ഷൈനി യുടെ ജന്മദിനാശംസ
ഷൈനി അക്ഷരം
പ്രിയപ്പെട്ടവളെ.. ജന്മദിനാശംസകൾ ! പ്രാർത്ഥനകൾ !
ഇന്നലെ പാതിരാത്രി കഴിഞ്ഞപ്പോ വിളിച്ചു പൊക്കി 'ഹാപ്പി ബർത്ത് ഡേ ' പറഞ്ഞപ്പോ ഉള്ള നിൻ്റെ അമ്പരപ്പും പിന്നീടുള്ള ചിരിയും ഉള്ളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഒരുപാട് പറയാനുണ്ടാവുമ്പോ ഒന്നും വാക്കുകളായി പുറത്തു വരില്ല.. അതിവിടെ ഞാനനുഭവിക്കുന്നു. കൊവിഡ് മുടക്കിക്കളഞ്ഞ യാത്രകളിൽ അങ്ങോട്ടുള്ളതും പെടുന്നു. നമ്മൾ കണ്ടിട്ടൊരുപാടായി..!
മുഖപുസ്തകത്തിനു മുഖം കൊടുത്തു തുടങ്ങിയ നാളുകളിൽ തന്നെയാണ് മായാ ബാലകൃഷ്ണൻ എന്ന ഈ വിസ്മയത്തെ എനിക്ക് കൂട്ടായി കിട്ടിയത്. 'പരിചയപ്പെടേണ്ട ഒരാളാണ്' എന്നു പറഞ്ഞ് നമ്പർ തന്നു വിളിക്കാൻ പറഞ്ഞത് ജെറി സാറാണ്. അന്നു തുടങ്ങി ഈ മായാ സൗഹൃദം.
2012 ലെ ഒരു ഡിസംബർ ദിനത്തിൽ
Sr സുജാതയുടെ കൂടെയാണ് ആദ്യമായി ചെന്നു കണ്ടത്.പിന്നീടെത്രയോ കൂടിക്കാഴ്ചകൾ.. ജന്മാന്തര ബന്ധമെന്നപോലെ ശക്തമായ സാന്നിദ്ധ്യമായി അവളെന്നോ ഒപ്പം നടക്കുന്നു.. അതിലുപരി എന്നെ നടത്തുന്നു!
വേദനയൊഴിയാത്ത, ഓർക്കാനിഷ്ടമില്ലാത്ത ഭൂതകാലത്തെ പണിപ്പെട്ട് വകഞ്ഞു മാറ്റി ശക്തിയാർജ്ജിച്ചതുകൊണ്ടാവാം മായയുടെ അക്ഷരങ്ങളിൽ ചിലപ്പോ അഗ്നിജ്വാലകൾ തെളിയുന്നത് ...ആ കൈകളിലൂടെ വീണ്ടും അക്ഷരങ്ങളും ചിത്രങ്ങളും പിറന്നത് അവളെ സ്നേഹിച്ച ഒരു പാടു പേരുടെ കഠിനാധ്വാനത്തിൻ്റെയും പ്രാർത്ഥനയുടെയും ഫലമാണ്..! വളരെ വിശാലമായ സൗഹൃദവലയമുണ്ട് മായയ്ക്ക് . ഞാനവരിൽ ഒന്നു മാത്രം. അതൊരനുഗ്രഹമാണെനിക്ക്. വാക്കുകൊണ്ടും കർമ്മം കൊണ്ടും കുറെ സഹായങ്ങൾ എനിക്കു കിട്ടിയിട്ടുണ്ട്. അതിലൊക്കെയുപരി എനിക്കിവൾ ബലമാണ്.. താങ്ങി നിൽക്കാനൊരിടമാണ്. കലപില പറയാനുള്ള കൂട്ടാണ്.. അങ്ങനെ എന്തൊക്കെയോ ആണ്.
എഴുത്താണ് മായയുടെ വഴിയും ലക്ഷ്യവും. ഇനിയുമൊരുപാട് പുസ്തകങ്ങൾ പ്രകാശിക്കട്ടെ മായയുടെതായി.. അക്ഷരങ്ങൾ നക്ഷത്രങ്ങളായി തിളങ്ങട്ടെ.. നിഴലുപോലെ കൂടെ നിൽക്കാൻ എനിക്കുമാവട്ടെ എന്ന പ്രാർത്ഥനകളോടെ... ഒരായിരം ജന്മദിനാശംസകൾ നേരുന്നു.
ഷൈനി അക്ഷരം
Comments
Post a Comment