ഡോ: പി സരസ്വതി ===== മണ്ണാങ്കട്ടേം കരീലേം==========

രാകിമിനുക്കിയ കവിതകള്‍

ഡോ.പിസരസ്വതി.

================


എഴുത്ത് മനസ്സുപോലെയാണ്. എന്തൊക്കെ അവിടെയുണ്ടോ അതെല്ലാം സൃഷ്ടിയിലുമുണ്ടാകും. വ്യത്യസ്ത അനുഭവതലങ്ങളിലൂടെ ഊര്‍ന്നിറങ്ങി പ്രകൃതിപോലെ വാക്കുകള്‍ നിറഞ്ഞുനില്‍ക്കും. കവിയുടെ സ്വന്തംഭാഷയില്‍ പറഞ്ഞാല്‍ ''വാക്കുകള്‍ കെട്ടഴിഞ്ഞുവന്നു അന്യന്റെ ഭിക്ഷാപാത്രത്തില്‍ കയ്യിട്ട് പാടിപ്പതിഞ്ഞ ചൊല്ലുകളെ പതിപ്പിക്കുന്ന ചുമരെഴുത്ത്'' (ലേബല്‍). പക്ഷെ ഈ കവിക്കും കവിതക്കും നിസ്സാരമല്ലിത്. വാക്കിന്റെ അരണികടഞ്ഞ്  അഗ്നിയായ് വാര്‍ത്തെടുത്ത് ജീവിതത്തിന്റെ രൂപ സൃഷ്ടി യാക്കിയിരിക്കുന്നു.


 ''ജീവന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റംവരെ പടയോട്ടം നടത്തിയ ഒരുവളുടെ ഒസ്യത്ത്''(ഒസ്യത്ത്).സത്യത്തില്‍ വായനക്കാര്‍ക്കായി നീക്കിവെച്ച പങ്ക് ഞാനെടുക്കുകയാണ്. അപ്പോഴേ മായയുടെ വരികളിലേക്ക് അക്ഷരങ്ങളുടെ ആത്മാവിലേക്ക് കടക്കാനാവു. നാം മറന്നുകളഞ്ഞ പലതും തിരിച്ചേല്പിക്കാറുണ്ട് പ്രകൃതി. അതുപോലെയാണ് കവിതയും. മായ ബാലകൃഷ്ണന്റെ' മണ്ണാങ്കട്ടേം കരീലേം' അത്തരമൊരു സൃഷ്ടിയാണ്.


സ്കൂള്‍വിദ്യാഭ്യാസകാലത്ത് മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ കഥ പഠിച്ചപ്പോള്‍ അതൊരു ചങ്ങാത്തത്തിന്റെ കഥയായിരുന്നു. കുറെക്കൂടി മുതിര്‍ന്നപ്പോള്‍ ആകഥക്ക് പുതിയൊരു മാനദണ്ഡം വന്നുചേര്‍ന്നു. സുരക്ഷിതത്ത്വത്തിന്റേയും വംശീയ പാരമ്പര്യത്തിന്റെയും പൊളിച്ചെഴുത്തലാണക്കഥ എന്നൊരു അറിവ്. കാലംകടന്നുപോയപ്പോള്‍ സ്ത്രീപുരുഷബന്ധത്തി ന്റെതായ പരസ്പരാശ്രയത്വവും സാമൂഹ്യബന്ധങ്ങളുടേ തുമായി മണ്ണാങ്കട്ടയുംകരിയിലയും. മായയുടെ കവിത വായിച്ചപ്പോള്‍ അതിന് മറ്റൊരുമാനം കൈവന്നു. അിച്ചമര്‍ത്തുന്നവന്റെ ശബ്ദമായ് ആ കഥമാറി. ചുട്ടുപഴുത്ത കാറ്റില്‍ അതിര്‍ത്തികള്‍ ഭേദിച്ച് കാതങ്ങള്‍ താണ്ടുന്നവര്‍... അവരിപ്പോള്‍ കാറ്റിന്റെ കയ്യിലേറി മോക്ഷംതേടി അലയുന്നവരുടെ  സുവിശേഷം പറഞ്ഞുകൊണ്ടിരിക്കയാണ് എന്ന് പറയുമ്പോള്‍ മനസ്സിലേക്കോടിവരുന്നത് കുടിയൊഴിക്കല്‍ എന്ന വൈലോപ്പിള്ളികവിതയിലെ

'' ഇന്നുമെങ്കിലും പാടുന്നു നീളേ മണ്ണില്‍നിന്നും മണ്ണട്ടകള്‍ഞങ്ങള്‍ '' അത്രയും ഉദാത്തമാണ് ഈ കവിയുടെ  മണ്ണാങ്കട്ടേം കരീലേം.


മായയുടെ  കവിതകളെല്ലാംതന്നെ സാന്ദ്രഗംഭീരമാണ്. ഏതൊരുവരിയിലും പറിച്ചെടുക്കാനാവാത്തവിധം ആശയങ്ങളുടെ പക്വഫലങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. ഒന്നടര്‍ത്തിയാല്‍ രാമസായകംപോലെ  മനസ്സിലേക്ക് നൂറായിരം അര്‍ത്ഥങ്ങളാണ് ചൊരിയപ്പെടുക. ഒരു നല്ല കവിക്കേ ഇത് സാദ്ധ്യമാകു. ഒന്നുകൊണ്ടറിയേണം രണ്ടിന്റെ ബലാബലം.. മായ എന്ന കവിയെ ചൂണ്ടിയും ഇതു പറയാം.


 ''അക്ഷരപ്പൊട്ടുകള്‍ വരിവരിയായി പെറുക്കി കൂട്ടി എന്റെ പാടവും നിന്റെ പാടവും തെളിയാന്‍ ചൊരിയാന്‍''  

(പുതുനാമ്പുകള്‍)  എന്ന കവിമനസ്സ് വായനക്കാരനിലേക്ക് പകരുന്നത് കത്തിച്ച നൂല്‍ത്തിരികളാണ്. ആ വെളിച്ചമാകട്ടെ കനിവിന്റെ കണമായ ഒരപ്പക്ഷ്ണംതന്നെ. ഇവിടെ കനിവും അപ്പവും നല്‍കുന്ന പ്രതീതി. മായപോലും അറിയാതെ അയ്യായിരങ്ങള്‍ക്ക് അപ്പം വിളമ്പിയ യേശുവിന്റെതായി മാറുന്നു. 

തന്റെ ഏകാന്തകളേയും പരിമിതികളേയും ആനന്ദമാക്കി മാറ്റുകയാണ് കവി. ജനിക്ക് മൃതിയോടു പ്രണയമാണെന്നു പോലും 'മൃണ്മയ'ത്തില്‍ പറയുന്നണ്ട്.


 കരഗതമായ വഴികളില്‍ കരംപതിപ്പിച്ച് പഴുതുകളില്ലാതെ പുഴുകുത്തുകളില്ലാതെ മുന്നോട്ടുപോകണമെന്ന് പറയുന്ന കവി 'പഴുതേയാവരുതേ ഒന്നും' (തിരിച്ചുയാത്ര)എന്ന് ആഹ്വാനം ചെയ്യുന്നുമുണ്ട്.


അമ്പത്തിമൂന്നു കവിതകളടങ്ങിയതാണ് "മണ്ണാങ്കട്ടേംകരീലേം" എന്ന സമാഹാരം. ചിലതു ചെറുതും ചിലതു നീണ്ട കവിതകളുമാണ്. ഓരോ കവിതയും ശബ്ദ ഭംഗികൊണ്ടും ആശയസ്ഫുടതകൊണ്ടും വേറിട്ടുനില്ക്കുന്നു.


 മന്ദസ്മിതങ്ങള്‍ ചാലിച്ച വെള്ളമന്ദാരംപോലെയാണ് മായക്ക് കവിതകള്‍. എന്റെയും നിന്റേയും എന്ന അഭേദമില്ലാത്ത അകക്കണ്ണു തുറക്കുന്ന അവസ്ഥയാണ് കവിത. എങ്കിലപ്പോഴത് ജീവാമൃതമായിമാറുന്നു. പലകവിതകളിലും ഈ ധ്വനി മുഴങ്ങുന്നുണ്ട്. ഒരാശയത്തിനു വേണ്ടിയല്ല മായയുടെ കവിതകള്‍ നിലകൊള്ളുന്നത്. ജീവിതംപോലെ വൈവിദ്ധ്യം നിറഞ്ഞവയാണവ.


 നിഴലനക്കങ്ങള്‍, കാവ്യനീതികള്‍, അമ്മയും കുഞ്ഞും, ഗ്രാമലക്ഷ്മി, അമ്മ, ഒരു തേക്കുപാട്ട്, മഹാരണ്യകം എന്നിവ ശ്രദ്ധേയമായ കവിതകളാണ്. 


നുകവും കാളയും എന്ന കവിതയില്‍ തന്റെ ധാര്‍മ്മികരോഷം പ്രകടമാക്കുന്നു. കൈനയാതെ മീന്‍പിടിക്കുന്നവന്റെ കാലമാണിത്. നുകംപേറാന്‍ വിധിക്കപ്പെട്ടവന്‍ എന്നും നടുവളഞ്ഞവനാണ്. ''ഓരോഅടിയിലും ജീവിതംതന്നെ തേഞ്ഞില്ലാതാവുകയാണ്. കാരണം അവന്റെ കയ്യിലാണല്ലോ ചാട്ടവാറ്.'' 


ഒളിച്ചോടാന്‍ ഇടമില്ലാത്ത സ്വര്‍ണ്ണപ്പക്ഷി!  സ്ത്രീക്ക് നല്‍കാവുന്ന വലിയ വിശേഷണം. 

''ഉടലുരുക്കി ഭൂമി പിളര്‍ത്തിവെച്ചാലും 

ചോദ്യങ്ങള്‍ ബാക്കിവെച്ചവള്‍'' കുഴലൂത്തുകാരിയിലെ വരികള്‍ക്കിടയില്‍ ഒരുപക്ഷെ നാം കണ്ടുമുട്ടുന്നത് സീതയോ പാഞ്ചാലിയോ അഥവാ ഭൂതകാലം കോറിവരച്ചു മാറ്റിയ അനേകം സ്ത്രീകളേയോ?


'മാറാപ്പ്' എന്നതിലാവട്ടെ കാലപ്പഴക്കം കൊണ്ടുപോലും മാറ്റാനാവാത്ത ജീവിതഭാരത്തെ കുറിച്ചുപറയുന്നു.


കറുത്തസൂര്യന്റെ വിത്തുകള്‍വീണു മുളച്ച് കറുപ്പായി തീര്‍ന്ന ഈ ലോകത്തെക്കുറിച്ച്  കവിക്ക് ദുഃഖമുണ്ട്(വിത്തുകള്‍).

എന്നാലും ആത്മാവില്‍ പൂക്കുന്ന സ്മൃതിരാഗമായ്, മുളന്തണ്ടായ്, അലയുന്ന രാധയെ മാധവന്‍ അറിയാതിരി ക്കില്ലെന്ന പ്രതീക്ഷയുമുണ്ട്.


 സ്വയം മൂഢസിംഹാഹനം പണിയുന്നവരെകുറിച്ച് പരിഹാസവും തോന്നുന്നുണ്ട്.

'' കാത്തുവെച്ച ജീവിതം മറച്ചുവെച്ച്

 ശരീരവുംകൊണ്ട് എങ്ങോട്ടോ 

അപ്രത്യക്ഷരായവര്‍'' (അവരെ കുറിച്ച്  വലാതിയും ഉണ്ട്. (അപ്രത്യക്ഷമാകുന്നവ(ര്‍))


വായനക്കാരെ തീവ്ര വൈകാരികതയുടെ ഉലയില്‍ അഗ്നിസ്നാനം ചെയ്യിക്കുന്ന വരികള്‍. ജീവിതത്തിന്റെ ആഴങ്ങളില്‍ മനസ്സൂന്നിയതിന്റെ പ്രത്യക്ഷീഭവിക്കലാണ് കവിത. ധ്യാനത്തിന്റേയും മൗനത്തിന്റേയും പരകോടിയിലേക്ക് വാക്കുകളെ സന്നിവേശിപ്പിക്കുന്ന ചടുലത. സുതാര്യവും ലളിതവും അനായസവുമായ കാവ്യശൈലി. ഇത് മായയുടെ കവിത്വത്തിന്റെ മുതല്‍ക്കൂട്ടാണ്.


 ജീവന്റെ അനന്ത യാത്രയാണിവിടെ മായയുടെ കവിത. സര്‍ഗ്ഗാത്മകതയുടെ അനവദ്യ സുന്ദരമായ അനുഭവമായ്  മായയുടെ കവിതകള്‍ മാറുന്നുണ്ട്. ഒന്നേ പറയാനുള്ളു. 'പ്രയാണത്തിര'യില്‍ മായ പറയുന്നതു പോലെ 

''ഒതുക്കി വെക്കപ്പെടാത്ത നിന്റെ തുുഴയും കണ്ടെടൂത്ത് യാത്രതുടരാം.' എന്നിട്ട് ദൂരങ്ങള്‍ അളക്കാതെ കവിതയെഴുതുക... നിലാവിന്റെ കൂട്ടുകാരിയായവളേ....


ഡോ: പി സരസ്വതി

===============


 

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി