- Get link
- X
- Other Apps
ബോബി പല്ലൻ
**********************
സ്നേഹത്തിന്റെ, കരുത്തിന്റെ, പ്രത്യാശയുടെ, പ്രതീക്ഷയുടെ പര്യായമായ ഒരുവളുടെ, "മായ"യുടെ പുസ്തകം " നാലാം വിരലിൽ വിരിയുന്ന മായ "
അങ്കമാലിയിൽ എത്തിയ ശേഷം ആദ്യം കാണാൻ ആഗ്രഹിച്ച ഒരാളാണ് മായ. ഭർത്താവിന്റെ കൂടെ സ്കൂളിൽ പഠിച്ച മായ എന്ന മിടുക്കിക്കുട്ടി.
ബാലകൃഷ്ണൻ മാഷുടെ മകൾ..
മായയുടെ വിശേഷങ്ങൾ ഒരു നിമിത്തം പോലെ പല വഴികളിൽ എന്നെ തേടിയെത്തി..
ഒന്നോ രണ്ടോ കിലോമീറ്റർ അപ്പുറം മായ ഉണ്ടായിരുന്നിട്ടും ഒന്ന് കാണാതെ വർഷങ്ങൾ കടന്നു പോയി..
ഒടുവിൽ പരിചയപ്പെടാൻ ഫേസ്ബുക് വേണ്ടി വന്നു.. Fb യിലെ സ്ത്രീ കൂട്ടായ്മകളിലൂടെ ഞാൻ മായ ബാലകൃഷ്ണനെ കണ്ടുമുട്ടി..
മായ കുറിച്ചിട്ട വരികളിലൂടെ അടുത്തറിഞ്ഞു..
ഒടുവിൽ ഇന്നലെ മായയുടെ മൂന്നാമത് പുസ്തകത്തിന്റെ പ്രകാശനം..
മായയെ കണ്ടു.. മായയെ കേട്ടു.. മായയെ കുറിച്ചും പുസ്തകത്തെ കുറിച്ചും മറ്റുള്ളവരുടെ വിലയേറിയ വിലയിരുത്തലുകൾ കേട്ടു...
"നാലാം വിരലിൽ വിരിഞ്ഞ മായ"യെ സ്വന്തമാക്കി ഞാൻ മടങ്ങി..
പുസ്തകം, അല്ല മായയുടെ ജീവിതം ഒറ്റയിരിപ്പിൽ
വായിക്കുകയായിരുന്നു.
എന്താണ് പറയേണ്ടത് എന്നെനിക്കു അറിയില്ല..
പൊള്ളുന്ന അനുഭവങ്ങൾ പോലും വായനക്കാരനെ വേദനിപ്പിക്കരുത് എന്ന കരുതലോടെ അല്പം നർമ്മം കൂടി ചേർത്താണ് മായ കുറിച്ചിരിക്കുന്നത്....
അടുത്ത ഇരുപത്തഞ്ചു വർഷം കഴിഞ്ഞു ചെയ്യേണ്ട കാര്യങ്ങൾ പോലും പ്ലാൻ ചെയ്തു അതിനായി കിതച്ചോടുന്ന നമ്മളോടൊക്കെ ഒരു പുനർചിന്തനം കൂടി ആവശ്യപ്പെടുന്നുണ്ട് മായയുടെ ജീവിതം..
"ഭൂമിയിൽ ഒന്ന് കാൽ തൊട്ടു രണ്ടടി നടക്കുക എന്നത് അന്നത്തെ ഒരു വലിയ സ്വപ്നമായിരുന്നു" എന്നൊക്കെ പറയുന്നിടത്തു എന്തുണ്ടായാലും എത്ര കിട്ടിയാലും പരാതി മാത്രം പറയുന്ന നമ്മൾ ലജ്ജിക്കേണ്ടിയിരിക്കുന്നു..
"മാലപ്പടക്കം പോലെ തന്നെ വേദനകൾ പിടി കൂടിയത്" പറയുമ്പോൾ..
ഇനിയുള്ള ജീവിതം ഒരു മുറിക്കുള്ളിൽ ഒരു കട്ടിലിൽ വര്ഷങ്ങളോളം ജീവിക്കേണ്ടി വരുമെന്നറിയാതെ കോളേജിൽ പോകാനും പുതിയ ഉടുപ്പും മാലയും കമ്മലും അണിഞ്ഞൊരുങ്ങാനും കൊതിച്ച ആ പതിനഞ്ചു വയസ്സുള്ള കുഞ്ഞിനോട് എന്ത് മറുപടിയാണ് പറയാനാവുക..?
തനിക്കു വേണ്ടി ഒരു കുഞ്ഞു സഹായം ചെയ്തവരെ.. സ്നേഹത്തോടെ ഒന്ന് വിരലിൽ തലോടിയ ഹെഡ് മിസ്ട്രസ് സിസ്റ്ററിനെ..
എഴുതാൻ എളുപ്പമുള്ള പേന കൊടുത്ത കൂട്ടുകാരി ബിന്ദുവിനെ...
തിരികെ സ്കൂളിൽ ചെന്നപ്പോൾ ഓടിയെത്തിയ ലിജി പോളിനെ, എന്തിന്
തന്നെ അനുകമ്പയോടെ നോക്കിയ നായയെ പോലും ഓർത്തു വയ്ക്കുന്ന മായ..!
തനിക്കു കിട്ടിയ നന്മയുടെ ഒരു ചെറു കണിക പോലും വിട്ടു പോകാതെ പറഞ്ഞു വയ്ക്കുന്നു..
മായയുടെ പുസ്തകം എല്ലാവരും വായിക്കണം..
തീർച്ചയായും അത് നിങ്ങൾക്ക് ഒരു നഷ്ടമാകില്ല..
ഹൃദയാശംസകൾ മായക്കും മായയുടെ ഇനിയും പിറക്കാനിരിക്കുന്ന പുസ്തകങ്ങൾക്കും കൂടി.. ❤
♥️♥️♥️♥️
ബോബി പല്ലൻ
- Get link
- X
- Other Apps
Comments
Post a Comment