അഭിമുഖം ,
നജ്‌ലാ പുളിക്കൽ നടത്തിയ അഭിമുഖം
1,കുടുംബം:-
എറണാകുളം ജില്ലയിൽ അങ്കമാലി നായത്തോട് സ്വദേശി. അച്ഛൻ കെ എസ് ബാലകൃഷ്ണൻ നായർ, അമ്മ പി കെ വിജയമ്മ. രണ്ടുപേരും അദ്ധ്യാപകരായിരുന്നു. അച്ഛന്റെ വേർപാടിന് 5 വർഷമായി. ഞങ്ങൾ 4 മക്കൾ. 2 പെണ്ണും 2 ആണും. ഞാൻ ഏറ്റവും ഇളയത്!
സഹോദരങ്ങൾ കുടുംബമായി ഇവിടെയുണ്ട്.
എല്ലാവരും നല്ല വിദ്യാഭ്യാസവും ജോലിയുള്ളവരുമാണ്.
2. എഴുത്തിലേക്ക് വന്നത്
ഉത്തരം:-
ചെറുപ്പത്തിൽ വായനാശീലം ഉണ്ടായിരുന്നു. ചെറിയ എഴുത്തുകൾ തുടങ്ങിവച്ചെങ്കിലും കുറച്ച് ഉൾവലിയൽ പ്രകൃതംകാരണം എഴുത്തുകൾ ഒളിപ്പിച്ചുവയ്ക്കുമായിരുന്നു. പക്ഷേ കുട്ടിക്കളി കൾക്കിടയില് പിടിക്കപ്പെട്ടപ്പോൾ വല്ലാത്ത ചമ്മൽ!
അതോടെ അങ്ങനെയൊരു ശ്രമം വേണ്ടെന്നുവച്ചു.
പിന്നെ സ്‌കൂൾ പഠനശേഷം രോഗാവസ്ഥയിലാണ് വായനയും എഴുത്തും തുടങ്ങിയത്.
3. പുസ്തകങ്ങൾ
ഉത്തരം:- 3 പുസ്തകം.
ആദ്യ രണ്ടും കവിതാസമാഹാരം ആയിരുന്നു. തുടികൊട്ട്, നിഷ്കാസിതരുടെ ആരൂഢം.
മൂന്നാമത് പുസ്തകം അതെന്റെ ജീവിതത്തിന്റെ നേർച്ഛേദമായ ഓർമയെഴുത്തുകളാണ്. ശാരീരികവും മാനസികമായും ഏറെ വെല്ലുവിളികൾനേരിട്ട രോഗ
കാലം. തീർത്തും ഒറ്റപ്പെട്ട് ഒന്നുമല്ലാതെ സമൂഹത്തിന്റെ അടിത്തട്ടിൽ പുതഞ്ഞുപോയിരുന്നു ഞാൻ. അവിടെ നിന്നു വായനയും എഴുത്തുമായി ഇന്ന് ഈ സമൂഹത്തിന്റെ ഭാഗമായിത്തീർന്ന ജീവിതം വരച്ചുവയ്ക്കുന്നു ആ പുസ്തകം "നാലാംവിരലിൽ വിരിയുന്ന മായ" ഇക്കഴിഞ്ഞമാസം ( ജൂലൈയിൽ) പുറത്തിറങ്ങി.
4. എഴുത്തിന് കുടുംബത്തിൽ നിന്നുള്ള സപ്പോർട്ട്
ഉത്തരം -: എന്റെ എഴുത്തുകളെ ആദ്യമൊന്നും അവർ കാര്യമായി എടുത്തിരുന്നില്ല. ബന്ധുക്കളായ കുട്ടികൾ തന്നെയാണ് എന്റെ എഴുത്തുകളെ വിലമതിച്ചു തുടങ്ങിയത്. അവരുടെ പ്രേരണയിലാണ് ആദ്യബുക്ക് ചെയ്യുന്നത്. അദ്ധ്യാപികയായിരുന്ന അമ്മയാണ്
എന്റെ എഴുത്തുകളുടെ നിശിത വിമർശക. അതുകൊണ്ട് എഴുത്തിലെ പോരായ്മകൾ ആരു ചൂണ്ടിക്കാണിച്ചാലും വേണ്ടതിനെ ഉൾക്കൊള്ളാനും തള്ളിക്കളയാനും എനിക്ക് കഴിയും.
വളരെ സ്വാതന്ത്ര്യം അനുഭവിച്ചുവളർന്ന കുടുംബാന്തരീക്ഷം ആയിരുന്നു. അച്ഛനും ഒരു സഹോദരനും സാഹിത്യാഭിരുചിയുള്ളവരാണ്. അതൊക്കെ എഴുത്തിന് പിൻബലമായിരുന്നു.
5. രോഗത്തെ കീഴടക്കിയത്.
ഉത്തരം :- രോഗം! രോഗാവസ്ഥയാണ് എന്നെ എഴുത്തുകാരിയും വായനക്കാരിയുമാക്കിയത്. ആ വിധത്തിൽ രോഗത്തോട് കടപ്പാടുള്ളവളാണ്.
15 ആം വയസ്സിലാണ് രോഗം എന്നെ പിടിമുറുക്കുന്നത്.
സാധാരണ മധ്യവയസ്സിലും മറ്റും കണ്ടുവരാറുള്ള റുമാറ്റോയ്ഡ് ആർത്രൈറ്റിസ്. ദീർഘവർഷങ്ങൾ ചികിത്സകൾ പലതും മാറി മാറി നടത്തി. സുഖപ്പെടും എന്ന ആത്മവിശ്വാസത്തിൽ ആദ്യകുറെ വർഷങ്ങൾ കടന്നുപോയി. ക്രമേണ ശരീരത്തിലെ ചെറുതും വലുതുമായ സന്ധികളുടെ ചലനമെല്ലാം അത് കട്ടെടുത്തപ്പോൾ ഞാനതിനെ കൂടപ്പിറപ്പാക്കി. അങ്ങനെ ഇണങ്ങിയും പിണങ്ങിയും
പരസ്പരൈക്യത്തോടെ ഞാനും അസുഖവും 32 വർഷത്തിലേറെയായി യാത്ര തുടങ്ങിയിട്ട്. ചലനം
നഷ്ടപ്പെട്ടതോടെ ദീർഘവർഷങ്ങളായി പൂർണ്ണമായും ബെഡ് റിഡൻ ആണ്.
അപ്പോഴെല്ലാം മനസ്സുകൊണ്ട് കാലത്തിനൊപ്പം നടക്കണം, എല്ലാം അറിയണം എന്ന അഭിവാഞ്ഛ നെഞ്ചിൽ കെടാതെ നിന്നു. നല്ലൊരു കാലം പുസ്തകങ്ങൾ കൈയിലെടുക്കാനോ പേനപിടിക്കാനോ കഴിഞ്ഞില്ല. പിന്നീട് സ്വയം പരിശ്രമംകൊണ്ട് കുറച്ചൊക്കെ സ്വായത്തമാക്കി. ഇതിനിടയിൽ വായനയായിരുന്നു മറ്റൊരു കൂട്ട്!
6. വിദ്യാഭ്യാസം
ഉത്തരം:- പത്താംക്ലാസ്സിൽ പഠിക്കുമ്പോളാണല്ലോ
അസുഖം തുടങ്ങിയത്. ഏറെ വേദനകൾ തന്ന അസുഖം. പ്രീഡിഗ്രി കോളേജിൽ ചേർന്നെങ്കിലും തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. ദിനചര്യകൾക്കുപോലും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുമ്പോൾ ഞാനെന്റെ ചിന്തകളെ മാറ്റിപ്പണിതു.
നാം വിദ്യ നേടേണ്ടത് അധിവസിക്കുന്ന ലോകത്തു നിന്നുമാണ് എന്നൊരു ചിന്ത ഉയർന്നു! വായനയുടേയും കേള്വിയുടെയും വലിയൊരു ലോകം എനിക്ക് മുന്നിൽ ഉണ്ടായപ്പോൾ അതൊരു കുറവായി കണ്ടില്ല. എന്റെ ആരോഗ്യാവസ്ഥയിൽ, ഏറ്റവുംകഴിയുന്ന രീതിയിൽ അറിവുകൾ വികസിപ്പിക്കുവാൻ ശ്രമിക്കുന്നയാൾ ആയതുകൊണ്ട് ഇന്നും ഞാൻ ഒരു വിദ്യാർത്ഥിയാണ്.
7. ഭാവിയെ കുറിച്ച്
. ഉത്തരം:-
തീർച്ചയായും ആരോഗ്യം അനുവദിക്കുന്നസമയംവരെ
എഴുത്തും വായനയും തുടരണം. അടുത്ത ഒന്നു രണ്ടു പുസ്തകങ്ങൾകൂടി ചെയ്യണം. ഈ ജീവിതത്തിൽ ഏറെ ആനന്ദവും സംതൃപ്തിയും തരുന്നത് എഴുത്താണ്. അതിന് സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാവണമെന്ന ഒറ്റ പ്രാർത്ഥനയെയുള്ളൂ.
Thanks Najla
With love
Maya Balakrishnan



Comments
Post a Comment