സാക്ഷി, അവലോകനം
സക്ഷി ഗ്രൂപ്പിൽ വന്നത്.....
'അവലോകനം
കവിത :-ഒരു തേക്കു പാട്ട്
രചന : മായാ ബാലകൃഷ്ണൻ
അവലോകനം :- ലളിതാ വിജയൻ
എറണാകുളം ജില്ലയിലെ അങ്കമാലിയ്ക്കടുത്ത് ജി. ശങ്കരക്കുറുപ്പിന്റെ ജന്മസ്ഥലമായ നായത്തോട് എന്ന കൊച്ചു ഗ്രാമത്തിലെ എഴുത്തുകാരിയായ മായാബാലകൃഷ്ണൻ എന്ന അതുല്യ പ്രതിഭയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.
36 വർ ഷത്തോളമായി കിടപ്പു രോഗിയായാണ് കവയിത്രി മായാ ബാലകൃഷ്ണൻ. ഭിന്നശേഷി ഒരു പോരായ്മയല്ല എന്ന് ശക്തമായി തെളിയിച്ച ഈ എഴുത്തുകാരി വേറിട്ട സംഭവം തന്നെയാണ്.
തന്റെ പോരായ്മകളെ വെല്ലുവിളിച്ചുകൊണ്ട് എഴുത്തിന്റെ ലോകത്തിലേക്ക് ഇറങ്ങിവന്ന പടക്കുതിര.
പതിനഞ്ചാമത്തെ വയസ്സിൽ റൊമാറ്റോയ്ഡ് ആർത്രൈറ്റിസ്എന്ന അസുഖത്തെ തുടർന്ന് പഠനം മുടങ്ങുകയും ഒരു ഇടവേളയ്ക്ക് ശേഷം എസ്എസ്എൽസി വിജയം കരസ്ഥമാക്കുകയും ചെയ്തു ഈ മിടുക്കി.
പതിമൂന്ന് വർഷമായി നവമാധ്യമ രംഗത്ത് വിസ്മയം തീർക്കുകയാണ് ഈ കവയിത്രി. ശരീരത്തിൽ ആകെ ചലനശേഷിയുള്ളത് ഇടതുകൈയിലെ ഒരു വിരലിനു മാത്രം.അത് ഉപയോഗിച്ച് ലാപ്ടോപ്പ് ടാബ് എന്നിവയിൽ കവിതകളും ബാലസാഹിത്യ കഥകളും പാലിയേറ്റീവ് ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളും തയ്യാറാക്കിയിട്ടുണ്ട്.
ഇതിനോടകം തന്നെ മൂന്ന് കവിതാ സമാഹാരങ്ങളും, നാലാംവിരലിൽ വിരിയുന്ന മായ എന്ന ആത്മകഥയും, ഒരു ബാലസാഹിത്യകഥയും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. നിഷ്കാസിതരുടെ ആരൂഡം എന്ന കവിതാസമാഹാരത്തിന് ഭിന്നശേഷി കമ്മീഷണറേറ്റിന്റെ അവാർഡും മറ്റു പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്.
ഒട്ടനവധി പുരസ്കാരങ്ങൾ മായാബാലകൃഷ്ണനെ തേടി എത്തിയിട്ടുണ്ട്. തൃശ്ശൂർ പുതുക്കാട് എച്ച് ഒഎച്ച് പാലിയേറ്റീവ് വോളൻ്റിയർ കൂടിയാണ് ഈ എഴുത്തുകാരി.
അവലോകനം .
കവയിത്രി മായാ ബാലകൃഷ്ണന്റെ ഒരു തേക്ക് പാട്ട്' എന്ന കവിത ഒരു കർഷക സ്ത്രീയുടെ ജീവിത പ്രാരാബ്ധങ്ങളുടെ കഥയാണ് .
കർക്കടകമാസത്തിലെ മഴനനഞ്ഞും ചേറിൽ ചവിട്ടിയും പാടവരമ്പത്തു കൂടി എത്രയും വേഗം തൻ്റെ കുടിലിൽ അന്തിക്ക് മുന്നേ എത്തുവാൻ വെമ്പുന്ന ഒരു അമ്മ.
കുടിലിലെത്തി അന്തിവിളക്ക് കത്തിച്ച് അടുപ്പത്ത് ഒരു പിടിയരിയിട്ട് വേവിച്ച്
തന്റെ മക്കളുടെ അരവയർ പോലും നിറയ്ക്കുവാൻ സാധിക്കാതെ നെടുവീർപ്പോടെ ഇനി നാളെ എന്തെന്ന ചിന്തയാൽ പ്രാരാബ്ധങ്ങളുടെ നടുവിൽ പെട്ട് വട്ടം തിരിയുകയാണവൾ.
തൻ്റെ സ്വപ്നവും ഒരുനാൾ പൂവിടും എന്ന ശുഭ പ്രതീക്ഷയിൽ ജീവിതത്തെ നേരിടുന്ന ഒരു കർഷക തൊഴിലാളി. അവരുടെ നേർചിത്രമാണ് കവയിത്രി മായാബാലകൃഷ്ണൻ തൻ്റെ ഭാവനയിലൂടെ നമുക്ക് മുന്നിൽ ഈ കവിതയിലൂടെ വരച്ചു കാണിക്കുന്നത്.
മായാ ബാലകൃഷ്ണന് എല്ലാവിധ വിജയാശംസകളും നേർന്നുകൊണ്ട് ഈ അവലോകനം ഇവിടെ പൂർണമാകുന്നു.
ലളിതാ വിജയൻ ശ്രീവത്സം, നായത്തോട്
കവിത - ഒരു തേക്കു പാട്ട്.
രചന - മായാ ബാലകൃഷ്ണൻ
ഒരു തേക്കുപാട്ട്
-------------
കർക്കിടക മഴയും നനഞ്ഞ്
ചേറും ചെളിയും ഒലിപ്പിച്ച്
പാടവരമ്പിൽ ഞാറ്റുകൂട്ടം ചുമന്ന്
നെല്ലിൻ കറ്റയും അരിവാളുംകുട്ടയും
മാറി മാറി തലയിലേറ്റി
തേഞ്ഞകാലുകൾ വലിച്ച്
വെന്തോടി അന്തിക്കുമുൻപ്
കുടീലെത്തി വിളക്കുംവച്ച്
രണ്ടോമൂന്നോ പിടി അരി
പാത്രം തൂത്തെടുത്ത്
അടുപ്പത്തിട്ട് ശ്വാസംവിടുമ്പോൾ
ആളുന്ന തീയ്ക്കപ്പുറം
കനൽചവിട്ടി നടക്കേണ്ട വഴികൾ
അവൾ കണക്കുകൂട്ടി നെടുവീർപ്പിട്ടു.
പുകയുന്നത് ജന്മമാണോ?
എണ്ണിയാൽ ഒടുങ്ങാത്ത
പ്രാരാബ്ധച്ചൂളയാണോ.....
നെഞ്ചിൽ തിളച്ചുപൊന്തിയ
തുമ്പ മലരുകൾ
വാങ്ങി വിളമ്പിവച്ചത്
അരവയർ നിറയാതെ
കുഞ്ഞുങ്ങളും പിറുപിറുത്തു.
കാലം കാത്തുവച്ച സ്വപ്നങ്ങൾ
ഓരോ പുലരിയിലും
ചെങ്കതിർകാട്ടി കൊതിപ്പിച്ചു.
പുതിയ പുലരി പിറന്നു!.
പുലരിയിൽ അവളുടെ കൈവെള്ളയിൽ
നൈർമ്മല്യവും നല്ല കാലത്തിന്റെ
തേക്കുപാട്ടുകളും ഉണർന്നു!
വെള്ളിവീണ മുടിനാരുകൾ കൂട്ടിക്കെട്ടി
മുട്ടോളമെത്തുന്ന മുടിത്തുമ്പിൽ
ഒരു തുളസിക്കതിർ ചൂടി
*വാര്യത്തമ്മിണിയെപ്പോലെ
പൂ, നുള്ളി നുള്ളി ക്ഷേത്രനടയിൽ
മഞ്ഞൾക്കുറി തൊട്ട് നിന്നവൾ
ദേവഗന്ധർവ്വയായി ഒരു ത്രിസന്ധ്യക്ക്
തണുത്ത കാറ്റിനൊപ്പം
ചന്ദനത്തിരി ഗന്ധത്തിനൊപ്പം
തെക്കോട്ടിറങ്ങി നടന്നു......
#വാരിയത്തമ്മിണി, N N കക്കാടിന്റെ ഒരു കവിതയിലെ കഥാപാത്രം, (കവിത: മണ്ഡലം കഴിഞ്ഞപ്പോൾ)
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
https://www.facebook.com/share/p/5vwNjm2CWMtHfMFu/?mibextid=xfxF2i
Comments
Post a Comment