വരിയോരം ഗ്രൂപ്പ് അഭിമുഖം ഡോക്ടർ അജയ് നാരായണൻ
എന്റെ എഴുത്തുവഴികളെയും ജീവിതത്തെയും
ചോദിച്ചറിഞ്ഞ് വരിയോരം ഗ്രൂപ്പിൽ
ഡോക്ടർ അജയ് നാരായണൻ നടത്തിയ മുഖാമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ....
നന്ദി അജയ് സർ, വരിയോരം അഡ്മിൻസ്...🙏🌿💦
പ്രിയ സുഹൃത്തുക്കൾക്കായി ഞാനിത് പങ്കുവയ്ക്കുന്നു.
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ♥️♥️♥️♥️ 2021
21st June 2021
ഇന്ന് വരിയോരം കാഴ്ചവയ്ക്കുന്നത് ഒരു പ്രത്യേക കഴിവുകളുള്ള വ്യക്തിത്വത്തെയാണ്. മായാ ബാലകൃഷ്ണൻ എന്ന എഴുത്തുകാരിയെ ഞാൻ അറിയാൻ തുടങ്ങിയിട്ട് ഏറെ നാളായിട്ടില്ല. അറിഞ്ഞു തുടങ്ങിയപ്പോൾ ആദരവും സ്നേഹവും കൂടി. അധികം പറയുന്നില്ല. നിങ്ങൾ വായിച്ചെടുക്കുക.
മായാബാലകൃഷ്ണനോട് ഞാൻ ചോദിക്കുന്നു. വായിക്കാം.
*ഞാൻ എന്നെപ്പറ്റി*
വരിയോരം സുഹൃത്തുക്കൾക്ക് നമസ്കാരം.
ഞാൻ *മായ ബാലകൃഷ്ണൻ*. എറണാകുളം ജില്ലയിൽ അങ്കമാലി നായത്തോട് സ്വദേശി. അദ്ധ്യാപകരായ മാതാപിതാക്കളുടെ 4 മക്കളിൽ ഏറ്റവും ഇളയവൾ. ഏറെ സ്വാതന്ത്ര്യമനുഭവിച്ചുവളർന്ന ബാല്യകൗമാര- മായിരുന്നു.
പത്താംക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കേ മിഡിൽ ഏയ്ജുകാർക്ക് വരാറുള്ള അസുഖം റുമാറ്റോയ്ഡ് ആർത്രൈറ്റിസ്! എന്നെ ബാധിച്ചു. ഒരു ചെറുപ്രായത്തിൽ എന്നതുകൊണ്ട് രോഗത്തിന്റെ എല്ലാ പ്രഹരവും ഏറ്റുവാങ്ങേണ്ടിവന്നു. അതിശക്തമായ വേദന, ഒന്നു ചലിക്കാൻ പോലുമാവാതെ കട്ടിലിൽ പിടിച്ചുകിടത്തി. ഒരുവർഷത്തെ ഇടവേള യ്ക്കുശേഷം SSLC എഴുതി, പ്രീഡിഗ്രിക്ക് ചേർന്നെങ്കിലും തുടർപഠനം ജലരേഖയായി....
വന്നുകയറിയ അതിഥി അങ്ങനെ തിരിച്ചുപോവാൻ വന്നതായിരുന്നില്ല. ആട്ടിപ്പായിക്കാൻ ശ്രമങ്ങൾ നടത്തുന്തോറും കൂടുതൽക്കൂടുതൽ എന്റെമേൽ സർവ്വാധിപത്യം സ്ഥാപിച്ചുകൊണ്ടിരുന്നു. ഒന്നുരണ്ടു വർഷത്തിനുള്ളിൽ കൈകാലുകളുടെ ചലനം പൂർണ്ണമായും വസൂലാക്കി. പരാജയം ഇഷ്ടമില്ലാത്തതുകൊണ്ട് കുറച്ചുവർഷങ്ങൾ കഴിഞ്ഞതോടെ സഖ്യത്തിന്റെ പാതയിലായി ഞാനും. 30- 32 വർഷങ്ങളായി കട്ടിലും കിടപ്പുമായി പരസ്പര സഹകരണത്തോടെ മുന്നേറുന്നു.
പുസ്തകവും പേനയും കൈയിലെടുത്തു പിടിക്കാനാവാതെപോയ വർഷങ്ങളേറെയുണ്ട്. എങ്കിലും ഇന്ന് രണ്ടു പുസ്തകത്തിന്റെ (കവിതകൾ) രചയിതാവാണ്. മൂന്നാമത്തെ പുസ്തകം ആ ഇരുണ്ടകാലത്തിന്റെ ഓർമ്മകളെ തുറന്നുവിട്ടുകൊണ്ട് എന്റെ ജീവിതരേഖ “നാലാംവിരലിൽ വിരിയുന്ന മായ” ലോക്ഡൗണിനുശേഷം പുറത്തിറങ്ങാൻ കാത്തിരിക്കുന്നു.
‘നിഷ്കാസിതരുടെ ആരൂഢം’ എന്ന പുസ്തകത്തിന് സംസ്‌ഥാനസർക്കാറിന്റെ കീഴിലുള്ള ഭിന്നശേഷികമ്മീഷണറേറ്റിന്റെ അവാർഡ്, കൂടാതെ സംസ്ഥാനതലഭിന്നശേഷികൂട്ടായ്മയുടെ ‘വരം’ പുരസ്‌കാരം എന്നിവ ലഭിച്ചു. ആനുകാലികങ്ങളിലും, ആകാശവാണി- യിലും കവിതകൾ വരാറുണ്ട്. കൂടാതെ അനുഭവക്കുറിപ്പുകൾ, ബാലസാഹിത്യകഥകൾ, എന്നിവ എഴുതാറുണ്ട്.
ഇങ്ങനെയൊരു അഭിമുഖം നടത്തിയ Dr അജയ് നാരായണൻ സർ നും വരിയോരം ഗ്രൂപ്പ് അഡ്മിൻസ് നോടും വളരെ നന്ദി സ്നേഹം.
*ചോദ്യം 1-*
വെല്ലുവിളി നിറഞ്ഞ ജീവിതത്തിൽനിന്നും എഴുത്തിന്റെ വേദിയിലേക്ക് ഒരു നിലവിളക്കുമായി കടന്നുവന്ന മായ എല്ലാവർക്കും ഒരു പ്രചോദനം തന്നെയെന്ന് നിസ്സംശയം പറയാം.
എഴുത്തിലേക്ക് കൈപിടിച്ചുനടത്താൻ ഏതെങ്കിലും ഒരു മാതൃക ചൂണ്ടിക്കാണിക്കാൻ ഉണ്ടോ, മായയ്ക്ക്?
*ഉത്തരം:*
വായനയുടെ സ്വാധീനമാണ് എഴുത്തിലേക്ക് വഴിതെളിച്ചതെന്നു വിശ്വസിക്കുന്നു. വായനയ്ക്കുള്ള അന്തരീക്ഷമെന്നും വീട്ടിലുണ്ടായിരുന്നു. അച്ഛനും ചേട്ടനും സാഹിത്യാഭിരുചി ഉണ്ടായിരുന്നു. രോഗത്തോടും കടപ്പാടുണ്ട്. രോഗാവസ്ഥയിലാണ് കൂടുതൽ വായിക്കാൻ തുടങ്ങിയത്. പ്രത്യേകിച്ചൊരു വ്യക്തിയെ മാതൃകയാക്കാൻ കഴിഞ്ഞിരുന്നില്ല. വല്ലാത്തൊരു വ്യർത്ഥതാബോധം ചുഴന്നുവന്നപ്പോൾ ഒന്നുമല്ലാത്ത അവസ്ഥയെ മറികടക്കാൻ സ്വയം ചില കുഞ്ഞുകാര്യങ്ങളിൽ ഏർപ്പെടാൻ തുടങ്ങിയതാണ്.
