കണ്ണാടി , പുസ്തകത്തെക്കുറിച്ച്


""നാലാംവിരലിൽ വിരിയുന്ന മായ"  ഞാനും മനസ്സ് തുറക്കുന്നു 

 പ്രിയപ്പെട്ട എഴുത്തുകൂട്ടം സുഹൃത്തുക്കളേ .... 

നമസ്‌കാരം! ഞാൻ മായ ബാലകൃഷ്ണൻ. 

എറണാകുളം എഴുത്തുകൂട്ടം അംഗമാണ്.


കണ്ണാടി യിൽ ഇന്ന് ചർച്ച ചെയ്യുന്ന 

"നാലാംവിരലിൽ വിരിയുന്ന മായ "    ഇതെന്റെ മൂന്നാമത്തെ പുസ്തകമാണ്. ആദ്യ രണ്ടും കവിതാസമാഹാരമായിരുന്നു.

ഇതെന്റെ ജീവിതമാണ്. ആത്മകഥാപരമായ ഓർമ്മയെഴുത്തുകളാണ്.    വേറിട്ട ജീവിതവഴിയിലൂടെ കടന്നുപോകുന്നവളായതുകൊണ്ടാണ് ഇങ്ങനെയൊരു ബുക്ക്  തയ്യാറാക്കിയത്.  എന്റെ തികഞ്ഞ സാമൂഹികപ്രതിബദ്ധതയും ഇതിനെന്നെ പ്രേരിപ്പിച്ചു.


ജീവിതത്തിലെ ആദ്യ 15 , 16 വർഷങ്ങൾ ഞാനൊരു സാധാരണ വിദ്യാർത്ഥിയായിരുന്നു. സ്‌കൂളും വീടും നാടും സുഹൃത്തുക്കളും പരിചയക്കാരുമൊക്കെയുള്ള ലോകം. അക്കാലത്താണ്‌,   മിഡിൽ എയ്ജ് കാർക്ക് കണ്ടുവരാറുള്ള റുമാറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന അസുഖം എന്നെയും പിടിച്ചു കുലുക്കിയത്. ഒടുവിൽ നിയന്ത്രണ വിധേയമാക്കാൻ കഴിയാതെ കഴിഞ്ഞ 32 വർഷത്തിലേറെയായി, അതായത് ഇന്നിന്റെ ഭാഷയിൽ പറഞ്ഞാൽ ക്വാറന്റൈനിൽ ആണ്. ( ഒരു കട്ടിലിന്റെ താങ്ങിലാണ്.)

 ഇക്കാലമത്രയും മാധ്യമങ്ങൾക്ക്  നടുവിലായിരുന്നു ഞാനും.  ടി വി , റേഡിയോ, വായന അങ്ങനെ എന്റെ ലോകവും ചലിച്ചുകൊണ്ടിരുന്നു.  ഇതിനിടയിൽ 10,  12 വർഷം മുൻപ്  നവ സാങ്കേതികവിദ്യ സ്വായത്തമാക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വഴിത്തിരിവായി.  

" നാലാംവിരലിൽ വിരിയുന്ന മായ "

  ഈ പുസ്തകത്തിൽ ഞാൻ കടന്നുവന്ന വഴികൾ, എന്നെ താങ്ങിനിറുത്തിയ ദർശനങ്ങൾ, എന്റെ ഉൾക്കാഴ്ചകൾ ,  ഈ ലോകത്തിന് എനിക്ക് നൽകാവുന്ന വെളിച്ചം! സന്ദേശം ഒക്കെയാണ് ഇത്. 


 അപകടങ്ങളാലും അസുഖങ്ങൾ വന്നും ജീവിതത്തിന്റെ പാതിവഴിയിൽ വീണുപോയവരുണ്ട്. അവരുടെ ശബ്ദം എന്ന നിലയ്ക്കും ഈ പുസ്തകത്തെ കാണാം. അക്ഷരങ്ങളുമായി സഹവാസം നടത്തുന്ന ഞാൻ തന്നെയാണ് ഇതെഴുതേണ്ടത് എന്ന ചിന്തയും ഇങ്ങനെയൊരു പുസ്തകത്തിലേക്ക് എന്നെ എത്തിച്ചു.

