു.
ടി പത്മനാഭന്റെ ഗൗരി, സേതുവിന്റെ ദൂത്, മുണ്ടൂർ കൃഷ്ണൻ കുട്ടിയുടെ മൂന്നാമതൊരാൾ , എം ടി യുടെ "ചെറിയ ചെറിയ ഭൂകമ്പങ്ങൾ" എൻ മോഹനന്റെ "നിന്റെ കഥ (എന്റെയും)"
ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ 'മഞ്ഞുകാലം' ചന്ദ്രമതിയുടെ 'അഞ്ചാമന്റെ വരവ്' കുഞ്ഞബ്ദുള്ളയുടെ 'ജീവച്ഛവങ്ങൾ' കാരൂരിന്റെ പൂവമ്പഴം, കാക്കനാടന്റെ യൂസഫ്സായിയിലെ ചരസ്സ്വ്യാപാരി, തകഴിയുടെ വെള്ളപ്പൊക്കത്തിൽ , മാധവിക്കുട്ടിയുടെ സുന്ദരിയായ മകൾ ,
ഇവയിലേറെയും വായിച്ചിട്ടുണ്ടെങ്കിലും ഒരു പുനർവായനയ്ക്ക് ഈ പുസ്തകം പ്രേരിപ്പിക്കുന്നുണ്ട്. വായനയുടെ, എഴുത്തിന്റെ, ക്രാഫ്റ്റ് നമ്മെ അത്ഭുതപ്പെടുത്തും!
വായനയ്ക്കുശേഷം അനുഭവിക്കുന്നതുകൂടിയാണു കഥ! എന്ന് എഴുത്തുകാരൻ അഭിപ്രായപ്പെടുന്നു . വരികൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ നീണ്ടുകിടക്കുന്ന ജീവിതസന്ദർഭങ്ങളെ ഇഴചേർത്ത് വായിക്കാൻ കഴിയുന്ന മാന്ത്രികത! വിശപ്പുപോലെ വായനയെയും തിന്നുന്ന മനുഷ്യൻ തീർത്ത എഴുത്തിന്റെ അത്ഭുത പ്രപഞ്ചം!!
വായിച്ചുതന്നെ അറിയണം!
സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ
25/10/2024
.jpg)
Comments
Post a Comment