ആസ്വാദനവും കത്തും! സദാശിവൻ സർ
ആസ്വാദനവും കത്തും!
============മണ്ണാങ്കട്ടേം കരീലേം!
ഇന്നലെ 26/6/2024 നു. സദാശിവൻ സാറിന്റെ കത്ത് കിട്ടി. നിറഞ്ഞ ആഹ്ലാദമായി! "മണ്ണാങ്കട്ടേം കരീലേം" വായിച്ചിട്ടുള്ള ആസ്വാദനമെഴുത്തായിരുന്നു. ആശാന്റേയും വള്ളത്തോളിന്റെയും കൃതികൾ കാണാതിരുന്ന് ചൊല്ലുന്ന സാർ! എന്റെ ഈ കുഞ്ഞെഴുത്തുകളെ എങ്ങനെ സ്വീകരിക്കും എന്നൊരു ഭയത്തോടെയാണു പുസ്തകങ്ങൾ അയച്ചുകൊടുക്കാറുള്ളത്. എങ്കിലും എന്റെ ആദ്യ പുസ്തകം തൊട്ട് എല്ലാ ബുക്കിനും ഈ 85-ആം വയസ്സിലും സാർ എനിക്കെഴുതി തരാറുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും വായനയും അഭിപ്രായമെഴുത്തുമാണു സാറിന്റെ മരുന്ന്!! മലയാളത്തിൽ ഇറങ്ങുന്ന പത്രങ്ങളും മാസികകളും ആഴ്ചപ്പതിപ്പുകളും വായിച്ച് പത്രാധിപർക്ക് നിരന്തരം കത്തുകൾ അയക്കുന്ന സാറിനെ മലയാളി വായനക്കാർക്കും പ്രസാധകർക്കും അപരിചിതനായിരിക്കില്ല. അല്ലാതെ , പ്രശസ്തയായ എഴുത്തുകാരി പ്രിയ എ സ്സിന്റെ അച്ഛൻ എന്നൊരു അഡ്രസ്സും സദാശിവൻ സാറിനുണ്ട്.
പ്രിയേച്ചിയെ എഴുത്തുകാരിയായിക്കാണാൻ ഏറെക്കൊതിച്ച സാറും ആനന്ദവല്ലി ടീച്ചറും മകളുടെ കാര്യത്തിലെന്നപോലെ കഴിഞ്ഞ കുറച്ചുവർഷങ്ങളായി എന്നെയും ചേർത്തുപിടിച്ചിരി ക്കയാണ്.
ഇന്നലെ കത്തുകിട്ടി വായിച്ചുതീരുമ്പോൾ എന്തിനോ!?! എന്റെ തൊണ്ടയിടറിപ്പോയി. സാറിന്റെ ആത്മാർത്ഥതയും സ്നേഹവും എന്നെ പിടിച്ചുകുലുക്കി. വളരെ കൃത്യതയോടെ കവിതകൾ എല്ലാം വായിച്ച് നിരീക്ഷിച്ച് ഇഷ്ടവരികളും ആ വിറകൈകളോടെ എടുത്തെഴുതിയതെങ്ങനെയെന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി.
സർ തന്ന ആസ്വാദനം ഞാനിവിടെ പകർത്താം!
പ്രിയ മായ,
മൂകവേദനകൾ മുഴുവൻ മുത്താകട്ടെ!
.======-= ===========
"മൂടുക ഹൃദന്തമേ മുഗ്ദ്ധഭാവന കൊണ്ടീ-
മൂകവേദനകളെ മുഴുവൻ മുത്താകട്ടെ!"
മായയുടെ കാര്യത്തിൽ ഇത് അക്ഷരംപ്രതി ശരിയാണ്. മൂകവേദനകളെ മുഴുവൻ മുത്താക്കി മാറ്റിയിരിക്കുന്നു ഈ കാവ്യനർത്തകി.
മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ഈ മൊഴിമുത്തുകൾ മായാ ബാലകൃഷ്ണൻ തന്റെ കവിതകളിലൂടെ അന്വർത്ഥമാക്കിയിരിക്കുന്നു. അക്ഷരപൂജ ചെയ്യാൻ പേന പിടിച്ച ഈ വിരലുകൾക്ക് ഇതിൽപ്പരം എന്തുവേണം ചാരിതാർത്ഥയാകാൻ?
വാക്കിന്റെ വിത്തുകളെല്ലാം മുളപൊട്ടി വളർന്ന് ഇലയും പൂവുമായി നിൽക്കുന്ന കാഴ്ച്ച എത്ര മനോഹരമാണ്. അക്ഷരത്തിന്റെ അഥവാ വാക്കിന്റെ ബലമാണ് മായയെ ബലിഷ്ഠയാക്കുന്നത്. വാക്കിനു വേണ്ടിയുള്ള സാധന മായയെ തപസ്വിനിയാക്കുന്നു. അപ്പോൾ ജീവിതം സാർത്ഥകമായിത്തീരുന്നു.
മായയുടെ കവിതകൾ അതിമനോഹരമാകുന്നത് ഈ വാക്കിന്റെ, ഭാവനയുടെ ബലത്തിലാണെന്ന് നിസ്സംശയം പറയാം...
കവിതകളിലൂടെ മനസ്സ് ഊളിയിട്ട് സഞ്ചരിക്കുമ്പോൾ ഈ കവിമനസ്സു തന്നെയാണ് മായയെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന പ്രചോദക ശക്തിയെന്ന് മനസ്സിലാക്കാൻ വിഷമമില്ല.
ജാതിയും മതവും ജീവിതക്ലേശങ്ങളുമൊന്നും മായയുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നില്ല. യാത്ര തുടങ്ങിയത് നായത്തോട്ടിൽ നിന്നാണു. അവസാനം എത്തിയതോ ശ്രീനാരായണഗുരുവിന്റെ സാന്നിധ്യംകൊണ്ട് പരിപൂതമായ അരുവിപ്പുറത്തും. കുരീപ്പുഴ പറഞ്ഞതുപോലെ അവിടെ മഹാകവിയുടെ പ്രതിമയെ അഭിവാദ്യം ചെയ്ത് സഞ്ചാരം തുടങ്ങി. മഹാകവിയെ ആദ്യമായി പ്രതിമയിലൂടെയാണു കണ്ടതെങ്കിലും അപരിചിതത്വമൊന്നും തോന്നിയില്ല.
മായയുടെ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ എവിടെയും വാകമരം പൂത്തുനിൽക്കുന്നതായി അനുഭവ വേദ്യമാകും! അവിടെ മുൻ വിധിയുടെ ലേബലുകളൊന്നുമില്ല. എല്ലാം സ്ഫടികസ്പുഷ്ടമായി തെളിഞ്ഞു നിൽക്കുന്നതായി കാണാം.
ഇന്ദ്രിയാനുഭൂതിയുടെ ആലവട്ടങ്ങൾ, വെൺചാമരങ്ങൾ! ഹൃദയം നിറഞ്ഞ കവിതടത്തിന്റെ പൊൻ പുലരി! പുലരിയുടെ ഹൃദ്യമായ മനോഹാരിത, കാത്തിരിപ്പിന്റെ പ്രലോഭനങ്ങൾ, പ്രതീക്ഷയുടെയും സ്വപ്നങ്ങളുടേയും പൂത്തിരികൾ, ആകാശനൗകയിലെ ജീവിതയാത്ര, അതിമനോഹരമായ സൂര്യകാന്തി പൂക്കളുടെ വർണ്ണവൈചിത്ര്യങ്ങൾ, പമൂകവേദനകളെ മുഴുവൻ മുത്താക്കി മാറ്റാൻ ഇതിൽ കൂടുതൽ എന്തുവേണം? മായയുടെ കാര്യത്തിൽ അതുശരിയായിരിക്കുന്നു. മൂകവേദനകൾ മുഴുവൻ മുത്തായി മാറ്റിയിരിക്കുന്നു. ഇനി മുത്തുകൾ പെറുക്കിയെടുത്ത് മാല കോർക്കുകയേ വേണ്ടൂ. അതും ഈ കവിതാരമത്തിലൂടെ സാധിതപ്രായമാകട്ടെ എന്നാശംസിക്കുന്നു.
മായയെ കണ്ടിട്ടില്ലെങ്കിലും കവിതകളിലൂടെ ആ മനസ്സിന്റെ വർണ്ണ വൈചിത്ര്യങ്ങൾ തെളിഞ്ഞുകാണുന്നു. ഈ കവിഭാവനകൾ മേൽക്കുമേൽ പുഷ്പിതമായിത്തീരട്ടെ! മനോഹര വർണ്ണങ്ങളുടെ സുഗന്ധവാഹിയായ പുഷ്പങ്ങളാൽ അലംകൃതമായിത്തീരട്ടെ! വാക്കിന്റെ വിസ്മയമാണു മായയുടെ എഴുത്തും ജീവിതവും! അത് മേൽക്കുമേൽ ഹൃദ്യമായിത്തീരട്ടെ!
ശ്രദ്ധേയമായ വരികളിൽ ചിലത്
======= =========
"ഹരിതാഭയിൽ ചാഞ്ചാടി നല്ലിളം നെല്ലിൻ
കതിർക്കുല കണികണ്ടുണരും ദേവീ
അന്നപൂർണ്ണേശ്വരീ ഭഗവതീ
നായത്തോടിൻ ഗ്രാമലക്ഷ്മീ"
"നിന്റെ വേദനയെന്നും എന്റെ വേദനയല്ലോ
എന്റെ കണ്ണീരും നിന്റെ കണ്ണീരും സമാസമം!"
" അമ്മ മഴയാണ് മഴക്കാറാണ്
കൂട്ടിവച്ച സങ്കടങ്ങളുടെ നെരിപ്പോടാണ്"
" ഒരു വിരഹത്തിൽ നിന്നല്ലോ
ആദിമഹാകാവ്യവും ഉയിർകൊണ്ടത്"
" കാലംകാത്തുവച്ച സ്വപ്നങ്ങൾ
ഓരോ പുലരിയിലും
ചെങ്കതിർ കാട്ടി കൊതിപ്പിച്ചു
പുതിയ പുലരി പിറന്നു"
" ഓരോ മുക്കിലും മൂലയിലും
നിരന്നിരിപ്പുണ്ടാവും
വാളും ചെങ്കോലുമണിഞ്ഞ്
സ്വയം മൂഢസിംഹാസനം പണിയുവോർ"
" ഒരു ചെറിയ കാറ്റിൽപ്പോലും
ഇളകും ആലിലയാകണം ഹൃദയം!"
" ഞാനും നീയുമില്ലെങ്കിലും ഈ പ്രപഞ്ചം
രാവെളുക്കുവോളം സ്പന്ദിക്കും സ്ഫുരിക്കും."
" സൂര്യനുദിക്കുന്നൂ ചക്രവാളത്തിൽ പിന്നെ-
പ്പോയൊളിക്കുന്നു വീണ്ടും ദിന-
ങ്ങളിങ്ങനെ മണ്ടിമണ്ടിപ്പോകുന്നു."
"വെടിയുണ്ടയിലും തൊട്ടു തീണ്ടിടാതെ
ലോകത്തിന്റെ നെറുകയിലൊരു ശാന്തിരൂപം
വിശ്വമാനവികതയുടെ പ്രതിരൂപമായ് ഒന്നര-
നൂറ്റാണ്ടായി ജ്വലിച്ചു നിൽപ്പുണ്ടൊരു വിഗ്രഹം."
" രണ്ടുണ്ടു കൈകളല്ലോ ജീവിതമൊന്നുമാത്രം
ജന്മം സാർത്ഥകമാകുവാൻ നീട്ടുക കൈകളൊന്നു
ദുഃഖിക്കു പരംശാന്തിയേകിടുവാൻ അതിലേറ്റം
മറ്റെന്തു ധരണിയിൽ ധന്യമായ്
വന്നിടുന്നു."
സസ്നേഹം
സദാശിവൻ അങ്കിൾ .
ഇങ്ങനെ മിക്കവാറും കവിതകളെ തിരഞ്ഞെടുത്ത് സാർ പകർത്തി തന്നപ്പോൾ ഞാനേറെ സാർത്ഥകയായി.
നന്ദി സർ! ഒരുപാട് സന്തോഷം!
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ

Comments
Post a Comment