റിവ്യൂ നാലാം വിരലിൽ വിരിയുന്ന....

 Priya AS ,@Facebook post

മായാബാലകൃഷ്ണൻ്റെ പുസ്തകം, 'നാലാം വിരലില്‍ വിരിയുന്ന മായ,' രണ്ടുദിവസം മുമ്പ് ഇറങ്ങി. ആത്മകഥാപരമായ ഒന്നാണീ പുസ്തകം.

റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ ഗാഢാലിംഗനത്തില്‍ ഉറഞ്ഞുപോയവളാണ് മായ, മായയുടെ ഭാഷ ഉപയോഗിച്ച് പറഞ്ഞാല്‍.

ഫാദര്‍ ബോബി ജോസ് കട്ടിക്കാടിന്റെ  ഭാഷയില്‍ പറഞ്ഞാല്‍, "നിശ്ചലതയെ ആരാണ് ഭയക്കാത്തത്? ഭിത്തിയിലെ ആ ക്രൂശിതരൂപം പോലും നിശ്ചലമായ ഒരു യൗവ്വനത്തിന്റെ തിരുശേഷിപ്പാണ്. എന്നിട്ടും ആ നിശ്ചലതയിലേയ്ക്കാണ് എത്രയോ മനുഷ്യര്‍ ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിയ്ക്കുന്നത്. അനുപാതത്തില്‍ ഭിന്നമെങ്കിലും സദൃശ്യമായ ഒരു സുവിശേഷം മായയുടെ ജീവിതവും എഴുത്തും വായനക്കാരനു വേണ്ടി കരുതി വയ്ക്കുന്നുണ്ട്."

മായയുടെ പുസ്ത കത്തെക്കുറിച്ച്  ഇനി ഈ ഞാനെന്താണെഴുതുക?

എനിയ്ക്കിത് ഒരു വെറും പുസ്തകമല്ല എന്റെ മുന്നില്‍ കാലം വച്ചു തന്ന ഒരു പുസ്തകക്കണ്ണാടിയാണെന്നോ  ഇതില്‍ തെളിയുന്ന ചില നെടുവീര്‍പ്പുകാലങ്ങളില്‍ എന്റെ ഏതോ ചില ഛായകള്‍ നേരിയതായിട്ടെങ്കിലും പതിഞ്ഞിട്ടുണ്ടെന്നോ ഞാന്‍ പറയേണ്ടത്? ഞാനുമായി അങ്ങനെ എവിടെയെല്ലാമോ ചില തിരിവുകളില്‍ വച്ച് കണക്റ്റ് ചെയ്യാനായതു കൊണ്ടാവാം  മായ തന്റെ എഴുത്ത് ,പുസ്തകമാക്കാന്‍ നേരം എന്നോടാലോചിയ്ക്കാന്‍ വന്നത്.

എന്റെ ഒരു പുസ്തകത്തിനും വേണ്ടി ഞാനിങ്ങനെ ആരെയേല്‍പ്പിയ്ക്കണം എന്നു തല പുകച്ചു ചിന്തിച്ചിട്ടില്ല. ഏതോ നിയോഗം പോലെ ഇന്ദുലേഖ ബുക്‌സിന്റെ റ്റോം  ജെ മങ്ങാട്ടിനെ  എനിയ്ക്ക് ഓര്‍മ്മ വരുന്നു, ഒരു 'മായാ' പുസ്തകം ആലോചിയ്ക്കാമോ എന്നു ചോദിയ്ക്കുന്നു, മാനുസ്‌ക്രിപ്റ്റ് കണ്ട് റ്റോമും  സ്വപ്നയും സമ്മതം മൂളുന്നു. അവരത് എഡിറ്റ് ചെയ്യുന്നതിനിടെ മായ എന്നോട് അവതാരിക എഴുതാമോ എന്നു ചോദിയ്ക്കുന്നു. ഞാനല്ല അതു ചെയ്യേണ്ടത് എന്നു ഞാന്‍ പറയുമ്പോള്‍ ബോബിയച്ചന്‍ ആയാലോ എന്നു മായ ചോദിയ്ക്കുന്നു. സ്വന്തം പുസ്തകത്തിന് ഇതുവരെയും ഒരാളെക്കൊണ്ട് അവതാരിക എഴുതിക്കാത്ത ഞാന്‍, അച്ചനെ വിളിയ്ക്കുന്നു, അച്ചനാ മാനുസ്‌ക്രിപ്റ്റ് മായയെ ചെന്നു കണ്ട് വാങ്ങുന്നു, അവതാരിക എഴുതുന്നു.

ഒടുക്കം ,മായ പോലെ പുസ്തകം വിരിയുന്നു .

പുസ്തകം കിട്ടി എന്നു പറഞ്ഞ് മായ, അടക്കിയ അതിസന്തോഷത്തോടെ വിളിയ്ക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, അമ്മയ്ക്ക് സന്തോഷമായോ?
"അമ്മയ്ക്ക് വിഷമവും കൂടിയാണ് ഇതു കൈയിലെടുക്കുമ്പോള്‍" എന്നു മായ പറയുമ്പോള്‍ ഞാന്‍ നിശബ്ദയായിപ്പോവുന്നു. ഞാനാക്കാര്യം  വിവരിയ്ക്കുമ്പോള്‍ എന്റെ അമ്മയും നിശബ്ദയാവുന്നു.  കാരണം എന്റെ അമ്മയ്ക്കാണല്ലോ ആ അമ്മയെ ഏറ്റവും നന്നായി മനസ്സിലാവുക...

എന്റെ അമ്മ വഴിയാണ് ഞാന്‍ മായയുമായി അടുക്കുന്നത്. ആകാശവാണിയ്ക്ക് കത്തെഴുതുന്ന സമാനമനസ്‌ക്കയെ അമ്മ,  നേരിട്ടു കാണാതെ മായയെ ഫോൺ വഴി അറിഞ്ഞു കൊണ്ടിരുന്നു. പിന്നെ ഒരു ദിവസം മായയ്ക്ക് പുസ്തകങ്ങളുമായി കാണാന്‍ പോകണമെന്നായി. 
മൂന്നാലുവര്‍ഷം മുമ്പുള്ള ആ ഒറ്റക്കാഴ്ചയേ ഞങ്ങളുടെ ഇടയിലുള്ളു. അന്ന് തിരികെ വരുമ്പോള്‍ മായയുടെ ഇച്ഛാശക്തിയും ജീവിതത്തോടുള്ള അഭിനിവേശവും- 'എന്നെ കണ്ടു പഠിയ്ക്ക്' എന്നു പറഞ്ഞ് എന്റെ കൂടെപ്പോന്നു.

126 പേജുള്ള ഈ പുസ്തകം വായിയ്ക്കാൻ എനിയ്ക്ക് ഏറെ നേരം വേണ്ടി വരുന്നു. പലയിടത്തു വച്ചും, അടരാത്ത ഒരു കണ്ണുനീര്‍ത്തുള്ളിപോലെ ഈ പുസ്തകം എന്നെ നോക്കി ചിരിക്കുന്നു,  എന്നിട്ട് മായയുടെ ശബ്ദത്തില്‍ പറയുന്നു - സത്യത്തില്‍ ജീവിതം തന്നെ ഒരു വലിയ തമാശയാണ്.

എങ്ങനെയാണോ ഇരിയ്ക്കുന്നത്, ആ അവസ്ഥയില്‍ നിനക്ക് നീ ആകാന്‍ കഴിയണം. വ്യര്‍ത്ഥ ചിന്തകള്‍ക്ക് ഇടം കൊടുക്കാതെ, സ്വന്തം പരിമിതികളെ ഉള്‍ക്കൊണ്ട് അതിനോടു ചേര്‍ന്നു നിന്നുപോകുന്ന സങ്കല്‍പങ്ങള്‍ക്കേ നിലനില്‍പ്പുണ്ടാവൂ എന്നു സ്വയം പറയുന്നുണ്ട് മായ.

ഇത്തരമൊരു ചിന്തയിലേയ്ക്ക് സ്വയമെത്താന്‍ പെട്ട പാടിനെക്കുറിച്ച്, ഞാന്‍ നേരില്‍ പോയി കണ്ട ഒരേ ഒരു സിനിമക്കാരനായ കൊടിയേറ്റം ഗോപി പറഞ്ഞത് ഇതു വായിയ്ക്കുമ്പോഴൊക്കെ ഓര്‍മ്മ വരുന്നു. പഴയതുപോലെയാകാന്‍ ശ്രമിച്ച് അതു പറ്റാതെ വരുമ്പോള്‍ കഠിനമായ വിഷാദത്തിലും ദേഷ്യത്തിലും അമര്‍ന്നു കൊണ്ടിരുന്ന ഗോപിയോട് ഡോക്റ്റര്‍, ഇനിയില്ല തിരിച്ചു പോക്ക് എന്നുള്‍ക്കൊള്ളാന്‍ മനസ്സിനെ പഠിപ്പിയ്ക്കാന്‍ ഉഗ്രശാസനം കൊടുത്ത ഒരു നേരം, അന്ന് തകര്‍ന്നിരുന്നത്,പിന്നെ തനിയ്ക്കു വന്നു ചേര്‍ന്ന ശാരീരിക പരിമിതികളെ അംഗീകരിച്ച് മുന്നോട്ടു പോവാന്‍ ശ്രമിച്ചു തുടങ്ങാനൊരുങ്ങിയത്, ജീവിതവും താനും അങ്ങനെയങ്ങനെ ശാന്തമായത് ഒക്കെ ഗോപി പറഞ്ഞു അന്ന്.

അതൊക്കെത്തന്നെയാണ് ഈ പുസ്തകവും എന്നോടു പറയുന്നത്. 32 വര്‍ഷം വീട്ടുകട്ടിലില്‍ കഴിഞ്ഞ ഒരാള്‍ ജീവിതം താനേ കടഞ്ഞുണ്ടാക്കിയ നേരിന്റെ പൊരുളാണിത് എന്നറിയുമ്പോള്‍,
ഇന്ന് ഗോപിയുണ്ടായിരുന്നെങ്കില്‍  അദ്ദേഹമീ കുട്ടിയെ ചേര്‍ത്തു പിടിച്ചത്ഭുതപ്പെട്ടേനെയല്ലോ എന്നു ചിന്തിച്ചു പോകുന്നു.

ചെറുവിരലിനോടു ചേര്‍ന്നുള്ള നാലാം വിരലിന്റെ തുമ്പ്, കീ പാഡില്‍ എത്തിച്ചാണ് മായയുടെ എഴുത്തഭ്യാസം. അതും കിടന്നു കൊണ്ട്, നെഞ്ചില്‍ ലാപ്‌റ്റോപ് വച്ച്.
നാലാം വിരലിന്റെ വിജയം, നാലാം വിരലില്‍ വിപ്‌ളവം തീര്‍ത്ത ആഹ്‌ളാദം, ഒരേ സമയം എഴുത്തും ഞാണിന്മേല്‍ കളിയുമാണത്, കിടന്നുകൊണ്ടും കാലത്തിനൊത്ത് നടക്കാനും എന്തും അറിയാനുമുള്ള ജാഗ്രത, മാനസികവും കായികവുമായ അഭ്യാസം എന്നൊക്കെ മായ വിളിയ്ക്കുന്നു ആ എഴുത്തു സത്യത്തിനെ. അതെ, മായയുടെ എഴുത്ത് മായയല്ല, സത്യമാണ്.

ഈ കെട്ട കോവിഡ്കാലത്തിനെ കുറിച്ചു  ശാപവാക്കുകള്‍ പറയുന്നു  നമ്മളൊക്കെ. വാക്‌സിനെടുക്കാന്‍ പോയത് പക്ഷേ മായയ്ക്ക് ഒരുത്സവമായിരുന്നു. പത്താം ക്‌ളാസിലെ  പഠന ദിവസങ്ങള്‍  മുഴുവനാക്കാതെ ഇറങ്ങിപ്പോരേണ്ടി വന്ന ഒരു കുഞ്ഞുസുന്ദരി, മായയുടെ വീല്‍ചെയറിനപ്പുറത്തേക്ക് ഓടിപ്പോയി സ്‌ക്കൂളു കണ്ട്, അവിടുത്തെ മാവും പൂവുമൊക്കെ കണ്ണു പായിച്ചു കണ്ട് ആനന്ദമയിയായി തികെ വീട്ടിലെത്തിയ ദിവസത്തിന്റെ കുറിപ്പ് FBയില്‍ വായിച്ച ദിവസം-അതെനിയ്ക്ക് മറക്കാന്‍ വയ്യ.

മായയുടെ വാക്കുകള്‍ ഇങ്ങനെ: "സാധാരണ വീല്‍ച്ചെയറില്‍ കഴിയുന്നവര്‍ക്ക് കാലുകള്‍ക്ക് സ്വാധീനക്കുറവുണ്ടാകുമെങ്കിലും അവരൊക്കെ കൈ വേലകള്‍ ചെയ്ത്, സ്വന്തം കാര്യങ്ങല്‍ തനിയേ ചെയ്ത് ജീവിയ്ക്കുന്നുണ്ട്. എന്നാല്‍ സ്വന്തമായി വസ്ത്രം ധരിക്കാനാവാത്ത, ഭക്ഷണം അകത്താക്കാന്‍ പോലും കഷ്ടപ്പെടുന്ന എനിയ്ക്ക്, അവര്‍ നയിയ്ക്കുന്ന ജീവിതം ഒരു വലിയ സ്വപ്‌നമാണ്. കുരുക്കു മുറുകും മുമ്പ് ഒരു ഘട്ടത്തില്‍ ഞാനും ആഗ്രഹിച്ചിരുന്നു, ഒരു പി എസ് സി ടെസ്റ്റ് എഴുതി ഒരു ഗവണ്‍മെന്റ ജോലി സ്വന്തമാക്കണം, എന്നിട്ട് മരുന്നും ആരുടെയെങ്കിലും ഒരു ചെറു കൈ സഹായവുമായി സ്വയം ഡ്രൈവ് ചെയ്ത വാഹനത്തില്‍ ജോലിയ്ക്ക് പോകണം."

മുറിയ്ക്കുള്ളില്‍ ഒതുങ്ങിപ്പോവാതെ, ആ ഇത്തിരി മുറിയിലിരുന്ന് ലോകം മുഴുവനും കാണുന്ന, അറിയുന്ന  മായയുടെ ലോകത്തിലേയ്ക്ക്, ഈ പുസ്തകം വായിച്ച് ഒരുപാടു നല്ല ലോകങ്ങള്‍ കടന്നു ചെല്ലണമെന്ന് ഞാന്‍ അതിരുകളില്ലാതെ ആഗ്രഹിയ്ക്കുന്നു. കാരണം, നമ്മുടെ ഈ  മായ പറയുന്നു -കാലുകള്‍ നനയാതെ ഒരു പുഴ, സമുദ്രം നീന്തിക്കടക്കാനാവില്ല. കണ്ണുകള്‍ നനയാതെ, ജീവിതവും! ഒഴുക്കിനെ നമ്മോടൊപ്പം കൂട്ടുക. അരികുകള്‍ ചെത്തിമിനുക്കി കാലം നമുക്ക് വഴിയൊരുക്കിത്തരിക തന്നെ ചെയ്യും.

ഓര്‍ക്കണം, ഇതു പറയുന്ന ആള്‍ക്ക് കട്ടിലും ഒരു ജനലും മാത്രമാണ് ആകെയുള്ളത്. എന്നിട്ടുമിങ്ങനെ പറയാനാവുക, എന്നു വച്ചാല്‍...

ഇന്ദുലേഖാ ബുക്സിൽ നിന്ന് പുസ്തകം വാങ്ങാനുള്ള ലിങ്ക് ഇങ്ങനെ https://tinyurl.com/Naalam-Viralil-Viriyunna-Maya








Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി