റിവ്യൂ by Greeshma Venugopal
പുതുതലമുറ കുട്ടികളും, IT കുട്ടികളും വരെ പുസ്തകം വായിച്ചുതുടങ്ങി.
പ്രിയപ്പെട്ട ഗ്രീഷ്മയുടെ റിവ്യൂ....
വളരെ നന്ദി, സ്നേഹം 😍 Greeshma Venugopal
നാലാം വിരലിൽ വിരിയുന്ന മായ.
ഒറ്റയിരുപ്പിൽ വായിച്ചുതീർത്ത പുസ്തകമാണിത്. എഴുത്തുകാരി ഏറ്റവും പ്രിയപ്പെട്ട മായേച്ചി ആയതുകൊണ്ടും ആ ജീവിതം കുറെയൊക്കെ അടുത്തറിഞ്ഞിട്ടുള്ളതുകൊണ്ടും വളരെയേറെ ആകാംക്ഷയോടെയാണ് വായിച്ചു തുടങ്ങിയത്.എന്റെ കണ്ണും മനസ്സും നിറഞ്ഞു.ഹൃദയത്തെ അത്രമേൽ സ്പർശിച്ചു ഈ വായന .15 വയസ്സ് മുതൽ അനുഭവിക്കുന്ന വേദനകളും യാതനകളും വായിച്ചറിയുമ്പോൾ തന്നെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അപ്പോൾ പിന്നെ വർഷങ്ങളായി ഇതെല്ലാം അനുഭവിക്കുന്ന ചേച്ചിയുടെ അവസ്ഥയോ!
റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന രോഗം നഷ്ടപ്പെടുത്തിയ ചലനശേഷി. ഒരു മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ അടച്ചിട്ട 32 വർഷങ്ങൾ.സ്വന്തമായി ശരീരം ചലിപ്പിക്കാനോ, വസ്ത്രം മാറാനോ, ഭക്ഷണം കഴിക്കാനോ ഒന്നിനും കഴിയാതെ,തന്റെ കയ്യിലെ ചെറുവിരലിനോട് ചേർന്നുള്ള നാലാം വിരലിന്റെ തുമ്പുകൊണ്ട് മായേച്ചി സൃഷ്ടിച്ച മായാജാലങ്ങൾ ആണ് ചേച്ചിയുടെ ഓരോ എഴുത്തും.
ജീവിതത്തിൽ പ്രചോദനത്തിനും പ്രോത്സാഹനത്തിനുമൊക്കെ വേണ്ടി നമ്മൾ വലിയ വലിയ ആളുകളെ മാതൃകകൾ ആക്കുമ്പോൾ ഇടയ്ക്കൊക്കെ ചുറ്റുമൊന്നു കണ്ണോടിച്ചാൽ നന്നായിരിക്കും. നമ്മുടെ തൊട്ടടുത്തു തന്നെയുണ്ടാവും, പലപ്പോഴും നമ്മൾ കാണാതെ പോകുന്ന ഇത്തരം ചില ജീവിതങ്ങൾ.
ചേച്ചിയുടെ സ്ഥാനത്തു എന്നെയൊന്നു സങ്കല്പിക്കാൻ പോലും എനിക്കാവില്ല.ഈ ഇച്ഛാശക്തിയും മനോധൈര്യവുമൊക്കെ കാണുമ്പോഴാണ് നമ്മളൊന്നും ഒന്നുമല്ലെന്ന തിരിച്ചറിവുണ്ടാകുന്നത്. ജീവിതത്തിൽ പല സുഖസൗകര്യങ്ങളും ഉണ്ടായിട്ടും നമ്മളിൽ പലരുടെയും പരാതി പറച്ചിലുകൾക്ക് എന്തെങ്കിലും കുറവുണ്ടോ? അവിടെയാണ് മായേച്ചിയെ പോലുള്ളവരുടെ ജീവിതം നമുക്ക് വഴികാട്ടിയാവേണ്ടത്.
32 വർഷങ്ങളായി ഒരു കട്ടിലിൽ ജീവിതം തളച്ചിടേണ്ടി വന്നിട്ടും, എല്ലാ വേദനകളെയും നേരിട്ട്,എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത്, സ്വന്തം പരിമിതികളിൽ നിന്നു കൊണ്ടു ജീവിതത്തോടു പൊരുതാൻ കാണിച്ച ആ നിശ്ചയദാര്ഢ്യത്തിനു മുന്നിൽ പറയാൻ എനിക്കു വാക്കുകലേതുമില്ല.
മായേച്ചി പറയുന്ന പോലെ 'സത്യത്തിൽ ജീവിതം തന്നെ ഒരു തമാശയാണ് '. എപ്പോഴത്തെയും പോലെ ജീവിതമെന്ന ആ തമാശയെ പുഞ്ചിരി കൊണ്ടു നേരിടാൻ എന്നും ചേച്ചിയ്ക്കു കഴിയട്ടെ. ഇനിയും ഒരുപാടൊരുപാടു ഉയരങ്ങളിലേക്ക് പറന്നുയരാൻ സാധിക്കട്ടെ.എല്ലാ നന്മകളും ഉണ്ടാകട്ടെ.
മായേച്ചിയെ അറിയാത്തവരെല്ലാം വായിച്ചു തന്നെ അറിയണം.അത്രമേൽ മനോഹരമായി, ഹൃദയസ്പർശിയായി, ചേച്ചി രചിച്ച ചേച്ചിയുടെ സ്വന്തം ജീവിതമാണിത്.നമ്മളോരോരുത്തർക്കും പ്രചോദനമായിരിക്കും ഈ ആത്മകഥാരൂപേണയുള്ള പുസ്തകമെന്നു യാതൊരു സംശയവും കൂടാതെ എനിക്കു പറയാൻ കഴിയും.
ഇന്ദുലേഖ ബുക്സിന്റെ 9446584687 വാട്സ്ആപ്പ് നമ്പറിലും മാതൃഭൂമി ബുക്സ്റ്റോളിലും അന്വേഷിച്ചാൽ പുസ്തകം ലഭിക്കുന്നതാണ്.
പുസ്തകം വാങ്ങുന്നതിനുള്ള ലിങ്ക്
https://www.indulekha.com/naalam-viralil-viriyunna-maya-memoirs-maya-balakrishnan
Good review. Want to read it.
ReplyDelete