മണ്ണാങ്കട്ടേം കരീലേം ഗ്രാമസ്വരത്തിൽ!

 മണ്ണാങ്കട്ടേം കരീലേം ഗ്രാമസ്വരത്തിൽ

പ്രിയ കൂട്ടുകാരി മായയുടെ കവിതാ സമാഹാരം. എല്ലാവരും വായിക്കണേ.  

*വരൾക്കാലത്തിൽ വിരിഞ്ഞ പൂക്കൾ*


 സ്വപ്നം കാണാൻ ഒരു മനസ്സ് ഉണ്ടാവുക.  വാക്കുകൾ , വരികൾ,  വർണ്ണങ്ങൾ,  അവിടേക്ക് ചേർത്തുവയ്ക്കുക. എങ്കിൽ അവ    വരൾച്ചില്ലയിൽ വിരിഞ്ഞ പൂക്കൾ പോലെ   സൗരഭ്യം പടർത്തി നിൽക്കും. ഒരു കവിതയെ അല്ലെങ്കിൽ ഒരു കവിതാ സമാഹാരത്തെ ആത്മ വിശകലനത്തിന് വിധേയമാക്കുമ്പോൾ ഇഴകീറി പരിശോധിക്കാൻ ഞാൻ മെനക്കെടാറില്ല എന്തുകൊണ്ടെന്നാൽ  ആ കവിത വായനക്കാർക്ക് എന്ത് സന്ദേശമാണ് പ്രദാനം ചെയ്യുന്നത് അല്ലെങ്കിൽ എന്ത് ആശയമാണ് കൈമാറുന്നത് അതിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ് എൻ്റെ പക്ഷം.  ജീവിതത്തിൻ്റെ തീച്ചൂളയിൽ വെന്ത്,  ഉലഞ്ഞ വാക്കുകളാണ് മായയുടെ കവിതകളുടെ സവിശേഷത. മായയെ ഞാൻ പരിചയപ്പെടുന്നത് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ വാട്സപ്പ് കൂട്ടായ്മയായ കാവ്യശിഖയിലൂടെയാണ്. ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലെങ്കിലും മായയുടെ ഹൃദയത്തിൻ്റെ സ്പന്ദനങ്ങൾ അവളുടെ വാക്കുകളിലൂടെ വരികളിലൂടെ ഞാനറിയുന്നു.  എന്റെ അനുഭവങ്ങളുമായി താദാത്മ്യപ്പെടുന്നു  എന്നതുകൊണ്ടു തന്നെയാവാം  അവളുടെ കവിതകളിലൂടെ കടന്നുപോവുക എന്നാൽ എന്നിലൂടെ കടന്നു പോകുന്നതു പോലെയാണ്. 


നീണ്ട 34 വർഷങ്ങൾ കിടക്കയിൽ ആയിരുന്നിട്ടും മായയെ തുണച്ചത് ജീവിതം എന്ന അടങ്ങാത്ത ആസക്തിയും താങ്ങിനിർത്തുന്നവരുടെ തണലുമാണ്. നവ സാമൂഹ്യ മാധ്യമങ്ങൾ ഒരു എഴുത്തുകാരിയെ എങ്ങനെ തുണയ്ക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ്  മായയുടെ എഴുത്തുകൾക്ക് ലഭിക്കുന്ന സ്വീകാര്യത.  പത്തുവിരലുകളും രണ്ട് കണ്ണും രണ്ട് കാലും ഉണ്ടായിട്ടും നമുക്ക് ചെയ്യാൻ കഴിയാത്തത്,  എഴുതാൻ കഴിയാത്തത്,  നാം കണ്ടറിയാത്തത്,  ഒരൊറ്റ കൈവിരലിന്റെ ചലന ശേഷിയോടെ   പറഞ്ഞുവെക്കുന്നുവെന്നിടത്തിലാണ് ഈ എഴുത്തുകാരി പ്രസക്തയാകുന്നത്. ഈയടുത്ത് പുസ്തകപ്പിറയിലൂടെ കാവ്യശിഖ ആറു പുസ്തകങ്ങളെ വായനാ ലോകത്തിന് പരിചയപ്പെടുത്തി. അതിലൊന്ന് മായയുടെ 'മണ്ണാങ്കട്ടേം  കരീലേം' എന്ന പുസ്തകം ആയിരുന്നു. പേരിൻ്റെ വ്യത്യസ്തതയാൽ തന്നെ ശ്രദ്ധയാകർഷിച്ച ഒരു പുസ്തകമാണ് ഇത്. 

ഈ പുസ്തകത്തിൻ്റെ  പ്രകാശന കർമ്മം നിർവഹിച്ചത് പ്രിയ കവി രാവുണ്ണിയേട്ടനാണ്. മായയുടെ കവിതകൾ ഞാൻ നേരത്തെ കാവ്യശിഖയിൽ വായിച്ചിട്ടുണ്ടെങ്കിലും ഒരു പുസ്തകരൂപത്തിൽ കവിതകൾ വായിക്കുന്നത് ആദ്യമായാണ് . ഞാൻ വായിക്കുന്ന മായയുടെ രണ്ടാമത്തെ പുസ്തകമാണ് ഇത്. ആദ്യത്തെ പുസ്തകം വെള്ളപ്പൊക്കത്തിലെ പൂച്ചയാണ്.  അത് കുട്ടികൾക്കായി എഴുതിയതാണ്. 


പണ്ട് പണ്ട് പണ്ട് ഒരു മണ്ണാങ്കട്ടയും  കരിയിലയും ഉണ്ടായിരുന്നു. അവർ കാശിക്ക് പോയ കഥ കേൾക്കാത്തവർ ആരും ഉണ്ടാകില്ല . എന്നാൽ മായയുടെ മണ്ണാങ്കട്ടയും കരിയിലയും നമ്മുടെ മനസ്സിൽ നിന്ന് അത്ര പെട്ടെന്ന് മാഞ്ഞുപോവില്ല.  എന്തെന്നാൽ അത്രയും ജീവിതത്തോട് ചേർന്ന് നിൽക്കുന്നു ആ കവിത. 

 വെറുക്കപ്പെട്ടവരുടെ ഒതുക്കി വയ്ക്കപ്പെട്ട മൗനങ്ങളാണത്രെ കരിയിലകളായി പാറി നടക്കുന്നത് . എന്നാൽ അടിച്ചമർത്തപ്പെടുന്നവരുടെ ശബ്ദം മൺപുറ്റായി കാൽക്കീഴിൽ ചവിട്ടി മെതിക്കപ്പെടുകയാണത്രേ. കരീല പറന്നു പോവുകയോ മണ്ണാങ്കട്ട അലിഞ്ഞു തീരുകയോ ചെയ്യുന്നില്ല . കൊടുങ്കാറ്റും പേമാരിയും വിതയ്ക്കുന്ന ഭിക്ഷാപാത്രത്തിൽ നിന്ന് പെയ്യാൻ ഇടമില്ലാതെ അവർ വീണ്ടും വീണ്ടും ചുട്ടുപഴുത്ത കാറ്റിൽ അതിർത്തികൾ ഭേദിച്ചും കാതങ്ങൾ താണ്ടുമെന്നാണ് മായ പറയുന്നത്.  എന്തെന്നാൽ വെറുക്കപ്പെട്ടവളുടെ മനസ്സിൻ്റെ അടിയൊഴുക്കുകളാണ് കാറ്റിന്റെ കയ്യിലേറി മോക്ഷം തേടി അലയുന്നവരുടെ സുവിശേഷം പറഞ്ഞുകൊണ്ടിരിക്കുന്നത്.


വിശപ്പ് എത്ര ഭീകരമായ അവസ്ഥയാണ്. പണ്ടെങ്ങോ വായിച്ച വരികൾക്കിടയിൽ എവിടെയോ ഒരമ്മ മരിച്ചുപോയ കുഞ്ഞിൻ്റെ ശരീരം ചവിട്ടി നിന്ന് ഭക്ഷണം എത്തിപ്പിടിക്കുന്ന ഒരു കാഴ്ച  ഓർക്കുന്നു. പെണ്ണിൻ്റെ വിശപ്പ് വയറിന്റേതാണെങ്കിൽ ആണിന്റേത് കാമത്തിന്‍റേതാണ്. ഒടുങ്ങാത്ത തൃഷ്ണയോടെ ചുറ്റി വരിഞ്ഞിട്ടും വിശപ്പടങ്ങാഞ്ഞിട്ടും അവൻ അവളെ തേച്ചു പോകുന്നത് കനൽ പോലെ വെന്ത അവളുടെ മനസ്സും ഉടലും അത്രമേൽ ചുട്ടുപൊള്ളിയിട്ടാവണം എന്ന് മായ നിരീക്ഷിക്കുന്നു.

( കവിത വിശപ്പാഴം. )


പിടിത്താളും കൈതോലക്കാടും ബാക്കിയാക്കി കൊയ്തൊഴിഞ്ഞ പാടം.  ചെറുകിളികളും കൂട്ടാരും കൂട്ടമായി എല്ലാം നാടുകടത്തിയത്രെ. ഇനിയൊരു പുതുമഴ വന്നു തൊട്ട് നനച്ച് വേരുകളാഴ്ത്തി പൊട്ടിമുളക്കണം.  ജീവൻ്റെവിത്തുകൾ പാകണം.

അതുപോലെയാണ് കവിതയും പാകപ്പെട്ടു വരേണ്ടത്.

കാൽക്കീഴിൽ ഇറ്റ് വീഴും തണുപ്പും നുരയും ശിരസ്സിലെത്തി കുളിർത്തു പൊട്ടി വാക്കുകളായി അക്ഷരപ്പൊട്ടുകൾ ആയി കതിരിടണം. ആ കതിരെല്ലാം പെറുക്കി കൂട്ടുമ്പോഴാണ് എൻ്റെ പാഠവും നിൻ്റെ പാഠവും തെളിയുന്നതും ചൊരിയുന്നതും. 


 എത്രയെത്ര പെരുമഴകൾ നനഞ്ഞു

എന്നിട്ടും

ഓർമ്മയുടെ പുതപ്പിട്ടു മൂടി

വെയിൽ കുടിച്ച് തൂവിപ്പോകുന്ന

പാതി കുതിർന്ന ഉപ്പ് കല്ലുകൾ

ഇനിയും അലിയാതെ ബാക്കിയാകുന്നു എന്ന് മഴ നോവുകൾ എന്ന കവിത പറഞ്ഞുവെക്കുന്നു. 


 കാഴ്ചകളും സ്വപ്നങ്ങളും പലർക്കും പലതരത്തിലാണ്.  ചപ്ര തലമുടിയും വിളര്‍ത്ത മുഖവും മിഴിനീർ കെട്ടിയ കണ്ണുകളുമായി കൈനീട്ടുന്ന പിഞ്ചുബാലികയെ നാം കണ്ടില്ലെന്ന് നടിക്കുന്നു.  എന്നാൽ മായയുടെ അകക്കണ്ണുകൾക്ക് അതിനു സാധിക്കില്ല.  മുഷിഞ്ഞു പിഞ്ഞിയ ഉടുപ്പും വിയർത്തൊട്ടിയ ശരീരവും ശ്വാസംമുട്ടിക്കുമ്പോഴും മുന്നിലൂടെ പോകുന്ന വണ്ടിയിൽ തൂങ്ങിയാടുന്ന കൊച്ചു കളിപ്പാട്ടം ഒളികണ്ണിട്ട് നോക്കുന്നുണ്ട് അവൾ.  എന്നാൽ ആരെങ്കിലും എന്നെങ്കിലും അങ്ങനെയൊന്ന് അവളുടെ കയ്യിൽ വെച്ച് തരുമെന്ന് അവൾ കൊതിക്കുന്നില്ല.  പക്ഷേ ഉമിനീര് വറ്റിയ ചുണ്ടിലേക്കും വിശന്നൊട്ടിയ വയറിലേക്കും കനിവിന്റെ കണമായി ഒരപ്പക്കഷ്ണം നീണ്ടു വരുന്നതു സ്വപ്നം കണ്ടാണ് അവൾ ഉറങ്ങുന്നത് എന്ന് മായ പറയുമ്പോൾ അസ്വസ്ഥതയുടെ ഉള്ളുരുക്കങ്ങളാൽ നമുക്കെങ്ങനെ ഉറങ്ങാനൊക്കും. 


നുകവും കാളയും എന്ന കവിതയിൽ വിത്തറിയാതെ വിളവെടുക്കാനറിയുന്ന , കൈ നനയാതെ മീൻ പിടിക്കാനറിയുന്ന അധികാരികളുടെ ചാട്ടവാർ അടിയേറ്റു ജീവിതം തന്നെ തേഞ്ഞില്ലാതാകുന്ന സാധാരണക്കാരുടെ കാഴ്ചകളാണ്  കോറിയിടുന്നത്. 


 കുഴലൂത്തുകാരി പക്ഷേ കാലടികളിലെ പൂഴിമൺതരികൾക്കും കടം പറയേണ്ടി വന്നവളാണ്. അളന്നെടുത്ത അരിമണികൾ കൊണ്ട് വാക്കുകൾ സംഗീതം പൊഴിച്ചവളാണ് . സാമ്രാജ്യം സ്വാതന്ത്ര്യം സ്വപ്നം കാണുമ്പോൾ വെറും കുഴലൂത്തുകാരിയായി പരിണമിച്ചവളാണ്.  അധിനിവേശങ്ങളും വെട്ടിനിരത്തലുകളും പലായനങ്ങൾ തീർത്ത മരുഭൂമിയിൽ അവളും ഒരു സ്ത്രീയാണ് . പച്ചയുടെ ഇല നാമ്പുകൾ മരീചികയാണ്.  എങ്കിലും ഒളിച്ചോടാൻ ഇടമില്ലാതെ തിരിഞ്ഞോടിയാൽ പടുതകൾ ഏറെ ചുറ്റിനും.  മായ പറയുന്നു ഉടലുരുക്കി ഭൂമി പിളർത്തി വെച്ചാലും ചോദ്യങ്ങൾ ബാക്കി വച്ചവളാണ് അവളെന്ന്. 


 കുട്ടിക്കാലത്ത് ചുമലിൽ ഏറ്റിയ മാറാപ്പ്. ജോലിയായി,  കുടുംബമായി , വയസ്സായി വടി കുത്തി നടക്കുമ്പോഴേക്കും എടുത്തുമാറ്റാനാവാത്ത വിധം മുതുകിൽ ചേർന്നു പോകുന്നത് എങ്ങനെയെന്ന് മാറാപ്പ് എന്ന കവിത പറയുന്നു.  എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്.  ഒച്ചിനെപ്പോലെ ജീവിതം ചുമന്നു നടക്കുന്നവർ.


  മൃണ്മയം എന്ന   കവിതയിൽ ജനിമൃതികളുടെ താളമാണ് ജീവിതത്തിന്റെയും.  ജീവാത്മാക്കളിൽ മർത്ത്യനു മാത്രം സാധിച്ചിടുന്നത് ചിരിയാണ്. ചിരിയിൽ വെയിലും നിഴലും വർണ്ണങ്ങൾ കോരിയിടുമ്പോൾ അതിൻ്റെ നിഴൽ പറ്റി നടക്കുന്നു മറ്റ് ജീവജന്തുക്കൾ. 


"അറിയുന്നു മർത്യൻ ജീവിതപ്പൊരുൾ മൃത്യു, 

വിനപ്പുറം അറിയുന്നില്ല നരനും ഗതിവിഗതി, 

പ്രാണൻ വേർപ്പെടുന്ന നേരം ബാക്കിയാവുന്നു

ജീവൻ്റെ സത്തയൂറും സൽകീർത്തിയും. "


മൗനമെന്നാൽ എന്തൊരു മധുരമാണ് . കാഴ്ചയ്ക്കും കേൾവിക്കുമപ്പുറം എനിക്കും നിനക്കും ഇടയിൽ ഹൃദയങ്ങൾ മൊഴിയുന്ന ഭാഷയാണ് മൗനം . പരസ്പരം ഉരുൾപൊട്ടി വീഴാൻ നിൽക്കുന്ന രണ്ട് ബിന്ദുക്കൾക്കിടയിൽ മേഘശകലമായി അർത്ഥതലങ്ങള

കീറിമുറിച്ചുകൊണ്ട് ആവനാഴിയിൽ ഉറഞ്ഞുതീർന്ന മൊഴിയാത്ത അമ്പ്. 


സ്വപ്നത്തിൻ ജാലകവിരൽ തുമ്പുരുമ്മി ഇരുളിൽ നിലാക്കയങ്ങളിലേക്കാണ്ട് മുങ്ങിപ്പോകവേ ശബ്ദങ്ങളില്ലാത്ത,  വാക്കുകളില്ലാത്ത,  നിശബ്ദതയുടെ ഈറൻ പുതച്ച താഴ്വരയിൽ ചുണ്ടുകൾ ബന്ധിച്ച് ഇമകൾ പൂട്ടി  ഒരു തുരങ്കത്തിൻ സഞ്ചാര വഴിയിലൂടെ അങ്ങേയറ്റത്ത് ആഴ്ന്നിറങ്ങണം എന്നാണ് സ്വപ്ന ജാലകം എന്ന കവിതയിൽ മായ പറയുന്നത്.  അങ്ങനെയുള്ള സ്വപ്ന സഞ്ചാരത്തിലൂടെ മായയുടെ മനക്കണ്ണ് കാണുന്നതെല്ലാം ഈ പുസ്തകത്തിലെ വരികളിൽ നിറയുന്നതു നമുക്ക് അനുഭവിച്ചറിയാം. 


 മനസ്സുകൾ നിറയെ കറുത്ത വിഷമാണത്രേ. തലയ്ക്കുപിടിച്ച മത്ത് പൊട്ടിയൊഴുകി അകവും പുറവും ശൂന്യമാകണം . ഒരു ചെറിയ കാറ്റിൽ പോലും ഇളകുന്ന ആലിലയാകണം ഹൃദയം.  അങ്ങനെയെങ്കിൽ അന്നുവരും മലയിറങ്ങി പുഴ നിറഞ്ഞ് അലിവിന്റെ തീരം കടന്നു പച്ചയും കുളിർമയും എന്ന് മഹാരണ്യകം എന്ന കവിതയിൽ മായ പറഞ്ഞു വയ്ക്കുന്നു. 


 തന്റേതു മാത്രമായ ലോകത്തിലേക്ക് എത്ര അവധാനതയോടെയാണ് മായ ഇറങ്ങിപ്പോകുന്നത്.  രാവുകൾക്കും പകലുകൾക്കും ദൈർഘ്യം വെച്ച് ഈ ഭൂഗോളത്തിൽ നിന്നും അടർത്തി മാറ്റിയ പോലെ ചില ദിനങ്ങൾ ഉണ്ടാകണമെന്ന് അവൾ കൊതിക്കുന്നു.  വായനയില്ല, എഴുത്തില്ല. പത്രം വന്നോ എന്നറിയാത്ത , ടിവി കാണാത്ത , റേഡിയോ കേൾക്കാത്ത , മൊബൈൽ കരയാത്ത വാട്സ്ആപ്പും ഫേസ്ബുക്കും ഒന്നുമില്ലാത്ത നെറ്റ് ഓണാക്കാത്ത പരസ്പരം അന്വേഷണങ്ങൾ ഇല്ലാത്ത പുറത്ത് മഴയാണോ വെയിലാണോ എന്നറിയാത്ത ചില ദിനങ്ങൾ.  അങ്ങനെയെങ്കിലേ പിന്നീട് നിഴലനക്കം വയ്ക്കുമ്പോൾ എല്ലാം പുതിയതാകുകയുള്ളൂ.  പുതിയ ആകാശം , പുതിയ ഭൂമി , പുതിയ കാഴ്ചകൾ,  കാണുന്നതിനെല്ലാം പുതുമ.  അപ്പോഴേ ഈ സുഖത്തിലെ സുഖം അനുഭവിക്കാനാകൂ എന്ന് സ്വന്തം അനുഭവങ്ങളെ മുൻനിർത്തി നിഴലനക്കങ്ങൾ എന്ന കവിതയിൽ മായ പറയുന്നു. 


 വൻമരങ്ങൾക്ക് കീഴെ വേറൊന്നിനും നിലനിൽപ്പില്ലെന്ന് അവൾ എഴുതുമ്പോൾ ഭാവനയെ മറികടന്ന് അത് ജീവിതത്തിലേക്ക് കുതിക്കുന്നു . എണ്ണ വറ്റി  ചെമ്പിച്ച  തലമുടിയും എല്ലിച്ച മുഖങ്ങളും ഉള്ള കുട്ടികൾ കണ്ണുകൾ നനയ്ക്കുന്നു. 

സമൂഹത്തിന് നേരെ അധികാരി വർഗ്ഗത്തിന് നേരെ നിശിതമായ വിമർശനമുന്നയിക്കുന്ന കവിതയാണ് നാട്താങ്ങികൾ മൂട് താങ്ങികൾ.

 അനങ്ങാൻ പോലുമാകാതെ കിടക്കയിൽ അമരുമ്പോഴും തനിക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച്    എത്രമാത്രം വ്യാകുലപ്പെടുന്നുവെന്ന് ഓരോ വരിയും അടയാളപ്പെടുത്തുന്നു. അവളുടെ കാഴ്ചകൾ

 അനന്ത വിശാലമാണ്.  ചിന്തകൾ ആഴങ്ങളിലേക്ക് ഇറങ്ങുന്നവയാണ്.

അവ നമ്മെ ചിലപ്പോഴെങ്കിലും പൊള്ളിക്കാതിരിക്കുമോ?

തീർച്ചയായും പൊള്ളിക്കുക തന്നെ ചെയ്യും.


 മകുടിയൂത്ത് എന്ന കവിത. 


പക്ഷികൾ ഇണചേരാറുണ്ട്

മറയില്ലാതെ ഒട്ടകങ്ങൾ തമ്മിൽ നക്കി തുടയ്ക്കാറുണ്ട്

മഴപ്പെയ്ത്തിൽ നനയാറുണ്ട്

കുളിരാറുണ്ട്

തോളോട് തോൾ സകല വർഗ്ഗങ്ങളും

ആണും പെണ്ണും

ദേശാന്തരഗമനം നടത്താറുണ്ട്

കൂടുകൂട്ടാറുണ്ട്


എന്നിട്ടും സ്ത്രീകൾക്കു മാത്രം തോക്കിൻ കുഴ. ആണധികാര പ്രമത്തതയുടെ കാൽക്കീഴിൽ ചതഞ്ഞരഞ്ഞ് ഇരുട്ടിൽ കൂടുകൂട്ടുന്ന വേഴാമ്പലാകുന്നു അവൾ എന്ന് മായ എഴുതുമ്പോൾ 

വർത്തമാനകാലത്ത് സാമൂഹ്യ ജീവിതത്തിനു മേൽ രൂപപ്പെട്ടിരിക്കുന്ന തീരാ കളങ്കങ്ങൾ  നമ്മെ തുറിച്ചു നോക്കുക തന്നെ ചെയ്യും.


  യുദ്ധം, പൊട്ടിയുടഞ്ഞ ചില്ലുജാലകം പോലെ ആരുടെയൊക്കെ നെഞ്ചിലൂടെയാണ് മുറിവേറ്റ് പൊടിയുന്നത്.  ആളുകൾ അടയിരിക്കുകയാണ് ഓരോ മിനിറ്റിലും കണ്ണീര് വറ്റി കടുകോളം പ്രതീക്ഷയർപ്പിച്ച് ഓരോ മുക്കിലും മൂലയിലും അരികുകൾ തോറും അടയിരിക്കുന്നു . യുദ്ധം അവസാനിച്ചു കിട്ടാൻ.(കവിത അടയിരിക്കുന്നവർ) ഇതിൻ്റെ തുടർച്ചയാണ് ഹേയ് സ്വച്ഛ സ്വാതന്ത്ര്യമേ എന്ന കവിത . തെരുവുകൾ നിശബ്ദമാക്കപ്പെടുന്നിടത്ത് കലാപക്കൊടികൾ ഉയരുന്നു എന്ന് അതുകൊണ്ടാണ് മായക്ക് പറയേണ്ടി വരുന്നത്. 


മായയെ സംബന്ധിച്ച് അമ്മയാണ് എല്ലാം.  പിഴിഞ്ഞുതോർന്ന വാനം പോലെ നനഞ്ഞൊട്ടി നിൽപ്പാണ് അമ്മ.  കൂട്ടിവച്ച സങ്കടങ്ങളുടെ നെരിപ്പോടിൽ  പുകഞ്ഞ് തീരുന്ന കൊള്ളിപോലെ പച്ചയ്ക്ക് കത്തിത്തീരുന്ന അമ്മ. കാഴ്ചകൾക്ക് അപ്രാപ്യമായ ഒരു ലോകം കവിതകളിലൂടെ മായ വരച്ചിടുന്നു.   കാഴ്ചയും കേൾവിയും ഉണ്ടായിട്ടും നാം കാണാത്ത നാം കേൾക്കാത്ത എത്രയെത്ര   യാഥാർത്ഥ്യങ്ങളിലേക്കാണ്,  വ്യഥകളിലേക്കാണ് മായ ഈ കവിതകളിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ഓരോ കവിതയും വ്യത്യസ്തമായ അനുഭൂതികൾ സമ്മാനിക്കുന്നു. ആശയങ്ങളുടെ ആവർത്തനമോ ആശയ സംഘട്ടനമോ ഇല്ലാതെ സുവ്യക്തമാണ് പുസ്തകത്തിലെ ഓരോ കവിതയും.  ഈ കവിതകളെ അനുഭവിക്കുമ്പോൾ അതുകൊണ്ടാണ് നമ്മളും പറഞ്ഞു പോകുന്നത്

എന്തനന്തതയെന്തപാരത എന്തതിശയം എന്തു വശ്യം

എന്ന്. മായയുടെ വാക്കുകൾ കടമെടുത്ത് പറയട്ടെ, 

 സ്‌നിഗ്ധമായ ഒരു തുള്ളി തൻ നൈർമല്യം

കാത്തു പോരുകെങ്കിലീ  ജന്മം എത്ര സുകൃതം.


  ദർശന

9645748219

5/6/24



Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി