സത്യത്തിൽ ജീവിതം തന്നെ ഒരു വലിയ തമാശയാണ്."
റിവ്യൂ by Suresh Babu
"സത്യത്തിൽ ജീവിതം തന്നെ ഒരു വലിയ തമാശയാണ്."
മായ ബാലകൃഷ്ണന്റെ "നാലാം വിരലിൽ വിരിയുന്ന മായ" എന്ന ആത്മകഥ തുടങ്ങുന്നതും അവസാനിക്കുന്നതും ഇതേ വാചകത്തിൽ ആണ്. ഒരു എഴുത്തുകാരിക്ക് തന്റെ ജീവിത വീക്ഷണം ഇങ്ങനെ രേഖപ്പെടുത്തുന്നതിൽ ഒരു കുഴപ്പവുമില്ല, പക്ഷെ മായ ബാലകൃഷ്ണൻ എഴുതുമ്പോൾ നമുക്ക് അത്ഭുതപ്പെടാതിരിക്കാനാവില്ല.
കാരണം ഇത് എഴുതിയ ആളുടെ ജീവിതം മൂന്നു പതിറ്റാണ്ടോളം ഒരു മുറിക്കുള്ളിൽ മാത്രം തളച്ചിടപ്പെട്ടതാവുമ്പോൾ, (മായയുടെ തന്നെ വാക്കുകളിൽ “32 വർഷത്തോളം തോറ്റിരുന്നവളാണ്”) നമുക്ക് ആ മനശക്തിക്കു മുന്നിൽ നമിക്കാനെ മാർഗമുള്ളൂ.
ഒരു നാട്ടിൻപുറത്തെ മിഡിൽ ക്ലാസ് കുടുംബത്തിലെ നന്നായി പഠിക്കാൻ ആഗ്രഹമുള്ള, കൂട്ടുകാരോടൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവെച്ചു നടക്കാൻ ഇഷ്ടപ്പെടുന്ന, കുടുംബത്തോടൊപ്പം സിനിമ കാണാൻ പോയിരുന്ന ഒരു കുട്ടിയായിരുന്നു മായ. പക്ഷെ എല്ലാം പെട്ടെന്ന് മാറി മറിഞ്ഞത് ഒരു ക്രിസ്തുമസ് പരീക്ഷ കാലത്തിൽ ആയിരുന്നു. കൈ വിരലിൽ അനുഭവപ്പെട്ട അസഹ്യമായ നീറ്റലിൽ നിന്നും തുടങ്ങി പറഞ്ഞറിയിക്കാൻ ആവാത്ത വേദനകളുടെ ഒരു കാലമായിരുന്നു പിന്നെ ആ കുട്ടിയെ കാത്തിരുന്നത്.
എന്താണ് തനിക്കു സംഭവിക്കുന്നത് എന്നറിയാതെ അലോപതി ആയുർവേദ ചികിത്സകൾ മാറി മാറി പരീക്ഷിച്ചു പരീക്ഷണ വസ്തുവായി ഒരു കട്ടിലിൽ, സ്വയമേ തിരിയാൻ പോലും ആവാതെ കിടക്കേണ്ട അവസ്ഥയിലേക്ക് ആ അസുഖം ആ കുട്ടിയെ മാറ്റി.
പിന്നെ വര്ഷങ്ങള്ക്കു ശേഷം ആണ് അസുഖത്തിന്റെ പേര് പോലും എന്താണ് എന്ന് അറിയാൻ കഴിയുന്നത്. അങ്ങിനെ തന്റെ ജീവിതം തികച്ചും അവിചാരിതമായ ദിശകളിലേക്ക് പോയതിനെക്കുറിച്ചും, തുടർന്നുള്ള നിരാശയുടെ നാളുകളെ ക്കുറിച്ചും അതിനെ അതിജീവിച്ചതിനെ ക്കുറിച്ചും എല്ലാം മായ ഓർമ്മിച്ചെടുത്തെഴുതിയതാണ് ഈ പുസ്തകം.
വെറും 126 പുറങ്ങളുള്ള, തന്റെ ജീവിതത്തിന്റെ പുസ്തകമായ " നാലാം വിരലിൽ വിരിയുന്ന മായ", എന്ന ഈ പുസ്തകം ഒറ്റയിരുപ്പിൽവായിച്ചു തീർക്കാം എന്ന് കരുതിയാണ് കൈയിൽ എടുത്തത്, പക്ഷെ എഴുത്തുകാരിയുടെ ജീവിതത്തിലെ ഒരോ വിഷമഘട്ടങ്ങളെ ക്കുറിച്ചും വായിക്കുമ്പോൾ നമ്മുടെ നെഞ്ചിൽ സങ്കടത്തിന്റെ ഒരു വേലിയേറ്റം ആകും. അതിനെ മറികടന്നു വായന തുടരാൻ സമയമെടുക്കും.
വിഷമാവസ്ഥയിൽ തനിക്കു താങ്ങായി നിന്ന അച്ഛനമ്മമാരെക്കുറിച്ചും സഹോദരങ്ങളെക്കുറിച്ചും പിന്നെ ബന്ധങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും ബന്ധുക്കളായവരെക്കുറിച്ചും ഒക്കെ മായ പറയുമ്പോൾ ഈ ജീവിതം ഒരു വല്ലാത്ത ഒരനുഭവം തന്നെ എന്ന് നമുക്കും തോന്നും.
നെഞ്ചിൽ ഒരു നെരിപ്പോടാവുന്ന നിറയെ അനുഭവങ്ങളുടെ ഇടയിൽ നിന്നും എനിക്ക് ഏറ്റവും വിഷമകരമാണ് തോന്നിയ ഒന്ന് ഇതാണ്:
ഒരിക്കൽ ഊണ് കഴിഞ്ഞ പാത്രം എടുത്തുമാറ്റാൻ ആരെയും കാണാതിരുന്നപ്പോൾ മുറിയിലേക്ക് കടന്നു വന്ന ഒന്നാം ക്ളാസിൽ പഠിക്കുന്ന തന്റെ അനന്തിരവനോട് ആവശ്യപ്പെട്ടതും ആ കുട്ടി അത് വളരെ സന്തോഷത്തോടെ എടുത്തു മാറ്റി എന്ന് മാത്രമല്ല അത് കഴുകി വയ്ക്കുകയും ചെയ്തു. ഇത് കണ്ടു മായ സങ്കടപ്പെടുകയായിരുന്നു. കാരണം താൻ ചോറ് വാരിക്കൊടുക്കേണ്ട കുട്ടിയല്ലേ അവൻ എന്നോർത്തിട്ടായിരുന്നു. ഇത് വായിച്ചു ആ നിസ്സഹായാവസ്ഥയോർത്തു അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ ആവില്ല.
ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയ ഒരാൾ ജീവിതം തമാശ എന്ന് പറയുമ്പോൾ നമുക്കെങ്ങിനെ അതദ്ഭുതപ്പെടാതിരിക്കാനാവും !
ഒരുപക്ഷേ ഇങ്ങിനെ ഒരുമാനസികാവസ്ഥ കൈവരിക്കാൻ മായയെ സഹായിച്ചതു ഒരു പക്ഷെ ഒരു നിയോഗം പോലെ കൈയിലെത്തിയ ഗീതാരഹസ്യം ആയിരിക്കാം. അത് പോലെതന്നെ "പ്രത്യാശയുടെ ഭവനം" മായയുടെ ജീവിത വീക്ഷണം എന്നും പ്രത്യാശ നിറഞ്ഞതാവാൻ സഹായിച്ചു എന്ന് കരുതാം.
ജീവിതം തന്നെ ഒരു മുറിക്കുമുള്ളിൽ ഒതുക്കിയപ്പോൾ തന്നാൽ കഴിയും വിധം അതിനെ തോൽപ്പിച്ചു, തന്നെപ്പോലുള്ളവർക്കു ഒരു പ്രചോദനമായ ഒന്നാക്കി മാറ്റാൻ മായ നടത്തുന്ന ഈ പരിശ്രമത്തിനു മുന്നിൽ നമിക്കുവാനെ നമുക്ക് കഴിയൂ.
ഏതൊരു "self help" ബുക്കിനേക്കാളും അധികമായി, നമ്മെ ജീവിതത്തെ സ്നേഹിക്കാനും, നമുക്കുള്ള അനുഗ്രഹങ്ങളെ ഇരട്ടിയായി കാണാനും, നമ്മുടെ നഷ്ടങ്ങളെ നിസ്സാരമായിക്കാണാനും ഈ അനുഭവ പാഠങ്ങളിലൂടെ സാധിക്കും എന്ന് യാതൊരു സംശയവും കൂടാതെ പറയാൻ പറ്റും.
നന്ദി മായ, എല്ലാവിധ ആശംസകളും നേരുന്നു.
Comments
Post a Comment