ഗാന്ധിയിസം , കുട്ടികൾ, ഇന്ന്

 ഗാന്ധിയിസം! കുട്ടികൾ! ഇന്ന് 

  പരിസ്‌ഥിതി പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും അവിചാരിതമായി ഉണ്ടാവുന്ന പ്രളയവും പ്രകൃതി ദുരന്തങ്ങളും, ചുട്ടുപഴുപ്പിക്കുന്ന ചൂടും തീക്കാറ്റും!   നാളെ നമ്മുടെ കുട്ടികൾക്ക് ശുദ്ധജലം കിട്ടുമോ... ശുദ്ധവായു കിട്ടുമോ ? നാം അനുഭവിക്കുന്ന ഈ പ്രകൃതിയെ തനിമയോടെ നാളെ അവർക്ക് ലഭിക്കുമോ, എല്ലാം അന്യമാവുന്ന, ജീവന് ഭീഷണി വരുത്തുന്ന അവസ്ഥ. അത് എങ്ങനെസംഭവിച്ചു ? എല്ലാറ്റിനും മനുഷ്യന്റെ ദുര! സ്വാർത്ഥത മൂത്ത് ധനത്തോടും സുഖലോലുപത യോടുള്ള ആർത്തിയും ആണ് പ്രകൃതി ചൂഷണത്തിന് തന്നെ കാരണമായിതീരുന്നത് . 

കുട്ടികൾ ചൂഷണങ്ങൾക്ക് വിധേയമാവുന്നു.  മദ്യം, മയക്കുമരുന്ന് എന്നിങ്ങനെ ചതിക്കുഴികൾ ഏറെയാണ്. താൽക്കാലിക സുഖത്തിനും സന്തോഷത്തിനും തോല്വികളിലെ നിരാശകൾ അകറ്റാനും അവർ കണ്ടെത്തുന്ന മാർഗ്ഗങ്ങളാവാം അവരെ ഇതിലേക്കെത്തിക്കുന്നത്. പലപ്പോളും അറിഞ്ഞോ അറിയാതെ പോലും അതിൽപ്പെട്ടുപോകുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ആദ്യമൊക്കെ വെറും വാഹകരായി ഈകുട്ടികളെ ഉപയോഗിക്കും. കൊടുത്തുവിടും, അവർ പറയുന്നിടത്ത് എത്തിക്കും. എന്താണ് അവരുടെ കയ്യിൽ കൊടുത്തു വിടുന്നതെന്നോ, തങ്ങൾ ചെയ്യുന്നതെന്തെന്നോ ആ കുട്ടികൾപോലും തിരിച്ചറിയുന്നുണ്ടാവില്ല. പതിയെ പതിയെ പ്രേരണയാൽ രുചിച്ചും മണത്തും അവർ അതിനു വഴിപ്പെടും. പിന്നീട് അത് ആസക്തിയായ് തീരും.  പണം കൊടുത്തു വാങ്ങാൻ ആദ്യം വീടിനുള്ളിൽ ചെറിയ തോതിൽ കട്ടെടുക്കൽ അവിടന്നും പുറമേ മോഷണം, പിടിച്ചുപറി , ആക്രമണം, കൊള്ള മൊത്തം വയലൻസ് ആയി. ആർക്കും കൊള്ളാരുത്തവൻ ആയി വീടിനും നാടിനും മാനക്കേട് വരുത്തി തീർക്കുന്നവനായി മാറും. ദുരാചാരിയായിത്തീരും.  ആരെയൊക്കെയോ ഇരകളാക്കി അവസാനം ഇതിന്റെ നേട്ടം കൊയ്യുന്നവരോ പകൽ മാന്യന്മാരും സമ്പത്ത് കുമിച്ചു കൂട്ടുന്നവരും ആകും.  

പ്രിയം തോന്നുന്നതിനോടൊക്കെ പ്രണയം ആവാം. എന്നാൽ ആൺ, പെൺ പ്രണയമൊക്കെ ഇന്ന് അർത്ഥം മാറി ഉന്മാദം എന്ന അവസ്ഥയിൽ ആയിത്തീർന്നിരിക്കുകയാണ്. പച്ചയ്ക്ക് കത്തിക്കുന്നത് ഭ്രാന്ത് തന്നെ. ഒരുതരം ധാർഷ്ട്യം മൂത്ത് സ്വാർത്ഥനാവുന്നതാണ്. കൊലപ്പെടുത്താൻ പാകപ്പെട്ട്, സ്വയം നശിക്കുകയല്ല സർവ്വം നശിപ്പിക്കുന്നവനാകുകയാണ്. അതുപോലെ  ആൺ, പെൺ എന്നു ഭേദമില്ലാതെ കുട്ടികളെ ക്രൂരമായ ശാരീരിക, മർദ്ദനങ്ങൾക്കും ചൂഷണത്തിനും വിധേയമാക്കുന്നു.    ഇത്തരം പ്രശ്നങ്ങളിൽ നിന്നൊക്കെ എങ്ങനെ വരും തലമുറയെ, നമ്മുടെ കുട്ടികളെ രക്ഷിച്ചെടുക്കും എന്താണ്‌ മാർഗ്ഗം......

ഒന്നേയുള്ളൂ ....

" നല്ലൊരു മനുഷ്യനാവണം...!'' 

ശ്രീനാരായണഗുരുവിന്റെ ഒരു ശ്ലോകം ഉണ്ട് .

" അവനവനാത്മസുഖത്തിനാചരിക്കുന്നവ

അപരനു സുഖത്തിനായ് വരേണം " എന്നാണ് .


ഇങ്ങനെ ഓരോ മനുഷ്യനും ചിന്തിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്. തന്നെപ്പോലെ തന്നെയാണ് മറ്റുള്ളവനും എന്ന് കരുതണം. എനിക്കു നോവുംപോലെ അവനും നോവും, വേദനിക്കും. സ്വാർത്ഥത ഏറുമ്പോൾ, അതായത് എല്ലാം എനിക്ക് , എനിക്ക്!! എന്നാവുമ്പോൾ വെട്ടിപ്പിടിക്കണം, നേടണം, അടക്കിവാഴണം , അതിന് എന്ത് അക്രമം നടത്തിയിട്ടാണെങ്കിലും ആരെ വേദനിപ്പിച്ചിട്ടാ ണെങ്കിലും ഉപദ്രവിച്ചിട്ടാണെങ്കിലും സ്വന്തമാക്കും, ഞാൻ ഞാൻ !! എന്ന അഹന്ത ആർത്തി. മനുഷ്യത്വം നഷ്ടപ്പെട്ട് മനുഷ്യൻ, മനുഷ്യനല്ലാതാവുകയാണ് . 

ഏറെ കലുഷിതമായ ഈയൊരു കാലഘട്ടത്തിൽ വരും തലമുറയെ ഇതിൽ നിന്നും എങ്ങനെ രക്ഷിക്കാം? മുൻകാലങ്ങളിൽ കുട്ടികൾക്ക് കളിക്കുക പഠിക്കുക, ഭക്ഷണം കഴിക്കുക ഇത്രയൊക്കെയേ വേണ്ടിയിരുന്നുള്ളൂ. എന്നാൽ മുൻ കാലങ്ങളെപ്പോലെയല്ലല്ലോ. ഇന്നിന്റെ കുട്ടികളുടെ മുന്നിൽ ഈ പ്രതിസന്ധികളെ എങ്ങനെ നേരിടും എന്നൊരു വെല്ലുവിളി കൂടിയുണ്ട്.  

കുട്ടികൾ ഒന്നേ അറിയാനുള്ളൂ . നിങ്ങളാണ് നാളെ ഈ നാടിനെ വളർത്തേണ്ടവർ. നിങ്ങളുടെ കൈകളിലാണ് ഈ പ്രകൃതിയും ഭൂമിയും. നാളത്തെ ലോകവും. വലിയൊരു ഉത്തരവാദിത്വം ആണ് നിങ്ങളിൽ നിക്ഷിപ്‌തമായിരിക്കുന്നത്. നിങ്ങൾക്ക് ഈ രാജ്യത്തോട് , സമൂഹത്തോട് കടപ്പാടും പ്രതിബദ്ധതയും സ്നേഹവുമുണ്ടെങ്കിൽ , നിങ്ങൾ ഉണരണം. ഉണർന്ന്  പ്രവർത്തിക്കണം! ചിന്തിക്കണം. ഒന്നേ ചെയ്യാനുള്ളൂ നിങ്ങൾക്ക്!... ഒന്നേ പറയാനുള്ളൂ നിങ്ങളോട്.  

അതിനുള്ള മാർഗ്ഗം " നല്ലൊരു മനുഷ്യനാവണം...!'' 

ഇവിടെ മനുഷ്യൻ സ്വാർത്ഥത വെടിയണം! ആത്മാർഥത നിറയണം.

  പരസ്പരൈക്യം, സ്നേഹം , ബഹുമാനം, സഹജഭാവം എന്നിങ്ങനെ എല്ലാറ്റിനുമുപരി മനുഷ്യരാണ്.  നമ്മളെല്ലാവരും മനുഷ്യരാണ്. മനുഷ്യത്വം എന്നൊന്ന് ഉണ്ടാവണം എന്ന ചിന്ത ആഴത്തിൽ വളരണം.

      അതിനൊപ്പം  സ്വാർത്ഥത വെടിഞ്ഞ് സ്വാഭിമാനിയാവണം! അവിടെ നമ്മൾ ഗാന്ധിയിലേക്ക് തിരിയണം. ഗാന്ധിയിസം പിന്തുടരണം. ഗാന്ധി എന്നത് ഒരു വ്യക്തിയല്ല. ചന്ദ്രനെപോലെ സൂര്യനെപോലെ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന നന്മയുടെ പ്രഭാവം ആണ് ഗാന്ധി. നമുക്കൊരു ശക്തിയാണ്. സത്യം , അഹിംസ , ത്യാഗം എന്നിങ്ങനെ ലോകനന്മക്കും വ്യക്തിജീവിതത്തിലും മൂല്യങ്ങൾ തികഞ്ഞവനാകാൻ ഗാന്ധിമാർഗ്ഗം ഇന്നിന്റെ രക്ഷയാണ്.  അഹിംസ എന്നുപറയുമ്പോൾ വാക്കുകൊണ്ട് പോലും മുറിവേൽപ്പിക്കുന്നത് ഹിംസയാണ്. വ്യക്തിഹത്യ അധിക്ഷേപം അരുത്. പരസ്പരബഹുമാനം വേണം .

 സ്വയംപ്രാപ്തരാവണം. തൻകാര്യങ്ങൾ ചെയ്യുന്നതിൽ അഭിമാനിക്കണം. എന്നിങ്ങനെ ഗാന്ധി പലതും വിഭാവന ചെയ്യുന്നുണ്ട്. ഓരോരുത്തരും ഒരു കുട്ടിപോലും എല്ലാം സ്വയം ചെയ്യണം. അതായത് സ്വന്തം മുറി സ്വയം വൃത്തിയാക്കണം. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ പാത്രങ്ങൾ സ്വയംകഴുകി വയ്ക്കണം. സ്വന്തം വസ്ത്രങ്ങൾ സ്വയം അലക്കി കഴുകി വൃത്തിയാക്കണം. എല്ലാം സ്വന്തം കുടുംബത്തിൽനിന്നും തുടങ്ങണം. ഇതൊന്നും ആൺ പെൺ ഭേദമില്ലാതെ എല്ലാവരും ചെയ്യണം. വ്യക്‌തിവികാസം സംഭവിക്കണം.  

 സ്ത്രീകളോടും പെണ്കുട്ടികളോടും മോശം പെരുമാറ്റം എന്തുകൊണ്ടാണ്...? എന്തുകൊണ്ട് അവരെ ബഹുമാനിക്കുന്നില്ല...? വീട്ടിലും വീട്ടുകാര്യങ്ങളിലും  അച്ഛനും അമ്മയ്ക്കുമൊപ്പം കുട്ടികൾ പങ്കാളിയാവണം. എല്ലാം വീട്ടിൽ നിന്നേ തുടങ്ങണം. ആൺകുട്ടികളാണെങ്കിലും അടുക്കളജോലികളിലും അവൻ അമ്മയെ സഹായിക്കണം. കുടുംബത്തെ അറിഞ്ഞു വളരണം. അങ്ങനെയുള്ള കുട്ടി കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മനസ്സിലാക്കി ജീവിക്കാൻ പഠിക്കും . അങ്ങനെയുള്ള ഒരു കുട്ടിക്ക്  സ്ത്രീകളെ ബഹുമാനിക്കാനാകും . മറ്റൊരു പെണ്കുട്ടിയെ ബഹുമാനത്തോടെയല്ലാതെ അവന് കാണാൻ കഴിയില്ല.  

 ഇങ്ങനെ ചെറുതെങ്കിലും സ്വന്തമായി ഓരോന്നും ചെയ്യാൻ ശീലിക്കുമ്പോൾ  അവനിലെ വ്യക്തിയാണ് വികസിക്കുന്നത്. സ്വയം ചെയ്യാൻ കഴിയുമ്പോൾ സ്വാഭിമാനിയാവുകയാണ്. അദ്ധ്വാനത്തിന്റെ മാഹാത്മ്യം അറിയുന്നവനാകും. അവനിൽ ആത്മവിശ്വാസമാണ് നിറയുന്നത് . അങ്ങനെയുള്ളവന് മറ്റുള്ളവനെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും കഴിയും. 

  എന്തും നഷ്ടപ്പെട്ടു കഴിയുമ്പോഴേ നമ്മൾ നഷ്ടത്തിന്റെ വില അറിയൂ. ഒരു ഹോസ്പിറ്റലിൽ പോയി നോക്കൂ. ഭക്ഷണം സ്വയം എടുത്തുകഴിക്കാൻ ബുദ്ധിമുട്ടുന്നവരെ കാണാം, സ്വയം വസ്ത്രം ധരിക്കാൻ കഴിയാത്തവരുണ്ടാവാം,  എല്ലാറ്റിനും മറ്റൊരാളുടെ സഹായം വേണമെന്നുള്ളവരെ കാണൂ.  അപ്പോൾ ഈ രണ്ടു കയ്യും ശരീരവും ആരോഗ്യവുമുള്ള നിങ്ങൾ അതിൽ അഭിമാനിക്കണം, സന്തോഷിക്കണം ചാരിതാർത്ഥ്യം കൊള്ളണം. അവിടെ സ്വയംപ്രാപ്തരാവണം .

 അതുപോലെതന്നെ അത്യാവശ്യമുള്ളവന് ഒരുപകാരം, സഹായം  ചെയ്തുകൊടുക്കുമ്പോൾ, നമ്മെക്കൊണ്ട് അതിനു കഴിഞ്ഞല്ലോ എന്നു  സന്തോഷിക്കണം. നമ്മളിൽ ചാരിതാർത്ഥ്യം ഉണ്ടാവണം. ഒരുകൈ സഹായിക്കുന്നതും നമ്മളിലെ നന്മയും വെളിച്ചവും ആണ് .

സസ്നേഹം

മായ ബാലകൃഷ്ണൻ

  ===========

 


 

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി