രാധാകൃഷ്ണൻ സർ അയച്ചുതന്ന കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്......
രാധാകൃഷ്ണൻ സർ അയച്ചുതന്ന കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്......
പ്രിയപ്പെട്ട മായ,
പുസ്തകത്തിന്റെ മുഖത്തു വിരിഞ്ഞു നിൽക്കുന്ന കണ്ണടക്കാരി എന്റെ നേരനിയത്തിയുടെ കുട്ടിക്കാലചിത്രം! ഇതെന്തൊരത്ഭുതം!
വായിക്കാൻ സമയമെടുത്തിനാൽ പ്രതികരണം അല്പം വൈകി. ക്ഷമ.
ഡോ.പങ്കജ് 1964 മുതൽ എന്റെ ഉറ്റ തോഴനാണ്. പ്രായമായതുകൊണ്ടും കോവിഡ്കാരണവും കുറച്ചായി കണ്ടിട്ട്. അന്തസ്സാരശൂന്യരായ ആരെക്കുറിച്ചും പങ്കജ് ഒരു വാക്കും പറയാറില്ല. മായയെക്കുറിച്ചു പറഞ്ഞപ്പോൾ തീർച്ചയായി കാമ്പുള്ള ഒരാളാവുമെന്ന്. പുസ്തകംവായിച്ചപ്പോൾ തെളിവുമായി.
എഴുതുന്ന ആളാകട്ടെ , അല്ലാതിരിക്കട്ടെ ഞാൻ ആരിലും ഇച്ഛിക്കുന്ന ഗുണങ്ങൾ ആത്മാർത്ഥതയും സ്ഥൈര്യവുമാണ്. ഇതു രണ്ടുമുള്ളവരെ ആദരവോടെ കാണുന്നു. മായയിൽ രണ്ടുമുണ്ടെന്ന് എഴുത്തിൽ നിന്നറിയുന്നു. ഈ അറിവാകട്ടെ ഒരു ബോദ്ധ്യമാണ്. ഇന്നയിന്ന കാര്യങ്ങൾ പറഞ്ഞുഎന്നോ ഭാവിച്ചുഎന്നോ കണ്ട് ഉണ്ടാകുന്നതല്ല.
വാക്ക് മുളച്ചു വരുന്നത് എവിടന്നാണ് എന്നാണ് ആറാമിന്ദ്രിയം തേടുന്നത്. മനസ്സിൽ നിന്നെങ്കിൽ നേരെന്നാൽത്തന്നെയും ഉപരിപ്ലവമാകും.
ബുദ്ധിയിൽ നിന്നെങ്കിൽ ന്യായമായും നിർദ്ദയമാകാം. ഹൃദയത്തിൽനിന്ന് വരുന്നെങ്കിൽ തീർത്തും വിശ്വാസ്യം.
ഒരു രോഗവും ഒരിക്കലും ബാധിക്കാത്ത അവയവവുമാണത് .
മായയുടെ നാലാം വിരൽ കുറിക്കുന്നത് ആ വാക്കുകളാണ്.
എല്ലാ നഷ്ടങ്ങളും ലാഭങ്ങളായി രൂപാന്തരപ്പെടട്ടെ. പ്രസാദമുണ്ടാകട്ടെ.
സി രാധാകൃഷ്ണൻ
ചമ്രവട്ടം.തിരൂർ.
Comments
Post a Comment