ഹൃദയത്തിൽ MGM

 നാളെ (26/1/2024) സ്കൂളിൽ പോകാമല്ലോ എന്ന സന്തോഷത്തിലായിരുന്നു കുറച്ചു ദിവസ്സങ്ങളാായിട്ട് അമ്മ. ഒരു വീട്പോലെ കഴിഞ്ഞിരുന്ന സഹാദ്ധ്യാപകർ!പലരും ജീവിതത്തിൽ നിന്നും പിരിഞ്ഞു പോയെങ്കിലും അവശേഷിക്കുന്ന കുറച്ചു പേരെയെങ്കിലും വീണ്ടും കാണാം ,സ്കൂളിന്റെ പുതിയ മാറ്റങ്ങളും എല്ലാം കാണാം,അതിനിടയിൽ പഴയ ഓർമ്മകളൊക്കെ മനസ്സിൽ നിറഞ്ഞുവന്നു എന്നതൊക്കെക്കെ മനസ്സിനെ ഉന്മേഷവതിയാക്കി. 

മൂന്നുമാസം മുൻപ്  ഒരു സർജെറിയുണ്ടായിരുന്നു അമ്മയ്ക്ക്. ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവില്ലെന്ന് വരെ അമ്മ ആ ഘട്ടത്തിൽ ചിന്തിച്ചുറപ്പിച്ചുപോയി. അത്രയേറെ ക്ഷീണിതയായിരുന്നു. ഞങ്ങളും വല്ലാതെ ഭയപ്പെട്ടുപോയി. എന്നാൽ അതിൽനിന്നെല്ലാം മോചിതയായി വരുന്ന ഈ സന്ദർഭത്തിൽ പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം അമ്മയ്ക്ക് ഒരു പുത്തനുണർവ്വ് നൽകി.


4 മണി എന്നുപറഞ്ഞിട്ട് വൈകീട്ട് മൂന്നു മണിക്ക് തന്നെ അമ്മ റെഡിയായി നിന്നു. ടീച്ചേഴ്സ്നെയെല്ലാവരെയും വേദിയിൽ കയറ്റിയിരുത്തി പൊന്നാടയും മൊമെന്റൊയും നൽകി ആദരിച്ചു. എങ്കിലും ഒരു കാര്യം അമ്മയെ വളരെ വിഷമിപ്പിച്ചു. ഓരോ അദ്ധ്യാപകരുടെയും സെർവീസ് കാലഘട്ടം അന്നൗൺസ് ചെയ്തപ്പോൾ അമ്മയുടെ മാത്രം പറഞ്ഞില്ല. 

അവിടെ യിരുന്നവരിൽ നായത്തോട് സ്കൂളിൽ ഏറ്റവുമധികം വർഷം ജോലി ചെയ്തിട്ടുള്ള വ്യക്തി അമ്മയായിരുന്നു!  1965 ഇൽ തുടങ്ങി റിട്ടയർ ചെയ്യുന്ന 1993 വരെ തുടർച്ചയായ 28 വർഷം  അമ്മയ്ക്ക് മറ്റൊരു സ്ഥാപനം ഉണ്ടായിരുന്നില്ല. ഏറെ അഭിമാനത്തോടെയാണു അമ്മ അത് പറയാറ്! മറ്റുപലരും റിട്ടയർമെന്റിനു മുൻപ് പ്രമോഷനായി പോകാറുണ്ട്. എന്നാൽ അമ്മ പ്രമോഷൻ സമയമായപ്പോഴേക്കും ഞാൻ അസുഖബാധിതയായി. പ്രമോഷൻ വന്നാൽ ദൂരെ സ്കൂളിൽ പോകേണ്ടിവരും , സാലറി , പെൻഷൻ എല്ലാം കൂടും! എന്നിട്ടും അന്നത്തെ വീട്ടിലെ സാഹചര്യത്തിൽ അമ്മ പ്രാമോഷൻ വേണ്ടെന്നു വച്ചു. 

 ആദ്യകാലങ്ങളിൽ എറണാകുളം ജില്ലയിലെ മണീട്, രാമമംഗലം എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് എന്നതൊഴിച്ചാൽ നായത്തോട് ജി മെമ്മോറിയൽ സ്കൂൾ അല്ലാതെ അമ്മയ്ക്ക് മറ്റൊരു വിദ്യാലയം ഉണ്ടായിരുന്നില്ല! 

ഇന്നലെ കുട്ടികൾ വന്ന് ഒരുമിച്ച് ഫോട്ടോയെടുത്തതും അവരുടെ അദ്ധ്യാപികയെക്കുറിച്ചുള്ള പഴയ ഓർമ്മകൾ പങ്കുവച്ചതും ഏറെ സന്തോഷമുണ്ടാക്കി. 

 പ്രായമേറി വരുമ്പോൾ കിട്ടുന്ന കൊച്ചുസന്തോഷമല്ല, വലിയ സന്തോഷം തന്നെയാണു വിദ്യാലയത്തിലേക്കുള്ള ഈ  തിരിച്ചുപോക്ക്!


സ്നേഹപൂർവ്വം

മായ ബാലകൃഷ്ണൻ 






























Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി