Sauvsun (Short )
സൗവശൂൻ
========== Short , latest
സൗവശൂൻ : ഇറാനിയൻ നോവൽ
നോവലിസ്റ്റ് :- സിമിൻ ദാനീശ് വർ
വിവർത്തകൻ :- എസ് എ ഖുദ്സി
പ്രസാധകർ ഡി സി ബുക്സ്
************************short ആൻഡ് latest
ഇറാനിയൻ സാഹിത്യലോകത്ത് ഒരു വനിത എഴുതപ്പെട്ട പ്രഥമനോവൽ ആണ് സൗവശൂൻ. നോവലിസ്റ്റ് സിമിൻ ദാനീഷ്വർ. മലയാളിയായ എസ്. എ. ഖുദ്സിയാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. ഒരു രാജ്യത്തിന്റെ തന്നെ ചരിത്രഭാഗമാകുന്ന കരുത്തുറ്റ കഥയാണ് . വെറും പെണ്ണെഴുത്ത് എന്ന് പറഞ്ഞു അധിക്ഷേപിക്കാനുള്ളതല്ല! പെണ്ണിന്റെ സൗന്ദര്യവും സുഭഗതയും, കഥയെ അതിന്റെ സങ്കീർണ്ണതകളിൽപോലും വളരെ സൂക്ഷ്മതയോടെ ഒരു ശില്പിയുടെ കരവിരുതോടെ അക്ഷരങ്ങളെ വാർത്തെടുത്ത് സൃഷ്ടിച്ച കൃതി. അധിനിവേശങ്ങൾക്കും ആധിപത്യങ്ങൾക്കും എതിരെ, രാജ്യസ്നേഹത്തിൽ തൂലിക മുക്കി എഴുതിയ, ചരിത്രത്തിൽ ഇടം കൊടുക്കാവുന്ന നോവൽ. പെണ്ണുടലുകളുടെ സ്നേഹത്തിന്റെയും ക്ഷമയുടെയും നോവിൽ കുതിർന്ന വരികൾ. ഇവിടെ പേനയാണ് ആയുധം. വാക്കുകളും വരികളും ഇഴകീറിയെടുത്ത് വായനയുടെ രസം നുണഞ്ഞു ആസ്വദിക്കാൻ കഴിയുന്ന എഴുത്ത്.
സൗവശൂൻഎന്നത് ഒരു ഇറാനിയൻ പുഷ്പമാണ്. പേർഷ്യൻ മഹാകാവ്യമായ ഷാനാമയിലെ കഥാപാത്രമായ ’സിയാവോശ് ’. ചതി പ്രയോഗത്തിലൂടെ ചെറുപ്പത്തിൽ മരണപ്പെടുന്ന രാജകുമാരനാണ്! ആ സിയാവോശ് ന്റെ ചോരവീണ മണ്ണിൽ നിന്നും ഉയിർത്തെഴുന്നേല്ക്കുന്ന പുഷ്പമാണ് സൗവശൂൻ. ഈ നോവലിലും ഒരു സൗവശൂൻ വിടരുന്നുണ്ട്. 1968 ഇൽ രചിച്ച ഈ നോവലിന്റെ പശ്ചാത്തലം `1941 ,46 കാലഘട്ടമാണ്. ഇന്ത്യയും മറ്റും ബ്രിട്ടീഷ് ആധിപത്യത്തിൽ കഴിഞ്ഞതുപോലെ ഇറാനും അന്നത്തെ സോവിയറ്റ് യൂണിയന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും ആധിപത്യത്തിൽ ആയിരുന്നു. അവരുടെ കീഴിൽ ഭക്ഷണത്തിനും വസ്ത്രത്തിനുംവരെ ദാരിദ്ര്യം അനുഭവിച്ചിരുന്ന ജനങ്ങൾ. ഇതിനിടയിൽ അധിനിവേശശക്തികളെ പ്രീണിപ്പിച്ചും,അവർക്ക് ഒത്താശ ചെയ്തും, അവസരവാദികളായും, സ്ഥാനമാനങ്ങളും പദവിയും നേടിയെടുക്കുന്ന ഉദ്യോഗവൃന്ദങ്ങളും ഭൂപ്രഭുക്കന്മാരും അടങ്ങുന്ന ഒരു വിഭാഗം, സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ്.
എന്നാലിവിടെ ചെറുത്ത് നില്പിന്റെ പോരാട്ടം നടത്തുകയാണ് ഭൂ ഉടമയും വിദ്യാസമ്പന്നനും തന്റേടിയുമായ യുസുഫ്, യൂസുഫ് ന്റെ ഭാര്യയായ ഖാനം സഹ്റ എന്ന സാറിയിലൂടെയാണ് കഥയുടെ ചുരുളുകൾ നിവരുന്നത്. അവരുടെ കുട്ടികൾ, യൂസഫ് ന്റെ സഹോദരി വിധവയായ ഖാനം ഫാത്തിമ, ജ്യേഷ്ഠൻ അബുൾ ഖാസിംഖാൻ, പരിചാരകർ ഇങ്ങനെ വലിയൊരു കൂട്ടുകുടുംബം ആണത്. തന്റെ പിതാവിലും ഭർത്താവിലും സഹോദരനിലും അഭിമാനം കൊള്ളുന്നവളാണ് ഖാനം ഫാത്തിമ എന്ന സഹോദരി. ഭരണതലത്തിൽ ഒരു പദവി നേടിയെടുക്കുക എന്ന മോഹവുംപേറി നടക്കുന്നയാളാൺ് ജ്യേഷ്ഠൻ അബുൾ ഖാസിം ഖാൻ. അതിനുവേണ്ടി നടത്തുന്ന കുതന്ത്രങ്ങൾ കണ്ടിട്ടും ഒന്നിനെതിരെയും പ്രതികരിക്കുന്നില്ല സാറി. ഭർത്താവിനോ മക്കൾക്കോ എന്തെങ്കിലും അപായം വന്നേക്കുമോ എന്ന ഭയമാണ് അവൾക്ക്. സമൂഹത്തിലെ അരക്ഷിതാവസ്ഥയും സമ്മർദ്ദങ്ങളും എപ്പോഴും കൂടുതലായി പ്രതിഫലിക്കുന്നതു സ്ത്രീകളിലാണ് എന്നതും ഇവിടെ പ്രസക്തമാണ്.
കുടുംബസുഹൃത്തായ ഇസ്സത്തു ദൌല എന്ന പ്രായം ചെന്ന സ്ത്രീ. കുടിലതയുടെ വിശ്വരൂപം പൂണ്ടവളാണ്. ധനാഢ്യ കുടുബാംഗം. ആർഭാട ജീവിതം നയിക്കുന്നവൾ. മാറിമാറി വരുന്ന ഭരണതലത്തിൽ ഉദ്യോഗസ്ഥവൃന്ദങ്ങളിലും പ്രീതിനേടിയെടുക്കാൻ കൗശലങ്ങളും സൂത്രപ്പണികളും ഒപ്പിച്ചു നടക്കുന്നവൾ. കാര്യസാധ്യത്തിനായി അവർ സമൂഹത്തിൽ ഉജ്ജ്വലവ്യക്തിപ്രഭാവമുള്ള സാറിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു . അവിടെ ചതിയുടെയും വഞ്ചനകളുടെയുടേയും കാപട്യം അഴിയുന്ന കാണാം. ഒരു ശില്പം കൊത്തുന്നപോലെ സൂക്ഷ്മതയോടെ മനുഷ്യ മനസ്സുകളുടെ ഉരുക്കഴിക്കുന്നത്.
ജൂതന്മാർ, ഹിറ്റ്ലര്‍, കമ്മൂണിസം ഫാസിസം റഷ്യ ജർമ്മനി ഇങ്ങനെ ഒരു വൻകരയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോകുന്നുണ്ട് . വിദേശ പട്ടാളക്കാരായി അവിടെ ഇന്ത്യക്കാരും ഫ്രഞ്ച്കാരുമുണ്ട്. പൊതുവെ ഇന്ത്യൻ പട്ടാളക്കാരെയും വനിതകളെയും മോശവും തരംതാഴ്ന്നതുമായ രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. കമ്മൂണിസ്റ്റ് ആശയങ്ങളുടെ വേരുകൾ പടർത്താൻ പ്രവർത്തിക്കുന്ന സഖാവ് ഫതുഹി. ഗോത്രവംശ പ്രധാനികളായ രണ്ടു സഹോദർന്മാർ, ഇവരെല്ലാം യൂസഫ് ന്റെ സുഹൃത്തുക്കൾ ആണെങ്കിലും യുസുഫ് അവരിൽ നിന്നെല്ലാം മാറി ചിന്തിക്കുന്നവൻ ആണ്.
സംഘർഷഭരിതമാണു അവസാന ഭാഗങ്ങൾ. പരസ്പരധാരണയോ ആശയൈക്യമോ ഇല്ലാതെ നാശത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ജനതയുടെ കാഴ്ചകൾ. ഒളിപ്പോരും പട്ടാളവും ഒരു യുദ്ധമുഖത്തെന്നപോലെ വളരെ കലുഷിതമായ അന്തരീക്ഷം അസ്വസ്ഥവും വേദനാജനകവുമാണ്. യുദ്ധവും വിശപ്പും ദാരിദ്ര്യവും എത്ര പരിതാപകരമാണ് എന്ന് നമ്മെ കാണിച്ചു തരുന്ന കാഴ്ച്ചകൾ ആണ് നിറയുന്നത്.
ഒരു ഘട്ടത്തിൽ സാറിയുടെ ചോര തിളയ്ക്കുന്നു. മാനസികമായി തളർന്ന സാറിക്ക് ഡോക്ടർ അബ്ദുല്ലഖാന്റെ വാക്കുകൾ ശക്തിപകരുന്നു. അവിടെ
അവളിലെ സ്ത്രീ ഉണരുകയാണ് !ജ്വലിക്കുകയാണ്! യുസുഫ് ബാക്കിവച്ചുപോയ ചെറുത്തു നില്പ്പിന്റെ പോരാട്ടവീര്യം അവളിൽ തിളയ്ക്കുന്നു.
സാറിയിലെ നെരിപ്പോട് തകർന്നു അവിടെ ഒരു സൌവശൂൻ പിറക്കുന്നു! ചോരവീണ മണ്ണിൽനിന്നും പോരാട്ടത്തിന്റെ പുനർജ്ജനിയുടെ പുഷ്പം! ഇതാണ് സൗവശൂൻ!
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
Comments
Post a Comment