 ഇക്കൂട്ടരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എങ്ങനെ കൈപിടിച്ചുയർത്താം!   അവർ നേരിടുന്ന  അവഗണന, അപകർഷതാ, തരംതാഴ്ത്തൽ,  അവർക്ക് താങ്ങും തണലുമാകേണ്ടുന്ന കുടുംബം, ഡോക്ടർമാർ, പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ, സന്നദ്ധ പ്രവർത്തകർ, സൗഹൃദങ്ങൾ എന്നിങ്ങനെ പലതും ഇതിൽ പരാമർശിക്കുന്നുണ്ട്.

തീർച്ചയായും ശാരീരിക പരിമിതികൾ ഉള്ളവർ മാത്രമല്ല,  അവർക്ക് വെളിച്ചമാകേണ്ടുന്ന സമൂഹം കുടുംബാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എല്ലാവരേയും ഉദ്ദേശിച്ചാണ് ഒരു തുറന്നെഴുത്ത് നടത്തിയിരിക്കുന്നത്.  

   കൂടാതെ ജീവിതത്തിൽ തോറ്റുപോയെന്നു വിചാരിക്കുന്നവരും ഇത് വായിക്കണം. ഇത് തോൽവി യല്ല, കാത്തിരിപ്പിന്റെ ,ക്ഷമയുടെ സഹനത്തിന്റെ വലിയൊരു വഴി, കാലം മുന്നിലുണ്ട്‌.  പ്രതീക്ഷയുടെ ഒരു തിരി വെളിച്ചം അങ്ങേയറ്റത്ത് നമ്മെ കാത്തിരുപ്പുണ്ട്. ആ വഴികൾ നമ്മൾ നടന്നു കയറിയെ പറ്റൂ. ജീവിക്കാൻ പ്രേരിപ്പിക്കുക എന്നതും  ലക്ഷ്യമാണ്.  


  ഏതു സാധാരണക്കാർക്കും വായിച്ചു മനസ്സിലാക്കാവുന്നതാവണം എന്ന ചിന്തയോടെ  ഏറ്റവും ലളിതമായ ഭാഷയിലാണ് ഇതെഴുതിയിരിക്കുന്നത്.   3 വർഷം മുൻപെങ്കിലും ഇറങ്ങേണ്ട ബുക്കയിരുന്നു. കോവിഡും മറ്റുപല കാരണംകൊണ്ടും നീണ്ടു നീണ്ടു ഇതുവരെയെത്തി. 


വേറിട്ടൊരു ജീവിതപുസ്തമായതുകൊണ്ട് അവതാരികയ്ക്ക് ആദ്യം സമീപിച്ചത്  വേദനകൾക്ക് കൂട്ടിരിപ്പുകാരിയായ,   പ്രിയപ്പെട്ട കഥാകൃത്ത് Priya AS എന്ന പ്രിയേച്ചിയെയായിരുന്നു. ഞാൻ വേണ്ട മായാ, വേറെ ആരുവേണം എന്ന ചോദ്യത്തിന് എന്റെ മുന്നിൽ തെളിഞ്ഞ ഒരേയൊരു മുഖം ഫാദർ ബോബി ജോസ് കാട്ടിക്കാട് ആയിരുന്നു. 

 "നിശ്ചലതയെ ആരാണ് ഭയക്കാത്തത്? ഭിത്തിയിലെ ആ ക്രൂശിതരൂപം പോലും നിശ്ചലമായ ഒരു യൗവ്വനത്തിന്റെ തിരുശേഷിപ്പാണ്. എന്നിട്ടും ആ നിശ്ചലതയിലേയ്ക്കാണ് എത്രയോ മനുഷ്യര്‍ ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിയ്ക്കുന്നത്." അവതാരികയിലെ  അച്ചൻന്റെ വാക്കുകളാണ്.  "നിശ്ചലതയെ ആരാണ് ഭയക്കാത്തത്?

അതേ... ഞാൻ ഭയപ്പെട്ട ചോദ്യം.അതിനുത്തരം ബോബിയച്ചനെപ്പോലെയൊരാൾക്കെ കഴിയൂ എന്ന് എന്റെ മനസ്സ് മന്ത്രിച്ചതുപോലെയായിരുന്നു അച്ചൻ അതിനുള്ള ഉത്തരവും അവതാരികയിൽ കുറിച്ചത്!


പ്രിയ A S , പാലിയേറ്റീവ് കേയറിലെ എന്റെ ഡോക്ടർ ഇവരുടെയൊക്കെ പിൻ കുറിപ്പോടെ ഇന്ദുലേഖ പബ്ലിക്കേഷൻസ് എന്റെ വളരെക്കാലത്തെ ആഗ്രഹം പൂർത്തീകരിച്ചു. 

ഇതിനകം  ഇന്ദുലേഖ ഓൻലൈൻ ബുക്ക് പബ്ലിക്കേഷൻസ് ന്റെ must റീഡ് വിഭാഗത്തിൽ ഈ പുസ്തവും  ഉൾപ്പെടുത്തിക്കഴിഞ്ഞു. പുസ്തകത്തിന്റെ പ്രകാശനം വൈകാതെ നടത്താനിരിക്കുകയാണ്.

ഇതിനകം നിരവധി പേർ ഈ പുസ്തകം വായിച്ചു.

മലയാളത്തിലെ പ്രിയങ്കരനായ നോവലിസ്റ്റ് സി രാധാകൃഷ്ണൻ സർ "നാലാംവിരലിൽ വിരിയുന്ന മായ" വായിച്ച് എനിക്ക് ഏതാനും വാക്കുകളും കുറിച്ചുതന്നു. 

ആ വാക്കുകൾ ഇവയാണ്....

"ആത്മാർത്ഥതയും സ്ഥൈര്യവുമുണ്ട് മായയുടെ എഴുത്തിൽ. താൻ ആരിലും ഇച്ഛിക്കുന്ന ഗുണങ്ങളാണ്. ഇതു രണ്ടും.ഇതു രണ്ടുമുള്ളവ ആദരവോടെ കാണുന്നു."

ഏറ്റവും എളിമയോടെ ഒരവാർഡ്‌കിട്ടിയ പോലെ ഞാനത്  ഹൃദയത്തിൽ ചേർക്കുന്നു .

  നല്ല വായനക്കാരായ വിവിധതലത്തിലുള്ള ഏതാനുംപേർ ഇന്നത്തെ ചർച്ചയിൽ എന്റെ പുസ്തകത്തിന് ആസ്വാദനം തന്നിട്ടുണ്ട്.

 ശ്രീമതി ബിന്ദു വാസുദേവൻ , 

  ശ്രീ N N പിഷാരോടി, ശ്രീ P K മാധവൻ, ശ്രീമതി സന്ധ്യ ജലേഷ്, കുമാരി ഗ്രീഷ്മ വേണുഗോപാൽ... എന്നിവർക്ക് എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു. 

കണ്ണാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയ എഴുത്തുകൂട്ടം ജനറൽ സെക്രട്ടറി ശ്രീ വടയാർ സുനിൽ മാഷ്, ശ്രീമതി സിജിത അനിൽ, എഴുത്തുകൂട്ടം എറണാകുളം ജില്ല സെക്രട്ടറി  ശ്രീമതി ജിബി ദീപക്, ശ്രീ അശോക് കാക്കശ്ശേരി, മുഴുവൻ എഴുത്തുകൂട്ടം പ്രവർത്തകർക്കും നന്ദി  നമസ്‌കാരം!   





















Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി