പണിപ്പുര വൃത്താന്തം Tom mangattu
പണിപ്പുര വൃത്താന്തം
പ്രിയ എ എസിന്റെ ഒരു വിളിയിൽ നിന്നായിരുന്നു എല്ലാറ്റിന്റെയും തുടക്കം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പിടിപെട്ട ഒരു രോഗത്തേത്തുടർന്ന് ചലനശേഷി കാര്യമായി നഷ്ടപ്പെട്ട മായ ബാലകൃഷ്ണന്റെ കഥ പ്രിയ കുറച്ച് വിശദമായിത്തന്നെ പറഞ്ഞു. ആത്മകഥ എന്നു പറയാവുന്ന തരത്തിൽ മായ ചിലതൊക്കെ എഴുതിയിട്ടുണ്ട്. അതു പുസ്തകമാക്കാൻ പറ്റുമോയെന്നു നോക്കണം എന്നതായിരുന്നു പ്രിയയുടെ ആവശ്യം. മൂന്നോ നാലോ പുസ്തകങ്ങളാണ് ഇന്ദുലേഖ ഒരു വർഷം പുറത്തിറക്കുന്നത്. അവയൊക്കെ must-read എന്ന് ഉറപ്പിച്ചു പറയാവുന്ന പുസ്തകങ്ങളായിരിക്കണമെന്ന കാര്യത്തിൽ പബ്ലിഷറുടെ പണിയെടുക്കുന്ന സ്വപ്നയ്ക്ക് നിർബന്ധവുമുണ്ട്. പലരേക്കൊണ്ടും വായിപ്പിച്ച് അഭിപ്രായം സ്വീകരിച്ച ശേഷമാണ് സ്വപ്ന ഓരോ പുസ്തകവും തിരഞ്ഞെടുക്കുന്നത്. അതറിയാവുന്നതുകൊണ്ട് ഞാൻ ചാടി ഒരു 'യെസ്' പറയാതെ അതൊന്ന് വായിക്കാൻ തരാമോയെന്നു മാത്രം ചോദിച്ചു.
മായ അയച്ചുതന്ന കുറിപ്പുകൾ ആദ്യം വായിച്ചത് സ്വപ്ന തന്നെയാണ്. വായന കഴിഞ്ഞ് സ്വപ്ന പറഞ്ഞത് ഇങ്ങനെയാണ്: "ഈ കുറിപ്പുകൾക്കുള്ളിൽ ഒരു നല്ല പുസ്തകമുണ്ട്. ഒന്നു ചെത്തി മിനുക്കിയെടുക്കണമെന്നു മാത്രം. അതിന് മായ സമ്മതിച്ചാൽ നമുക്കിത് ചെയ്യാം." സ്ഥിരം വായനക്കാരുടെയൊന്നും അഭിപ്രായം ചോദിക്കാതെതന്നെ പ്രിയയെ വിവരം അറിയിച്ചു. ഉടനെ മറുപടി കിട്ടി, ഒരു എഡിറ്റിങ്ങിന് മായയ്ക്ക് സമ്പൂർണസമ്മതം. അങ്ങനെ സ്വപ്ന പണി തുടങ്ങി. മായ എഴുതിയതിൽ നിന്ന് ചിലതൊക്കെ ഒഴിവാക്കുകയും ചിലതിന്റെയൊക്കെ ക്രമം മാറ്റുകയും ചെയ്തപ്പോൾ അതിസുന്ദരമായ ഒരു പുസ്തകം ഉണ്ടായിവന്നു. അതാണ് 'നാലാം വിരലിൽ വിരിയുന്ന മായ'. മായയുടേതല്ലാത്ത ഒരു വരി പോലും ഇതിൽ കൂട്ടിച്ചേർത്തിട്ടില്ല. പുസ്തകത്തിന്റെ പേരും മായയുടേതാണ്. അനങ്ങാനാവാത്ത ശരീരത്തിലെ ചലനത്തിന്റെ മന്ത്രം മറന്നുപോകാത്ത നാലാംവിരൽ കൊണ്ടാണ് മായ ഇതെഴുതിയത്.
നമ്മുടെ കഴിവുകളോ സമ്പത്തോ സൗഭാഗ്യമോ ദൗർഭാഗ്യമോ ദാരിദ്ര്യമോ കുറവുകളോ കണക്കിലെടുക്കാതെ, സ്വന്തം ജീവിതത്തെ കൂടുതൽ ആദരവോടെയും അഴകോടെയും കാണാൻ സഹായിക്കുന്നു എന്നതാണ് 'നാലാം വിരലിൽ വിരിയുന്ന മായ'യുടെ സവിശേഷതയും പ്രസക്തിയും. നമ്മുടെ അവസ്ഥ എന്തുതന്നെയായാലും അതിനൊരു ചന്തമുണ്ടെന്നാണ് മായ പറയുന്നത്; ജീവിതം തന്നെ ഒരു വലിയ തമാശയാണെന്നും. ഇതു നമ്മളെ സമാശ്വസിപ്പിക്കും, കൂടുതൽ സന്തുഷ്ടരാക്കും. എല്ലാ പുസ്തകങ്ങൾക്കും ഈ കഴിവില്ല. മലയാളം അറിയുന്നവരൊക്കെ തീർച്ചയായും വായിച്ചിരിക്കേണ്ട ഈ പുസ്തകം ഇന്ദുലേഖയിൽ ഉണ്ട്.
https://www.indulekha.com/naalam-viralil-viriyunna-maya-memoirs-maya-balakrishnan
ഇന്ദുലേഖയുടെ വാട്സാപ്പ് / ഗൂഗ്ൾ പേ നമ്പർ: 9446584687
എല്ലാ മാതൃഭൂമി ബുക് സ്റ്റോളുകളിൽ നിന്നും കൊച്ചിയിൽ സി ഐ സി സി ബുക്ക് ഹൗസിൽ നിന്നും നേരിട്ടു വാങ്ങുകയുമാവാം.
മായ ബാലകൃഷ്ണനും, ഈ സുന്ദരമായ പുസ്തകം ഇങ്ങനെ സംഭവിച്ചതിനുള്ള ഒന്നാമത്തെ കാരണക്കാരിയായ പ്രിയ എ എസിനും, അവതാരിക എഴുതിയ ബോബി ജോസ് കട്ടികാടിനും സ്നേഹം. ❤️
Tom mangattu
Comments
Post a Comment