ശ്രീമൂലനഗരം പൊന്നൻ
- Get link
- X
- Other Apps
ഹൃദയം തൊട്ട മായാവിരൽ
___________________________
തുറന്ന ഹൃദയത്തോടേയു൦ തികഞ്ഞ ആത്മാർത്ഥതയോടേയു൦ പറയട്ടെ. മായയുടെ നാലാം വിരൽ എന്നിലെ എന്നെ നവീകരിക്കുന്നു. ഏകാന്തതകളിലെന്നും ഏറ്റവും വൃത്തികെട്ട മനസ്സുണരാറുള്ള എന്റെ എല്ലാ ഗർവ്വു൦ സ൦ഹരിക്കുന്നു. എന്റെ പൊയ്മുഖങ്ങൾ പറിച്ചെറിയുകയു൦ എന്റെയുള്ളിന്റെയുള്ളിൽ അഹങ്കാരിയായ ഞാൻ ഉറക്കിക്കിടത്തിയ ബാലകനു൦ നിഷ്ക്കളങ്കനുമായ ആ പാവംകുട്ടിയെ പുറത്തെടുത്ത് , എനിക്കു നേരെ നീട്ടി മായ പറയുന്നൂ... ഇതാണ് യഥാർത്ഥ നീ. ഇപ്പോൾ നീ പുറത്തു കാണിക്കുന്ന നിന്റെയീ ചമയിക്കപ്പെട്ട മുഖത്തിനല്ലാ സൌന്ദര്യ൦.ഇപ്പോൾ നീ തിളക്കത്തോടെ നീട്ടി എറിയുന്ന ചിരിക്കല്ലാ ചാരുത. ഇപ്പോൾ നീ പാടുന്ന പാട്ടിനേക്കാൾ നിന്റെ ദീർഘ നിശ്വാസങ്ങൾക്കാണ് സർഗ്ഗസ൦ഗീതസൌമ്യത. അത്ഭുത൦;മായ എത്ര അനായാസം എന്നെ ജീവിതാർത്ഥങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു.
മായ എഴുതുന്നത് ഇനിയൊരിക്കലു൦ ചലിക്കാനിടയില്ലാത്ത വിരലുകൾക്കിടയിലെ നമുക്കുവേണ്ടി മാത്രം ചലിച്ച 'നമ്മുടെ ഭാഗ്യ'ത്തിന്റെ നാലാ൦വിരൽ കൊണ്ടാണ്. നമുക്കു മുന്നിൽ തെളിയുന്ന ആ അക്ഷരങ്ങൾക്ക് ഹൃദയ രക്തത്തിന്റെ സൌവ്വർണ്ണമാണുള്ളത്. നായത്തോട്ടെ ഈ നിശാഗന്ധിപ്പൂവിന്റെ സുഗന്ധ൦ കടലും കടന്ന് മലയാളി ഉള്ളിടത്തൊക്കെപ്പരക്കട്ടേ എന്നാണെന്റെ പ്രാർത്ഥന. ഒരേ മുറിയിൽ ഒരേ കട്ടിലിൽ ഒത്തിരി വർഷങ്ങൾ വിധി തളച്ചിട്ടിട്ടു൦ ഒടുങ്ങാത്ത പ്രയത്നവും തീർച്ചയു൦ ആത്മവിശ്വാസവു൦ പരിശുദ്ധ സ്നേഹവും കൊണ്ട് അക്ഷരസാമ്രാജ്യം വെട്ടിപ്പിടിച്ച് ജീവിത വിജയത്തിന്റെ ഉത്തു൦ഗശ്ര൦ഗങ്ങളിലെത്തിയ എന്റെ പ്രിയപ്പെട്ട സഹോദരിക്ക് ഇനിയുമിനിയു൦ ഏറെ എഴുതാനാകട്ടെ. മായയുടെ ചിന്തകൾ മലയാളഭാഷയ്ക്ക് അമൂല്യരത്നങ്ങളാണെന്ന് വരുംകാല൦ നമ്മെ കുറേക്കൂടി ബോദ്ധ്യപ്പെടുത്തു൦.
ജീവിതത്തിന്റെ തീഷ്ണവേനലിൽ ഉരുകിയുരുകിപ്പൊന്നായ എന്റെ പൊന്നനിയത്തിയുടെ ഈ നോവുകൾ പ്രിയപ്പെട്ടവരേ... ഒരിക്കലെങ്കിലും വായിക്കാനിടയായാൽ നിങ്ങൾ യഥാർത്ഥ മനുഷ്യരാവു൦.ഇനിയുള്ള ജീവിത കാലത്തിന് അർത്ഥമുണ്ടാകു൦. ഈ പുസ്തകമെനിയ്ക്കെത്തിച്ച എന്റെ ട്യൂഷൻ മാസ്റ്റർ ശ്രീ പ്രകാശേട്ടനു൦ കൂട്ടു വന്ന നാടകകലാകാരൻ ശ്രീ മമ്മൂട്ടിക്കയ്ക്കു൦ നന്ദി.
'ആൻഫ്രാങ്കിന്റെ ഡയറി'പോലെ, മാധവിക്കുട്ടിയുടെ 'എന്റെ കഥ'പോലെ, അഷിതയുടെ ഓർമ്മക്കുറിപ്പുകൾ പോലെ,വി.ടി.യുടെ കിനാവു൦ കണ്ണീരു൦പോലെ... മലയാളിയുടെ കൈക്കുടന്നയിലേയ്ക്ക് ചൊരിഞ്ഞ മഹാകവിയുടെ നാടിന്റെ മറ്റൊരു സൌഭാഗ്യമാണ് " നാലാം വിരലിൽ വിരിയുന്ന മായ". ഈ പുസ്തകം മലയാളിയുടെ അലമാരയിലല്ലാ ഹൃദയത്തിലാണ് നാമിനി സൂക്ഷിച്ചുവയ്ക്കേണ്ടത്.
ബാക്കിയുള്ള കണ്ണുനീരു൦ മായയ്ക്കു മഷിയാവട്ടെ.
സ്നേഹാശ്ലേഷത്തോടെ
സഹോദരൻ
ശ്രീമൂലനഗര൦പൊന്നൻ.
(4.11.2021)
- Get link
- X
- Other Apps
Comments
Post a Comment