ആസ്വാദനം -ഉമാദേവി തുരുത്തേരി
തത്ത്വമസിയിലെ ഉമാദേവി തുരുത്തേരിയുടെ Umadevi Thurutheri ( ഉമേച്ചിയുടെ ) കവി പരിചയവും മണ്ണാങ്കട്ടേം കരീലേം പുസ്തകത്തിന്റെ അവലോകനവും.,...
🙏നമസ്കാരം പ്രിയരേ 🙏
്്്്്്്്്്്്്്്്്്്്്്്്്്്്
ഇന്നത്തെ എൻ്റെ ആസ്വാദനം ''മണ്ണാങ്കട്ടേം കരീലേം'' എന്ന മായ ബാലകൃഷ്ണൻ്റെ കവിതാസമാഹാരത്തിനാണ്.തത്ത്വമസി സഹയാത്രികയും ഏവർക്കും പ്രിയപ്പെട്ടവളുമാണ് മായ.
കവി-മായ ബാലകൃഷ്ണൻ
Maya Balakrishnan
*************************************
കാവ്യസമാഹാരം- മണ്ണാങ്കട്ടേം കരീലേം
****************************************
ആസ്വാദനം -ഉമാദേവി തുരുത്തേരി
Umadevi Thurutheri
****************************************
മായയെ അറിയാൻ തുടങ്ങിയനാൾമുതൽ എനിക്ക് മായയൊരു വിസ്മയമാണ് മനസ്സിൽ.
പതിനഞ്ചാം വയസ്സിൽ തുടങ്ങിയ രോഗത്തിൻ്റെ മൂർച്ഛയിൽ 90% ചലനശേഷി നഷ്ടപ്പെട്ടിട്ടും വിധിയോട് പോരാടി ആർജ്ജവത്തോടെ എഴുത്തിലൂടെയും വായനയിലൂടെയും വരയിലൂടെയും കാലത്തോട് കലഹിച്ചു സ്വയം മുന്നേറിയ സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമാണ് മായ.ഡിജിറ്റൽയുഗത്തെ അപ്രാപ്യമായികണ്ടു പിന്നീടതു കൈവെള്ളയിൽ നാലാംവിരലിലൊതുക്കി തൻ്റെ കരുത്തിലൂടെ നവമാധ്യമരംഗത്ത് പ്രകാശംപരത്തുന്ന പെൺകുട്ടിയാണ് മായ.
അദ്ധ്യാപകരായ കെ എസ് ബാലകൃഷ്ണൻ നായരുടെയും പി കെ വിജയമ്മയുടെയും നാലു മക്കളിൽ ഇളയവളാണ് ഈ വിസ്മയത്തൂലികയുടെ ഉടമ മായ.
എറണാകുളം ജില്ലയിൽ നായത്തോടാണ് മായയുടെ ജനനം.നായത്തോട് മഹാകവി ജി മെമ്മോറിയൽ സ്കൂളിലും അങ്കമാലി ഹോളി ഫാമലി ഗേൾസ് സ്കൂളിലും പഠിച്ച മായയ്ക്ക് കാലടി ശ്രീശങ്കര കോളേജിൽ പ്രിഡിഗ്രിയ്ക്ക് ചേർന്നെങ്കിലും രോഗം കാരണം പഠനം തുടരാൻ കഴിഞ്ഞില്ല.
മായയുടെ ഈ പുസ്തകം
'മണ്ണാങ്കട്ടേം കരീലേം'കൂടാതെ തുടികൊട്ട് നിഷ്കാസിതരുടെ ആരൂഢം എന്നീ രണ്ടു കവിതാസമാഹാരങ്ങളും ''നാലാം വിരലിൽ വിരിയുന്ന മായ'' ഓർമ്മക്കുറിപ്പും ''വെള്ളപ്പൊക്കത്തിലെ പൂച്ച'' എന്ന ബാലകഥാസമാഹാരവും പബ്ലിഷ് ചെയ്തിട്ടുണ്ട്.
സ്ത്രീകളും ഭിന്നശേഷിയും എന്ന വിഷയത്തിൽ സംസ്ഥാനതല ഭിന്നശേഷി കൂട്ടായ്മയുടെ 'വരം' സാഹിത്യപുരസ്കാരവും ''നിഷ്കാസിതരുടെ ആരൂഢം''എന്ന കാവ്യസമാഹാരത്തിന് കേരള സംസ്ഥാനസർക്കാരിൻ്റെ ഭിന്നശേഷി കമ്മീഷണറേറ്റ് നൽകുന്ന പുരസ്കാരപദ്ധതിയിൽ മൂന്നാംസ്ഥാനവും ''നാലാംവിരലിൽ വിരിയുന്ന മായ'' എന്ന പുസ്തകത്തിന് ഡോ.സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പതിനാലു വർഷത്തോളം പേനപിടിക്കാൻ കഴിയാതിരുന്ന മായ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടന്ന അക്ഷരമുത്തുക്കൾ കോർത്തിണക്കി എഴുതാൻ തുടങ്ങി നിരവധി സാമാഹാരങ്ങൾ ആർജ്ജവത്തോടെ
പബ്ലിഷ് ചെയ്തതുകാണുമ്പോൾ
മായയേ ഒരു മാലാഖയായേ നമുക്ക് കാണാൻ കഴിയൂ.
മായയുടെ 53 കവിതകളടങ്ങുന്ന മിഴിവാർന്ന കാവ്യസമാഹാരമാണ്
'മണ്ണാങ്കട്ടേം കരീലേം'.പ്രസാധകർ വെണ്ണില പുസ്തകക്കൂട്ടമാണ്.''മുത്തായ മൂകവേദനകൾ'' എന്നതലക്കെട്ടോടു കൂടിയ ഹൃദയഹാരിയായ അവതാരികയെഴുതിയത് നമുക്കെല്ലാം സുപരിചിതനായ അഭിവന്ദ്യനായ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ മാഷാണ്. മാഷെഴുതിയ അവതാരിക പുസ്തകത്തിനൊരു പൊൻ തിലകമാണ്.
''മണ്ണാങ്കട്ടേം കരീലേം''
സമാഹാരത്തിലെ ആദ്യകവിതയാണ്.
സമാഹാരത്തിന് ഈ പേരിട്ടത് ഉചിതമായെന്ന് കവിതയിലെ ആദ്യവരികൾ കൃത്യമായി അടയാളമിടുന്നത് നോക്കു
''വെറുക്കപ്പെട്ടവരുടെ ഒതുക്കിവയ്ക്കപ്പെട്ട മൗനങ്ങളാണ് കരിയിലകളായ് പാറിനടക്കുന്നത്.
അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം മൺപുറ്റായ് കാൽക്കീഴിൽ ഞെരിച്ചമർത്തുകയാണ് ''
പലപ്പോഴും എന്തിനാണ് വെറുക്കപ്പെട്ടതെന്നുപോലും അറിയാതെ,ചോദിക്കാനോ വഴക്കിടാനോ അവാതെ ,ഇടവഴികളിലെ കരിയിലകൾപോലെ ചിലർ പാർശ്വവത്കരിക്കപ്പെടുന്നു.
അവരുടെ മൗനത്തിലാണ്ടുപോയ
മൊഴിമുറിഞ്ഞുപോയ വചനങ്ങൾ
മണ്ണിൽ വീണുടഞ്ഞു വാല്മീകത്തിലമരുന്നു.തീവ്രമായ രചനയാണിത്,ജീവിതഗന്ധിയും.
''വിശപ്പാഴം' എന്ന കവിത
വിശന്നുവലഞ്ഞൊരാണും പെണ്ണും തെരുവിൽ കണ്ടുമുട്ടുന്നതാണ്.
വിശന്നുവലഞ്ഞു ഉമിനീരിറക്കുന്ന
അവൾക്ക് ആകശം കറങ്ങുന്നതായാണ് തോന്നിയത്.അവനും ഏതാണ്ടതുപോലെ വിശന്നു കൊതിയൂറിയ ഒട്ടിയവയറുള്ളവൻ.
അവൻ ഒടുങ്ങാത്ത വിശപ്പോടെ അവളെ വരിഞ്ഞുമുറുക്കി അടിവയറ്റിനുമടിയിൽ
അവളെ ആഞ്ഞുകൊത്തി പലതവണ.
അവളാകട്ടെ വെന്തുപോയി നോവുപോലുമറിയാതെ,അതാണവൻ മിണ്ടാതെ പോയതത്രേ.തീക്ഷ്ണമായ രചനയാണിത്.
''പുതുനാമ്പുകൾ'' ഇക്കവിത ഗ്രീഷ്മതാപത്താൽ വറ്റിവരണ്ട പാടവും
എന്നാൽ അങ്ങിങ്ങായി പിടിത്താളും കൈതോലക്കാടും കണ്ടെങ്കിലും അവയും നശിച്ചെന്നും നശിപ്പിച്ചെന്നും ധ്വനിപ്പിക്കുന്നു രചന.ഇനിയൊരു പുൽനാമ്പുയരാൻ പുതുമഴപെയ്യണം.
ദാഹത്തോടെ വേരുകളാഴ്ത്തണം ധരണിയിൽ ദാഹം ശമിച്ചു ജീവൻ്റെ വിത്തുപാകണമെന്നും സൂര്യകിരണമേറ്റു
അവപുഞ്ചിരിക്കണമെന്നും കവിത കനവുകാണുന്നു.
''നിശാഗന്ധികൾ''ഇക്കവിത കാല്പനികഭാവം തുളുമ്പുന്ന രചനയാണ്.
രാവാകും അമ്മയ്ക്കൊരു വെളുത്ത മകൾ അതാണ് നിശാഗന്ധി.ചിലപ്പോൾ
കൂരിരുൾ ഗർഭംധരിച്ചു ഞെട്ടറ്റു മണ്ണിൽ പിറന്നതാകാം അവൾ.രാവിൻ്റെ കണ്ണീർ ഇറ്റിറ്റുവീണു വെളുത്തതാകാം കറുത്തമ്മയുടെ താരറാണിയാം മകൾ.
കറുപ്പിനും വെളുപ്പിനും അഴകുണ്ടെന്നു
പറയാതെ പറയുന്നു രചന.
''നിലാത്തുള്ളി'' മനോഹരമായൊരു രചനയാണ്.കണ്ണൻ ബലരാമനൊപ്പം ദ്വാരകയിൽ പോയപ്പോൾ വൃന്ദാവനവും വള്ളിക്കുടിലും കാളിന്ദീതീരവും വിരഹിണിയും വ്യഥിതയുമായ രാധയേ കണ്ടു സങ്കടപ്പെട്ടെങ്കിലും കണ്ണൻ്റെഹൃദയത്തിലാണ് രാധയെന്നും കുടിയിരിക്കുന്നത്.രാധയില്ലെങ്കിൽ കണ്ണനില്ല രാധാമാധവപ്രണയം
കവിതയിൽ അനുഭവവേദ്യമാകുന്നുണ്ട്.
''അമ്മ'' എന്ന രചന അമ്മയെന്നാൽ സഹനവും സങ്കടത്തിൻ്റെ നെരിപ്പോടുമാണെന്നും അയലിൽ ഉണക്കാനിട്ട തുണിയിലേ നനവു തോർത്തിയെടുത്ത ജീവിതമാണമ്മയുടേതെന്നും അനുഭവച്ചൂടിൽ കവി തീവ്രമായി കവിതയിലൂടെ അമ്മയേ നമ്മുടെ
നെഞ്ചിലും ഈറനണിയിക്കുന്നുണ്ട്.
ഈ സമാഹാരത്തിലെ ഓരോ കവിതയും ജീവൻ്റെ തുടിപ്പറിയിക്കുന്ന രചനകളാണ്.മായയുടെ ഇതിലെ എല്ലാ രചനകളേയും ഞാനെൻ്റെ ഹൃദയത്തോടുചേർത്തു. ഇനിയും മായയുടെ അത്ഭുതമൂറുന്ന തൂലിക ശക്തമായി ചലിക്കട്ടെ.
മായക്കുട്ടിക്ക് ആശംസകൾ നേരുന്നു🌹🌹
*ഉമാദേവി തുരുത്തേരി*
*മണ്ണാങ്കട്ടേം കരീലേം
*പബ്ലിക്കേഷൻ-വെണ്ണില പുസ്തകക്കൂട്ടം
*വില-140/Rs

Comments
Post a Comment