പെയിൻ &പാലിയേറ്റീവ് രംഗം

 പെയിൻ &പാലിയേറ്റീവ് രംഗം

***********************


നിസ്സഹായരായ ഭിന്നശേഷി കിടപ്പുരോഗികളെ  പരിചരിക്കുന്ന തൊഴിലിന് സർക്കാരിന്റെ ഭാഗത്തുനിന്ന്

 യാതൊരു ആനുകൂല്യങ്ങളും നൽകുന്നില്ല. 

 സർക്കാരിൻ്റെ തൊഴിലുറപ്പ് പദ്ധതിയിൽപ്പോലും ഇക്കൂട്ടരെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ട്?!


****************

സ്വന്തം ദിനചര്യകൾക്ക് മറ്റൊരാളെ ആശ്രയിക്കുന്നത് കാരുണ്യവും മനുഷ്യത്വവും അർഹിക്കുന്ന കാര്യമാണ്.  എന്നാൽ ഒരു മനുഷ്യൻ എത്രയോ നിസ്സഹായൻ ആവുമ്പോഴാണ് അതിന് തയ്യാറാവുക. ഇന്നത്തെ കാലഘട്ടത്തിൽ ഒരു കുടുംബത്തിൽ അംഗങ്ങൾ കുറവും പ്രായമായവരും, നിത്യജോലിക്ക് പോകുന്നവരുമാകുമ്പോൾ അതിലൊരാൾ    

കിടന്നുപോകുമ്പോൾ പരിചരണത്തിന്, പുറമേനിന്നു ള്ളവരുടെ സഹായവും ആവശ്യം വേണ്ടിവരും.


പലപ്പോഴും സാമ്പത്തികഭദ്രത ഉണ്ടായിക്കൊള്ള ണമെന്നില്ല. ജീവിതത്തിന്റെ പാതി വഴിയിൽ അപകടങ്ങൾകൊണ്ടോ രോഗങ്ങൾകൊണ്ടോ വീണു പോയവർ,കുടുംബത്തിന്റെ അത്താണിയായവർകൂടിയാകുമ്പോൾ അവരുടെ ചികിത്സ മരുന്ന് ഇത്യാദി കാര്യങ്ങളും കുടുംബച്ചെലവുകളും, നഴ്സിങ് ചിലവും എല്ലാംകൂടെ ആ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ അത് തകിടം മറിക്കും.  


സാമാന്യ തുകയ്ക്ക് ഒരു പരിചാരികയെ, ഹെൽപ്പറേ വയ്ക്കണമെങ്കിൽ അത് നാട്ടിൽ കിട്ടാനുമില്ല. 

സ്വന്തം ഇഷ്ടത്തിന് കച്ചവട ലക്ഷ്യം ലാക്കാക്കി    പ്രവർത്തിക്കുന്നവർ നടത്തുന്ന ഹോം നേഴ്സിംഗ് സിംഗ്   കേന്ദ്രങ്ങളെയാണ് ആണ് രോഗികൾ ആശ്രയിക്കേണ്ടി വരുന്നത്.  നേഴ്‌സിങ്, വീട്ടുജോലി, ഗർഭ പരിചരണം എന്നൊക്കെ തരംതിരിച്ച് ജോലിക്ക് ആളെക്കൊടുക്കുമ്പോൾ ദീർഘകാല

ചികിൽസകൊണ്ട്‌ കടം വച്ചും പണയപ്പെടുത്തിയും

ശാരീരികമായും മാനസികമായും തളർന്നിരിക്കുന്ന വ്യക്തിക്ക് ഒന്നുടുക്കാൻ, ഉണ്ണാൻ, കുളിക്കാൻ, താങ്ങിയെഴുന്നേൽക്കാൻ ഒരു സഹായിയുടെ ആവശ്യത്തിന് സർക്കാർപദ്ധതികൾഒന്നും ഉപകാരത്തിന് ലഭിക്കുന്നില്ല.


  മാത്രവുമല്ല സർക്കാറിന്റെ  ഒരു ചില്ലിക്കാശെങ്കിലും ഉറപ്പ് ലഭിക്കാനില്ലാത്ത ഇത്തരം ജോലിക്ക് പോകാൻ  നാട്ടിൽ ഒരു മനുഷ്യരും തയ്യാറുമില്ല.   

  

 എന്തിന് നാട്ടുവഴികളിൽ കണ്ടിരുന്ന മലയാളിയുടെ തുമ്പയും മറ്റു ഔഷധച്ചെടികളും വെട്ടിവെളുപ്പിച്ചു വെടിപ്പാക്കി നാട് ശുചിത്വകേരളവും സ്വച്ഛഭാരതവും തമ്മിൽ വച്ചടി വച്ചടി മത്സരമാണ്. ആ കേരളത്തിലാണ്,  ഭാരതത്തിലാണ് രോഗിയായൊരാൾ സ്വന്തം ശരീരവും വായും വയറും വെടിപ്പാക്കാൻ ഒരു കൈ സഹായത്തിന് പതിനായിരക്കണക്കിന് തുക ചെലവഴിച്ചു തമിഴ്, ബംഗാളി നാട്ടിൽനിന്നുവരെ ആളെ ജോലിക്കു വയ്ക്കുന്നത്. 

 

 ഇതൊന്നും അറിയാതെയാണ് സർക്കാർ      കുടുംബശ്രീയും തൊഴിലുറപ്പുപദ്ധതിയുമൊക്കെ നടപ്പിലാക്കിയിരിക്കുന്നത്. സ്വന്തം ചെലവിൽ ആളെ വയ്ക്കുമ്പോൾ ആ കുടുംബത്തിന് അമിത ഭാരംവരുത്താതെ ഒരു കൈതാങ്ങാവാൻ സർക്കാർ മനസ്സുവച്ചാൽ നടക്കുന്ന കാര്യമാണ്.  

  

നാട്ടിൻപുറങ്ങളിൽ സാധാരണജോലികൾ ചെയ്തു നടക്കുന്നവർ ഒരു രോഗി പരിചരണത്തിന്, ഒരു കൈ സഹായത്തിന് എന്നു പറയുമ്പോൾ വരാൻ മടിക്കുന്നു. കാരണം ഇത്തരം ജോലിക്കാർക്ക് സർക്കാർ സംരക്ഷണം, സാമ്പത്തിക സഹായം ലഭിക്കാനില്ല   എന്നതുതന്നെയാണ് ഇതിന് പ്രധാനകാരണം!


ഈ വിഷയത്തിലേക്ക് സർക്കാരിന്റെ ശ്രദ്ധപതിയണം എന്നാണ് ദീർഘകാല കിടപ്പുരോഗി എന്നനിലയിൽ എനിക്ക് പറയാനുള്ളത്‌.


അതുപോലെ 

 

ഭിന്നശേഷിക്കാർക്ക്  വീൽ ചെയർ മറ്റ് യാത്രാസൗക ര്യങ്ങൾ എന്നിവ ഏർപ്പെടുത്തികൊടുക്കുമ്പോൾ 

പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ രോഗികൾക്ക് ഏറിവന്നാൽ വാട്ടർ ബെഡ്, ഇലക്ട്രിക് ബെഡ് മുതലായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.


  എന്നാൽ ദീർഘകാലം കിടപ്പിലായ രോഗികൾക്ക് വേണ്ട ടോയ്ലറ്റ് സൗകര്യങ്ങളോടു കൂടിയുള്ള ആധുനിക കട്ടിൽ തയ്യാറാക്കുന്നതിനോ വാങ്ങുന്നതിനോ സർക്കാർ യാതൊരു ധനസഹായ പദ്ധതികളൊന്നും ചെയ്യുന്നില്ല.


   

സ്നേഹപൂർവ്വം

മായ ബാലകൃഷ്ണൻ 


നല്ലൊരു പോസ്റ്റ്‌ മായാ.വളരെ പ്രധാനപ്പെട്ട ഒരു വിഷയം.സർക്കാരിന്റെ പോളിസിയുടെ ഭാഗമായി വേണം ഇതിനൊരു തീരുമാനം
ഉണ്ടാവാൻ.എനിക്ക് ഒരു നിർദ്ദേശമായി പറയാനുള്ളത്
ഇതൊരു ആവശ്യംതന്നെയായി
പരാതിയുടെ രൂപത്തിൽ നിയമസഭാകമ്മിറ്റിയെ അഭിസംബോധന ചെയ്തു തരൂ..
അത് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന്
ശ്രമിക്കാം.
അഡ്രസ്‌..
ചെയർപേഴ്‌സൺ, സ്ത്രീകളുടെയും ട്രാൻസ്ജെൻഡേഴ്സിൻെറയുംകുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം
സംബന്ധിച്ച സമിതി,
നിയമസഭാസെക്രട്ടറിയേറ്റ്,
നിയമസഭാകോംപ്ളക്സ്,
വികാസ്ഭവൻ പിഒ,
തിരുവനന്തപുരം695033 


ജയശ്രീ സുശീലാദേവി


Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി