വഴിത്തിരിവ് , ചെറുകഥകൾ, എൻ കെ രാമ വാര്യർ
എൻ കെ രാമവാര്യർ
വഴിത്തിരിവ് ( ചെറുകഥകൾ)
============
മധുരവും ലളിതവുമായ ഭാഷയിൽ നല്ല ഒതുക്കത്തോടെ നടത്തിയിട്ടുള്ള എഴുത്തുകളാണ് ഈ കഥകൾ.
വളച്ചുകെട്ടലുകളില്ലാതെ, നല്ല ഒഴുക്കോടെ ആകാംക്ഷയ്ക്ക് തെല്ലും കുറവില്ലാതെ വായിച്ചുതീർക്കാനാവും! എങ്കിലും ഓർമ്മകളും അനുഭവങ്ങളും ഇഴചേർന്ന് കഥയോളം വളർന്നവയാണ്. കഥാകൃത്ത് എന്ന നിലയിൽ ഇടയ്ക്ക് എഴുത്തിൽ പതർച്ച കാണുന്നുണ്ട്. സമൂഹത്തിനു നേരെ മനോഭാവങ്ങളുടെ നേരെ വിരൽചൂണ്ടുന്നുണ്ട് ഇവ.
ആദ്യ കഥയിൽ ജ്യോത്സ്യവചനം ശരിയാവുന്ന സംഭവമാണ് മണിക്കുട്ടിയുടേത്. എന്നാൽ "ഏകാദശി" ബാല്യത്തിലെ സ്കൂൾദിനങ്ങളെ അനുസ്മരിച്ചുകൊണ്ട് വിശപ്പിന്റെ വിളിയെ പ്രതിരോധിക്കാനാവാതെ മുത്തശ്ശിയെ പറ്റിച്ച് ഉപ്പുമാവെടുത്ത് കഴിച്ച അനുഭവമാണ്.
"ഉറുമ്പിന്റെ പ്രതികാരം" ഗതികെട്ടാൽ ഉറുമ്പ് പോലും പ്രതികരിക്കും എന്ന് ജീവിവർഗ്ഗത്തെ പ്രതിനിധാനം ചെയ്ത് എഴുതുന്നു. "ഒരുമുഴം മുൻപേ" ചൂഷണങ്ങളെ മുൻ കൂട്ടി കണ്ട് ബുദ്ധിപൂർവ്വം പ്രവർത്തിച്ചാൽ പ്രതിരോധിക്കാം എന്ന സന്ദേശമാണ് നൽകുന്നത്.
"കഥയറിയാതെ " വിവാഹ തട്ടിപ്പിന്റെ കഥപറയുന്നു. "ഒരു മുത്തശ്ശിക്കഥ!" കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുന്ന രീതിയിൽ എഴുതിയതാണ്. ഓണത്തിന് വീട്ടിലെത്തുന്ന സാധുക്കൾക്ക് ഭക്ഷണം കൊടുക്കണം എന്ന സാരോപദേശമാണ്ഹ മുത്തശ്ശി നൽകുന്നത്. "അവൾ" ജീവിതത്തിൽ ഒറ്റപ്പെട്ടുപോയൊരുവൾക്ക് ആശ്വാസവാക്കുകൾ പകർന്ന് ആത്മഹത്യയിൽ നിന്നുവരെ രക്ഷിച്ചെടുത്തു. തുടർന്നും വർഷങ്ങൾക്ക് ശേഷം തികച്ചും ശാരീരികമായ് തളർന്ന അവൾക്ക് തണലാവുന്ന അവളുടെ വാര്യരേട്ടൻ!
"തണൽ മരം" മനുഷ്യർ ഇന്ന് വളർത്തുമൃഗളെ പോറ്റമ്മയേക്കാളും ഇഷ്ടത്തോടെ വളർത്തുന്ന കാലമാണ്. ഇവിടെ
സ്നേഹിച്ചു കൂടെകൂട്ടിയ വളർത്തുനായ ജീവിതത്തിൽ അധികപറ്റാവുന്ന അവസ്ഥയിൽ വിവാഹിതയായത്തിയ കുടുംബം, ആ സ്നേഹത്തിനുമുന്നിൽ തോറ്റുപോകുന്ന കഥയാണിത്.
"വഴിത്തിരിവ്" കപട സ്നേഹത്തിന്റെയും ചതിയുടെയും കഥയാണ്. കാലത്തിന്റെ ദുർമുഖം! മനുഷ്യൻ മണ്ഡനാവരുത് എന്നൊരു സന്ദേശം കൊടുക്കുന്നു. "തമാശ വരുത്തിയ വിന", ഓർമ്മക്കുറിപ്പിനോട് ചേരുംവിധത്തിലൊരു രചനയാണ്.
"പോക്കുവെയിൽ" വാർദ്ധക്യത്തിന്റെ നൊമ്പരങ്ങളാണ്.
സ്വത്തും സമ്പത്തും വാങ്ങിയെടുത്ത് അവസാനം അഭയകേന്ദ്രങ്ങളായി മക്കളുടെ വീടുകൾ തോറും അവഗണനയും വെറുപ്പും പേറി ജീവിച്ചുതീർക്കേണ്ട അവസ്ഥ തുറന്നുകാട്ടുന്നു. ഹൃദയസ്പർശിയാണ്. കാലികമാണ് കഥ.
"അശ്വതി നക്ഷത്രം" വികാരവായ്പോടെ വായിക്കാവുന്ന കഥയാണ്. ഒരുകൊച്ചുകുട്ടിയുടെ അന്ത്യത്തിൽ കലാശിക്കുന്നു.
"വസന്തം വഴിമാറിയപ്പോൾ" മദ്യവും സുഹൃത്തുകളും കുടുംബജീവിതത്തെ തകർക്കുന്നതും പുനരുജ്ജീവിപ്പിക്കു ന്നതുമാണ് കഥാതന്തു. "ഒരു മടക്കയാത്രയുടെ അനുഭവകഥ" ഉറച്ച വിശ്വാസത്തിന്റെയും, ഭയപ്പെടുത്തുന്ന കേട്ടുകേൾവി കളുടെയും പിന്നാലെ പോകുന്ന മനസ്സിന്റെ സഞ്ചാരം കൂടിയാണീ യാത്ര.
"സെക്കന്റ് ഒപ്പീനിയൻ" മിടുക്കിയായ പെൺകുട്ടിക്ക് തലയിൽ റ്റ്യൂമർ വരുന്നതും അത് നീക്കം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചുവരുകയുമാണ്. ചികിത്സക്കിടയിൽ ആരോഗ്യവും മുടിയും ശരീരവുമെല്ലാം നഷ്ടപ്പെട്ട് കോലംകെട്ട അവളുടെ മുന്നിലേക്ക് നീട്ടിവളർത്തിയ മുടിയെല്ലാം വെട്ടി നല്ല കോലത്തോടെ എത്തുന്ന കാമുകനെക്കണ്ട് അവളും അത്ഭുതപ്പെടുന്നുണ്ട്. അവൻ പറയുന്ന കഥയിൽ മുടിവെട്ടിക്കൊടുത്തത് അവൾക്കായിരിക്കുമോ!? സ്നേഹബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുകയാണിവിടെ.
"കടല കടല കപ്പലണ്ടി" വിധവയായ ഒരമ്മയും മകനും! അമ്മയെ സഹായിക്കാൻ ചെറുജോലികൾ ചെയ്ത് അമ്മയ്ക്ക് തണലാവുന്നു ആ മകൻ. ആ മകന്റെയും അടുത്ത തലമുറയുടെയും കഥയാണിത്. തനിക്ക് ലഭിക്കാതെപോയ വിദ്യാഭ്യാസം തന്റെ പുത്രനു നൽകി വിദേശജോലി സമ്പാദിക്കുന്നു മകൻ. മാതാപിതാക്കൾക്ക് തുണയാകാതെ പോകുന്ന വിദേശ ജോലി ഇന്നിന്റെ അവസ്ഥയിലേക്ക് വിരൽചൂണ്ടുന്നതാണ്.
"ഓണനിലാവത്ത്" എന്നത് ഓണത്തിന്റെ സംസ്കാരവും ഒരുമയും വിളിച്ചോതുന്ന കഥയാണ്. പ്രണയിച്ച് വിവാഹിതയായ കൊച്ചുമകളെ കുടുംബം ഒറ്റപ്പെടുത്തി. അവസാനം മുത്തശ്ശിയുടെ നിർബന്ധത്തിൽ ഒരോണത്തിനു അവരെ തിരിച്ചുവിളിച്ച് സന്തോഷത്തോടെ എല്ലാവരും ഒത്തുകൂടുന്നു. "പ്രണയം യാഥാർത്ഥ്യമായിരുന്നെങ്കിൽ" എന്ന അദ്ധ്യായം
എന്തിനു വെറുതെ കൈവിട്ടകന്നുപോയി? ആർക്കുവേണ്ടി? എന്ന് ചോദിക്കുന്നതിലൂടെ പറയപ്പെടാതെപോയ അനുരാഗത്തെ ക്കുറിച്ചോർത്ത് മനസ്തപിക്കുന്ന കഥയാണ്.
"പൂരം പിറന്ന പുരുഷൻ" എന്നത് സ്ഥാപിതമായ വിശ്വാസങ്ങളെ
ശരിവയ്ക്കുംവിധം രൂപപ്പെട്ടുവന്ന ഒന്നാണ്. "ആതിര" എന്ന കഥ ഒരുഭാഗത്ത് പ്രണയത്തിലക്കപ്പെടുന്ന പെണ്ണിന്റെ എടുത്തുചാട്ടവും പരാജയവുമാവുമ്പോൾ മറുഭാഗം സ്ത്രീയുടെ കരുത്തിന്റെയും പ്രതീകവുമാവുന്നു.
ഇരുപതോളം കഥകൾ വായിച്ചുകഴിയുമ്പോൾ ഒരു നനുത്ത സ്പർശം അനുഭവപ്പെടും! വാര്യരേട്ടനു ഇതൊരു പുതിയ ചുവടുവയ്പാണു! ഇനിയും മുന്നോട്ട് തുടരാനാവട്ടെ ഈ എഴുത്തുയാത്ര!
സാക്ഷി പബ്ലിക്കേഷൻസാണു പ്രസാധർ
വില 150 രൂപ
സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ
3/8/2024
====================


Comments
Post a Comment