അങ്ങനെ നല്ലൊരു ആകാശവാണി ശ്രോതാവായ ഞാൻ ഒരു പ്രോഗ്രാമിലേക്ക് എഴുതിയ ഓർമ്മക്കുറിപ്പ് വായിച്ച റേഡിയോ R J എന്നോട് നല്ല ഭാഷയും എഴുത്തുമാണല്ലോയെന്നു പറഞ്ഞത് വലിയൊരു പ്രോത്സാഹനമായി. അതിനെത്തുടർന്നാണ് ചിലതൊക്കെ കുത്തിക്കുറിച്ച് വയ്ക്കാൻ തുടങ്ങിയത്.
*ചോദ്യം 2 -*
മായയ്ക്ക് കിട്ടിയ അംഗീകാരങ്ങൾ ഒരു പരിധിവരെ മറ്റുള്ളവർക്കും പ്രചോദനം ആണെന്ന് ഞാൻ കരുതുന്നു. എങ്ങനെയാണ് ‘നാലാം വിരലിൽ വിരിയുന്ന മായ’ യിലേക്കെത്തിയത്?
*ഉത്തരം:*
ഞാനെന്ന മുറിയുടെ വാതിൽപൂട്ടി പുറത്തിരിക്കാനായിരുന്നു ഒരുകാലം ഞാനിഷ്ടപ്പെട്ടിരുന്നത്. എന്നാൽ ഞാനിന്നേറെ ആത്മവിശ്വാസവും ആർജ്ജവമുള്ളവളുമായിരിക്കുന്നു. കിടപ്പുരോഗിയാണെന്ന് പറയാൻ മടിയില്ല. ഇതുപോലെ ഒരു തുറന്ന മാധ്യമത്തിൽ വരാനും എന്നെ തുറന്നെഴുതാനും, ചിത്രങ്ങൾ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനും, ഒരു സദസ്സിനെ അഭിമുഖീകരിക്കാനും പാകത്തിൽ ഞാൻ മാനസികമായി വളർന്നുകഴിഞ്ഞു.
എന്നാൽ പൂർണ്ണാരോഗ്യമുണ്ടായിട്ടും കുട്ടികൾമുതൽ മുതിർന്നവർവരെ ചെറിയ തോൽവികൾക്കുമുന്നിൽ, ആത്മഹത്യവരെ തിരഞ്ഞെടുത്തു കാണുമ്പോൾ സഹതാപമല്ല, ദേഷ്യമാണ് അവരോടൊക്കെ തോന്നാറ്. ഇത്രയൊക്കെ ആരോഗ്യമുണ്ടായിട്ടും...! ജീവിതത്തിന്റെ വിലയറിയാ ത്തവർ, ബുദ്ധിയില്ലാത്തവർ! ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ എന്നൊക്കെ വിചാരിക്കും.
ഞാനൊരു വേറിട്ട സമൂഹത്തിന്റെ ശബ്ദംകൂടിയാണെന്ന സാമൂഹികാവബോധവും, ഈ ജീവിതരേഖയിലേക്ക് എന്നെയെത്തിച്ചു. പരിഗണന യാണ് വേണ്ടത്. ഇകഴ്ത്തലോ വെറും സഹതാപമോ അല്ലാ, നിങ്ങളും ഈ സമൂഹത്തിന്റെ ഭാഗമെന്ന് സാമാന്യമനുഷ്യർ അംഗീകരിക്കേണ്ടതുണ്ട്. അതിന് ഒരു തുറന്നെഴുത്തുതന്നെ വേണമെന്നുതോന്നി.
*ചോദ്യം 3:* വേറിട്ടൊരു ശബ്ദമാണ് മായയുടേത് എന്ന് നമുക്കുറപ്പിച്ചുതന്നെ പറയാം. എഴുത്തിലും ജീവിതത്തിലും ആ വേറിട്ടശബ്ദം നമുക്ക് കേൾക്കാം.
ആത്മകഥയിൽ ഒരു വിലയിരുത്തൽ, സ്വന്തം ജീവിതത്തെക്കുറിച്ചും പരിസരത്തെക്കുറിച്ചും മായ എഴുതിക്കാണുമല്ലോ.
ഞങ്ങളുടെ വായനക്കാർക്ക് വേണ്ടി ചില ചിന്തകൾ പങ്കുവയ്ക്കാമോ?
*ഉത്തരം 3 -*
എനിക്ക് മൂത്തത് രണ്ടു സഹോദരന്മാരാണ്. അവർക്കൊപ്പം എവിടെയും, ഏതു കാട്ടിലും മരത്തിലും വലിഞ്ഞുകയറി ഒരുപാട് സ്വാതന്ത്ര്യം അനുഭവിച്ചുനടന്നിരുന്ന കുട്ടിയാണ്. അതുപോലെ പെൺകുട്ടികൾ സൈക്കിളോടിക്കാൻ മടിച്ചിരുന്ന അക്കാലത്ത്, നാട്ടുവഴികളിലൂടെ സൈക്കിൾ ചവിട്ടിയും, ക്ഷേത്രക്കുളത്തിൽ നീന്തിത്തുടിച്ചും, ഉത്സവങ്ങളും പൂരപ്പറമ്പും, മഴയും ചേറും കൃഷിയും പാടവരമ്പുകളും ചവിട്ടി മെതിച്ചു ഈ നാട് എന്റെ കാൽക്കീഴിലെന്ന് സ്വയം മതിമറന്നുനടന്നു.
അതുകൊണ്ടുതന്നെ, തീരെ കുഞ്ഞുപ്രായത്തിൽ നടക്കാൻപോലു- മാവാതെപോയ കുട്ടികളെ വച്ചുനോക്കുമ്പോൾ ഞാനെന്തു ഭാഗ്യവതി എന്ന് ചിന്തിക്കാനാണിഷ്ടം. എന്തായാലും ജീവിതത്തിൽ എനിക്കുകിട്ടിയ പ്ലസ് പോയിന്റുകളാണ് ആദ്യ പത്തുപതിനഞ്ചു വർഷങ്ങൾ.
*ചോദ്യം 4 -*
മായയുടെ ഭാവന വർണ്ണാഭമെന്ന് കാണാം. ഒരു ചെറിയ ചുറ്റളവിലിരുന്നുകൊണ്ടൊരു മായാലോകം തീർക്കുന്ന എഴുത്തുകാരി മുന്നോട്ടുവയ്ക്കുന്നത് ഒരു പ്രതീക്ഷയും പ്രചോദനവുമാണ്. എഴുതുമ്പോൾ മായയുടെ മനസ്സിലുണ്ടാകുന്ന വികാരവിചാരങ്ങൾ പങ്കുവയ്ക്കാമോ?
*ഉത്തരം:*
ഇങ്ങനെയൊരു വിഷയത്തെക്കുറിച്ച് സർ ചോദിക്കുമ്പോളാണ് എന്താണ് സംഭവിക്കാറുള്ളതെന്ന് ചിന്തിക്കുന്നത് തന്നെ! ഒരു പോസിറ്റീവ് എനർജി! പെട്ടെന്നുവന്നു മുട്ടിവിളിക്കുന്ന ഒരു വാക്കോ, വരിയോ അതെത്രയും പെട്ടെന്ന് നഷ്ടപ്പെട്ടുപോകാതെ കുറിച്ചുവയ്ക്കാൻ വീർപ്പുമുട്ടും. ചിലത് തുരുതുരെ പെട്ടെന്നു എഴുതിത്തീർക്കാൻ ആവേശത്തോടെ കടന്നുവരും. എപ്പോഴൊക്കെയോ മനസ്സിനടിത്തട്ടിൽ ഊറിക്കൂടിയ വികാരവിചാര- ങ്ങളുടെ പൊരുൾ ആത്മാവിന്റെ കോവിൽ തുറന്ന് അനുഗ്രഹസ്പർശം പോലെ കൈവെള്ളയിൽ വച്ചുതരുന്ന പ്രതീതി. ചിലത് കൊള്ളേണ്ടിടത്ത് കൊള്ളിക്കാനും, കടന്നുവരുന്ന വിഷയത്തിന്റെ വിവിധ തലങ്ങളിലേക്ക് മനസ്സ് സഞ്ചരിക്കുന്നുണ്ടാവും. അവയെ, കാലത്തോടും എന്നോടും, സമൂഹത്തോടും നീതിപുലർത്തുന്നതരത്തിൽ എഴുതാറുണ്ട്. എഴുതിക്കഴി യുമ്പോൾ കിട്ടുന്ന സന്തോഷം, നന്നായെന്നു കേൾക്കുമ്പോഴുള്ള നിർവൃതി, തുടർന്നും എഴുതാൻ കഴിയണേയെന്നൊരു പ്രാർത്ഥനയ്ക്കൊപ്പം അക്ഷരങ്ങൾ കൈവിട്ടുപോകുമോയെന്നൊരു പേടിയുമുണ്ടാവും.
*ചോദ്യം 5 -* ഒരു പ്രാർത്ഥനപോലെ ആശയത്തെ ചേർത്തുവയ്ക്കുന്ന മായ എന്ന എഴുത്തുകാരിയുടെ മൃണ്മയംപോലുള്ള കവിതയിൽ ധ്യാനഭാവമാണ് കാണുക.
എന്നാൽ നുകവും കാളയും എന്ന കവിതയിൽ ഇന്നത്തെ കർഷക സമരത്തിൽ അസ്വസ്ഥമായ ഒരു കവിയെ കാണാം. വരിയോരത്തിനു വേണ്ടി, ഈ കവിതയെ ഒന്ന് വിശദീകരിക്കുമോ?
*ഉത്തരം:*
കർഷകരാണ് ഒരു രാജ്യത്തിന്റെ നട്ടെല്ല്. എത്ര പണമുണ്ടായാലും ഒരു പിടി അന്നം കഴിക്കണമെങ്കിൽ കർഷകന്റെ വിയർപ്പുംഅദ്ധ്വാനവുമില്ലെങ്കിൽ കഴിയില്ല. ഇവിടെ ആ ഒരു സമൂഹത്തിന്റെ വാക്കുകൾക്ക് കാതുകൊടുക്കാതെ, അദ്ധ്വാനത്തിന് അർഹമായ വില കല്പിക്കാതെ, അവരുടെമേൽ കെട്ടിയേൽപ്പിക്കുന്ന നിയമങ്ങൾ, അതിന് അധികാരത്തിന്റെ, അടിച്ചമർത്തലിന്റെ ഭാഷയാണ്. അവിടെ പ്രതികരിക്കാൻ ഞാനെന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം എടുത്തു.
*ചോദ്യം 6:* കാലികമായ വിഷയങ്ങൾ ശക്തിയോടെ കയ്യൊതുക്കത്തോടെ കവിതയാക്കുന്ന മായയുടെ മറ്റൊരു കവിതയുണ്ട്, ‘കായ് മരങ്ങൾ’.
സ്ത്രീശാക്തീകരണവിഷയങ്ങൾ, കുട്ടികൾ, സ്ത്രീകൾ ഇരകളായിമാറുന്ന ഭീതിതമായ അവസ്ഥകളെ ശക്തിയോടെ ചോദ്യംചെയ്യുന്നുണ്ടല്ലോ. അതെല്ലാം മറ്റു എഴുത്തുകാർക്കും പ്രചോദനമെന്ന് ഞാൻ കരുതുന്നു.
ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മനസ്സിലൂടെ കടന്നുപോകുന്ന വികാരവിചാരങ്ങൾ എന്താണ്?
*ഉത്തരം:* ജീവിതത്തിൽ തോറ്റുപോയ കുട്ടിയായിരുന്നു ഞാൻ. നീണ്ട വർഷങ്ങൾ ശാരീരികവേദനകളും, രോഗം അടിച്ചേൽപ്പിച്ച അസ്വാതന്ത്ര്യവും, എല്ലാം എന്നിൽ ഒരു പോരാളിയുടെ മനസ്സ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അനീതിയോ, അടിച്ചമർത്താലോ, എവിടെക്കണ്ടാലും പ്രതികരിക്കാൻ മനസ്സ് വെമ്പും.
മാത്രമല്ല ഞാനുമൊരു പെൺകുട്ടിക്കാലം കടന്നുവന്നവളല്ലേ.... അവരുടെ ഇളംമനസ്സും, സ്നേഹവും ആർദ്രതയുമെല്ലാം ഓർക്കുമ്പോൾ അവരുടെമേലുള്ള ഓരോ കൈയേറ്റവും പീഡനങ്ങളും! കേൾക്കുമ്പോൾ, അവിടെ എന്നിലെ സ്ത്രീ ഉണരും! ശക്തിയായി ആഞ്ഞടിക്കും! അടിച്ചമർത്തലും ആധിപത്യപ്രവണതയും ഏറ്റവും നികൃഷ്ടമായ ഒന്നായിട്ടാണ് ഞാൻ വിലയിരുത്തിയിട്ടുള്ളത്. സ്ത്രീ സ്വാതന്ത്ര്യത്തെ മാനിക്കുന്ന വ്യക്തിയായിരുന്നു എന്റെയച്ഛൻ എന്നതും എനിക്കൊരു ബലമായും അഭിമാനമായും തോന്നിയിട്ടുള്ളതുകൊണ്ട് എഴുത്തിൽ ഞാനാ സ്വാതന്ത്ര്യവും എടുക്കുന്നുണ്ട്.
*ചോദ്യം 7 -* ആരോഗ്യപരിപാലനങ്ങൾക്കിടയിൽ എഴുത്തും വായനയും ഒപ്പം നല്ല സൗഹൃദവും ഉള്ള മായ പകർന്നുതരുന്ന ഊർജം ദൈവീകമെന്ന് എനിക്ക് തോന്നുന്നു. എങ്ങനെയാണ് ഇതെല്ലാം ഒരുമിച്ചു കൊണ്ടുപോകുന്നത്? മായയുടെ ഒരു ദിവസത്തെ വായനക്കാർക്ക് വേണ്ടി വിശദീകരിക്കാമോ?
*ഉത്തരം :* പ്രതിസന്ധികൾ വരുമ്പോൾ അതിനെ വെല്ലുവിളിയായി സ്വീകരിക്കാൻ എന്റെ മനസ്സ് പാകപ്പെട്ടിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ ക്ഷമയോടെ, വിവേകത്തോടെ ചിന്തിക്കാനും പ്രവർത്തിക്കാനും ഗീതാദർശനങ്ങൾ ഞാൻ മുറുകെ പിടിച്ചിട്ടുണ്ട്. ഞാനൊരു പരാശ്രയജീവിയാണെന്ന് അറിയാല്ലോ. മാത്രവുമല്ല സ്വസ്ഥമായി പോവാൻ അനുവദിക്കാതെ ആനക്കാരന്റെ തോട്ടിപ്രയോഗംപോലെ ചില ആരോഗ്യപ്രശ്നങ്ങൾ ഇടംകോലിട്ട് കൊളുത്തിവലിയ്ക്കുകയും ചെയ്യും. എപ്പോ, എവിടുന്ന് കുത്തുവരും എന്നറിയില്ലാത്തയവസ്ഥ, അതുകൊണ്ട് സമയത്തിന്റെ കാര്യത്തിൽ എല്ലാത്തിനും കൃത്യത പാലിക്കാൻ കഴിയില്ല. കൂടാതെ വൈകിയുറങ്ങി വൈകിയുണരേണ്ടുന്ന സ്ഥിതിവിശേഷമുണ്ട്. ദിനചര്യകൾക്ക് രാവിലെ വന്നുപോകുന്ന ഹോം നേഴ്‌സിന്റെ സഹായം ഏർപ്പെടുത്തിയിട്ടുണ്ട്.
ഞാനുണർന്നാൽ റൂമിലെ റേഡിയോയും ഉണരും. കുറച്ചു വർഷങ്ങളായി T V വളരെ ചുരുക്കം കാണുകയുള്ളൂ. വാർത്തകൾ, പത്ര വായന, കഴിഞ്ഞാൽ പത്തുമണിയോടെ ഞാൻ ഫ്രീ ആവൂ. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇങ്ങനെ 7, 8 വർഷംകൊണ്ട് എഴുത്തിന്റെ സൗഹൃദവലയം വികസിച്ചുവരുന്നുണ്ട്. കൂടാതെ ആഴ്ചപ്പതിപ്പ് വായന, മാസികകൾ ഇതൊക്കെ ഏകീകരിച്ചുപോവാൻ വളരെ ബുദ്ധിമുട്ടാറുണ്ട്. ഇടവിട്ട് കുറേസമയം റെസ്റ്റ് എടുക്കും. ശാരീരികാരോഗ്യവും ഉന്മേഷവുമൊക്കെയുള്ളവർക്ക് എന്തൊക്കെ ചെയ്തുതീർക്കാൻ കഴിയുമെന്ന് കൊതിപൂണ്ടിട്ടുണ്ട്.
പക്ഷേ ആരോഗ്യപ്രശ്നംപറഞ്ഞ് ഏതെങ്കിലും വിഷയത്തിൽനിന്ന് മാറിനിൽക്കുന്നത് കുറച്ചിലായിട്ട് തോന്നുന്നതുകൊണ്ട് പരമാവധി ആക്റ്റീവ് ആയിരിക്കാൻ ശ്രമിക്കും. സോഷ്യൽ മീഡിയ ഒരേസമയം ഗുണവും ദോഷവുമായി ഭവിക്കാറുണ്ട്.
*ചോദ്യം 8 -* ചുരുക്കി ചോദിക്കട്ടെ, എന്താണ് മായയുടെ ഭാവി എഴുത്തു പരിപാടി?
*ഉത്തരം:*
എഴുത്താണ് ഇന്ന് എന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന തന്തു. ഓരോ എഴുത്തിലും ഞാൻ സന്തോഷവും സംതൃപ്തിയും തേടുന്നുണ്ട്. അതുകൊണ്ട് തുടർന്നും എഴുതാൻ കഴിയണേ എന്നൊരു പ്രാർത്ഥനയുണ്ട്. കുറെയേറെ വായിക്കാനുണ്ട്. ചിലപ്പോഴൊക്കെ ഈ എഴുത്തും വായനയും വളരെ സ്ട്രെയിൻ വരുത്തിവയ്ക്കാറുണ്ട്. അപ്പോഴൊക്കെ എല്ലാം ഇട്ടെറിഞ്ഞ് സ്വസ്ഥത എന്തെന്നറിയാൻ കൊതിക്കും. പക്ഷെ തോറ്റകുട്ടിയായി ജീവിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ട് തിരിച്ചുവരും.
കുറേനാളായുള്ള ആഗ്രഹമാണ് ‘നാലാം വിരലിലെ മായ’ പല കാരണങ്ങൾകൊണ്ടും നീണ്ടുനീണ്ടുപോയ ആ പുസ്തകം ഇറങ്ങിക്കാണാൻ കാത്തിരിക്കുന്നു. കവിതകളും, പിന്നെ കുട്ടികൾക്കായിട്ട് എഴുതിയിട്ടുള്ള കുറച്ച് കഥകളുമുണ്ട്. തോറ്റവളല്ലെന്ന് ഉറക്കെ വിളിച്ചുപറയാൻ അതൊക്കെ പുസ്തകമാക്കണം എന്നൊരു ആഗ്രഹംകൂടിയുണ്ട്. പക്ഷേ പാവം! വായനക്കാർ എന്നെ സഹിക്കുമോ എന്നൊരു പേടി!!
Conclusion – നന്ദി, മായ. ഏറെബുദ്ധിമുട്ടിയാണെങ്കിലും ഞങ്ങളോടൊപ്പം നിന്നതിനും മനസ്സുതുറന്നു സംസാരിച്ചതിനും. കത്തിച്ചുവച്ച ഒരു നിറവിളക്കുപോലെയാണ് മായ, എല്ലാവർക്കും ഒരു പ്രചോദനം. എനിക്ക് സഹോദരി. എന്നും ആരോഗ്യത്തോടെ, സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ഇനി നമുക്ക് മായയുടെ മൃൺമയം വായിക്കാം.
*മൃണ്മയം*
ജനിമൃതിതൻ താളം ഭൂവിൽ സൃഷ്ടി-
സ്ഥിതിലയമതിലസ്ഥിരം ജീവിതവും.
വിണ്ണിൽ മൃണ്മയഗീതംചേരുംപോലെ
മാരിയുംവന്നു പുണരുന്നൂ ഭൂവിനെയും.
രത്‌നകിരീടമഴിഞ്ഞുമുടഞ്ഞും പകലോൻ
ജീവനു പുണ്യംപകരാൻ തേരുതെളിക്കുമ്പോൾ;
ഊഷ്മളവശ്യം പുഷ്ടിപകർന്നു അന്നമയങ്ങൾ
മൃത്തിൽ ജീവാങ്കുരമായ് പൊട്ടിമുളയ്ക്കുന്നു.
മണ്ണുപെറുന്നൂ സഹർഷം കൃമികീടങ്ങൾ, നിത്യവും
മൃതിപൂകുന്നു കണ്ണിനു ഗോചരമായീടാതെയും
കരിമ്പാറക്കൂട്ടംപോൽ വമ്പൻ കൊമ്പനും
തുമ്പിയിലൻപേയിറുക്കിടും കുഞ്ഞനെ–
റുമ്പിനും തമ്മിൽഭേദങ്ങൾ നല്കിടുന്നതു
സൃഷ്ടി വൈഭവമെന്നേ ചൊല്ലാവൂ!
ജീവാത്മാക്കളിൽ മർത്ത്യനുമാത്രം സാധി-
ച്ചിടുന്നതു ചിരി,യാ ചിരിയിൽ വെയിലും
നിഴലും വർണ്ണങ്ങൾ കോരിയിടുമ്പോളതിൻ
നിഴൽപറ്റി നടക്കുന്നു ജീവജന്തുക്കൾ!
മണ്ണുതിന്നും മണ്ണിരയുണ്ടേ മണ്ണുകുത്തി-
ക്കളിക്കും കുഴിയാനയുണ്ടേ നാനാജാതിക-
ളിതുമാതിരി ചത്തുമലയ്ക്കുന്നതും ആരറിവൂ?
അറിയുന്നു മർത്ത്യൻ ജീവിതപ്പൊരുൾ മൃത്യു-
വിനപ്പുറം അറിയുന്നില്ല നരനും ഗതിവിഗതി!
പ്രാണൻ വേർപെടുന്നേരം ബാക്കിയാവും
ജീവന്റെ സത്തയൂറും സത്കീർത്തിയും.
ജീവനിൽ കൊതിയേറും പെരുത്താം മനുജന്റെ
ജീവനെടുക്കുന്നതും കണ്ണിൽപ്പെടാ ജീവ-
ബിന്ദുക്കൾ; വന്നും പെരുത്തുംപേർത്തും
വന്നുപോം മന്നിതിൽ ഒരു ഇലയനക്കവും
വരുത്തിടാതെയിതുയെത്രയെത്ര ജാതികൾ!
ജനിക്കു മൃതിയോടു പ്രണയം, പ്രാണനിലലിയു–
വോളം തങ്ങിനില്പൂ ജീവനും ദേഹമതൊന്നിൽ.
സ്നേഹപൂർവ്വം,
മായ ബാലകൃഷ്ണൻ
Comments
Post a Comment