മണ്ണാങ്കട്ടേം കരീലേം! ആസ്വാദനം ,ഗിരിജ ചാത്തുണ്ണി

 കവിതകളോട് പരമാവധി നീതി പുലർത്തി, ആത്മാവ് തൊട്ട എഴുത്ത്! ശ്രീമതി ഗിരിജ ചാത്തുണ്ണി ചേച്ചി തന്ന ആസ്വാദനം! 


മണ്ണാങ്കട്ടേം കരീലേം

മായ ബാലകൃഷ്ണൻ

വെണ്ണില പുസ്തകക്കൂട്ടം


മായയുടെ അമ്പത്തിരണ്ട് കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ കേൾക്കാതെപോയ ബാല്യം ആർക്കുമുണ്ടാകാൻ സാധ്യതയില്ല. 

മായയുടെ ഭാവനകൾ പീലി നിവർത്തിയാടിയപ്പോൾ പിറന്നുവീണ കവിതകളിൽ ബാല്യവും കൗമാരവും,സാമൂഹ്യചുറ്റുപാടുകളും  പ്രകൃതിയും, ചേർന്ന ജീവിതമാണ് പൊഴിയുന്നത്.


മായയുടെ  ആത്മസഞ്ചാരമാണ് എഴുത്ത്, നിശബ്ദമായ ഒഴുക്കാണ് വരികൾ.ഹൃദയസ്പന്ദനങ്ങളിലാണ്  വരികൾ ചാലിച്ചെടുത്തിട്ടുള്ളത്.


വെറുക്കപ്പെട്ടവരുടെ മൗനങ്ങളാണ് കരിയിലകളായി ഇപ്പോഴും കാറ്റിനൊപ്പം അതിർത്തികൾ ലംഘിച്ചു കാതങ്ങൾ താണ്ടുന്നത്.അടിച്ചമർത്തുന്നവരുടെ  ശബ്ദം മൺപുറ്റായ് കാൽകീഴിൽ ഞെരിഞ്ഞമർന്ന് പോകുന്നതും ഈ കവിതയിലൂടെ പറയുന്നുണ്ട്.


സത്യം ഭജിക്കുവാൻ അഹിംസ പുൽകിടാൻ ഹൃത്തിൽ പ്രതിഷ്ഠിക്കണം ജീവിതം സന്ദേശമാക്കിയ,

വിശ്വമാനവികതയുടെ പ്രതീകമായ മഹാപുരുഷനെ എന്നാണ് വിഗ്രഹമെന്ന കവിതയിൽ ഗാന്ധിജിയെ അടയാളപ്പെടുത്തുന്നത്!ഇന്ന് ഗാന്ധിജിയെ കുറിച്ചുള്ള  സമൂഹമാധ്യമ ചർച്ചകൾ കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിൽ പ്രസക്തമാണ് ഈ വരികൾ.


പിഴിഞ്ഞു തോർന്ന വാനംപോലെ നനഞ്ഞൊട്ടി നിൽപ്പാണമ്മ,

തിളക്കുന്ന കലത്തിലെ വേവാണ്,

 സ്നേഹത്തിന്റെ മഴച്ചാറ്റൽ പോലെ കൂട്ടിവെച്ച സങ്കടങ്ങളുടെ നേരിപ്പാടാണമ്മ.എത്ര മനോഹരമായ,എന്നാൽ അർത്ഥപൂർണ്ണമായ കാവ്യഭാവനയിലൂടെയാണ് മായ അമ്മയെ വരച്ചിരിക്കുന്നത്.ഏത് കാലഘട്ടത്തിലും 'അമ്മ ഇങ്ങനെ തന്നെയാണ്.


കാലം കത്തുവെച്ച സ്വപ്നങ്ങൾ ഓരോ പുലരിയിലും ചെങ്കതിർകാട്ടി കൊതിപ്പിച്ചു കടന്നു പോകുന്ന

കുടുംബങ്ങളുടെ തേക്കുപാട്ടുകൾ കേൾക്കാം ഇതിൽ.


തെരുവുകൾ നിശബ്ദമാക്കപ്പെടുന്നിടത്ത് കലാപകൊടികൾ ഉയർന്നിട്ടുണ്ടാകും. മാനവികതയ്ക്ക് മേൽ ചോരപുരണ്ട സമൂഹത്തിൽ ഇന്ന് നടമാടുന്ന അനീതിയുടെയും ആക്രമത്തിന്റെയും നേർക്കാഴ്ചയാണ് ഈ കവിത.


ഒരു ജാലകകീറിലൂടെ മേലാപ്പിലേക്ക് നോക്കിക്കൊണ്ട് ഒരു കവിതയെ തൊട്ടടുക്കുകയാണ് മായ. നീലമേഘപ്പടവിലിരുന്ന്  പൊൻതൂലികയാൽ വെൺകൊറ്റക്കുടയും വെഞ്ചാമരവും വരച്ചിടാം, പാൽനിലാവിൽ പൂക്കാലവും ,കാട്ടാറിന്റെ തീരങ്ങളിൽ അമൃതേത് നടക്കുന്നതും ഒരു ജാലകകാഴ്ചകൾക്കപ്പുറം ഒരു കവി മനസ്സിന് കണ്ടെത്താനാവും.ഭാവനയെ സമന്വയിപ്പിക്കുന്ന ഈ കഴിവു തന്നെയാണ് മായയുടെ മൂല്യവും.


വൻമരങ്ങൾക്കും ചോടെ വേറൊന്നിനും നിലനില്പില്ലെന്ന് പറഞ്ഞുകൊണ്ടാണ് നീതിന്യായ വ്യവസ്ഥിതികളിലേക്ക് വിരൽചൂണ്ടുന്ന  കായ്മരങ്ങൾ എന്ന കവിത അവസാനിപ്പിക്കുന്നത്.നീതിന്യായകോടതികൾ പോലും സാധാരണക്കാർക്ക് അപ്രാഭ്യമായ ഇടങ്ങളായി മാറുമ്പോൾ

നിസ്സഹായരായി പോകുന്ന മനുഷ്യരെ ഓർത്തുള്ള വ്യഥകളാണ് വരികൾ!


അവസാന യാത്രയ്ക്ക് മുൻപ് ഒരു ദിനം വേണം .നമ്മൾ കടന്നുവന്ന വഴികളിലൂടെ തിരിച്ചൊരു യാത്ര ആഗ്രഹിക്കാത്ത ഒരു മനുഷ്യനും ഉണ്ടാവില്ല.ഭൂതകാലങ്ങളെ അടിസ്ഥാനമാക്കിയാണ്  മനുഷ്യൻ ഭാവിയിലേക്ക് നടന്നുപോകുന്നത് എപ്പോഴും. ഭൂതകാലങ്ങളിൽ മറന്നിട്ടു പോന്ന ഓരോ കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും ഓരോ മനുഷ്യനും ഓർമ്മയുള്ള കാലം വരെ മായാതെ ഓർത്തെടുക്കുന്നു. മായയും അതുപോലെ നടന്നുവന്ന വഴികളിലേക്ക് ഒന്ന് പിന്തിരിഞ്ഞു നടക്കുകയാണ്.മായിലാഞ്ചി ചെടികളോട് കെറുവിച്ചും,കാല്പടവുകളിൽ ഇരുന്നും അങ്ങനെ എന്തോരം ഓർമ്മകളെയാണ് മായ കൊണ്ടുനടക്കുന്നത്.അതുപോലെയല്ലേ ഓരോരുത്തരും എന്നു ചിന്തിച്ചുപോകും

തിരിച്ചു നടക്കാനാവാത്ത വഴികളിലേക്ക് മനസ്സുകൊണ്ടൊരു യാത്ര!

പിന്തിരിഞ്ഞു നടക്കാനാവാതെ കൗമാരം യൗവനത്തോട് പിണങ്ങുന്ന കുതൂഹലം ഓർത്തുനോക്കുമ്പോൾ കുളിർമഴയാണ് പെയ്യുക. കാലഗമനങ്ങളിൽ വിള്ളലുകൾ തീർത്ത തൃണപ്പാടുകൾ ഒരു മറവിയിലേക്കും പോകാതെ നിൽക്കുന്നതായി  കാണാം.കാലിടറി വീഴും മുൻപ് അനിവാര്യമാണ് ചില യാത്രകൾ.ഓർമ്മകളിലൂടെ,പറ്റുമെങ്കിൽ നേരിട്ടും!


അക്ഷരമെന്ന പാഥേയവുമായി മായ പോകുന്നത് ഒരുപിടി ഓർമ്മകളിലൂടെയാണ്,ഭാവനാസമ്പന്നമായ കാവ്യ സൃഷ്ടികൾ രചിച്ചുകൊണ്ടാണ്.ഓരോ കവിതയും വ്യത്യസ്ത മാനങ്ങളിലൂടെ ,

വൈകരികതകൾ തീർക്കുന്നു.

ഓരോന്നുംഎടുത്തെഴുതുന്നില്ല..

ജീവിതത്തിൽ ആർജ്ജവമുള്ള  മനസ്സുണ്ടെങ്കിൽ ഒന്നിനും അതിർവരമ്പുകളോ,പരിമിതികളോ 

ഇല്ലെന്നു ആവർത്തിച്ചു പറയുകയാണ് മായയെന്ന എഴുത്തുകാരി.മനസ്സിന്റെ ശക്തിയാണ് ജീവിതത്തിന്റെ ഊന്നുവടി. അതിന്റെ ബലത്തിൽ ഏത് ബാലികേറാമലയും കേറാമെന്ന വിശ്വാസം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നു ഈ പുസ്തകം.


ഇനിയും ഒരുപാട് രചനകൾ ഹൃദയതന്ത്രികളിൽ നിന്ന് തപ്തനിശ്വാസങ്ങളായി കാവ്യകുസുമഹാരം നൽകാൻ ഈശ്വസനുഗ്രഹമുണ്ടാകട്ടെയെന്ന സ്നേഹാസംശകളോടെ നന്മകൾ നേരുന്നു!💜


ഗിരിജ ചാത്തുണ്ണി



Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി