ആമുഖം ആഫ്രിക്കൻ ഓർമ്മകൾ അജയ്സർ
ആമുഖം
ആഫ്രിക്കൻ ഓർമ്മകൾ
==================
മൂന്ന് പതിറ്റാണ്ടോളം ആഫ്രിക്കൻ മണ്ണിൽ ഒപ്പിയെടുത്ത ജീവിതം.
കെനിയയിലും ല്സാത്തോ എന്ന സ്വതന്ത്ര ആഫ്രിക്കൻ രാഷ്ട്രത്തിലുമായി ആ മണ്ണിന്റെ സംസ്കാരം,ചരിത്രം,രാഷ്ട്രീയം ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, ജീവിതരീതി തുടങ്ങി വിവിധ മണ്ഡലങ്ങളെ സ്പർശിച്ചെഴുതിയ ഉത്തമ ഗ്രന്ഥമാണ്. യാത്രാനുഭവത്തിൽ നിന്നും വേറിട്ട് പ്രവാസജീവിതത്തിൽ അനുഭവിച്ചെഴുതിയ ഓർമ്മകളാണ്.
എൺപതുകളുടെ അവസാനപാദം രണ്ടു ബിരുദാനന്തര ബിരുദവുമായി അഭ്യസ്തവിദ്യനായ ഒരു സാധാരണ മലയാളി ഉദ്യോഗാർത്ഥിയുടെ ജീവിതം തേടിയുള്ള യാത്ര. ആ കാലത്ത കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും രസകരമായി പ്രതിപാദിക്കുന്നു. ഒരു ജോലി എന്ന സ്വപ്നവുമായി ചെറുപ്പക്കാർ കഷ്ടപ്പെടുന്ന കാലം . ആഫ്രിക്കയെങ്കിൽ ആഫ്രിക്ക! പച്ചച്ചും സമ്പത് സമൃദ്ധികൊണ്ടും സമ്പന്നമായ രാഷ്ട്രം. മനുഷ്യരെ തിന്നുന്ന കാട്ടുമനുഷ്യരുള്ള നാട് .ഭയവും ഭീതിയും ഒരു വശത്ത്. എങ്കിലും നിറയെ കൗതുകമായിരുന്നു.
സ്വപ്നം കണ്ട ജോലി, ജീവിതം പച്ച പിടിപ്പിക്കാൻ ആഫ്രിക്കൻ ഭൂമിയിലേക് ഒരവസരം വന്നുചേർന്നപ്പോൾ സ്വത്വം അർപ്പിച്ച് പറന്നു. എന്തും നേരിടാം എന്ന മലയാളി ഭാവം കൂട്ടായി നിന്നു.
ആദ്യം കെന്യയിലെ മെറു വിലും തുടർന്ന് ന്യൂ കിസുമു എന്നയിടത്തുമായി രണ്ടു മൂന്നു വർഷങ്ങൾ. തുടർന്ന് കെന്യ യിൽ കലാപകാലത്ത് സുരക്ഷിതമായ പ്രദേശം തേടി സൗത്ത് ആഫ്രിക്കയിൽ സ്വതന്ത്രരാജ്യമായ ല്സോത്തോഎന്ന രാഷ്ട്രത്തിലുമായി 30 വർഷത്തിലധികമായി ജോലി ചെയ്യുന്നു.
അദ്ധ്യാപക ജീവിതം തുടങ്ങുന്നത് മെറുവിൽ ആണ്. നമ്മുടെ ഊട്ടിയിലോ കൊടൈക്കനാലിലോ പോലുള്ള ഭൂപ്രകൃതി. താമസം പുല്ലു മേഞ്ഞ വൃത്തസ്തൂപാകൃതിലുള്ള വീടും.
കിസുമു കുറച്ചു കൂടെ മെച്ചപ്പെട്ടയിടമാണ്.മലയാളി സുഹൃത്തുക്കളുണ്ട്. ഗുജറാത്തികളും പഞ്ചാബികളും ബിസിനസ്സുകാരയി അവിടെയുണ്ട്.
ല്സോതോയുടെ ചരിത്രം പറയുമ്പോൾ അതൊരു ബ്രിട്ടീഷ് കോളനിയായിരുന്നു. 1966 ലാണ് സ്വാതത്ര്യം ലഭിച്ചത്.
കൃസ്ത്യൻ മിഷനറിമാർ ആ നാടിന്റെ പുരോഗതിക്ക് മുഖ്യപങ്ക് വഹിച്ചത്. കത്രീഡൽ പള്ളി അവരുടെ അഭിമാനസ്തംഭം ആണ്.
കേരളത്തിലെതുപോലെ
വിദ്യാഭ്യാസം ആതുരസേവനം സുവിശേഷം ഇവയൊക്കെ അവരുടെ മേൽനോട്ടത്തിലാണ്. ല്സോതോ സുഖവാസ കേന്ദ്രത്തിന് പറ്റിയ ഇടമാണ്. പ്രകൃതിരമണീയമായ പ്രദേശം. സ്വർണ്ണം രത്നം, വജ്രം എന്നിങ്ങനെ സമ്പത് സമൃദ്ധമായ ഇടം.വിസ കിട്ടാനും എളുപ്പമുള്ളതുകൊണ്ടുമാണ് ല്സോതോ തിരഞ്ഞെടുത്തത്
അവിടത്തുകർ ഖനി തൊഴിലാളികളും കൃഷിക്കാരും ഇടത്തരക്കാരുമായിരുന്നു.
ആഫ്രിക്കയുടെയും ല്സോത്തോയുടെയും ചരിത്രം വിവരിക്കുന്നുണ്ട്. ഗാന്ധിജിയുടെ ദർബനിലെയും പീറ്റേഴ്‌സ് ബർഗിലെയും സ്മരണകൾ വായിക്കാം.
കലാപകാലത്തെ കഷ്ടപ്പാടുകളും സുരക്ഷിതയിടം തേടാനുള്ള തത്രപ്പാടുകളും കേവലം പ്രവാസികൾ നേരിടുന്ന വിഷമതകളും വായിച്ചറിയാൻ ഉണ്ട്.
ല്സോതോ ആണ് ജീവിതത്തിൽ കരിയർ,തുടർ പഠനം , ഗവേഷണം ജീവിതം, ബിരുദങ്ങൾ അങ്ങനെ എല്ലാം നേടിക്കൊടുത്തത്.
അന്യ നാട്ടുകാരായ സഹാദ്ധ്യാപകരുമായി കെട്ടിപ്പടുക്കുന്ന ചങ്ങാത്തം , ജോലിസംബന്ധമായ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട സ്‌കൂൾ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച് അവരിലൊരാളായിരിക്കാനുള്ള നേതൃപാടവം എഴുത്തുകാരന് നന്നായിട്ടുണ്ട് .
എയ്ഡ്സ് ആ നാടിനെ ശ്മശാന ഭൂമിയാക്കുന്നുണ്ട്.ആ ഘട്ടത്തിൽ ദരിദ്രരാവുന്ന വിദ്യാർത്ഥികൾക്ക് ഒരു നേരത്തെ ഭക്ഷണത്തിനായി നടത്തുന്ന പരിശ്രമം എടുത്തുപറയാവുന്നതാണ്.
തദ്ദേശിയരുടെ വാരന്ത്യങ്ങളിലെ ആഘോഷങ്ങളും ലഹരിപാനീയ വിശേഷങ്ങളുമൊക്കെ രസകരമായി വായിക്കാം. അതുപോലെ കുട്ടികൾക്ക് നല്കുന്ന ശിക്ഷകൾ കൗതുകമായി. വിറകു ശേഖരിക്കുക , വെള്ളം പിടിച്ചു വയ്ക്കുക കൂടാതെ ഏതു നാടായാലും അദ്ധ്യാപകരുടെ ചൂരൽ പ്രയോഗത്തിൽ നിന്ന് ഇവരും രക്ഷപെടുന്നില്ല.
ഒറ്റയിരിപ്പിൽ വായിക്കാനാവുന്ന വിശേഷങ്ങളുടെ കലവറയാണ് ഈ പുസ്തകം. ആഫ്രിക്ക എന്നു കേൾക്കുമ്പോൾ നിറയെ കൗതുകമാണ് നമ്മൾക്കും. നാടിനെ അറിയുക മണ്ണും മനുഷ്യരും സംസ്കാരങ്ങളും മനസ്സിലാക്കാൻ ഏറെക്കുറെ ഈ പുസ്തകം സാധ്യമാക്കുന്നുണ്ട്. അനായാസ ശൈലിയിൽ എഴുതിയ ഓർമ്മകളാണ്.അതുകൊണ്ട് വായനയും എളുപ്പമാണ്. കവി ആയതിനാൽ എഴുത്തിൽ ധാരാളം അലങ്കാരങ്ങളും ഉപമകളും അടങ്ങിയ കാവ്യശകലങ്ങൾ ആദ്യഭാഗത്ത് രസം പിടിപ്പിക്കുന്നുണ്ട്. ചരിത്രവും കഥകളും നന്നായി മനസ്സിലാക്കി എഴുതിയതാണ്. എല്ലാം വായിച്ചറിയേണ്ടതാണ്.
മായ ബാലകൃഷ്ണൻ
Comments
Post a Comment