ശാന്തി ഉണ്ണികൃഷ്ണന്റെ മായാമയൂരം!
ശാന്തി ഉണ്ണികൃഷ്ണന്റെ മായാമയൂരം!
ഏകാന്തതയും ഒറ്റപ്പെടലും കൂടുകൂട്ടുന്ന വാർദ്ധക്യത്തിൽ ഗതകാലസ്മരണകൾ ഓളങ്ങൾ തീർത്ത് മയൂരനൃത്തമാടുന്നു. ആ ഓർമ്മകൾക്ക് ഗ്രാമജീവിതത്തിന്റെ കുളിരും തെളിമയും മഹിമയുമൊക്കെയുണ്ട്.
ഓരോ ചെറു നിമിഷങ്ങളേയും കഥകളാക്കാനുള്ള കഴിവുണ്ട് എഴുത്തുകാരിക്ക്. ഭാഷയുടെ ഒഴുക്കും ഒതുക്കവും വായനാസുഖമുള്ളതാക്കുന്നു.
നിത്യജീവിതത്തിൽ വീട്ടമ്മയായ സ്ത്രീയുടെ മഹിമ പുരുഷൻ മനസ്സിലാക്കുന്നതും തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു .
ഫ്ലാറ്റ് ജീവിതത്തിലെ അപരിചിതത്വം! അത് അവരുടെ മകന്റെ ഓട്ടിസം എന്ന അവസ്ഥയെ മനപ്പൂർവ്വം മറച്ചുവയ്ക്കാനായി സൃഷ്ടിച്ചെടുത്തതാണെന്ന് മനസ്സിലാക്കുന്നു.
കേൾക്കാൻ ഒരാളുണ്ടാവുന്നത് ആശ്വാസമാണല്ലേ?. ഓർമ്മകളിൽനിന്നും പൊടിതട്ടിയെടുത്ത സാലിയാന്റി അത്തരമൊരു കഥാപാത്രമാണു.
കുഞ്ഞുമക്കളുടെ സ്നേഹത്തണലിൽ കഴിയുമ്പോൾ തന്റെ ജീവിതത്തിൽ വന്നുപോയ മാറ്റങ്ങളെ താലോലിക്കുകയാണു വാർദ്ധക്യത്തിൽ രാമകൃഷ്ണൻ എന്ന കഥാപാത്രം!ആ ഓർമ്മകളിൽ പ്രണയത്തിന്റെ മധുരിമയുണ്ട്.
തോട്ടം തൊഴിലാളിയായ സെൽ വി! വിദ്യാഭ്യാസമില്ലാത്തവളാണു, രണ്ട് കുഞ്ഞുമക്കളുടെ അമ്മയായ അവളുടെ ഭർത്താവിന്റെ ചൂഷണ സ്വഭാവവും അവളുടെ ജീവിതത്തിൽ ദുരിതത്തിനു ആക്കം കൂട്ടുന്നുണ്ട്. ഒരു ഭാഗത്ത് സമൂഹത്തിൽ ഉന്നതപദവി അലങ്കരിക്കുന്ന സ്ത്രീകൾ! ഇതിനിടയിൽ സെൽ വിക്കെന്ത് വനിതാ ദിനമെന്ന് സാക്ഷ്യപ്പെടുത്തുന്നു.
ഭർത്താവ് എത്ര കൊള്ളരുതാത്തവനെങ്കിലും പിരിഞ്ഞിരിക്കുന്ന അവസ്ഥയിലും അയാൾക്കൊരാപത്തു വന്നുവെന്നുകേൾക്കുമ്പോൾ കഴിഞ്ഞുപോയ തെറ്റുകൾ തിരുത്തി നല്ല ജീവിതം ആഗ്രഹിക്കുന്നു. താലിയെ അവൾ തന്നോട് ചേർക്കുന്നു.
അടുത്തത്
മകനും കുഞ്ഞുമക്കൾക്കുമൊപ്പം താമസിക്കുമ്പോൾ അമ്മൂമ്മയായവളുടെ ഓർമ്മകൾ തന്റെ ബാല്യത്തിലെ ഭക്ഷണരുചികളേയും താലോലിക്കുന്നു. ഓർമ്മകളെ കൂട്ടുപിടിക്കുമ്പോൾ കിട്ടുന്ന സുഖം ആർക്ക് മനസ്സിലാവാനാണു. ഓർമ്മകളെ മുഖം മിനുക്കിയെടുക്കുമ്പോൾ കിട്ടുന്ന സന്തോഷമാണു കൂട്ടിനുള്ളത്.
സൂപ്പർ മാർക്കറ്റിൽ ഷോപ്പിങ്ങിനു ചെല്ലുമ്പോൾ കാണുന്ന ഒരമ്മയും മകനും! മകന്റെ വാശിക്കു മുന്നിൽ തോറ്റുകൊടുക്കാതെ മടങ്ങുന്ന അമ്മ. ഇക്കാലത്ത് കുട്ടികളെ ഭാവിയിൽ ദുർവാശിക്കാരാക്കി വളർത്താതിരിക്കാനുള്ള അമ്മയുടെ പെരുമാറ്റം , ബഹുമാനം തോന്നിച്ചു എന്നാണു പറഞ്ഞിരിക്കുന്നത്.
മക്കൾക്കുവേണ്ടി ജീവിച്ച് ഉറുമ്പ് പെറുക്കി കൂട്ടുമ്പോലെ ജീവിതഭാരം പേറിയ സ്ത്രീ. അവളുടെ കാലുകളുടെ ബലം നഷ്ടപ്പെട്ട് മുറ്റം കാണാനാവാത്തവിധം പ്രായം സമ്മാനിച്ച ജീവിതം പേറുന്നൊരുവൾ! ചെറുപ്പത്തിൽ അല്പമ്പോലും സ്നേഹം തന്നിട്ടുണ്ടോ എന്ന് അവളോട് കയർക്കുന്ന മകൾ. സ്നേഹം എന്ന അദ്ധ്യായത്തിൽ കാണാം. ആറ്റിക്കുറുക്കിയ എഴുത്താണു.
കൊച്ചുമക്കൾക്കു പറഞ്ഞുകൊടുക്കാൻ വീട്ടിൽ പണ്ടുവരാറുണ്ടായിരുന്ന തമിഴ് സുഹൃത്തിന്റെ സമ്മാനക്കഥ ഓർത്തെടുത്ത മുത്തശ്ശി, സുന്ദരി എന്ന കഥയിൽ!
നിത്യ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ഭക്ഷണകാര്യങ്ങളോ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളോ ശ്രദ്ധിക്കാൻ കഴിയാത്ത ഒരു കുടുംബം .അവിടേക്ക് ലോക് ഡൗൺ എത്തുമ്പോൾ വന്നുപെടുന്ന മാറ്റങ്ങൾ പുതിയൊരു അന്തരീക്ഷം സൃഷ്ടിക്കുന്നത് മനോഹരമാണു.
കാലം കഥ രചിക്കുമ്പോൾ! എന്നതിൽ കുടുംബത്തിനകത്തുപോലും സ്ത്രീ,പെൺകുട്ടി ചൂഷിതയാവുമെന്ന ഭയം ആണു പറഞ്ഞുവരുന്നത്.
താലീസ്പർശം! മദ്യം കുടുംബജീവിതത്തെ തകർത്തു തരിപ്പണമാക്കി. എന്നിട്ടും നീണ്ട വർഷങ്ങൾക്കുശേഷം ഒറ്റപ്പെട്ടയവൾ ഭർത്താവ് എന്ന ബിംബത്തെ തന്നോടുചേർക്കാൻ തയ്യാറാവുന്നു.
ഒറ്റയടിപ്പാത! ഭർത്താവില്ലാതെ മക്കളെ വളർത്തി വലുതാക്കിയൊരമ്മ. തന്റെ എല്ലാ പ്രതീക്ഷകളും മകനിലാണെന്ന് കരുതിയ ആ അമ്മയ്ക്ക് മകൻ ഏറ്റവും വലിയ ശത്രുവാകുന്നു. സ്നേഹിച്ച പെണ്ണിനെ ചതിക്കുന്ന മകൻ. അച്ഛനില്ലാത്ത കുഞ്ഞിനു ആ അമ്മ തന്നെ രക്ഷിതാവാകുന്നു.
താളം മുറിഞ്ഞ താരാട്ട് ! മദ്യപാനിയും സംശയരോഗിയുമായ ഭർത്താവ്. സന്തോഷം അറിഞ്ഞിട്ടില്ലാത്ത ജീവിതത്തിൽ മകൻ അമ്മയ്ക്ക് ചേർന്ന് നിക്കുന്നു. ഇനിയുള്ള ജീവിതത്തിൽ അമ്മയ്ക്ക് വേദനകൾ ഉണ്ടാവരുതെന്ന് കരുതി മകൻ അമ്മയെ റിട്ടയർമെന്റ് ഹോമിൽ അഡ്മിഷൻ എടുത്ത് പാർപ്പിക്കുന്നു.
പരസ്പരം സഹായമാകുന്ന അയൽക്കാർ. എന്നാൽ അവരുടെ ദുരിതങ്ങൾ ആരുമറിയാതെ കൊണ്ടുനടന്നവൾ. അവിടേയും മദ്യം തന്നെ വില്ലൻ. ലഹരിക്കടിപ്പെടുന്ന പുതിയ കാലത്തിന്റെ പ്രതിനിധിയായി മകനും! എന്നാൽ പുതിയ കാലത്തിൽ
കുട്ടികൾ ലഹരി റാക്കറ്റിനു ഇരയാകുന്നുവെന്ന സത്യം പങ്കുവയ്ക്കുകയാണു ലഹരി എന്ന അദ്ധ്യായം.
പുലരിയും കാത്ത്! എന്ന അദ്ധ്യായം ജാതിയും മതവും സ്നേഹത്തിനും സൗഹൃദത്തിനും തടസ്സമാവില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണു അവസാനിപ്പിക്കുന്നത്.
ഒറ്റയ്ക്ക് നടക്കുന്നവർ! സ്ഥിരോത്സാഹത്തിന്റെ, പരിശ്രമത്തിന്റെ നേർക്കാഴ്ചയായി, പത്മിനിയേട്ടത്തി, അടുത്തത് ഫ്രണ്ട് എന്ന കഥയാണു. സോഷ്യൽ മീഡിയയിൽ നിരവധി സുഹൃത്തുകളുള്ള കഥാപാത്രം. സൗഹൃദങ്ങളില്ലായിരുന്നെങ്കിൽ ഈ ലോകം എത്ര ശൂന്യമായേനെ എന്നനുഭവപ്പെടുത്തിക്കൊണ്ടാണു കഥ തുറന്നുവരുന്നത്. പ്രാർത്ഥന എന്നതിൽ സമൂഹത്തിന്റെ പൊള്ളയായ മനസ്സ് വെളിപ്പെടുത്തുന്നു.
എഴുത്തുകാരിക്കൊപ്പം ഒരു സഞ്ചാരത്തിലൂടെ ആയാസകരമായ ഒരു യാത്ര സാധിച്ചെടുക്കാം.
പ്രസാധകർ കറന്റ് ബുക്സ് തൃശൂർ
വില 125
സേഹപൂർവ്വം
മായ ബാലകൃഷ്ണൻ

Comments
Post a Comment