Kavitha sunil

 വായനാനുഭവം


*നാലാം വിരലിൽ വിരിയുന്ന മായ*


ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ മായയെ ഞാൻ അറിയുന്നത് 2018 ലാണ്. 2019 ൽ ഞാനും എൻ്റെ കൂട്ടുകാരിയും മായയുടെ വീട്ടിൽ പോവുകയും ചെയ്തു. അതിനെക്കുറിച്ച് അന്നൊരു കുറിപ്പും എഴുതിയിരുന്നു.

മായയുടെ തന്നെ വാക്കുകളിൽ നിന്ന് ആ ജീവിതത്തെപ്പറ്റി ഏകദേശ രൂപവും കിട്ടിയിരുന്നു.എന്നാൽ " നാലാം വിരലിൽ വിരിയുന്ന മായ " എന്ന മായയുടെ ആത്മകഥ വായിച്ചപ്പോഴാണ് എന്താണ് മായ എന്ന് ശരിക്കും അറിയുന്നത്.


ഞങ്ങളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയിലെ സജീവ സാന്നിദ്ധ്യമാണ് മായ. എല്ലാ കുസൃതികളിലും, ചർച്ചകളിലും കൂടും .അഭിപ്രായം പറയും. അങ്ങനെ ഹൃദയം കൊണ്ട് ഒരു പാട് അടുത്തായി ഞങ്ങൾ.



മായയുടെ വ്യക്തിത്വത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഘടകം സത്യസന്ധതയാണ്.

അതു തന്നെയാണ് ഈ പുസ്തകത്തെ ഏറ്റവും ഹൃദയസ്പൃക്കാക്കുന്നതും.


അതുപോലെ എടുത്തു പറയത്തക്ക മറ്റൊരു ഘടകം ഭാഷയാണ്.എത്ര സുന്ദരവും പ്രൗഢവുമാണത്.

ഒരു വരിയിൽ പോലും ഒരു അസ്വാരസ്യം തോന്നാത്ത രീതിയിലുള്ള രചന.

ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ തോന്നും. അത്ര ഒഴുക്കാണ്.


തൻ്റെ ജീവിതത്തെ മുൻനിർത്തി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് മായ.

ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരോട് നാം കാണിക്കേണ്ടത് കാരുണ്യമോ സഹതാപമോ ഒന്നുമല്ല. ഏറ്റവും സാധാരണത്വത്തോടെയുള്ള ചേർന്നു നടപ്പാണ്. മനസ്സ് കൊടുപ്പാണ്. സ്നേഹം അനുഭവത്തിലൂടെ അറിയിച്ചു കൊടുക്കലാണ്.


മായയുടെ ഏറ്റവും വലിയ സൗഭാഗ്യം കുടുംബമാണ്. മറ്റുള്ളവർ മാതൃകയാക്കേണ്ടതാണ് അവരുടെ ഒന്നിപ്പ്.


സാന്ത്വന പരിചരണ വിഭാഗം അഥവാ പാലിയേറ്റീവ് വിഭാഗത്തിൻ്റെ പ്രസക്തി മായ എടുത്തു പറയുന്നുണ്ട്.

"ഡോക്ടറമ്മ " യെപ്പോലുള്ളവർ യഥാർത്ഥത്തിൽ ദൈവങ്ങൾ തന്നെയാണ്.


സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ ഗുണഭോക്താവാണ് മായ. അതാണ് മായയെ നമ്മിലേക്കെത്തിച്ചത്.


ആരോഗ്യ പ്രവർത്തകരെല്ലാം ഉറപ്പായും ഈ പുസ്തകം വായിച്ചിരിക്കണം. നമ്മുടെ കൈകളിലാണ് നമ്മുടെ മുന്നിലെത്തുന്ന ഓരോ രോഗിയുടെയും ഭാവി.


സമാന രീതിയിലുള്ളവർക്ക് വലിയ ഒരു ഊർജ്ജമാണ് മായയുടെ വാക്കുകൾ.ആ ഊർജ്ജത്താൽ തന്നെ അവ പലപ്പോഴും തിളങ്ങുന്നതും ആ തിളക്കം വായനക്കാരുടെ ഉള്ളിലേക്ക് പ്രസരിക്കുന്നതും ഈ പുസ്തകം കൈയിലെടുക്കുന്ന ഓരോ വ്യക്തിക്കും അനുഭവിക്കാനാവും.


ആദ്യം ഇത് വായിച്ചത് അമ്മയാണ്. വായന തീരുന്നതുവരെ മറ്റൊന്നിലും ശ്രദ്ധിക്കാതെ രാത്രി വൈകുന്നതറിയാതെ ഏകാഗ്രതയോടെ ഇരിക്കുന്ന അമ്മയെയാണ് ഞാൻ കണ്ടത്.

തിരക്കുകൾക്കിടയിൽ പല ജോലികളും മാറ്റി വച്ച് ഞാനും വായിച്ചു തീർത്തു.

തീരുന്നതിനു മുൻപു തന്നെ ഉള്ളു നിറഞ്ഞ് ഞാൻ മായയെ വിളിച്ചു. എൻ്റെ excite mentഅതേപടി പ്രകടിപ്പിച്ചു. ഒരു പാട് സന്തോഷമായി ആൾക്ക്.എത്ര നിഷ്കളങ്കമായാണ് മായ സംസാരിക്കുന്നത്.


ഇനിയും ധാരാളം എഴുതാനും വരയ്ക്കാനും എല്ലാവരേയും പ്രചോദിപ്പിക്കാനും മായയുടെ പ്രിയപ്പെട്ട കണ്ണൻ മായയെ തുണയ്ക്കട്ടെ.


എനിയ്ക്കൊന്നേ പറയാനുള്ളൂ. എല്ലാവരും ഈ പുസ്തകം വായിക്കണം.


വായിച്ചേ പറ്റൂ.


കവിത സുനിൽ

02.10.2021 


Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി