റാം C/O ആനന്ദി, അഖിൽ പി ധർമ്മജൻ
റാം C/O ആനന്ദി, അഖിൽ പി ധർമ്മജൻ
==========
മിനി പ്രസാദ് ടീച്ചർ വന്നപ്പോൾ രണ്ടുപുസ്തകം കൊണ്ടുതന്നിരുന്നു. അതിൽ
അഖിൽ പി ധർമ്മജന്റെ റാം c/o ആനന്ദി!( d c Books) ചൂടപ്പംപോലെ വിറ്റഴിഞ്ഞ പുസ്തകം! കൈയിലെടുത്താൽ അതേ ചൂടോടെ നമ്മളത് വായിച്ചുതീർക്കും. വളരെ ഹൃദ്യമായൊരു നോവൽ.
റാം, ആനന്ദി, വെട്രി, രേഷ്മ, പാട്ടി അപരിചിതരായ അഞ്ചു പേർക്കിടയിലെ സൗഹൃദം വളർന്നുവരുന്ന കഥ! ചെന്നൈ നഗരം കേന്ദ്രീകരിച്ച് തൊഴിലും പഠിപ്പുമായ് എത്തിച്ചേർന്നവർ.
സിനിമാട്ടോഗ്രഫി പഠിക്കാൻ ആലപ്പുഴയിൽ നിന്നെത്തിയ ശ്രീരാം എന്ന റാം, ഒരച്ഛന്റെ മക്കളായ വെട്രിയും രേഷ്മയും
തമിൾ സ്വദേശികളുമാണ്. ഏറെ ദുരൂഹതകൾ നൽകുന്ന ആനന്ദിയും കൈയിൽ കിട്ടുന്ന സകല തൊഴിലുകളും ചെയ്യുന്നു.
അവളുടെ പരക്കം പാച്ചിലുകൾ വല്ലാത്ത ആകാംക്ഷയും ദുരൂഹതയും നിറയ്ക്കുന്നതാണ്.
വിധവയായ പാട്ടിയുടെ വീട്ടിൽ എല്ലാവരും ഒത്തുകൂടുന്നു. വെട്രിയും ആനന്ദിയും അവിടുത്തെ താമസക്കാർ. എല്ലാവരേയും മക്കളെപ്പോലെ കണ്ട് സ്നേഹിച്ച് വച്ചൂട്ടുന്നു പാട്ടി.
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഉള്ളുലയ്ക്കുന്ന കഥാപാത്രമുണ്ട്.
റാം ട്രെയിനിൽ വച്ചുപരിചയപ്പെടുന്ന ട്രാൻസ്ജൻഡർ യുവതി മല്ലി! ആരുടേയും ഹൃദയം പിടിച്ചുലയ്ക്കും അവൾ.
നമുക്ക്, ഹിജഡകൾ എന്നും തമിളിൽ അറുവാണിച്ചികൾ എന്നുമൊക്കെ വിളിക്കുന്ന ഒരു വിഭാഗത്തോടുള്ള സമീപനം തന്നെ മാറ്റിയെടുക്കും ഈ കഥാഭാഗം. അവരും നമ്മളെപ്പോലെ മനുഷ്യരാണ്. സ്നേഹിക്കാനും ആഗ്രഹിക്കാനും പ്രതീക്ഷിക്കാനുമൊക്കെ മനസ്സുള്ള ഒരുവിഭാഗം! കുടുംബവും സമൂഹവും പരുഷമായി തള്ളിക്കളയുമ്പോൾ റാം, പൂർവ്വഗൃഹത്തിലെ കാളിദാസ് എന്ന മല്ലിയെ സുഹൃത്തായി കൂടെകൂട്ടുന്നത്, അവളുടെ ഇഷ്ടങ്ങളെ സാധിച്ചുകൊടുക്കുന്നത് എല്ലാം കുളിരുകോരുന്ന അനുഭവമാണ്.
അവസാനഭാഗം എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നപോലെ ആനന്ദിയുടെ ജീവിതച്ചുരുളഴിയുന്നത് ഒരു ചരിത്ര ഏടായി മാറുന്നു. സസ്പെൻസ്! അവിടെ നിക്കട്ടെ!
300-ലധികം പേജുകളുള്ള ഈ പുസ്തകം തല മരവിക്കാതെ വായിക്കാം എന്നുള്ളത് ഒരു പ്ലസ് പോയിന്റ് ആണ്.
ഇക്കാലത്ത് വായിച്ചവയിൽ ഏറെ ഇഷ്ടം റാം c/o ആനന്ദി തന്നെ!
ബാംഗ്ലൂർ കേന്ദ്രീകരിച്ച് പെൺകുട്ടികൾ സംഘത്തിന്റെ കഥപറയുന്ന "ഏറ്റവും പ്രിയപ്പെട്ട എന്നോട്" (dc books നിമ്ന വിജയൻ) ടോപ് ലിസ്റ്റിൽ കയറിയ മറ്റൊരു പുസ്തകമാണ്.
ഉത്സാഹത്തോടെ വായിക്കാം എങ്കിലും കൂടുതൽ പ്രിയം തോന്നിയത് റാമും ആനന്ദിയും വെട്രിയും പാട്ടിയുമടങ്ങുന്ന സംഘത്തെയാണ്.
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
29/7/2024


Comments
Post a Comment