മനീഷാ മുകേഷ്ലാലിന്റെപോസ്റ്റ്
മനീഷാ മുകേഷ്ലാലിന്റെപോസ്റ്റ്
*മണ്ണാങ്കട്ടേം കരിയിലേം*
മണ്ണാങ്കട്ടയും കരിയിലയും യാത്ര പോയ കഥ നമ്മളെല്ലാം കുട്ടിക്കാലത്ത് കേട്ടു കാണും. പരസ്പരം ആശ്രയിച്ച് ലക്ഷ്യത്തിൽ എത്തുന്ന കഥ. മഴപെയ്യുമ്പോൾ അലിയാതിരിക്കാൻ മണ്ണാങ്കട്ടക്ക് കരിയില തണലാകുന്നു. കാറ്റത്ത് പറക്കാതിരിക്കാൻ മണ്ണാങ്കട്ട കരിയിലക്ക് താങ്ങാവുന്നു. ഒന്നും ചെയ്യാൻ പറ്റില്ല എന്ന് മറ്റുള്ളവർ കരുതുന്ന അല്ലെങ്കിൽ അവഗണിക്കപ്പെട്ടവരുടെ ലക്ഷ്യ സാക്ഷാത്ക്കാരം അതാണ് യഥാർത്ഥത്തിൽ മണ്ണാങ്കട്ടയും കരയിലയും കഥ.
*മായ ബാലകൃഷ്ണന്റെ* ഏറ്റവും പുതിയ കവിത സമാഹാരത്തിന്റെ പേര്
*മണ്ണാങ്കട്ടേം കരിയിലേം* എന്നാണ്.ഇത് യഥാർത്ഥത്തിൽ അക്ഷരങ്ങളും മായയും ചേർന്നുള്ള ഒരു യാത്രയാണ്. മണ്ണാങ്കട്ടയുടെയും കരിയിലയുടെയും യാത്ര പോലെ വീണുപോകും എന്ന് തോന്നുന്ന സന്ദർഭത്തിലെല്ലാം അക്ഷരങ്ങളുടെ കൈപിടിച്ച് മായ നടക്കുകയാണ്, പ്രതിസന്ധികളെ അതിജീവിക്കുകയാണ് ഒരു കിടക്കയിൽ പൂർണമായും തളച്ചിടേണ്ടിവന്ന ജീവിതത്തെ തന്റെ ജാലകത്തിനും അപ്പുറത്തെ ലോകത്തേക്ക് അക്ഷരങ്ങളുടെ കൈപിടിച്ച് നടത്തുകയാണ് മനസ്സുകൊണ്ട് മായ.
ആ യാത്രയിൽ കാണുന്ന കാഴ്ചകളെല്ലാം കാമ്പുള്ള കവിതകൾ ആയി രൂപാന്തരപ്പെട്ടിരിക്കുകയാണ്.
ഈ പുസ്തകത്തിന്റെ അവതാരികയിൽ കവി കുരീപ്പുഴ പറഞ്ഞിട്ടുണ്ട് "മുത്തായ മൂക വേദനകൾ എന്ന് " അതെ അനുഭവങ്ങളുടെ നിന്നും പിറവിയെടുത്ത അക്ഷരങ്ങളാണ് മായയുടെ കവിതകളുടെ കരുത്ത് ജീവിതാനുഭവങ്ങൾ ഉരുക്കിചേർത്ത ഈ കവിതകളിൽ ജീവിത വേദനയും പ്രത്യാശയും എല്ലാം നിറഞ്ഞുനിൽക്കുന്നു.
ജീവിതത്തിൽ ഒരു പ്രതിസന്ധി വരുമ്പോഴേക്കും ജീവിതം മടുക്കുന്ന അല്ലെങ്കിൽ വേറൊന്നും വേണ്ട എന്ന് നിരാശയുടെ പടുകുഴിയിലേക്ക് വീണു പോകുന്ന മനുഷ്യരുടെ ലോകത്തു ചലനശേഷി 90% നഷ്ടപ്പെട്ടിട്ടും അക്ഷരങ്ങളുടെ വെളിച്ചത്തിൽ ജീവിതത്തെ പ്രതീക്ഷയോടെ കാണുന്ന അല്ലെങ്കിൽ അക്ഷരങ്ങളുടെ ബലത്തിൽ മാത്രം ജീവിതത്തെ നോക്കി പുഞ്ചിരിക്കുന്ന മായയുടെ കൃതികൾക്കും ആ വെട്ടമുണ്ട്.
പുസ്തകത്തിലെ ചില കവിതകളിലൂടെ.
*മഴ നോവുകൾ* എന്ന കവിത നോക്കുക "എത്രയെത്ര പെരുമഴകൾ നനഞ്ഞു എന്നിട്ടും ഓർമ്മയുടെ പുതപ്പിട്ടു മൂടി വെയിൽ കുടിച്ച് പോകുന്ന പാതി കുതിർന്ന ഉപ്പു കല്ലുകൾ ഇനിയും അലിയാതെ ബാക്കി"
*പൂത്തിരി തിളക്കം* എന്ന കവിത നോക്കുക ബസ്റ്റാൻഡിൽ ഭിക്ഷ യാചിക്കുന്ന കുട്ടി ഒരിക്കലും ഒരു കളിപ്പാട്ടം മോഹിക്കുന്നില്ല എന്നാൽ വിശപ്പകറ്റാൻ ഒരു അപ്പക്കഷ്ണമോ തനിക്ക് നേരെ നീളുന്ന ഒരു ചെറു ചിരിയോ പ്രതീക്ഷിക്കുന്നുണ്ട് അതിപ്പോൾ ബസ്സിൽ അലസമായിരിക്കുന്ന ഒരുവനിൽ നിന്നാണെങ്കിലും ആധുനികൻ എന്നു നടിച്ച് പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ആളിൽ നിന്നാണെങ്കിലും.
അതെ അവഗണനയിൽ നിശ്ശ്ബ്ദമാക്കപ്പെടുന്നവരുടെ ശബ്ദമാണു മണ്ണാങ്കട്ടേം കരിയിലേം.
എത്രയൊക്കെ
അടിച്ചമർത്തി വെച്ചാലും കെട്ട്പൊട്ടിച്ചു പുറത്ത് വരിക തന്നെ ചെയ്യും ആ ശബ്ദം.
*ബോൺസായ്* എന്ന കവിത നോക്കുക
" ഓരോ വിത്തും പ്രകാശിക്കും
മണ്ണിനുമേലെ പൊന്തും ഏതുവേലിയും പൊളിച്ച്
പടർന്നു പന്തലിക്കും മുത്തുകൾ പൊഴിക്കും
വാക്കിന്റെ രസനയുടെ നീർക്കുമിളകൾ പൊട്ടി
ചിന്തകളിൽ മഴവിൽ ഉതിർക്കും"
അതെ എത്രയൊക്കെ വെട്ടിയൊതുക്കിയാലും ഒരു തരി വെട്ടമോ, വെളിച്ചമോ മതി ബോൺസായ് വളരാൻ.
പടനിലം കത്തിച്ചാമ്പലായി തീർന്നാലും അവന്റെ കൊടിയടയാളം ആ വീര്യത്തിൽ മുങ്ങി നിവർന്നു തന്നെ നിൽക്കും ജീവന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ പടയോട്ടം നടത്തിയഒരുവളുടെ *ഒസ്യത്ത്* .
അതെ ഈ പുസ്തകം മായയുടെ ഒസ്യത്ത് തന്നെയാണ്.
*മാറാപ്പ്*വിശപ്പാഴം* *പൊട്ടക്കിണറുകൾ*
*കായ്മരങ്ങൾ*
തുടങ്ങി വേറിട്ട നിരവധി കവിതകളുണ്ട്.
53 കവിതകളാണ് ഈ പുസ്തകത്തിൽ ആകെ ഉള്ളത്. കവി കുരീപ്പുഴ ശ്രീകുമാർ ആണ് അവതാരിക എഴുതിയിരിക്കുന്നത് 140 രൂപ വിലയുള്ള ഈ പുസ്തകത്തിന്റെ പ്രസാധകർ വെണ്ണിലപുസ്തകക്കൂട്ടമാണ്. ഈ പുസ്തകം എല്ലാവരും വാങ്ങണം, വായിക്കണം,വായനാനുഭവം പങ്കിടണം. വീണു പോയിട്ടും വീണിടത്തു കരഞ്ഞു കിടക്കാതെ ജീവിച്ചിരുന്നു എന്ന് തെളിയിക്കാൻ പോരാടുന്ന മായക്ക് നൽകാവുന്ന ഏറ്റവും വലിയ അംഗീകാരം ആകുമത്.
*മനീഷ*
(മണ്ണാങ്കട്ടേം കരീലേം കവിതാസമാഹാരം ഇപ്പൊൾ 100 രൂപക്ക് നിങ്ങളിലേക്ക് എത്തിക്കുന്നു.
പുസ്തകം വേണ്ടവർ മായ ബാലകൃഷ്ണന്റെ മെസ്സെഞ്ചറിലോ വാട്സ് ആപ്പിലൊ അഡ്രെസ്സ്
പിൻ കോട് , മൊബൈൽ നമ്പർ സഹിതം അയച്ചുകൊടുക്കുക . ഗൂഗിൾ പേ ചെയ്യുക
WhatsApp 9497157065
Google pay നമ്പറും ഇതാണ്)
Comments
Post a Comment